This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗെറ്റോ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗെറ്റോ
Ghetto
ഒരു ന്യൂനപക്ഷ മതവിഭാഗത്തിലെയോ ഒരു പ്രത്യേക ജനവിഭാഗത്തിലെയോ അംഗങ്ങള്‍ക്കു മാത്രം അധിവസിക്കുന്നതിനുവേണ്ടി ഒരു നഗരത്തില്‍ പ്രത്യേകമായി തിരിച്ചിട്ടുള്ള പ്രദേശം. മോചനം, പൃഥക്കരണം എന്നിങ്ങനെ അര്‍ഥങ്ങളുള്ള ഗെറ്റ് (Get) എന്ന ഹീബ്രു പദത്തില്‍ നിന്നാണ് ഗെറ്റോ എന്ന ഇറ്റാലിയന്‍ പദത്തിന്റെ നിഷ്പത്തി. വെനീസില്‍ യഹൂദര്‍ക്കു താമസിക്കാന്‍ വേണ്ടി 1516-ല്‍ ഒരു പ്രത്യേക സ്ഥലം മാറ്റിവച്ചതോടെയാണ് ഗെറ്റോ എന്ന സംജ്ഞ ആദ്യമായി പ്രയോഗത്തില്‍ വന്നത്. വെനീസിലെ ഈ ഗെറ്റോയാണ് ഇറ്റലിയിലെ മറ്റു ഗെറ്റോകള്‍ക്കു മാതൃകയായത്. പിന്നീട് യഹൂദരുടെ അധിവാസത്തിനുവേണ്ടി യൂറോപ്പിലൊട്ടാകെ വേര്‍തിരിച്ചിട്ടുള്ള പ്രദേശങ്ങള്‍ക്കു ഗെറ്റോ എന്നു പറഞ്ഞുവന്നു. യു.എസ്സിലെ വടക്കന്‍ നഗരങ്ങളില്‍ കറുത്തവര്‍ താമസിക്കുന്ന ചേരികള്‍ക്കും മുന്‍പ് ഗെറ്റോ എന്നു പറഞ്ഞിരുന്നു. മറ്റു ജനവിഭാഗങ്ങളുമായി ഇടപെടാതെ ഒഴിഞ്ഞുമാറി താമസിക്കുന്ന ജനസമൂഹങ്ങളെ കുറിക്കുന്നതിനും ഗെറ്റോ എന്ന സംജ്ഞ ഉപയോഗിച്ചുവരുന്നുണ്ട്.
16-ാം ശ.-ത്തിലാണ് ഗെറ്റൊ എന്ന സംജ്ഞ പ്രയോഗത്തില്‍ വന്നതെങ്കിലും പ്രാചീനകാലം മുതല്‍ തന്നെ യൂറോപ്യന്‍ നഗരങ്ങളിലും മധ്യപൂര്‍വ രാജ്യങ്ങളിലും പലസ്തീനില്‍ നിന്നും തുരത്തപ്പെട്ട യഹൂദര്‍ വസിച്ചിരുന്ന ചേരികളുണ്ടായിരുന്നു.അലക്സാണ്ട്രിയ, അന്ത്യോഖ്യാ, റോം, ബാബിലോണിയ, പേര്‍ഷ്യ എന്നിവിടങ്ങളിലെ യഹൂദ ഗെറ്റോകള്‍ വളരെ പ്രശസ്തമായിരുന്നു.
കോണ്‍സ്റ്റന്റയിന്‍, ജസ്റ്റിനിയന്‍ എന്നിവരുടെ ഭരണകാലത്ത് റോമിലെ ഔദ്യോഗിക മതമായി ക്രിസ്തുമതം അംഗീകരിക്കപ്പെട്ടതോടെ യഹൂദന്മാര്‍ രണ്ടാംതരം പൗരന്മാരായി കണക്കാക്കപ്പെട്ടു. യഹൂദര്‍ പ്രത്യേക പ്രദേശങ്ങളില്‍ താമസിച്ചുകൊള്ളണമെന്ന നിയമങ്ങളും പ്രാബല്യത്തില്‍ വന്നു. യഹൂദന്മാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ ക്രിസ്ത്യാനികള്‍ വഴിതെറ്റിപ്പോകുമെന്നു മതാധികാരികള്‍ ഭയന്നിരുന്നു. അങ്ങനെയാണ് ക്രിസ്ത്യാനികള്‍ യഹൂദരുടെ കൂട്ടത്തില്‍ താമസിക്കരുത് എന്ന തീരുമാനമുണ്ടായത്. മൂന്നാമത്തെയും (1179) നാലാമത്തെയും (1215) ലാറ്ററന്‍ കൗണ്‍സിലുകള്‍ ക്രിസ്ത്യാനികള്‍ യഹൂദരോടൊത്തു താമസിക്കുന്നത് കര്‍ശനമായി വിലക്കി. പേപ്പല്‍ രാജ്യങ്ങളില്‍ യഹൂദന്മാര്‍ പ്രത്യേകം ചേരികളില്‍ താമസിച്ചുകൊള്ളണമെന്നു പോപ്പ് പോള്‍ നാലാമന്‍ അനുശാസിച്ചു (1555). ഇതിന്റെ ഫലമായാണ് റോമില്‍ ഗെറ്റോ നിലവില്‍ വന്നതും വിശുദ്ധ നഗരത്തിലെ എല്ലാ യഹൂദരെയും ബലം പ്രയോഗിച്ച് ഗെറ്റോയിലേക്കു മാറ്റിയതും. ഈ ഗെറ്റോ സംവിധാനം 18-ാം ശ. വരെ തുടര്‍ന്നു.
ആദ്യകാലങ്ങളില്‍ യഹൂദചേരികള്‍ പല പേരുകളില്‍ അറിയപ്പെട്ടിരുന്നു (ജര്‍മന്‍- Judengasse, ഇറ്റാലിയന്‍-Giudaiche, സ്പാനിഷ്-Juderia, ഫ്രഞ്ച്-Juiverie). യോഹാന്‍ വുള്‍ഫ്ഗാങ് ഗെയ്ഥെ പരാമര്‍ശിച്ചിട്ടുള്ള ഫ്രാങ്ക്ഫുര്‍ട്ട്-അം-മെയിനിലെ ഗെറ്റോയും പ്രേഗിലെ ജൂതത്തെരുവും പ്രശസ്തമാണ്.
മൊറോക്കോയിലെ 'ഫെസ്' എന്ന സ്ഥലത്ത് യഹൂദരെ നിര്‍ബന്ധമായി മാറ്റിപ്പാര്‍പ്പിച്ചിരുന്ന ചേരി 'മെല്ലാ' (Mellah) എന്നാണ് അറിയപ്പെട്ടിരുന്നത്. ടുണീഷ്യ, പേര്‍ഷ്യ എന്നിവിടങ്ങളിലെ ചേരികള്‍ ഹാര, ക്വാത്-അല്‍-യഹൂദ് എന്നീ പേരുകളിലും. ഷിയാ മുസ്ലിം രാജ്യങ്ങളില്‍ ഗെറ്റോ സംവിധാനം കര്‍ശനമായിരുന്നു. ഗെറ്റോകളിലെ ഭവനങ്ങളുടെ വലുപ്പം, വാതിലുകളുടെ എണ്ണം, വലുപ്പം എന്നിവയില്‍പ്പോലും നിയന്ത്രണങ്ങളുണ്ടായിരുന്നു.
1350-ലാണ് ജര്‍മാനിക് രാഷ്ട്രങ്ങളില്‍ ഗെറ്റോകള്‍ ഉയര്‍ന്നത്. ക്രിസ്ത്യന്‍ വ്യാപാരികളുടെയും മറ്റു ജനവിഭാഗങ്ങളുടെയും സമ്മര്‍ദത്തെത്തുടര്‍ന്ന് ക്രാക്രോവിലെ ജൂതര്‍ കാസിമീര്‍സിന്റെ പ്രാന്ത പ്രദേശങ്ങളിലെ ഗെറ്റോകളില്‍ വസിക്കണമെന്നു പോളിഷ് രാജാവ് ജോണ്‍ I ഉത്തരവിട്ടിരുന്നു (1495). പിന്നീട് ലൂബ്ലിന്‍, വില്‍നിയസ് എന്നിവിടങ്ങളിലേക്കും ഗെറ്റോകള്‍ വ്യാപിച്ചു.
ബാള്‍ട്ടിക് മുതല്‍ കരിങ്കടല്‍ വരെ നീണ്ടു കിടക്കുന്ന പടിഞ്ഞാറന്‍ പ്രവിശ്യകളിലായിരുന്നു റഷ്യയിലെ യഹൂദ ഗെറ്റോകള്‍. 1917 വരെ ഈ ഗെറ്റോകള്‍ നിലവിലിരുന്നു.
ഫ്രഞ്ചുവിപ്ലവത്തോടെ ഫ്രാന്‍സിലെ യഹൂദ ഗെറ്റോകള്‍ ഇല്ലാതായി. ഫ്രഞ്ചുവിപ്ലവം, മനുഷ്യാവകാശ പ്രഖ്യാപനം എന്നിവയുടെ സ്വാധീനത്താല്‍ ഗെറ്റോ സമ്പ്രദായം തകര്‍ന്നു തുടങ്ങി. രണ്ടാം ലോകയുദ്ധകാലത്ത് ഹിറ്റ്ലര്‍ യഹൂദരെ കിഴക്കന്‍ യൂറോപ്പിലെ ഗെറ്റോകളില്‍ പാര്‍പ്പിച്ചിരുന്നു. ഹിറ്റ്ലര്‍ പടുത്തുയര്‍ത്തിയ യഹൂദ ഗെറ്റോകളില്‍ കുപ്രസിദ്ധി നേടിയത് വാഴ്സയിലെ ഗെറ്റോ ആയിരുന്നു. ഒരു കാലത്ത് ഈ ഗെറ്റോയില്‍ അഞ്ചു ലക്ഷത്തിലധികം യഹൂദര്‍ ഞെരുങ്ങിക്കഴിഞ്ഞിരുന്നു. കര്‍ക്കശമായ നിയന്ത്രണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയമായ നിര്‍ബന്ധിത തൊഴില്‍ ക്യാമ്പുകളായിരുന്നു ഈ ഗെറ്റോകള്‍. 1943 ഏ.-മേയ് മാസങ്ങളില്‍ വാഴ്സാ ഗെറ്റോയിലെ അന്തേവാസികള്‍ ഗെറ്റോ നശിപ്പിച്ചു പുറത്തുവന്നു. ഇന്ന് വാഴ്സാ ഗെറ്റോയുടെ സ്ഥലത്ത് ഒരു മ്യൂസിയമാണുള്ളത്.
ഗെറ്റോ ഒരു അധിവാസ സ്ഥലമെന്നതിലുപരി ഒരു പ്രത്യേക ജീവിതശൈലിയെക്കൂടി സൂചിപ്പിക്കുന്നുണ്ട്. ഊഷ്മളത, സഹജീവിസ്നേഹം, പരസ്പരസഹായസന്നദ്ധത എന്നീ സ്വഭാവ വിശേഷണങ്ങളോടൊപ്പം അസൂയ, ഇടുങ്ങിയ വീക്ഷണം എന്നിവയും ഗെറ്റോ വാസികളില്‍ പ്രകടമായിരുന്നു. പുറത്തിറങ്ങിയാല്‍ പീഡിപ്പിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുമെന്നുള്ള ഭീഷണിയുള്ളപ്പോഴും ഗെറ്റോകള്‍ക്കുള്ളില്‍ സംഘര്‍ഷങ്ങള്‍ സാധാരണമായിരുന്നു. ഹ്രസ്വകാല ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ഗെറ്റോകള്‍ക്കുള്ളില്‍ സ്വയംഭരണാവകാശം ഉണ്ടായിരുന്നുവെന്നു കാണാം. ഗെറ്റോകള്‍ക്കുള്ളില്‍ യഹൂദര്‍ക്ക് സ്വതന്ത്രമായ മത-വിനോദ സ്ഥാപനങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ഇവരുടെ സാമ്പത്തികസ്വാതന്ത്ര്യം ചില വിലക്കുകള്‍ക്കു വിധേയമായിരുന്നു. ചില്ലറ കച്ചവടങ്ങള്‍, ഹീനമായ തൊഴിലുകള്‍ എന്നിവയ്ക്കേ സ്വാതന്ത്ര്യമുണ്ടായിരുന്നുള്ളു; നികുതിഭാരം ദുസ്സഹമായിരുന്നുതാനും. വസതികളുടെ വിസ്തീര്‍ണം വര്‍ധിപ്പിക്കുക അസാധ്യമായിരുന്നതുകൊണ്ട് അസാധാരണമായ ഉയരമുള്ള ബഹുനില വീടുകളാണ് നിര്‍മിച്ചിരുന്നത്. തന്മൂലമുണ്ടാകുന്ന ആള്‍ത്തിരക്ക്, അഗ്നിബാധയ്ക്കുള്ള സാഹചര്യങ്ങള്‍, ആരോഗ്യകരമല്ലാത്ത ജീവിതരീതി എന്നിവ ഇവരെ പീഡിപ്പിച്ചിരുന്നു. ഗെറ്റോകള്‍ക്കുചുറ്റും മതിലുകള്‍ ഉണ്ടായിരിക്കും. ക്രിസ്തുമതാഘോഷകാലങ്ങളില്‍ ഗെറ്റോയുടെ ഗേറ്റുകള്‍ പുറത്തുനിന്നു പൂട്ടുക സാധാരണമായിരുന്നു. ഗെറ്റോയുടെ നാലതിരുകളില്‍ നിന്നു രക്ഷപ്പെടാനുള്ള ആഗ്രഹം ഒരു വശത്ത്, പുറത്തിറങ്ങിയാലുണ്ടാകുന്ന പീഡനത്തെക്കുറിച്ചുള്ള ഭയം മറ്റൊരു വശത്ത്-ഇതിനിടയില്‍ കുഴങ്ങുകയായിരുന്നു ഗെറ്റോകളിലെ അന്തേവാസികള്‍.
യു.എസ്സിലെ കുടിയേറ്റവിഭാഗങ്ങളും കറുത്തവരും ഗെറ്റോകളില്‍ ഒതുങ്ങാന്‍ നിര്‍ബന്ധിതരായിരുന്നത് കര്‍ക്കശമായ നിയമനിയന്ത്രണങ്ങള്‍ കൊണ്ടായിരുന്നില്ല. മറിച്ച്, സാമ്പത്തികവും സാമൂഹികവുമായ സമ്മര്‍ദങ്ങളാണ് അവരെ അതിനു പ്രേരിപ്പിച്ചത്. ഗെറ്റോകള്‍ ചേരികളാണെന്ന വസ്തുത അന്തേവാസികള്‍ക്ക് അപകര്‍ഷതാബോധമുണ്ടാക്കാറുണ്ട്. ഗെറ്റോയ്ക്കു വെളിയില്‍ സ്ഥാവരവസ്തുക്കള്‍ ആര്‍ജിക്കുന്നതിനുള്ള കഴിവില്ലായ്മ, ഗെറ്റോയുടെ പുറത്തുള്ളവരുമായി ഇടപഴകുന്നതിലുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ എന്നിവ ഗെറ്റോയില്‍നിന്നു രക്ഷപ്പെടുന്നതിനുള്ള വിലങ്ങുതടികളായിത്തീര്‍ന്നു. ഗെറ്റോകള്‍ ഇല്ലാതാക്കുകയാണ് ആധുനിക നിയമനിര്‍മാണത്തിന്റെ ലക്ഷ്യം. യു. എസ്സിലെ ബഹുവംശ ജനാധിപത്യ സമൂഹം ഗെറ്റോകളുടെ രൂപവത്കരണത്തെ ഒരളവില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്; അതോടൊപ്പം അത് ഇല്ലാതാക്കാനും ശ്രമിക്കുന്നു.
യു.എസ്സിലെ ഗെറ്റോകളുടെ ഒരു പുതിയ പതിപ്പാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ വന്‍നഗരങ്ങളില്‍ രൂപം കൊള്ളുന്ന ചേരിപ്രദേശങ്ങള്‍.