This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗരുഡന്‍തൂക്കം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗരുഡന്‍തൂക്കം
കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളില്‍ നടത്തുന്ന ഒരു അനുഷ്ഠാനകല. മധ്യതിരുവിതാംകൂറിലെ ചില വൈഷ്ണവക്ഷേത്രങ്ങളിലും ഈ കലാരൂപം അരങ്ങേറുന്നുണ്ട്.
ഉത്സവകാലങ്ങളില്‍ 'വഴിപാട്' എന്ന നിലയ്ക്ക് 41 ദിവസത്തെ വ്രതാനുഷ്ഠാനത്തിനുശേഷം ഗരുഡവേഷം കെട്ടി തൂക്കക്കാരന്‍ തൂക്കം അവതരിപ്പിക്കുന്നു. വിഷ്ണുവിന്റെ വാഹനമായ ഗരുഡനെ പ്രതിനിധാനം ചെയ്ത് കുരുത്തോലത്തോരണംകൊണ്ടും ചുവന്ന കട്ടിയാവ് ഞൊറികൊണ്ടും അലങ്കരിച്ച രഥാകൃതിയിലുള്ള ചാടിലാണ് തൂക്കം. കഥകളി രീതിയിലുള്ള ഉടുത്തുകെട്ടും വട്ടക്കിരീടവും കങ്കണകേയൂരാദി മെയ്കോപ്പും ധരിച്ച് മുഖത്ത് പച്ചതേച്ച് വായ്മുഖത്ത് ഗരുഡന്റെ കൊക്കിന്റെ സാമ്യമുള്ള കൊക്ക് വച്ചുകെട്ടി കൈകളില്‍ വാളും പരിചയുമായി അങ്കംവെട്ടുന്ന രീതിയില്‍ ചമ്പട (8 അക്ഷരം) മുറിയടന്ത (7 അക്ഷരം) ക്രമത്തില്‍ താളാത്മകമായി ചടുലമായ ചുവടുവയ്പോടും ആംഗികചലനങ്ങളോടുംകൂടി നടത്തപ്പെടുന്ന നൃത്തവിശേഷമാണ് ഗരുഡന്‍തൂക്കം.
തൂക്കക്കാരന്‍ ഗരുഡനെപ്പോലെ പാമ്പിനെ കൊത്തിയും മേനി മിനുക്കിയും ചിറകടിച്ച് ഉയര്‍ന്നു പറക്കുന്നതായി ഭാവിച്ചുമുള്ള പ്രകടനങ്ങള്‍ അവതരിപ്പിക്കും. രഥത്തിന്റെ തട്ടിലേക്ക് എറിഞ്ഞുകൊടുക്കുന്ന നാണയം ചുണ്ടുകൊണ്ട് കൊത്തിയെടുക്കുകയും പതിവാണ്. ചില സ്ഥലങ്ങളില്‍ തൂക്കക്കാരന്റെ മുതുകിലെ മാംസം കൊളുത്തി തൂങ്ങിക്കിടന്ന് അഭ്യാസങ്ങള്‍ കാണിക്കാറുണ്ട്. ജനങ്ങളില്‍നിന്നുള്ള എതിര്‍പ്പിനെത്തുടര്‍ന്ന് ഇപ്പോള്‍ ഈ ഏര്‍പ്പാട് നിര്‍ത്തിയിരിക്കുകയാണ്. രഥത്തിന്റെ മുന്‍ഭാഗത്ത് കെട്ടിയിട്ടുള്ള വടത്തില്‍ പിടിച്ചുവലിച്ചുകൊണ്ട് ആബാലവൃദ്ധം ജനങ്ങളും ക്ഷേത്രത്തിനു മൂന്നു പ്രദക്ഷിണം വയ്ക്കുന്നതോടെ ഗരുഡന്‍തൂക്കം സമാപിക്കുന്നു. കഥകളി അഭ്യാസത്തിനു വേണ്ടുന്നതായ ഉഴിച്ചിലും മെയ്സാധകവും ഗരുഡന്‍ അഭ്യാസത്തിനും ആവശ്യമാണ്.
(പ്രൊഫ. വിജയഭാനു; സ.പ)