This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപഹ്നുതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അപഹ്നുതി

'വര്‍ണ്യവസ്തുവിനെ അതല്ലെന്ന് നിഷേധിച്ചിട്ട്, അത് അതിനോടു സദൃശമായ മറ്റൊരു വസ്തുവാണെന്ന് പറയുന്ന സാമ്യമൂലകാലങ്കാരം.' അപഹ്നവം ചെയ്ക (മറയ്ക്കുക) കൊണ്ട് പേര് അന്വര്‍ഥമാണ്.

ഉദാ.'തിങ്കളല്ലിതു, വിണ്‍ഗംഗാ-

പങ്കജം വികസിച്ചത്'(ഭാഷാഭൂഷണം).

ഉപമേയമായ ചന്ദ്രനെ അതല്ലെന്ന് ശബ്ദത്താല്‍ത്തന്നെ നിഷേധിച്ച് ഉപമാനമായ വിണ്‍ഗംഗാപങ്കജമാണ് എന്നു പറഞ്ഞിരിക്കുന്നു. കുവലയാനന്ദം ഇതിന് ശുദ്ധാപഹ്നുതി എന്നു പേര്‍കൊടുക്കുന്നു. 'ശുദ്ധാപഹ്നുതിരന്യസ്യാരോപാര്‍ഥേ ധര്‍മനിഹ്നവഃ' എന്നു ലക്ഷണം; ലക്ഷ്യം ഭാഷാഭൂഷണത്തിലേതുതന്നെ.

അപഹ്നുതിക്ക് പല വിഭാഗങ്ങളുണ്ട്. കുവലയാനന്ദത്തില്‍ ഹേത്വപഹ്നുതി, കൈതവാപഹ്നുതി, ഭ്രാന്താപഹ്നുതി, ഛേകാപഹ്നുതി, പര്യസ്താപഹ്നുതി ഇങ്ങനെ അഞ്ചിനം കൂടി വിവരിച്ചുകാണാം. 'ഛേകാപഹ്നുതി, ഭ്രാന്താപഹ്നുതി എന്നു രണ്ടു വകഭേദം കല്പിച്ചിട്ടുള്ളത് സാമാന്യലക്ഷണത്തില്‍തന്നെ സിദ്ധിക്കുന്നവയും അധികം ഉപയോഗമില്ലാത്തവയും' ആണെന്നതിനാല്‍ അവയെ ഭാഷാഭൂഷണകാരന്‍ ഉപേക്ഷിച്ചിരിക്കുന്നു. ഭാഷാഭൂഷണത്തിലും സ്വീകരിക്കപ്പെട്ടിട്ടുള്ള വിഭാഗങ്ങളാണ് താഴെ ചേര്‍ക്കുന്നവ:

1. കൈതവാപഹ്നുതി. വര്‍ണ്യനിഷേധം ശബ്ദം കൊണ്ടു ചെയ്യാതെ കൈതവം, മിഷം, ഛലം, വ്യാജം തുടങ്ങിയ പദങ്ങളുടെ അര്‍ഥത്താല്‍ സാധിക്കുന്നത്.

ഉദാ. 'പരിവേഷമെന്നൊരു മിഷേണ കുണ്ഡലം

പരിചോടിടുന്നു വിധി ചന്ദ്രസൂര്യരില്‍'.

പരിവേഷം എന്നത് ഒരു മിഷം (വ്യാജം) മാത്രം; യഥാര്‍ഥത്തില്‍ അതു കുണ്ഡലമാകുന്നു.

2. ഹേത്വപഹ്നുതി. നിഷേധത്തിനുള്ള യുക്തി കൂടി പറയുന്നത് ഹേത്വപഹ്നുതി. ഉദാ. 'ചൂടാ ചന്ദ്രന്‍, വരാരാവിലര്‍ക്കന്‍, ഔര്‍വനിതബ്ധിജന്‍' (വിരഹിയുടെ വാക്യം.)

ഇപ്പറഞ്ഞ അപഹ്നുതികള്‍ക്ക് നേര്‍വിപരീതമായി അവര്‍ണ്യത്തെ നിഷേധിച്ച് അതു വര്‍ണ്യമാണെന്നു വിധിക്കുന്നതാണ് 'പര്യസ്താപഹ്നുതി'. 'അത് വാസ്തവത്തില്‍ പരിസംഖ്യാലങ്കാരത്തിന്റെ വകഭേദമാകുന്നു' എന്ന് ഭാഷാഭൂഷണകാരന്‍ ഈ വിഭാഗത്തെയും തിരസ്കരിക്കുന്നു. എന്നാല്‍ പര്യസ്താപഹ്നുതിതന്നെ എന്നു വിധിക്കേണ്ട ഒരു മുക്തകം, ലീലാതിലകത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.

'പുരികുഴലിലായിതേകിം

പല്ലാല്‍ ചിലവെന്തു? കരതലേ കവിള്‍താന്‍

വയറെന്തരയാല്‍ക്കൊമ്പ-

ത്തയിവരതനു? നൈവമുല്ലമലരാദി'


(കെ.കെ. വാധ്യാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍