This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാനമൂര്‍ത്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാനമൂര്‍ത്തി

കര്‍ണാടകസംഗീതത്തില്‍ പ്രചാരത്തിലുള്ള ഒരു മേളകര്‍ത്താരാഗം. ഇതില്‍ ആരോഹണാവരോഹണങ്ങള്‍ സമ്പൂര്‍ണമായിരിക്കും. ക്രമം തെറ്റാതെ ആരോഹണത്തിലും അവരോഹണത്തിലും ഒരേ സ്വരങ്ങളും വരുന്നു. അങ്ങനെ ആരോഹണം സരിഗമപധനിസ, അവരോഹണം സനിധപ മഗരിസ. സ്വരസ്ഥാനങ്ങള്‍ ശുദ്ധരിഷഭം, ശുദ്ധഗാന്ധാരം, ശുദ്ധമധ്യമം, ശുദ്ധധൈവതം, കാകലിനിഷാദം, വെങ്കടമഹിമയുടെ 72-മേളകര്‍ത്താപദ്ധതിയനുസരിച്ച് ഈ രാഗം ആദ്യ ചക്രമായ ഇന്ദു ചക്രത്തിലെ മൂന്നാമത്തെ രാഗമാണ്. അതുകൊണ്ട് ഈ രാഗത്തെ ഇന്ദുഗോ എന്ന സാങ്കേതികസംജ്ഞയാലും തിരിച്ചറിയാവുന്നതാണ്. ഗാന്ധാരം, മധ്യമം ഇവ ഗ്രഹസ്വരങ്ങളാണ്. രിഗ എന്നിവ ജീവസ്വരങ്ങളും. ഷഡ്ജം, മധ്യമം എന്നിവ ഞാസസ്വരങ്ങളും ആകുന്നു. രീപമഗാരിസ, ഗരിരീസ, സാഗരിരീസ എന്നിവ വിശേഷ പ്രയോഗങ്ങളാണ്. ശങ്കരാഭരണം, തോടി, കല്യാണി തുടങ്ങിയ രാഗങ്ങളെപ്പോലെ 'മേജര്‍' രാഗമായി ഇതു കണക്കാക്കാവുന്നതല്ല. 'ഗാനമൂര്‍ത്തേ ശ്രീകൃഷ്ണ' എന്നു തുടങ്ങുന്ന ആദിതാള കീര്‍ത്തനം ഈ രാഗത്തില്‍ വളരെ പ്രചാരമുള്ള ഒരു കൃതിയാണ്. ഈ രാഗത്തിന് ഗാനസാമവരാളി എന്ന പേരുകൂടി നിലവിലിരുന്നു.

(കലഞ്ഞൂര്‍ റ്റി.ആര്‍. ചന്ദ്രശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍