This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്ലൊപ്ഷ്ടോക്, ഫ്രിഡ്റിഷ് ഗൊട്ട് ലിബ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ക്ലൊപ്ഷ്ടോക്, ഫ്രിഡ്റിഷ് ഗൊട്ട് ലിബ്
Klopstock, Friedrich Gottlieb (1724 - 1803)
ജര്‍മന്‍ ഗീതികാവ്യകാരന്‍. ക്വൊഡ്ലിന്‍ബുര്‍ഗില്‍ 1724 ജൂല. 2-ന് ഒരു അഭിഭാഷകന്റെ മകനായി ജനിച്ചു. ഷുല്‍ഫോര്‍ട്സ് വിദ്യാലയത്തില്‍ നിന്ന് ഗ്രീക്-റോമന്‍ സാഹിത്യവും പ്രഭാഷണകലയും പഠിച്ചു. മില്‍ട്ടന്റെ പാരഡൈസ് ലോസ്റ്റ് എന്ന കൃതി ക്ലൊപ്ഷ്ടോക്കിന്റെ ജീവിതത്തെ ഏറെ സ്വാധീനിക്കുകയുണ്ടായി. ഡെല്‍ മെസ്സിയാസ് (മിശിഹാ) എന്ന പേരില്‍ ജര്‍മന്‍ ഭാഷയില്‍ ഇദ്ദേഹം രചിച്ച ഇതിഹാസം ഈ സ്വാധീനത്തിന്റെ ഫലമായിരുന്നു. ക്രിസ്തുവിലൂടെ മോക്ഷം നേടുന്ന ഒരു മനുഷ്യന്റെ കഥ ഗ്രീക്ക് ഷഡ്പദിയില്‍ എഴുതിയതാണ് ഈ ഗ്രന്ഥം. 1748-ല്‍ ആദ്യത്തെ മൂന്നു കാണ്ഡങ്ങള്‍ പ്രസിദ്ധം ചെയ്തതിനു നല്ല സ്വീകാര്യം ലഭിച്ചതോടെ 1773-ല്‍ 20 കാണ്ഡങ്ങള്‍ എഴുതി ഈ കാവ്യം പൂര്‍ത്തിയാക്കി.
ഇദ്ദേഹത്തിന്റെ അര്‍ച്ചനാഗീതികള്‍ ധാര്‍മികമൂല്യങ്ങള്‍ ഉപദേശരൂപേണ ആവിഷ്കരിക്കുന്നവയാണ്. ബൈബിള്‍ കഥകളെ ആധാരമാക്കി ചില നാടകങ്ങള്‍ എഴുതിയെങ്കിലും ഗീതികാരന്‍ എന്ന നിലയ്ക്കാണ് ഇദ്ദേഹം കൂടുതല്‍ സിദ്ധി പ്രകടമാക്കിയിട്ടുള്ളത്. ഗീതിരചനയ്ക്ക് മറ്റു ഭാഷകളിലെ വൃത്തങ്ങള്‍ അനുകരിക്കാതെ ക്ലാസ്സിക്കുകളിലെ വൃത്തങ്ങള്‍ ഉചിതമായ മാറ്റംവരുത്തി പ്രയോഗിച്ച് പില്ക്കാലഭാവഗീതികാരന്മാര്‍ക്ക്-ഗെയ്ഥെ, നൊവാലിസ്, ഹൊയ്ഡര്‍ലിന്‍, ക്ലൈസ്റ്റ് തുടങ്ങിയവര്‍ക്കു-വഴികാട്ടിയാവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ആത്മനിഷ്ഠവും സംഗീതമധുരവുമായ ഭാവഗീതിക്ക് പിന്‍ഡാറിനെയാണ് ക്ലൊപ്ഷ്ടോക്ക് മാതൃകയാക്കിയത്. ഇദ്ദേഹത്തിന്റെ രാജ്യസ്നേഹവും ജനാധിപത്യവിശ്വാസത്തിനുമുള്ള നിദര്‍ശനങ്ങളാണ് പുരാതന ജര്‍മാനിക് നേതാവായ ഹെര്‍മനെ (Hermann) നായകനാക്കി രചിച്ച നാടകങ്ങള്‍. ഫ്രഞ്ചുവിപ്ളവത്തെ പുകഴ്ത്തിക്കൊണ്ടുള്ള ഗാനങ്ങള്‍ ഫ്രഞ്ചുപൗരത്വം ഇദ്ദേഹത്തിനു നേടിക്കൊടുത്തു.
ഡി ഗെലേര്‍ണ്‍ടെണ്‍ റിപ്പബ്ലിക് (പണ്ഡിതന്മാരുടെ റിപ്പബ്ലിക്) എന്ന കൃതിയില്‍ ഇദ്ദേഹം ഒരു റിപ്പബ്ലിക്കിനെ വിഭാവന ചെയ്യുന്നു. ഇവിടെ ചുമതലകളും സ്ഥാനമാനങ്ങളും കൊടുക്കുന്നത് ഓരോരുത്തരുടെയും കഴിവും കാര്യപ്രാപ്തിയും ആധാരമാക്കിയാണ്. ഭാഷാശാസ്ത്രത്തെക്കുറിച്ചും കവിതയെക്കുറിച്ചും ഒട്ടനവധി ഉപന്യാസങ്ങളും ക്ലൊപ്ഷ്ടോക് എഴുതിയിട്ടുണ്ട്.
(ഡോ. വോള്‍ഫ്ഗാങ് ആഡം; സ.പ.)