This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗണപതിറാവു, ഡി. (1864 - 1944)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗണപതിറാവു, ഡി. (1864 - 1944)

മലബാറിന്റെ സാമൂഹിക സാംസ്കാരിക പുരോഗതിയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ സാമൂഹിക പ്രവര്‍ത്തകന്‍. 1864 സെപ്. 1-ന് കോഴിക്കോട്ട് ജനിച്ചു. കേരളവിദ്യാശാലയില്‍ (ഇന്നത്തെ സാമൂതിരി ഹൈസ്കൂള്‍) പഠിച്ച് ഇന്റര്‍മീഡിയറ്റും ചെന്നൈ പ്രസിഡന്‍സി കോളജില്‍നിന്ന് ബി.എ.യും പാസായി.

വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഗണപതിറാവു സാമൂഹിക പരിഷ്കരണ രംഗത്തേക്കാണു ശ്രദ്ധ തിരിച്ചത്. സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന പിന്നോക്കവിഭാഗക്കാര്‍ക്ക് അന്ന് സ്കൂളുകളില്‍ പ്രവേശനം നല്കിയിരുന്നില്ല. സാര്‍വത്രികമായ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി സാധ്യമാകൂ എന്നു മനസ്സിലാക്കിയ ഗണപതിറാവു പിന്നോക്കവിഭാഗക്കാരുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി പ്രവര്‍ത്തനം ആരംഭിച്ചു. ഇതിന്റെ ഫലമായി 1886 ജനു. 12-ന് സ്ഥാപിക്കപ്പെട്ടതാണ് ഗണപതി ഹൈസ്കൂള്‍. ഈ സ്കൂളില്‍ പിന്നോക്കവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നല്കിക്കൊണ്ട് ഇദ്ദേഹം ഒരു വലിയ സാമൂഹികവിപ്ളവത്തിനു തുടക്കംകുറിച്ചു. ശക്തമായ പല എതിര്‍പ്പുകളെയും ധീരമായി നേരിട്ടുകൊണ്ടാണ് ഇദ്ദേഹം ഈ നടപടി സ്വീകരിച്ചത്.

ഗണപതിറാവുവും മറ്റുമൂന്നുപേരും ഉള്‍പ്പെട്ട ഒരു കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ അവര്‍ മൂന്നുപേരും കമ്മിറ്റിയില്‍നിന്നു പിന്നീട് പിന്മാറി. ഇതിന്റെ ഫലമായി സ്കൂള്‍ നടത്തിപ്പിന്റെ പൂര്‍ണമായ ചുമതല ഗണപതിറാവുവില്‍ നിക്ഷിപ്തമായി. എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്ത ഇദ്ദേഹം സ്കൂളിന്റെ പുരോഗതിക്കായി കഠിനാധ്വാനം ചെയ്തു. ഒരു മാതൃകാധ്യാപകന്‍ കൂടിയായിരുന്ന ഇദ്ദേഹത്തിന് ഈ രംഗത്ത് മഹത്തായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു. 1920-ല്‍ സന്ന്യാസം സ്വീകരിച്ച ഇദ്ദേഹം 1944 ഒ. 10-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍