This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗിഡ്ഡാനൃത്തം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗിഡ്ഡാനൃത്തം
പഞ്ചാബി ഗ്രാമീണനൃത്തം. പുരുഷന്മാരുടെ 'ഭന്ഗ്ഡ' നൃത്തത്തിനു സമമായി സ്ത്രീകള്‍ ചെയ്യുന്ന ഒരു നൃത്തമാണിത്. ഇവ രണ്ടും പഞ്ചാബിലെ ദേശീയ നൃത്തങ്ങളായി കരുതപ്പെടുന്നു. ഭന്‍ഗ്ര നൃത്തത്തില്‍ വീര്യമേറിയ ചലനങ്ങളാണെങ്കില് ഗിഡ്ഡാനൃത്തത്തില് ലാളിത്യപൂര്‍ണമായ ചലനങ്ങളാണുള്ളത്. ഒരു പെണ്‍കുട്ടി ദോല്കി എന്ന വാദ്യം വായിക്കുകയും ഗാനം നയിക്കുകയും ചെയ്യുന്നു. ഒരു സംഘം സ്ത്രീകള്‍ ഈ പെണ്‍കുട്ടിക്ക് ചുറ്റും നൃത്തം ചെയ്യും. അവര്‍ പാടുകയും കൈകൊട്ടുകയും പരസ്പരം കൈ അടിക്കയും ചെയ്യും. സാവധാനത്തില്‍ തുടങ്ങുന്ന നൃത്തം വാദ്യമേളത്തിനനുസരിച്ച് ശീഘ്രഗതിയിലാകുകയും മേളത്തില്‍ അലിഞ്ഞു ചേരുകയും ചെയ്യും. ഗാനങ്ങള്‍ പലതും ഒന്നൊന്നായി പാടി നൃത്തം തുടരുന്നതാണ്. ഗിഡ്ഡാനൃത്തത്തിലെ ഗാനങ്ങള്‍ രചിക്കുന്നതും സ്ത്രീകള്‍ തന്നെയാണ്. അവരുടെ സാമൂഹികപ്രശ്നങ്ങളെല്ലാം ഈ ഗാനങ്ങളില്‍ കൂടി വിവരിക്കുന്നു. എന്നാല്‍ ഗിഡ്ഡാനൃത്തത്തിനു പ്രേമഗാനങ്ങളാണ് അധികവും ഉപയോഗിച്ചു വരുന്നത്. നര്‍ത്തകിമാര്‍ ചുരുക്കുള്ള നിറപ്പകിട്ടാര്‍ന്ന പാവാടയും കുര്‍ത്തയും മൂടുപടവും ധരിക്കുന്നു. ധാരാളം വെള്ളി ആഭരണങ്ങളും അണിയും. വര്ഷകാലത്തിനുശേഷമാണ് ഗിഡ്ഡാനൃത്തം അരങ്ങേറുന്നത്. പഞ്ചാബിലെ കര്‍ഷകര്‍ക്ക് ഗിഡ്ഡാനൃത്തം വളരെ പ്രിയങ്കരമാണ്.
(ഗുരു ചന്ദ്രശേഖരന്)