This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗന്ധശതി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗന്ധശതി
സിന്‍ജിബെറേസി സസ്യകുലത്തില്‍പ്പെടുന്ന ഓഷധി. ശാസ്ത്രനാമം ഹെഡിക്കിയം സ്പൈക്കേറ്റം (Hedychium spicatum). ഹെഡിക്കിയം എന്ന ഗ്രീക് പദത്തിന്റെ അര്‍ഥം 'സ്വീറ്റ് സ്നോ' (sweet snow) എന്നാണ്. നല്ലമണവും തൂവെള്ള നിറവുമുള്ള ഇതിന്റെ പുഷ്പങ്ങളാവാം ഈ പേരിന് കാരണമായത്. കര്‍ച്ചൂര (Karchura), സുഗന്ധി, ഗന്ധമൂലിക (Gandhamulika), ജിന്‍ജര്‍ ലില്ലി (Ginger Lilly) തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. ഏഷ്യയിലെ എല്ലായിടങ്ങളിലും ഇവ വളരുന്നുണ്ട്.
ചിരസ്ഥായിയായ പ്രകന്ദമുള്ള (root stock) ഒരു ഔഷധിയാണിത്. തണ്ടിന്റെയും പ്രകന്ദത്തിന്റെയും സവിശേഷതകളില്‍ ഇഞ്ചി, കച്ചോലം എന്നിവയുമായി ഇതിന് സാദൃശ്യമുണ്ട്. ഗന്ധശതിയുടെ വേരുകള്‍ മാംസളമായതും കനം കൂടിയതുമായിരിക്കും. ഇവയുടെ മണ്ണിനു മുകളിലുള്ള സസ്യഭാഗം പുഷ്പകാലത്തിനുശേഷം ഉണങ്ങി നശിച്ചുപോകുന്നു. എന്നാല്‍ പ്രകന്ദം അപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും. പ്രകന്ദത്തിന്റെ മൂപ്പുകൂടിയ ഭാഗങ്ങള്‍ നശിച്ചുപോകുന്നതിനനുസരിച്ച് പുതിയ പ്രകന്ദഭാഗങ്ങളുണ്ടാകാറുണ്ട്. അനുകൂല കാലാവസ്ഥയില്‍ പ്രകന്ദത്തില്‍നിന്നു മുകുളങ്ങളുണ്ടായി അവ മണ്ണിനു മുകളിലേക്കു വളരുന്നു. മണ്ണിനു മുകളിലുള്ള ഭാഗം ശിഖരങ്ങളില്ലാതെ നിവര്‍ന്നാണ് വളരുന്നത്. ഇലകളുടെ പോളപോലെയുള്ള തടിച്ച പര്‍ണവൃന്തം അടുക്കടുക്കായി മാറി തണ്ടുപോലെയുള്ള സസ്യഭാഗം (false stem) രൂപമെടുത്തിരിക്കുന്നു. ഏകദേശം മുപ്പതു സെന്റി മീറ്ററോളം നീളവും നല്ല തിളക്കവുമുള്ള ഇലകളുടെ ചുവടുഭാഗത്ത് ജിഹ്വിക (Ligule)കളുണ്ട്. ഇലകള്‍ക്ക് പിച്ഛാകാര സമാന്തരിക സിരാവിന്യാസം (Pinnately parallel venation) ആണുള്ളത്.
ധാരാളം പൂമൊട്ടുകളുള്ളതും അഗ്രപ്രകീല (Terminal spike) ഇനത്തിലുള്ളതുമായ പുഷ്പമഞ്ജരിക്ക് സാധാരണ 30 സെ.മീ. നീളമുണ്ടായിരിക്കും. കടുംപച്ച നിറമുള്ള സഹപത്രങ്ങളുടെ കക്ഷ്യങ്ങളില്‍ നിന്നാണ് പുഷ്പങ്ങളുണ്ടാകുന്നത്. ദ്വിലിംഗികളായ പുഷ്പങ്ങള്‍ ഏകവ്യാസസമമിത (Zygomorphic) ങ്ങളാണ്. ഇവയ്ക്ക് പരസ്പരം യോജിച്ചിരിക്കുന്ന മൂന്നു ബാഹ്യദളങ്ങളും മൂന്നു ദളങ്ങളും കാണപ്പെടുന്നു. ആറു കേസരങ്ങളുണ്ടെങ്കിലും ഒരെണ്ണത്തിനു മാത്രമേ ഉത്പാദനക്ഷമതയുള്ളൂ. മറ്റുള്ളവ ഇതളുകള്‍ പോലെയുള്ള വന്ധ്യകേസരങ്ങള്‍ (staminodes) ആയി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇവയാണ് യഥാര്‍ഥത്തില്‍ തൂവെള്ള നിറത്തിലുള്ള ദളങ്ങള്‍പോലെ കാണപ്പെടുന്നത്. ഇവയില്‍ മധ്യഭാഗത്തുള്ളത് ദ്വിശാഖിതവും (bifid) വൃത്താകാരവും ആണ്. ലേബെല്ലം (Labellum) എന്നറിയപ്പെടുന്ന ഈ ഭാഗമാണ് പ്രാണികളെ ആകര്‍ഷിച്ച് പരാഗണത്തിന് കളമൊരുക്കുന്നത്. ഉത്പാദനക്ഷമതയുള്ള കേസരത്തിന്റെ തന്തു ദളത്തില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നു. പരാഗിദളങ്ങള്‍ക്കിടയിലുള്ള വീതികൂടിയ യോജകത്തിലെ പൊഴിയിലൂടെയാണ് വര്‍ത്തിക കടന്നുപോകുന്നത്. വര്‍ത്തികാഗ്രം സമുണ്ഡം (capitate) ആയിരിക്കും. കോഷ്ഠവിദാരക (Loculicidal) സമ്പുടഫലമാണിവയ്ക്കുള്ളത്.
ഔഷധസസ്യം എന്ന പ്രാധാന്യമുണ്ടെങ്കിലും ഒരു അലങ്കാരച്ചെടിയായിട്ടാണിത് പ്രധാനമായും നട്ടുവളര്‍ത്താറുള്ളത്. ഇതിന്റെ ഭൂകാണ്ഡം ആസ്മ, എക്കിള്‍, ഛര്‍ദി, ത്രിദോഷങ്ങള്‍ എന്നിവയ്ക്കുള്ള ഔഷധനിര്‍മാണത്തില്‍ ഉപയോഗിച്ചുവരുന്നു. കരള്‍സംബന്ധമായ രോഗങ്ങള്‍ക്കും വയറുകടിക്കും പ്രകന്ദത്തിന്റെ ചാറ് ഫലപ്രദമാണ്. ഇതിന്റെ വേര് പാമ്പുവിഷത്തിന് ഔഷധമായും ഉപയോഗിക്കാറുണ്ട്.