This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗില്‍ഡ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗില്‍ഡ്
പൊതുവായ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയോ പൊതുനന്മയ്ക്കുവേണ്ടിയോ ആളുകള്‍ ഉണ്ടാക്കുന്ന സംഘടന. ഉദാ. എഴുത്തുകാരുടെ സംഘടന, തൊഴിലാളികളുടെ സംഘടന, വ്യാപാരികളുടെ സംഘടന. മതപരമായ കാര്യങ്ങള്‍ക്കു വേണ്ടിയായിരുന്നു യൂറോപ്പില്‍ ആദ്യം ഗില്‍ഡുകള്‍ രൂപംകൊണ്ടത്. പുരാതനഗ്രീസില്‍ ഗില്‍ഡുകളുണ്ടായിരുന്നു. റോമാസാമ്രാജ്യത്തിന്റെ അധഃപതനത്തോടെ യൂറോപ്പില്‍ നഗരങ്ങളും നഗരജീവിതവും ആരംഭിച്ച കാലഘട്ടത്തിലാണ് ആധുനിക രൂപത്തിലുള്ള ഗില്‍ഡുകള്‍ രൂപംകൊണ്ടത്. യൂറോപ്പില്‍ ഒരേ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന വൈദഗ്ധ്യം നേടിയ കൈത്തൊഴിലാളികള്‍ തങ്ങളുടെ പൊതുതാത്പര്യസംരക്ഷണാര്‍ഥം 'ഗില്‍ഡ്' എന്നറിയപ്പെടുന്ന സംഘടനകള്‍ സ്ഥാപിച്ചു. ഇതിനെതുടര്‍ന്ന്, തൊഴിലാളികളെ അനുകരിച്ച്, വ്യാപാരികളും അവരുടെ പൊതുനന്മയ്ക്കായി ഗില്‍ഡുകള്‍ രൂപീകരിച്ചു. ഇപ്രകാരം 'ക്രാഫ്റ്റ് ഗില്‍ഡുകളും', 'മര്‍ച്ചന്റ്സ് ഗില്‍ഡു'കളും ഉണ്ടായി. വില, ഉത്പാദനത്തിന്റെ അളവ്, ഉത്പാദനച്ചെലവ്, സാധനങ്ങളുടെ ഗുണനിലവാരം എന്നിവയൊക്കെ നിയന്ത്രിക്കുവാന്‍ ക്രാഫ്റ്റ് ഗില്‍ഡുകള്‍ക്ക് കഴിഞ്ഞിരുന്നു. വ്യാപാരി ഗില്‍ഡുകളില്‍ ബാങ്കര്‍മാരും വ്യാപാരികളും ഉള്‍പ്പെട്ടിരുന്നു. ഒരു നിര്‍ദിഷ്ട പ്രദേശത്തെ വ്യാപാരം ഒരു നിര്‍ദിഷ്ട ഗില്‍ഡിന്റെ നിയന്ത്രണത്തിലായിരുന്നു. 14-ാം ശ.-ത്തില്‍ വ്യാപാരികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതോടെ, ഗില്‍ഡുകള്‍ വ്യവസ്ഥാപിതമായി. വാണിജ്യത്തില്‍ കുത്തക ഏര്‍പ്പെടുത്തുവാനും മത്സരം ഒഴിവാക്കുവാനും ഗില്‍ഡുകള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പൂര്‍വ ജര്‍മനിയിലുണ്ടായ ഹന്‍സിയാറ്റിക് ലീഗ്, ഗില്‍ഡുകളുടെ ഒരു വികസിതരൂപമാണ്. വ്യാപാരി ഗില്‍ഡുകള്‍ സ്വേച്ഛാധിപത്യപ്രവണത കാട്ടിത്തുടങ്ങിയതോടെ തൊഴിലാളി ഗില്‍ഡുകള്‍ കൂടുതല്‍ ശക്തി സംഭരിക്കുവാന്‍ തുടങ്ങി. കാലക്രമേണ തൊഴിലാളി ഗില്‍ഡുകള്‍ രാഷ്ട്രീയമായി പ്രബലരായി.
തൊഴിലാളി ഗില്‍ഡിലെ പ്രധാനി 'മാസ്റ്റര്‍' അഥവാ മേസ്ത്രിയാണ്. അയാളുടെ കീഴില്‍ ആലകളില്‍ പണിയെടുക്കുന്ന 'ജേര്‍ണിമേന്‍' അഥവാ തൊഴിലാളിയും ജോലി പഠിക്കാനായി നില്ക്കുന്ന അപ്രന്റീസുകളുമുണ്ടായിരിക്കും. മാസ്റ്ററുടെ കീഴില്‍ വേതനം കൂടാതെ ഏഴു വര്‍ഷത്തോളം പരിശീലനം സിദ്ധിച്ചവരായിരിക്കും ജേര്‍ണിമേന്‍. ഒരു തൊഴിലാളിക്ക് മാസ്റ്ററാകണമെങ്കില്‍ ചില നിശ്ചിത പരീക്ഷകള്‍ ജയിക്കുകയും സ്വന്തമായി ആല നടത്താന്‍ യോഗ്യത നേടുകയും വേണം. അപ്രന്റീസുകളുടെ പരിശീലനകാലം ഓരോ തൊഴിലിന്റെയും പ്രത്യേകതയെ ആശ്രയിച്ചാണിരിക്കുന്നത്. പരസ്പര സഹായ സഹകരണം ഗില്‍ഡിന്റെ പ്രത്യേകതയാണ്. ഒരു പ്രദേശത്തെ തൊഴിലില്‍ മറ്റു പ്രദേശക്കാരും ചൂഷകരും കടന്നുകൂടുന്നത് തടയാന്‍ ഗില്‍ഡിന് കഴിയുമായിരുന്നു. ചില സ്ഥലങ്ങളില്‍ ഗില്‍ഡുകള്‍ നഗരഭരണം നിയന്ത്രിച്ചിരുന്നു. ഗില്‍ഡിലെ അംഗങ്ങള്‍ക്ക് മാത്രമേ നഗരഭരണത്തില്‍ പങ്കെടുക്കാനാകൂ എന്ന നിബന്ധനയാണ് ഇതിനു കാരണം. മുനിസിപ്പാലിറ്റികള്‍ പോലെയുള്ള ഇന്നത്തെ സ്വയം ഭരണ സ്ഥാപനങ്ങളുടെ പഴയ രൂപം ഗില്‍ഡുകളില്‍ ദൃശ്യമായിരുന്നു. പരസ്പരസഹായസംഘങ്ങള്‍ പോലുള്ള സ്ഥാപനങ്ങള്‍ക്കു പ്രചോദനം നല്കിയത് ഗില്‍ഡ് സമ്പ്രദായമാണ്. 18-ാം ശ.-ത്തില്‍ മുതലാളിത്ത വ്യവസ്ഥിതി രംഗപ്രവേശം ചെയ്യുകയും പ്രാദേശിക തലത്തില്‍നിന്ന് ദേശീയതലത്തിലേക്കും പിന്നീട് അന്താരാഷ്ട്രതലത്തിലേക്കും വ്യവസായവും വാണിജ്യവും വികസിക്കാനാരംഭിക്കുകയും ചെയ്തു. അതോടെ ഗില്‍ഡുകള്‍ അധഃപതിച്ചു. എങ്കിലും 19-ാം ശ.-ത്തിന്റെ ആരംഭംവരെ ഗില്‍ഡുകള്‍ പ്രചാരത്തിലുണ്ടായിരുന്നു. ഇന്ന് നിലവിലുള്ള തൊഴിലാളി സംഘടനകള്‍ക്കും 'ഗില്‍ഡ്' എന്ന പേരുണ്ട്.
(എസ്. കൃഷ്ണയ്യര്‍)