This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിലെയാദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗിലെയാദ്

Goliath

പശ്ചിമേഷ്യയിലെ ജോര്‍ദാന്‍ നദിയുടെ കിഴക്കേ തീരത്തുള്ള ഒരു പ്രദേശം. 'ഗാലദ്' എന്ന പേരിലും ഈ സ്ഥലം അറിയപ്പെടുന്നു. ഗിലെയാദിനെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ ബൈബിളിലെ പഴയ നിയമത്തില്‍ പലേടത്തും കാണാം. പ്രകൃതിരമണീയവും ഫലഭൂയിഷ്ഠവും ആയ ഈ പ്രദേശത്തെച്ചൊല്ലി ഇസ്രയേലും അയല്‍ രാഷ്ട്രങ്ങളും തമ്മില്‍ പലപ്പോഴും യുദ്ധങ്ങളുണ്ടായിട്ടുണ്ട്. യുദ്ധം നടക്കാത്ത സമാധാനകാലങ്ങളില്‍ ഈ സ്ഥലം പലപ്പോഴും കുഴപ്പത്തിലകപ്പെട്ട രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും അഭയകേന്ദ്രമായിരുന്നു. ഉദാഹരണമായി 'ഗല്‍ബൊ' മലയില്‍ വച്ച് സാവുള്‍ രാജാവ് വധിക്കപ്പെട്ടപ്പോള്‍ രാജാവിന്റെ കുടുംബാംഗങ്ങള്‍ ഗിലെയാദില്‍ അഭയം തേടി (2. സാമുവല്‍ 2:8-9). അതുപോലെ തന്നെ 'അബ്സലോം' വിപ്ലവം നടത്തിയതിനെത്തുടര്‍ന്ന് ദാവീദ് രാജാവും ഗിലെയാദില്‍ അഭയം തേടിയിട്ടുണ്ട് (2. സാമുവല്‍ 17:22-29). കൂറ്റന്‍ പാറക്കെട്ടുകളോടുകൂടിയ പര്‍വതങ്ങള്‍ ഇവിടെ ധാരാളം കാണാം. പര്‍വതങ്ങള്‍ക്ക് 915 മീറ്ററോളം ഉയരമുണ്ട്. ചില കാലങ്ങളില്‍ ധാരാളം മഞ്ഞുണ്ടാകും. വര്‍ഷകാലത്ത് ഇവിടെ കനത്ത മഴ ലഭിക്കുന്നു. ഗിലെയാദിലെ പ്രസിദ്ധമായ വനങ്ങളെയും വിലപിടിച്ച തടികളെയും ഔഷധസസ്യങ്ങളെയും കുറിച്ച് ബൈബിളിലെ പഴയ നിയമത്തില്‍ സൂചനകളുണ്ട്. ഉദാ. ജെറമിയാസ് പ്രവാചകന്റെ പുസ്തകത്തിലുള്ള വിവരണം നോക്കുക. 'ഗിലെയാദില്‍ സുഗന്ധതൈലമില്ലേ? അവിടെ വൈദ്യനില്ലെ'? പിന്നെ എന്തുകൊണ്ടാണ് എന്റെ ജനങ്ങളുടെ മുറിവ് വെച്ചുകെട്ടാത്തത്'? (ജെറി. 8:22). അതുപോലെതന്നെ 'കന്യകയായ ഈജിപ്ത് മകളെ, ഗാലാദില്‍നിന്ന് തൈലം വാങ്ങിക്കൊള്ളുക, (ജെറി. 46:11). ഇവയൊക്കെ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുള്ള പരാമര്‍ശങ്ങളാണ്. ഗിലെയാദിലെ മുന്തിരിത്തോട്ടങ്ങളും താഴ്വരയിലെ ഒലീവ് തോട്ടങ്ങളും ഏവരെയും ആകര്‍ഷിച്ചിരുന്നു. ബൈബിളില്‍ വിവരിച്ചിട്ടുള്ള വനങ്ങളൊന്നും ആധുനിക കാലങ്ങളില്‍ ഗിലെയാദില്‍ കാണാനില്ല. എങ്കിലും ഇന്നും ഈ പ്രദേശം വളരെ ഫലഭൂയിഷ്ഠമാണ്.

(പ്രൊഫ. നേശന്‍ റ്റി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍