This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗണിത്രങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗണിത്രങ്ങള്‍

Counters

ഇടവിട്ടുള്ള സംഭവങ്ങളുടെ ഒരു പരമ്പരയെ ഓര്‍മയില്‍ ശേഖരിച്ച് എണ്ണിത്തിട്ടപ്പെടുത്തുന്നതിനുള്ള അടിസ്ഥാനോപകരണങ്ങള്‍.

ഉദാ. ഒരു യന്ത്രത്തിന്റെ കറക്കമോ യന്ത്രം ഉത്പാദിപ്പിക്കുന്ന വസ്തുക്കളുടെ എണ്ണമോ മറ്റേതെങ്കിലും സാംഖ്യികവിവരമോ എണ്ണിക്കണക്കാക്കാനുള്ള ഗണിത്രങ്ങള്‍ സാധാരണമാണ്. ദൂരം, കോണചലനം, ദ്രവങ്ങളുടെയും വൈദ്യുതിയുടെയും മറ്റുമുള്ള പ്രവാഹം തുടങ്ങിയവ അളക്കുന്ന ഉപകരണങ്ങളോടനുബന്ധിച്ചും, മറ്റുമുള്ള സമാനരൂപവിവരങ്ങള്‍ (analog) സംഖ്യാരൂപത്തില്‍ (digital form) ആക്കി മാറ്റാനും ഗണിത്രങ്ങള്‍ ഉപയോഗിക്കുന്നു.

ഗണിത്രങ്ങള്‍ വളരെ സങ്കീര്‍ണവും നിവേശോപാധികളുടെ (input devices) സവിശേഷതകള്‍ക്കനുസരിച്ച് നിര്‍മിക്കപ്പെട്ടതുമായിരിക്കും. ഗണിത്രങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ സൂചകങ്ങള്‍ മുഖേന കാണിക്കുകയോ മറ്റുവിധത്തില്‍ രേഖപ്പെടുത്തുകയോ ആകാം. ചിലപ്പോള്‍, ഒരു ഗണിത്രം നിശ്ചിതമായ എണ്ണത്തില്‍ എത്തുന്ന സമയത്ത് പ്രക്രിയയില്‍ വേണ്ടരീതിയില്‍ മാറ്റം വരുത്തുകയോ പ്രക്രിയ നിര്‍ത്തുകയോ ചെയ്യാന്‍ തക്കവണ്ണം ഉപകരണങ്ങള്‍ സജ്ജമാക്കിവച്ച് പ്രക്രിയയുടെ നിയന്ത്രണം സാധ്യമാക്കാം. അതുമല്ലെങ്കില്‍, ഗണിത്രത്തിലെ സൂചനയ്ക്കനുസരിച്ചുള്ള വിവരം നിവേശോപകരണത്തിലേക്കു പുനഃപ്രദാനം ചെയ്ത് (feed back) അതില്‍ അനുയോജ്യമായ നിയന്ത്രണം വരുത്തുകയും ചെയ്യാം.

ഏതെങ്കിലും ഒരാവശ്യത്തിന് ഒരു ഗണിത്രം തെരഞ്ഞെടുക്കുന്നുവെന്നിരിക്കട്ടെ. അപ്പോള്‍, ആവശ്യമായ സംഭരണശേഷി, തിരിക്കല്‍ബലം, ലഭ്യമായ നിവേശം ഏതുതരത്തിലുള്ളതാണെന്ന കാര്യം, നിര്‍ഗമം (out put) ഏതുരൂപത്തില്‍ ആവശ്യമായിരിക്കുന്നുവെന്ന വസ്തുത പ്രദര്‍ശനരീതി (type of display), പ്രതീക്ഷിക്കുന്ന പ്രവര്‍ത്തനകാലം എന്നിവയാണ് പ്രത്യേകം പരിഗണിക്കപ്പെടേണ്ട പ്രധാന കാര്യങ്ങള്‍. ഉപകരണം ഉപയോഗിക്കുന്ന പരിതഃസ്ഥിതികളുടെ പ്രത്യേകതകള്‍ അതിന്റെ നിര്‍മാണവസ്തുക്കളുടെ തെരഞ്ഞെടുപ്പിനെയും രൂപകല്പനയെയും പൊതുവേ സ്വാധീനിക്കുന്നതാണ്.

അടിസ്ഥാന ഗുണവിശേഷങ്ങള്‍. മിക്കവാറും എല്ലാ ഗണനോപകരണങ്ങളിലും എണ്ണല്‍, കൂട്ടല്‍, ദൃശ്യവത്കരണം എന്നീ പ്രവൃത്തികളാണ് നടക്കുക. അവ സൂചിപ്പിക്കുന്ന വിവരങ്ങള്‍ വേണ്ടവിധത്തില്‍ വ്യാഖ്യാനിക്കേണ്ടിയിരിക്കുന്നു. യാന്ത്രികവും വിദ്യുത്-യാന്ത്രികവും ഇലക്ട്രോണികവുമായ ഗണനോപകരണങ്ങളുടെ നിവേശഗുണവിശേഷങ്ങളും കൂട്ടല്‍ യന്ത്രാവലികളും മിക്കവാറും ദശാംശസമ്പ്രദായത്തെ അടിസ്ഥാനപ്പെടുത്തിയുള്ളവ ആയിരിക്കും. എന്നാല്‍ ചിലതരം ഇലക്ട്രോണിക് കൗണ്ടറുകളില്‍ എണ്ണല്‍ നടക്കുന്നത് ദ്വയാംശഗണനാപരിപഥം ഉപയോഗിച്ചാണ്. ഇവയുടെ നിര്‍ഗമവിവരങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ വീണ്ടും ദശാംശരൂപത്തിലേക്ക് രൂപാന്തരപ്പെടുത്താറുണ്ട്.

ദശാംശസമ്പ്രദായത്തെ ആധാരമാക്കാത്ത പ്രത്യേകതരം ഗണിത്രങ്ങളുമുണ്ട്. ഉദാ. 12 മണിക്കൂര്‍ ക്ലോക്കുകള്‍, 24 മണിക്കൂര്‍ ക്ലോക്കുകള്‍, ഡിഗ്രി, മിനിട്ട്, സെക്കന്‍ഡ് എന്നിങ്ങനെ കാണിക്കുന്ന കോണഗണിത്രങ്ങള്‍ (angle counters) ചിത്രം 1-ല്‍ അക്ഷാംശഗണിത്രം (Latitude Counter) കാണിച്ചിരിക്കുന്നു. പ്രത്യേക ഗിയര്‍ യന്ത്രാവലിയും അക്കസംവിധാനവുംകൊണ്ട് അക്ഷാംശം ഡിഗ്രിയും മിനിട്ടുമായി സൂചിപ്പിക്കാനുള്ള ഏര്‍പ്പാടാണിതിലുള്ളത്.

ഗണിത്രരൂപങ്ങള്‍. ചുറ്റും സംഖ്യകള്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഒരു ഡയലും എണ്ണലിനൊത്ത് പൂജ്യത്തില്‍നിന്ന് വലിയ സംഖ്യകളിലേക്കു സഞ്ചരിക്കുന്ന ഒരു സൂചിയും ലളിതമായ ഒരു സാധാരണ ഗണിത്രത്തില്‍ അടങ്ങിയിരിക്കുന്നു. ഉച്ചവേഗ ഗണനത്തിനു സൌകര്യപ്രദമായ വിധത്തില്‍ കുറഞ്ഞ ജഡത്വഗുണമുള്ള (inertia) ചലനഭാഗങ്ങളാണ് ഇതില്‍ ഉണ്ടായിരിക്കുക. എങ്കിലും അതിന്റെ നിശ്ചിതമായ സ്കെയില്‍നീളം ആകെയുള്ള സംഭരണശേഷിയെ പരിമിതപ്പെടുത്തുന്നു. ഈ ശേഷി വര്‍ധിപ്പിക്കുന്തോറും എണ്ണല്‍ ഇടമൂല്യം കുറഞ്ഞുവരികയും സ്കെയില്‍ വായിക്കുക പ്രയാസമായിത്തീരുകയും ചെയ്യും.

നിത്യോപയോഗത്തിലുള്ള പല മീറ്ററുകളുടെയും ഡയല്‍ രൂപത്തിലുള്ള കൌണ്ടറുകള്‍ മേല്പറഞ്ഞതരം ഗണിത്രത്തിന്റെ രൂപഭേദം മാത്രമാണ്. പരസ്പരം ഗിയറുകള്‍ മുഖേന 10:1 എന്ന അനുപാതത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന അനേകം ഡയലുകള്‍ അവയില്‍ പലതിനും ഉപയോഗിക്കുന്നു.

വളരെ സാധാരണയായി കണ്ടുവരുന്ന ഒരുതരം ഗണിത്രത്തില്‍, ഓരോ അക്കങ്ങളും ഡ്രം രൂപത്തിലുള്ള ഒരു ചക്രത്തിന്റെ ചുറ്റിലുമായി അടയാളപ്പെടുത്തിയിരിക്കുന്നു. ഏറ്റവും ചെറിയ സംഖ്യകള്‍ വരുന്ന ചക്രത്തിലേക്കാണ് നിവേശം വരുന്നത്. ഒരു പ്രത്യേകതരം ഇടവിട്ടുള്ള ഗിയറിങ് സമ്പ്രദായം കൂട്ടലിലെ 'ശിഷ്ടസങ്കലന' ധര്‍മം നിര്‍വഹിക്കുന്നു. ദശാംശരീതിയിലുള്ള ഇത്തരം ഗണിത്രത്തിന്റെ മൊത്തസംഭരണശേഷി ആകെയുള്ള ചക്രങ്ങളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. 'n' ചക്രങ്ങളുള്ള ഇത്തരം ഒരു ഗണിത്രത്തിന്റെ ശേഷി (10n-1) ആണ്. ഓരോ സമയത്തെയും എണ്ണല്‍മൂല്യം മുകളില്‍ നേര്‍ക്കുവരുന്ന അക്കങ്ങള്‍ മുഖേന സൂചിപ്പിക്കുന്നു. ഇത് ഇടത്തുനിന്ന് വലത്തോട്ടു വായിക്കണം. ഇത്തരമൊരു ആറ് അക്കഗണിത്രം ചിത്രം-2-ല്‍ കാണിച്ചിരിക്കുന്നു.

ഗണിത്രവ്യൂഹത്തിലെ അടിസ്ഥാനാംശങ്ങള്‍. വിവിധതരം ഗണിത്രവ്യൂഹങ്ങളിലെ അടിസ്ഥാനാംശങ്ങളുടെ പരസ്പരബന്ധം ചിത്രം-3-ല്‍ വിശദമാക്കിയിരിക്കുന്നു. സാധാരണ ഗണിത്രങ്ങളില്‍ ഗണനമോ (counting) പ്രദര്‍ശനമോ (display) നടക്കുന്ന മുഖ്യരാശികള്‍ പ്രവാഹം, സമയം, ഭാരം, എണ്ണം, ദൂരം, നീളം, സ്ഥാനം, വിതാനം, താപനില, ബലം, മര്‍ദം മുതലായവയാണ്. ഗണിത്രവ്യൂഹത്തിലെ പ്രധാനാംശങ്ങള്‍ സംവേദനം, നിവേശം, ഗണനം, നിര്‍ഗമം, ധര്‍മം, പുനഃപ്രതിഷ്ഠ എന്നിവയാണ്. എണ്ണുകയോ സൂചിപ്പിക്കുകയോ ചെയ്യുന്ന രാശിയുടെ പെരുക്കങ്ങള്‍ നിര്‍ണയിക്കുന്നതിന് ഒരു സംവേദനോപകരണം ആവശ്യമുണ്ട്. പലപ്പോഴും ഇങ്ങനെ സംഭവിക്കപ്പെടുന്ന ഏകകങ്ങളുമായി ഗണിത്രയന്ത്രാവലിക്ക് അനുയോജ്യമായ വിധത്തിലുള്ള അനുപാതബന്ധം സ്ഥാപിക്കുന്നതിന് പറ്റിയ രൂപാന്തരോപകരണങ്ങളും ആവശ്യമായിവരും. ഉദാ. ഏതെങ്കിലും ദ്രാവകമാണ് അളക്കേണ്ടതെന്നിരിക്കട്ടെ. ധനവിസ്ഥാപന രീതിയിലുള്ള ഒരു പ്രവാഹമീറ്റര്‍ ഇതിനായി ഉപയോഗിക്കാം. മീറ്ററിന്റെ നിര്‍ഗമം ഷാഫ്ടിന്റെ കറക്കമായിട്ടാണ്. നിര്‍ഗമനഷാഫ്ടിന്റെ കറക്കവും ഗണിത്രം കാണിക്കുന്ന ഏകകവും തമ്മില്‍ ഒരു പ്രത്യേക ഗിയര്‍ അനുപാതം ഉണ്ടെങ്കില്‍മാത്രമേ ഗണിത്രത്തിന് നേരിട്ട് ഏതെങ്കിലും ദ്രാവകമാത്രയില്‍ അളവുകാണിക്കുവാന്‍ സാധിക്കുകയുള്ളൂ.

സംവേദകത്തിന്റെ നിര്‍ഗമം യാന്ത്രികമോ വൈദ്യുതമോ ആകാം. യാന്ത്രികമായ നിര്‍ഗമനത്തിന് യാന്ത്രികചാലിതഗണിത്രമാണ് സാധാരണയായി ഉപയോഗിക്കുക. വൈദ്യുതനിര്‍ഗമം വോള്‍ട്ടേജ് സ്പന്ദങ്ങള്‍ ആയിരിക്കും. എങ്കില്‍ ഗണിത്രം കാന്തികമായോ അല്ലെങ്കില്‍ ഇലക്ട്രോണികമായോ പ്രവര്‍ത്തിപ്പിക്കാം.

തരംതിരിവുകള്‍. യാന്ത്രികചാലിതം, വിദ്യുത്യാന്ത്രിക ചാലിതം, ഇലക്ട്രോണികചാലിതം എന്നിങ്ങനെ ഗണിത്രങ്ങളെ പൊതുവേ മൂന്നായി തിരിക്കാം. ഏതുതരം ഗണിത്രമാണ് ഉപയോഗിക്കേണ്ടതെന്നു നിശ്ചയിക്കുവാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഗണനവൃത്താന്തത്തിന്റെ ഉത്പാദനനിരക്ക്, നിര്‍ഗമധര്‍മത്തിന്റെ സ്വഭാവസവിശേഷതകള്‍ എന്നിവയാണ്.

യാന്ത്രികഗണിത്രങ്ങളിലും വിദ്യുത്-യാന്ത്രികഗണിത്രങ്ങളിലും ആന്തരികഘടനയും നിര്‍ഗമനധര്‍മത്തിന്റെ സ്വഭാവവിശേഷങ്ങളും ഏകദേശം ഒന്നുപോലെയാണ്; നിവേശരീതികള്‍ വ്യത്യാസപ്പെട്ടിരിക്കും. എന്നാല്‍ ഇലക്ട്രോണികഗണിത്രങ്ങള്‍ ഇതില്‍നിന്ന് വളരെ വ്യത്യസ്തമാണ്.

ഒരു ഗണിത്രത്തിന്റെ നിര്‍ദിഷ്ട ധര്‍മമനുസരിച്ച് അതിന്റെ നിര്‍ഗമസ്വഭാവം തെരഞ്ഞെടുക്കണം. ദൃശ്യനിര്‍ഗമമാണ് ഏറ്റവുമധികം കണ്ടുവരുന്നത്. എങ്കിലും യന്ത്രങ്ങളുടെ സ്വയം നിയന്ത്രണരീതികളും മറ്റും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മറ്റുള്ള നിര്‍ഗമതരങ്ങളും ആവശ്യമായിവരുന്നു. രേഖപ്പെടുത്തുന്ന തരത്തിലുള്ള ഗണിത്രങ്ങളില്‍ ഉത്പാദവിവരം അച്ചടിക്കേണ്ടിവരുന്നു. 'നിശ്ചിതനിര്‍ഗമ' വിഭാഗത്തില്‍പ്പെട്ട ഗണിത്രങ്ങളില്‍ ആവശ്യമായ എണ്ണം ഗണിക്കപ്പെട്ടുകഴിയുമ്പോള്‍ ഒരു വൈദ്യുതസിഗ്നലോ അല്ലെങ്കില്‍ യാന്ത്രികസിഗ്നലോ ഉത്പാദിപ്പിക്കുവാന്‍ തക്കവണ്ണം സജ്ജീകരിച്ച് യന്ത്രങ്ങളുടെയും മറ്റും സ്വയംനിയന്ത്രണം കൈവരിക്കാം.

യാന്ത്രികഗണിത്രങ്ങള്‍. യാന്ത്രികചാലിതഗണിത്രങ്ങളെ സംബന്ധിച്ച് പരിഗണനയര്‍ഹിക്കുന്ന പ്രധാനപ്പെട്ട നാലു കാര്യങ്ങളുണ്ട്: ചാലനരീതികള്‍, പ്രധാനപ്പെട്ട സ്ഥാനാന്തരണയന്ത്രാവലികള്‍, പുനഃപ്രതിഷ്ഠാപനരീതികള്‍ (methods of reset), പൊതുനിര്‍ദേശങ്ങള്‍ (general specifications).

ചാലനരീതികള്‍. ഋജുചാലനം (direct drive), കറക്കചാലനം, ഗിയര്‍ ചാലനം, റാച്ചെറ്റ് ചാലനം എന്നിവയാണ് മുഖ്യചാലനരീതികള്‍. ചാലകഷാഫ്ടും ഗണിത്രത്തിന്റെ ആദ്യചക്രവും തമ്മില്‍ നേരിട്ടു ബന്ധിപ്പിച്ചിരിക്കുന്ന ചാലനരീതിയാണ് ഋജുചാലനം. തന്മൂലം ഇത്തരം ചാലനരീതിയില്‍ ചാലകഷാഫ്ടിന്റെ ഓരോ കറക്കത്തിനും എണ്ണല്‍സംഖ്യ പത്തുവീതം മുന്നോട്ടുപോകുന്നു. കറക്കച്ചാലനത്തില്‍ ചാലകഷാഫ്ടും ആദ്യചാലകവും തമ്മില്‍ 10:1 ഗിയര്‍ അനുപാതം ഉണ്ടായിരിക്കും. അതിനാല്‍ ഓരോ കറക്കത്തിനും ഓരോന്നുവീതം എണ്ണം മാറുന്നു. ഗിയര്‍ ചാലനരീതിയില്‍ 10:1 അല്ലാതുള്ള അനുപാതബന്ധമാണ് ഉണ്ടായിരിക്കുക. റാച്ചെറ്റ് ചാലനസമ്പ്രദായത്തിലാകട്ടെ ദോലനചലനം അല്ലെങ്കില്‍ മുന്‍പിന്‍ ചലനമാണ് എണ്ണുന്നത്. റാച്ചെറ്റ് ചാലനരീതികള്‍ വിവിധതരങ്ങളിലുണ്ട്.

സ്ഥാനാന്തരണം. സ്ഥാനാന്തരണത്തിനുള്ള രീതികളില്‍വച്ച് വിച്ഛേദഗിയര്‍ സ്ഥാനാന്തരണമാണ് (interrupted gear transfer) വളരെ പ്രധാനമായത് (ചിത്രം 4) വൃത്താകൃതിയിലുള്ള ഒരു പൂട്ടല്‍ ഡിസ്കിന്റെ പരിധി 36ബ്ബ കോണം അകലത്തില്‍ രണ്ട് ഗിയര്‍പ്പല്ലുകള്‍ ഉണ്ട്. കീഴ്ക്രമചക്രവുമായി ഈ ഡിസ്ക് ബന്ധിച്ചിരിക്കുന്നു. അതൊരു പിനിയനുമായി ബന്ധപ്പെട്ടാണ് വര്‍ത്തിക്കുന്നത്. പിനിയനിലെ പല്ലുകള്‍ ഭാഗികമായി ചെത്തിനീക്കിയിരിക്കുന്നതിനാല്‍ പൂട്ടല്‍ഡിസ്കിലെ പല്ലുകളില്ലാത്ത ഭാഗത്ത് നിരങ്ങിനീങ്ങല്‍ മാത്രമാണുണ്ടാവുക. പിനിയന്‍ മേല്‍ക്രമ-ചക്രത്തോട് പിടിപ്പിച്ചിരിക്കുന്ന 20 പല്ലുകളുള്ള ഒരു ഗിയറുമായി ചേര്‍ന്നിരിക്കുന്നു. ഈ പ്രത്യേക സംയോഗംകാരണം, മേല്പറഞ്ഞ രണ്ടു സ്ഥാനാന്തരണപ്പല്ലുകള്‍ വഴി പിനിയന്‍ ചലിക്കുന്ന സന്ദര്‍ഭങ്ങളില്‍ മാത്രം മേല്‍ക്രമ-ചക്രത്തിന് 36° കറക്കം ഉണ്ടാകുന്നു.

റാച്ചെറ്റ് സ്ഥാനാന്തരണസംവിധാനവും ചില ഗണിത്രങ്ങളില്‍ ഉപയോഗിക്കാറുണ്ട്. ഇത്തരമൊരു സംവിധാനമാണ് ചിത്രം-5-ല്‍ കാണിച്ചിരിക്കുന്നത്.

പുനഃപ്രതിഷ്ഠാപനം. ഗണിത്രങ്ങള്‍ ഇടയ്ക്കുവച്ച്, വീണ്ടും എല്ലാഅക്കങ്ങളും പൂജ്യമാക്കി മാറ്റുന്ന പ്രക്രിയയെയാണ് പുനഃപ്രതിഷ്ഠാപനമെന്ന് വിളിക്കുന്നത്. മുകളില്‍ വിവരിച്ച രീതിയിലെ പിനിയണ്‍തരത്തിലുള്ള ഗണിത്രങ്ങള്‍ പുനഃപ്രതിഷ്ഠാപനം നടത്തണമെങ്കില്‍ എല്ലാ ചക്രങ്ങളും മുന്നോട്ടോ പിന്നോട്ടോ, ക്രമത്തിനു കറക്കി പൂജ്യത്തില്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. എന്നാല്‍ ഗിയര്‍ക്കൂട്ടങ്ങള്‍ വേര്‍പെടുത്താന്‍ സാധിക്കുകയാണെങ്കില്‍ അവ വെവ്വേറെ പൂജ്യമാക്കിയശേഷം കൂട്ടിച്ചേര്‍ക്കുകയാണ് എളുപ്പം. ഇത്തരം സംവിധാനങ്ങള്‍ പലപ്പോഴും ഉപയോഗിക്കാറുണ്ട്. ചിത്രം 6-ല്‍ ഗണനചക്രം രണ്ടു കഷണങ്ങളായി കാണിച്ചിരിക്കുന്നു. ഒരു പാളും (Pawl) സ്പ്ളൈനും (Spline) കൊണ്ടു പിനിയണിന്റെ കറക്കസ്ഥാനത്തിനു വ്യതിചലനമുണ്ടാകാതെതന്നെ പൂജ്യം പ്രതിഷ്ഠാപിക്കുവാന്‍ സാധിക്കും.

മറ്റൊരു പുനഃപ്രതിഷ്ഠാപനരീതിയാണ് കേം പുനഃപ്രതിഷ്ഠാപനം. ചിത്രം -7-ല്‍ കാണിച്ചിരിക്കുന്ന പുനഃപ്രതിഷ്ഠാപനരീതിയില്‍ ഒരു പുനഃപ്രതിഷ്ഠാപനലിവര്‍ പ്രവര്‍ത്തിപ്പിക്കുന്നതോടെ കേം പ്രവര്‍ത്തിക്കുകയും തന്മൂലം എല്ലാ ചക്രങ്ങളും പൂജ്യസ്ഥാനത്തേക്കു തിരിച്ചുവരികയും ചെയ്യും.

വിനിര്‍ദേശങ്ങള്‍. ഗണിത്രങ്ങളുടെ വേഗം, ചാലക ടോര്‍ക്ക്, അക്കങ്ങളുടെ വലുപ്പം, നിര്‍മാണവസ്തുക്കള്‍, പ്രവര്‍ത്തനകാലം എന്നിവയെക്കുറിച്ചും മറ്റും പ്രാമാണിക വിനിര്‍ദേശങ്ങള്‍ (Standard specifications) നിലവിലുണ്ട്.

വിദ്യുത്-യാന്ത്രികഗണിത്രങ്ങള്‍. ഒരു വിദ്യുത്-യാന്ത്രികഗണിത്രവും യാന്ത്രികഗണിത്രവും തമ്മിലുള്ള അടിസ്ഥാനവ്യത്യാസം നിവേശരീതിയിലാണ്. വിദ്യുത്-യാന്ത്രികഗണിത്രം വൈദ്യുതസ്പന്ദങ്ങള്‍കൊണ്ടാണ് സാധാരണയായി പ്രവര്‍ത്തിപ്പിക്കുക; യാന്ത്രികചാലനംകൊണ്ടല്ല. യാന്ത്രികചലനത്തിനുള്ള കണ്ണിമുഖേന ഒരു 'ഓണ്‍-ഓഫ്' സ്വിച്ച് പ്രവര്‍ത്തിപ്പിക്കുകയും അതില്‍നിന്നുള്ള വൈദ്യുതസ്പന്ദങ്ങള്‍ ഗണിത്രത്തിലേക്കു നല്കുകയും ചെയ്യുകയാണ് ഒരു രീതി. ഈ രീതിയുടെ ഒരു പ്രധാന മെച്ചമെന്തെന്നാല്‍ ഗണിത്രം സംവേദനഘടകവുമായി ഒരുമിച്ചു ചേര്‍ന്നിരിക്കേണ്ട ആവശ്യമില്ല എന്നതാണ്. ഗണിത്രം സൌകര്യത്തിനനുസരിച്ച് ദൂരെയെവിടെയെങ്കിലും വച്ചാലുംമതി.

ഇലക്ട്രോണിക ഗണിത്രങ്ങള്‍. റേഡിയോ ആക്റ്റിവിറ്റി രംഗങ്ങളില്‍ വികിരണം (അണുപ്രസരണം) അളക്കുന്നതിനുള്ള ഗൈഗര്‍-മുള്ളര്‍ (Geiger-Mueller) ഗണിത്രങ്ങള്‍ക്കുവേണ്ടിയാണ് ഇലക്ട്രോണികരീതികള്‍ ആദ്യമായി വികസിപ്പിച്ചെടുത്തിട്ടുള്ളത്. ആദ്യകാലങ്ങളിലെ ഇലക്ട്രോണികഗണിത്രങ്ങളില്‍ ദ്വയാംശഗണനായന്ത്രാവലികളാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ദശാംശസമ്പ്രദായത്തിലുള്ള ഇലക്ട്രോണികഗണിത്രങ്ങളും ധാരാളമായി പ്രചാരത്തിലായി. ഇലക്ട്രോണികഗണിത്രങ്ങളുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ അസാമാന്യവേഗതയാണ്. സെക്കന്‍ഡില്‍ ആയിരം മുതല്‍ ലക്ഷം വരെയുള്ള എണ്ണലുകള്‍ നിഷ്പ്രയാസം സാധിക്കാവുന്ന ഇലക്ട്രോണിക ഗണിത്രങ്ങള്‍ ഇന്ന് സാധാരണമാണ്.

(ഡോ. ആര്‍. രവീന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍