This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗല്‍ബാ, സെര്‍വിയസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗല്‍ബാ, സെര്‍വിയസ്
Galba, Servius (B.C. 5 - A.D. 69)
റോമാചക്രവര്‍ത്തി (ഭ.കാ. 68 ജൂണ്‍-69 ജനു). ബി.സി. 5. ഡി. 24-ന് ഇറ്റലിയില്‍ ജനിച്ചു. രാഷ്ട്രീയ-സൈനിക രംഗത്ത് പ്രശസ്തനായിരുന്ന ഇദ്ദേഹത്തിന് എ.ഡി. 20-ല്‍ പ്രേറ്റര്‍ (Praeter) പദവിയും 33-ല്‍ കോണ്‍സല്‍ പദവിയും ലഭിച്ചു. സ്പെയിനിലെയും ആഫ്രിക്കയിലെയും ജര്‍മനിയിലെയും ചില പ്രവിശ്യകളില്‍ ഇദ്ദേഹം ഭരണാധികാരിയായിരുന്നിട്ടുണ്ട്. 60-ല്‍ നീറോ ചക്രവര്‍ത്തി ഇദ്ദേഹത്തെ ഹിസ്പാനിയ ടറാകൊനെന്‍സിസി(Hispania Tarraconensis)ലെ ഗവര്‍ണറായി നിയമിച്ചു. നീറോ ചക്രവര്‍ത്തി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് സെനറ്റ് ഗല്‍ബായെ ചക്രവര്‍ത്തിയായി അംഗീകരിച്ചു (എ.ഡി. 68 ജൂണ്‍). നീറോയുടെ ഭരണകാലത്ത് ഭരണത്തിലുണ്ടായിരുന്ന പാളിച്ചകള്‍ അവസാനിപ്പിച്ച് മികച്ചഭരണം കാഴ്ചവച്ച ഗല്‍ബാ സ്വീകരിച്ച സാമ്പത്തിക പരിഷ്കാരങ്ങള്‍ പ്രജകള്‍ക്ക് നീരസമുണ്ടാക്കി. തത്ത്വദീക്ഷയില്ലാതെ പ്രവര്‍ത്തിച്ചിരുന്ന തന്റെ സുഹൃത്തുക്കളെ നിലയ്ക്കു നിര്‍ത്താനും ഗല്‍ബായ്ക്കു കഴിഞ്ഞില്ല. തങ്ങളുടെ സേനാനായകരോടു ഗല്‍ബാ സ്വീകരിച്ച സമീപനത്തില്‍ അമര്‍ഷംപൂണ്ട ജര്‍മന്‍സൈന്യം ഗല്‍ബായ്ക്കെതിരെ തിരിയുകയും (69 ജനു.) തങ്ങളുടെ സൈന്യാധിപനായ വിറ്റെലിയസിനെ അടുത്ത ചക്രവര്‍ത്തിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഗല്‍ബാ തന്റെ പിന്‍ഗാമിയായി സെനറ്ററായ ലൂയിസസ് കല്‍പൂര്‍ണിയസ് പിസോ ലിസിനിയാനസിനെ തെരഞ്ഞെടുത്തത് ഗല്‍ബായ്ക്കു ശക്തമായ പിന്തുണ നല്കിയിരുന്ന സാല്‍വിയസ് ഓഥോയ്ക്കു സ്വീകാര്യമായില്ല. തുടര്‍ന്ന് ഓഥോ നടത്തിയ ഗൂഢാലോചനയുടെ ഫലമായി ഗല്‍ബാ 69 ജനു. 15-ന് കൊല്ലപ്പെട്ടു.