This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്രോംപ്റ്റണ്‍, സാമുവല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ക്രോംപ്റ്റണ്‍, സാമുവല്‍
Crompton, Samuel (1753 - 1827)
സ്പിന്നിങ് മ്യൂള്‍ കണ്ടുപിടിച്ച ഇംഗ്ലീഷുകാരന്‍. 1753 ഡി. 3-ന് ലങ്കാഷയറില്‍ ബോള്‍ട്ടണിലെ മൂഴ്സിനു സമീപം ഫിര്‍വുഡില്‍ ജനിച്ചു. ബാല്യത്തില്‍ത്തന്നെ ഒരു നൂല്‍ നൂല്പു കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. നൂല്‍ നൂല്‍ക്കുന്നതിനുപയോഗിക്കുന്ന സ്പിന്നിങ് ജെന്നിയുടെ തകരാറുകളെക്കുറിച്ച് ചെറുപ്പത്തിലേ ബോധവാനായിരുന്ന ക്രോംപ്റ്റണ്‍ മെച്ചപ്പെട്ട ഒരു നൂല്‍നൂല്പുയന്ത്രം സംവിധാനം ചെയ്യുന്നതിനെക്കുറിച്ചും ചിന്തിച്ചിരുന്നു. അഞ്ചാറുവര്‍ഷത്തെ അധ്വാനവും വിശ്രമവേളയും പണവും ചെലവഴിച്ച് ഇദ്ദേഹം ഇതില്‍ വ്യാപൃതനായി. ബോള്‍ട്ടണ്‍ തിയെറ്ററില്‍ വിശ്രമവേളകളില്‍ വയലിന്‍ വായിച്ചുകിട്ടിയ പണവും ഇദ്ദേഹം ഇതിനുവേണ്ടി ചെലവഴിച്ചു. 1779-ല്‍ മസ്ലിന്‍ തുണിത്തരങ്ങള്‍ നെയ്യുന്നതിനു പറ്റിയ നൂല്‍ നൂല്‍ക്കുന്ന യന്ത്രം ഇദ്ദേഹം സംവിധാനം ചെയ്തു. ഇത് മസ്ലിന്‍ വീല്‍, ഹാള്‍-ഇന്‍-ദ്-വുഡ്-വീല്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടു. പിന്നീട് ഇത് സ്പിന്നിങ് മ്യൂള്‍ എന്ന പേരില്‍ പ്രസിദ്ധമായി.
1780-ഓടുകൂടി സ്പിന്നിങ് മ്യൂളില്‍ ഉത്പാദിപ്പിക്കപ്പെട്ട നൂലിന് വലിയ പ്രചാരമുണ്ടായെങ്കിലും മ്യൂളിന്റെ ഒരു പേറ്റന്റ് കരസ്ഥമാക്കാനോ തന്റെ യന്ത്രത്തിന്റെ നിര്‍മാണരഹസ്യം വെളിവാക്കാനോ ക്രോംപ്റ്റനു കഴിഞ്ഞില്ല. ഈ യന്ത്രം വന്‍തോതില്‍ നിര്‍മിക്കാന്‍ പല നിര്‍മാതാക്കളും തയ്യാറായെങ്കിലും കാര്യമായ യാതൊരു പുരോഗതിയുമുണ്ടായില്ല. ഈ സംരംഭങ്ങളില്‍ നിന്ന് ഇദ്ദേഹത്തിന് ആകെ ലഭിച്ചത് 60 പവന്‍ മാത്രമാണ്. പിന്നീട് സ്വന്തനിലയില്‍ നൂല്‍നൂല്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവെങ്കിലും വിജയിച്ചില്ല.
1827 ജൂണ്‍ 26-ന് ബോള്‍ട്ടണില്‍ നിര്യാതനായി.