This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോഖലെ, ഗോപാലകൃഷ്ണ (1866 - 1915)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോഖലെ, ഗോപാലകൃഷ്ണ (1866 - 1915)

ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസ് നേതാവും. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില്‍ ചിത്പവന്‍ ബ്രാഹ്മണകുടുംബത്തില്‍ 1866 മേയ് 9-നു ഗോഖലെ ജനിച്ചു. പിതാവ് കൃഷ്ണറാവു ശ്രീധറും മാതാവ് സത്യഭാമയും ആയിരുന്നു. കാഗലിലുള്ള സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1876-ല്‍ കോല്‍ഹാപൂരിലെ ഇംഗ്ലീഷ് സ്കൂളില്‍ ചേര്‍ന്നു. 13-ാമത്തെ വയസ്സില്‍ പിതാവ് മരിച്ച (1879) ഗോഖലെ ജ്യേഷ്ഠന്‍ ഗോവിന്ദന്റെ തണലിലായി. അന്നത്തെ ആചാരപ്രകാരം 1880-ല്‍ 14-ാം വയസ്സില്‍ ഇദ്ദേഹം വിവാഹിതനായി. 1881-ല്‍ മെട്രിക്കുലേഷന്‍ പാസായി. രാജാറാം കോളജ്, ഡെക്കാന്‍ കോളജ്, എല്‍ഫിന്‍സ്റ്റണ്‍ കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം (1884) ബി.എ. പാസായി. ലോ കോളജില്‍ നിയമപഠനത്തിനു ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 1885-ല്‍ പൂണെയിലെ ന്യൂ ഇംഗ്ലീഷ് സ്കൂളില്‍ അധ്യാപകനായി. റാനഡേ (1842-1901) സ്ഥാപിച്ച ഡെക്കാന്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിയില്‍ ഗോഖലെ ആജീവനാംഗമായി (1886). ഈ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച ഫെര്‍ഗൂസണ്‍ കോളജില്‍ ഇദ്ദേഹം പ്രൊഫസറായിരുന്നു. തിലകന്റെ (1856-1920) പത്രാധിപത്യത്തിലുള്ള മറാഠാ പത്രത്തില്‍ ദേശസ്നേഹത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ ഇദ്ദേഹം എഴുതിത്തുടങ്ങി. (1886-88). ഇതിനിടയില്‍ ഒരു ഗണിതശാസ്ത്ര ഗ്രന്ഥം കൂടി പ്രസിദ്ധീകരിച്ചു. 1888-ല്‍ ഇദ്ദേഹം അഗാര്‍ക്കാര്‍ സ്ഥാപിച്ച സുധാരക് എന്ന ആംഗലേയ-മറാഠി ആഴ്ചപ്പതിപ്പില്‍ ഇംഗ്ലീഷ് ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങി. 1887-ല്‍ റാനഡേയെ പരിചയപ്പെടുകയും ഗോഖലെ തന്റെ രാഷ്ട്രീയ ഗുരുവായി അദ്ദേഹത്തെ അംഗീകരിക്കുകയും ചെയ്തു. ഗോഖലെയുടെ പൊതുജീവിതത്തിന്റെ അടിത്തറ ശക്തമാക്കിയത് റാനഡേയാണ്. തിലകന്റെ രാജിയെത്തുടര്‍ന്ന് ഡക്കാന്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ നേതൃത്വം ഗോഖലെ ഏറ്റെടുത്തു (1890). 1888-ല്‍ സാര്‍വജനികസഭയുടെ നേതൃത്വം ഏറ്റെടുത്ത ഗോഖലെ 1890-ല്‍ അതിന്റെ തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയായി. 1887-96 കാലഘട്ടത്തില്‍ സഭയുടെ പത്രമായ ക്വാര്‍ട്ടേലിയുടെ പത്രാധിപരായി.

ഗോപാലകൃഷ്ണ ഗോഖലെ

1889-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ട ഇദ്ദേഹം അതേ കൊല്ലം മുംബൈയിലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തു. തുടര്‍ന്നുള്ള മിക്ക കോണ്‍ഗ്രസ് സമ്മേളനങ്ങളിലും പങ്കെടുത്ത ഗോഖലെ 1895-ല്‍ തിലകനോടൊപ്പം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ജോയിന്റ് സെക്രട്ടറിയായി. ഇക്കൊല്ലം ബോംബെ സര്‍വകലാശാലയുടെ ഫെലോയായ ഇദ്ദേഹം രാഷ്ട്ര സമാചാര്‍ എന്ന പത്രം തുടങ്ങി. തുടര്‍ന്ന് റാനഡേ സ്ഥാപിച്ച ഡക്കാന്‍ സഭയില്‍ അംഗമായി (1896).

വെല്‍ബി കമ്മിഷന്‍ മുന്‍പാകെ തെളിവുകള്‍ നല്കുന്നതിനു വേണ്ടിയുള്ള ഡക്കാന്‍ പ്രതിനിധിയായി ഗോഖലെ 1897-ല്‍ ഇംഗ്ലണ്ട് സന്ദര്‍ശിച്ചു. കമ്മിഷന്‍ മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇംഗ്ലണ്ടിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും അതിനെ ആസ്പദമാക്കി കമ്മിഷന്‍ ന്യൂനപക്ഷ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ബോംബെ ലെജിസ്ളേറ്റീവ് കൗണ്‍സിലിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ (1899) ഗോഖലെ വിജയിച്ചു. 1902-ല്‍ ഫിറോസ്ഷാ പിരിഞ്ഞപ്പോള്‍ വൈസ്രോയിയുടെ നിയമനിര്‍മാണ സഭയിലേക്ക് ഗോഖലെ തെരഞ്ഞെടുക്കപ്പെടുകയും മരണംവരെ ഈ സഭയില്‍ അംഗമായിരിക്കുകയും ചെയ്തു. 1902-ല്‍ ഫെര്‍ഗുസണ്‍ കോളജില്‍ നിന്നും പിരിഞ്ഞ ഗോഖലെ പിന്നീടുള്ള മുഴുവന്‍ സമയവും രാജ്യസേവനത്തിനായി വിനിയോഗിച്ചു. ബ്രിട്ടീഷ് ഗവണ്‍മെന്റിനെ എതിര്‍ക്കുക മാത്രമല്ല തന്റെ കടമയെന്നും ഗവണ്‍മെന്റ് ചെയ്യുന്ന നല്ലകാര്യങ്ങളെ പ്രശംസിക്കുക കൂടി ചെയ്യണമെന്നും ഇദ്ദേഹം വിശ്വസിച്ചു. വര്‍ഷം തോറുമുള്ള ഇദ്ദേഹത്തിന്റെ ബജറ്റ് പ്രസംഗങ്ങള്‍ (1902-08) ഗവണ്‍മെന്റ് ഭയത്തോടെയാണ് വീക്ഷിച്ചിരുന്നത്. സഭയിലെ സാമ്പത്തികാംഗമായ സര്‍ ഗിഫ്ളിറ്റ് വുഡ് വില്‍സണ്‍ (1908-13) ഇദ്ദേഹത്തെ പ്രതിപക്ഷനേതാവെന്നും ഇന്ത്യയിലെ ഗ്ലാഡ്സ്റ്റണ്‍ എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. സഭയില്‍ ഗോഖലെയുടെ ചോദ്യങ്ങള്‍ക്കുത്തരം പറയാന്‍ വളരെ വിഷമമാണ്. 1904-ല്‍ മുംബൈയില്‍വച്ചു നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ചെയ്ത അധ്യക്ഷ പ്രസംഗത്തില്‍ സര്‍ ഹെന്റി കോര്‍ട്ടണ്‍, നവ്റോജി, ബാനര്‍ജി, മേത്ത തുടങ്ങിയരോടൊപ്പം ഗോഖലെയെയും സമുന്നതന്മാരായ നേതാക്കന്മാരായി ചിത്രീകരിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ സെക്രട്ടറിയായ ഇദ്ദേഹം (1904) ബനാറസ് സമ്മേളനത്തില്‍ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനായി (1906). ഈ സമ്മേളനത്തില്‍വച്ച് സ്വദേശി പ്രസ്ഥാനത്തിന് ഊന്നല്‍ നല്കുകയും വിദേശ നിര്‍മിത സാധനങ്ങളെ ബഹിഷ്കരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. മിതവാദികളെയും തീവ്രവാദികളെയും താത്കാലികമായെങ്കിലും ഒരുമിച്ചു കൊണ്ടുപോകാന്‍ ഗോഖലെക്കു കഴിഞ്ഞു. ഹിന്ദു-മുസ്ലിം ഐക്യത്തിനുവേണ്ടിയും ഇദ്ദേഹം പ്രവര്‍ത്തിച്ചു. 1905-ല്‍ ഗോഖലെയുടെ നേതൃത്വത്തില്‍ 'സര്‍വന്റ്സ് ഒഫ് ഇന്‍ഡ്യാ സൊസൈറ്റി' പൂണെയില്‍ സ്ഥാപിച്ചു.

ഇന്ത്യന്‍ വൈസ്രോയിയായിരുന്ന കഴ്സണ്‍ പ്രഭുവിന്റെ കാലത്തെ (1899-1905) ബംഗാള്‍ വിഭജന(1905)ത്തിനെതിരായി ബ്രിട്ടീഷുകാര്‍ക്കിടയില്‍ ഇന്ത്യന്‍ പ്രതിഷേധം അറിയിക്കുന്നതിനു നിയോഗിച്ചവരില്‍ ലാലാ ലജ്പത്റായിയോടൊപ്പം ഗോഖലെയുമുണ്ടായിരുന്നു. തുടര്‍ന്നുള്ള വെയില്‍സ് രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഇന്ത്യയൊട്ടാകെ സ്വീകരണം ബഹിഷ്കരിക്കാന്‍ തീവ്രവാദികളുടെ നേതൃത്വം തീരുമാനിച്ചു. അതിനെതിരായി ഗോഖലെയുടെ നേതൃത്വത്തിലുള്ള മിതവാദികള്‍ യത്നിച്ചു.

ബ്രിട്ടീഷ് അധികാരികളോട് ഇന്ത്യയില്‍ നടപ്പാക്കേണ്ട ഭരണ പരിഷ്കാരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 1906-ല്‍ ഗോഖലെ ഇംഗ്ലണ്ടില്‍ പോയി. ഇന്ത്യയുടെ പ്രശ്നങ്ങള്‍ അധികാരികളെ ബോധ്യപ്പെടുത്താന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ബംഗാള്‍ വിഭജനത്തോടനുബന്ധിച്ച് ബംഗാളില്‍ കിരാതഭരണം നടത്തിയിരുന്ന ഫുള്ളറെ അധികാരത്തില്‍നിന്നു പുറത്താക്കാനും ഗോഖലെക്ക് കഴിഞ്ഞു. അന്നത്തെ വൈസ്രോയിയായിരുന്ന മിന്റോ പ്രഭുവിനോടും (ഭ.കാ. 1905-10), ഇന്ത്യന്‍ ഭരണകാര്യങ്ങള്‍ക്കായുള്ള സ്റ്റേറ്റ് സെക്രട്ടറി മോര്‍ലിയോടും ഭരണത്തില്‍ ഇന്ത്യന്‍ ജനതയുടെ പങ്കു വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയില്‍ തിരിച്ചെത്തിയ ഇദ്ദേഹം വീണ്ടും മിത-തീവ്രവാദി യോജിപ്പിന് ശ്രമം നടത്തി.

1908-ല്‍ ഗോഖലെ റാനഡെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എക്കണോമിക്സ് സ്ഥാപിച്ചു. മോര്‍ലിയുമായി ചര്‍ച്ച നടത്താന്‍ 1908-ല്‍ ഒരിക്കല്‍ക്കൂടി ഇദ്ദേഹം ഇംഗ്ലണ്ടിലേക്കു പോയി. ചര്‍ച്ചയെത്തുടര്‍ന്ന് അംഗീകരിച്ച മിന്റോ-മോര്‍ലി പരിഷ്കാരത്തില്‍ (1909) ഗോഖലെ കാര്യമായ പങ്കുവഹിച്ചു. തുടര്‍ന്ന് നടന്ന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മിതവാദികള്‍ക്കായിരുന്നു ഭൂരിപക്ഷം. കേന്ദ്ര നിയമസഭയില്‍ ഗോഖലെയെ അംഗമായി തെരഞ്ഞെടുത്തു.

ഹെലിങ്ടണ്‍ പ്രഭു അധ്യക്ഷനായുള്ള പബ്ലിക് സര്‍വീസ് കമ്മിഷനില്‍ ഗോഖലെ 1912-ല്‍ അംഗമായി. ഇതോടനുബന്ധിച്ചുള്ള ജോലികള്‍ക്കായി ഇംഗ്ലണ്ടിലും തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലും പോയി. വിദേശ രാജ്യങ്ങളിലെ, പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ ജനതയുടെ ശോച്യാവസ്ഥകള്‍ക്കെതിരെ നടപടികള്‍ എടുക്കേണ്ടതിനെക്കുറിച്ച് ഗവണ്‍മെന്റ് പ്രതിനിധികളുമായി പലവട്ടം ചര്‍ച്ചനടത്തി. ദക്ഷിണാഫ്രിക്കയില്‍വച്ച് ഗാന്ധിജിയെ കണ്ടുമുട്ടുകയും ഗാന്ധിജി തന്റെ രാഷ്ട്രീയ ഗുരുവായി ഗോഖലെയെ അംഗീകരിക്കുകയും ചെയ്തു.

പി.എസ്.സി. അംഗം എന്ന നിലയില്‍ വീണ്ടും ഇംഗ്ലണ്ട് പര്യടനം നടത്തി. ഇന്ത്യാക്കാര്‍ക്ക് ന്യൂനപക്ഷമുള്ള പി.എസ്.സിയില്‍ ഇന്ത്യന്‍ അംഗങ്ങള്‍ക്കെതിരായുള്ള ഓരോ ആരോപണത്തിനും അന്നന്ന് മറുപടി കൊടുക്കാന്‍ ഗോഖലെക്കു കഴിഞ്ഞു. 1914-ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് കൊടുത്ത കെ.സി.ഐ.ഇ. ബിരുദം ഇദ്ദേഹം തിരസ്കരിച്ചു.

ബ്രിട്ടീഷ് പര്യടന വേളയില്‍ രോഗബാധിതനായി ഇദ്ദേഹം 1914-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. രോഗശയ്യയില്‍ കിടന്നുകൊണ്ട് വെല്ലിങ്ടണ്‍ പ്രഭുവിന് കൊടുക്കാമെന്നേറ്റിരുന്ന ഡ്രാഫ്റ്റ് കോണ്‍സ്റ്റിറ്റ്യൂഷന്‍ ഒഫ് ഇന്ത്യ പൂര്‍ത്തിയാക്കി. നാട്ടില്‍ തിരിച്ചെത്തിയ ഗാന്ധിജി (1915) കസ്തൂര്‍ബായോടൊപ്പം ഗോഖലെയെ സന്ദര്‍ശിച്ച് അവിടെ കുറച്ചു ദിവസം താമസിച്ചു.

ജാതി സമ്പ്രദായം, അയിത്തം തുടങ്ങിയവയ്ക്കെതിരെ ശബ്ദമുയര്‍ത്തിയ ഗോഖലെ സ്ത്രീവിമോചനത്തിനുവേണ്ടിയും വാദിച്ചു. ബ്രിട്ടീഷുകാരുടെ ഇന്ത്യന്‍ സാമ്പത്തികനയത്തെ വിമര്‍ശിച്ച ഇദ്ദേഹം വ്യാവസായിക വിദ്യാഭ്യാസമാണ് കാലഘട്ടത്തിന്റെ ആവശ്യം എന്ന് വിശ്വസിച്ചു. പഴയ കൃഷിസമ്പ്രദായത്തില്‍ മാറ്റം വരുത്തണമെന്നും, സഹകരണ സംഘങ്ങള്‍ സ്ഥാപിച്ച് കൃഷിക്കാര്‍ക്ക് സാമ്പത്തിക സഹായം നല്കണമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.

1915 ഫെ. 19-ന് ഗോഖലെ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍