This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗീതഗോവിന്ദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗീതഗോവിന്ദം

സംസ്കൃതഗീതികാവ്യം. വംഗദേശീയനായ ജയദേവനാണ് ഇതു രചിച്ചത്. 12-ാം ശ.-ത്തിലാണു ഇദ്ദേഹം ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. ബംഗാളിലെ ബിര്‍ഭൂം (വീരഭൂമി) ജില്ലയിലുള്ള കേന്ദുലി എന്ന സ്ഥലത്തു ജനിച്ചു. അവിടെയുള്ള വൈഷ്ണവക്ഷേത്രത്തില്‍ ഇന്നും ഇദ്ദേഹത്തിന്റെ ജന്മദിനം ആചരിക്കുന്നുണ്ട്. ഗീതഗോവിന്ദത്തിന്റെ പ്രശസ്തി അതിവേഗം നാടൊട്ടുക്കു പരന്നു. 13-ാം ശ.-ത്തില്‍ നിര്‍മിച്ച ഗുജറാത്തിലെ ഒരു വൈഷ്ണവക്ഷേത്രത്തില്‍ ഇതിലെ ചില ഗാനങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. പുരിയിലെ ജഗന്നാഥക്ഷേത്രത്തില്‍ ജയദേവന്‍ ഗീതഗോവിന്ദം ആലപിച്ചിരുന്നതായും പത്നി പദ്മാവതി ആ ഗാനത്തിനൊത്തു നൃത്തം ചെയ്തിരുന്നതായും ഐതിഹ്യമുണ്ട്.

ഗീതഗോവിന്ദം മനോഹരമായ പ്രേമകാവ്യമാണ്. രാധയുടെയും കൃഷ്ണന്റെയും ക്രീഡകളാണ് ഇതിലെ പ്രതിപാദ്യം. ഭക്തിഭാവവും ശൃംഗാരരസവും ഇതില്‍ നിറഞ്ഞുനില്‍ക്കുന്നു. രാധയും കൃഷ്ണനും യമുനാതീരത്തെ വള്ളിക്കുടിലുകളില്‍ ഉല്ലാസപൂര്‍വം നടത്തിയ മാരകേളികള്‍ക്ക് അന്തരീക്ഷമുണ്ടാക്കിക്കൊണ്ടാണ് കാവ്യാരംഭം. ആകാശം മേഘാവൃതമായിരിക്കുന്നു. വനഭൂമികള്‍ പച്ചിലമരങ്ങള്‍ കൊണ്ട് ഇരുളാര്‍ന്നതാണ്. രാത്രിസമയം. ഇവനാണെങ്കില്‍ പേടിത്തൊണ്ടന്‍. അതുകൊണ്ട്, രാധേ! നീ തന്നെ ഇവനെ വീട്ടില്‍ കൊണ്ടുവിടണം. ഇതായിരുന്നു നന്ദഗോപന്റെ നിര്‍ദേശം. ഇത് രാധാകൃഷ്ണന്മാര്‍ക്ക് സുവര്‍ണാവസരമായി.

ചന്ദനചര്‍ച്ചിത നീലകളേബര പീതവസന വനമാലിയും 'കേളിചലന്മണി കുണ്ഡലമണ്ഡിത ഗണ്ഡയുഗ സ്മിതശാലി'യുമായ കൃഷ്ണന്‍ വൃന്ദാവനത്തില്‍ ഗോപവധൂനികരങ്ങളുമായി ഉല്ലസിച്ചു കഴിയുകയാണ്. ഒരുവള്‍ അവളുടെ 'പീനപയോധര ഭാരം' കൊണ്ട് കൃഷ്ണനെ ആലിംഗനം ചെയ്യുന്നു. വേറൊരുവള്‍ പഞ്ചമരാഗത്തില്‍ പാടുന്നു. ഇനിയൊരുവള്‍ പുളകോദ്ഗമത്തോടെ കൃഷ്ണനെ ചുംബിക്കുന്നു. ഇതെല്ലാം രാധയോടു സഖി രഹസ്യമായി പറയുന്നു. രാധ വൃന്ദാവനത്തില്‍നിന്നു പിണങ്ങിപ്പോയി. എങ്കിലും എപ്പോഴും കൃഷ്ണനെപ്പറ്റിയുള്ള വിചാരം തന്നെ. കൃഷ്ണന്റെ നിര്‍ദേശപ്രകാരം സഖി ചെന്നു പറഞ്ഞിട്ടും രാധ ചെന്നില്ല. ഒടുവില്‍ കൃഷ്ണന്റെ പശ്ചാത്താപവും വിരഹവേദനയും കേട്ടറിഞ്ഞ അവള്‍ മടങ്ങിച്ചെന്ന് കൃഷ്ണനോടൊത്ത് 'മഞ്ജുതരകുഞ്ജതലകേളിസദന'ത്തില്‍ ക്രീഡയില്‍ മുഴുകി. ഇതാണ് ഗീതഗോവിന്ദത്തിലെ കഥ.

രാധാകൃഷ്ണന്മാരുടെ ശൃംഗാരകേളികള്‍ക്ക് ആശംസയര്‍പ്പിച്ചുകൊണ്ടാണു കാവ്യമാരംഭിക്കുന്നതെങ്കിലും കവിക്കു മറ്റൊന്നുകൂടി അനുവാചകരോടു പറയാനുണ്ട്.

"യദി ഹരിസ്മരണേ ഹൃദി കൗതുകം

യദി വിലാസകലാസു കുതൂഹലം

മധുരകോമളകാന്ത പദാവലീം

ശൃണുതദാജയദേവസരസ്വതീം

ഹരിസ്മരണത്തിലാണ് താത്പര്യമെങ്കില്‍ അങ്ങനെ. അതല്ല, ശൃംഗാരകലകളിലാണ് കൗതുകമെങ്കില്‍ അതാകട്ടെ, മധുരകോമളകാന്തപദാവലിയോടു കൂടിയ ജയദേവവാണി കേള്‍ക്കൂ.

കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയകലഹം, സഖിയുടെ മധ്യസ്ഥത, പുനഃസമാഗമം എന്നിത്രയുമാണ് ഇതിലെ പ്രതിപാദ്യം. കൃഷ്ണന്‍, രാധ, തോഴി എന്നീ മൂന്നു കഥാപാത്രങ്ങള്‍ മാത്രമേ ഇതിലുള്ളൂ. നാടകീയമായി കഥ അവതരിപ്പിച്ചിരിക്കുന്നു. സംഭാഷണം മുഴുവനും ഗീതങ്ങളായിട്ടാണ്; കഥാസന്ദര്‍ഭങ്ങളെ കൂട്ടിയിണക്കുന്നതു ശ്ളോകങ്ങളിലൂടെയും. ഇതേ ഘടന തന്നെയാണല്ലോ ആട്ടക്കഥകള്‍ക്കും. അവയ്ക്ക് ഈ കൃതിയോടുള്ള ഘടനാപരമായ ബന്ധം ശ്രദ്ധേയമാണ്. അനുകരണത്തിനു വഴങ്ങാത്ത ശ്രുതിമധുരങ്ങളായ പദാവലികള്‍ കോര്‍ത്തിണക്കി 12 സര്‍ഗങ്ങളിലായി രചിച്ചിരിക്കുന്ന ഈ കാവ്യത്തില്‍ 24 ഗീതങ്ങളാണുള്ളത്. ഓരോ ഗീതത്തിനും എട്ടു പാദങ്ങള്‍. അതുകൊണ്ടാവാം ഗീതഗോവിന്ദത്തിന് 'അഷ്ടപദി' എന്നും പേരുള്ളത്. കേരളത്തില്‍ അഷ്ടപദി എന്ന പേരിനാണു പ്രചാരം. എല്ലാ ഗീതത്തിലും കവിയുടെ മുദ്രയുണ്ട്: 'ശ്രീജയദേവഭണിതം.'

മലയാള സാഹിത്യത്തില്‍ ഈ കാവ്യത്തിന്റെ സ്വാധീനം കുറച്ചൊന്നുമല്ല. കൃഷ്ണനാട്ടത്തിന് പ്രചോദകമായത് ഈ കൃതിയാണെന്നു സ്പഷ്ടം. കേരളത്തില്‍ മാത്രം പ്രചാരമുള്ള സോപാനത്തിലെ കൊട്ടിപ്പാടിസേവയ്ക്കു പാടുന്നത് അഷ്ടപദിയിലെ ഗാനങ്ങളാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിത്യവും അഷ്ടപദി പാടുന്നുണ്ട്. കേരളത്തില്‍ ഉത്സവത്തോടനുബന്ധിച്ചുള്ള പരിപാടികളില്‍ അഷ്ടപദിക്കച്ചേരിക്കു പ്രത്യേക സ്ഥാനമുണ്ട്. മങ്കൊമ്പു വിശ്വനാഥക്കുറുപ്പ്, ഞരളത്തു രാമപ്പൊതുവാള്‍ എന്നിവര്‍ അറിയപ്പെടുന്ന അഷ്ടപദിഗായകരാണ്.

ഗീതഗോവിന്ദത്തിന്റെ അതേ രൂപഘടന സ്വീകരിച്ചുകൊണ്ട് രാമപുരത്തുവാര്യര്‍ ഈ കൃതി തര്‍ജുമ ചെയ്തിട്ടുണ്ട്. കെ.സി. കേശവപിള്ളയുടേതാണ് മറ്റൊരു വിവര്‍ത്തനം. ഇടപ്പള്ളി സ്വദേശിയായ പൊന്നാടി പുഷ്പകത്തു നമ്പ്യാരുടെ വിവര്‍ത്തനം കൈകൊട്ടിക്കളിപ്പാട്ടായിട്ടാണ്. എന്നാല്‍ ജയദേവന്റെ ആത്മാവു കണ്ടെത്തിയ ചങ്ങമ്പുഴയുടെ ദേവഗീത ഇപ്പറഞ്ഞ പരിഭാഷകളെ മുഴുവന്‍ നിഷ്പ്രഭമാക്കുന്നു. തര്‍ജുമയുടെ ഏതുഭാഗവും ഇക്കാര്യം തെളിയിച്ചു തരുന്നുണ്ട്.

"ഉന്മീലന്മധുഗന്ധലുബ്ധ മധുപ-

വ്യാധൂത ചൂതാങ്കുര

ക്രീഡത്കോകിലകാകളീകളകളൈ

രുഗ്ദീര്‍ണകര്‍ണജ്വരാഃ

നീയന്തേ പഥികൈഃ കഥംകഥമപി

ധ്യാനാവധാന ക്ഷണ-

പ്രാപ്ത പ്രാണസമാഗമാഗമ രസോ-

ല്ലാ സൈരമീ വാസരാഃ

എന്ന ഗീതഗോവിന്ദത്തിലെ ശ്ളോകം,

"പൂന്തേനില്‍ കൊതിപൂണ്ടുഴന്നുമുരളും

വണ്ടിണ്ടയാല്‍ തണ്ടുല-

ഞ്ഞേന്തിത്തൊത്തിന മാന്തളിര്‍ക്കുലയതില്‍

തത്തും പികശ്രേണികള്‍

ചിന്തും കാകളി കര്‍ണ ശല്യമരുളും

പാന്ഥവ്രജം പാടുപെ-

ട്ടുന്തിത്തള്ളി ദിനം കഴിപ്പുദയിതാ-

സങ്കല്പ സമ്പ്രാപ്തിയില്‍.

എന്നു ഭാഷാന്തരീകരിച്ച ചങ്ങമ്പുഴ തന്റെയും മലയാളഭാഷയുടെയും ശക്തി വിളിച്ചറിയിക്കുന്നു.

തര്‍ജുമയ്ക്ക് ചങ്ങമ്പുഴയ്ക്കു സഹായകമായിത്തീര്‍ന്ന ഏക ഗ്രന്ഥം കെ.കെ. ഗോവിന്ദന്‍നായര്‍ തര്‍ജുമ ചെയ്തിട്ടുള്ള 'ലക്ഷ്മീധര' വ്യാഖ്യാനമാണത്രെ.

കഥകളിയിലെ മേളപ്പദത്തിനു 'മഞ്ജുതര' എന്നുകൂടി പേരുണ്ട്. ഗീതഗോവിന്ദത്തിലെ

'മഞ്ജുതര കുഞ്ജതല കേളി സദനേ

ഇഹവിലസരതിരഭസഹസിതവദനേ

പ്രവിശ രാധേ മാധവ സമീപം.'

എന്നു തുടങ്ങുന്ന 21-ാമത്തെ അഷ്ടപദിയാണ് മേളപ്പദത്തിനു പാടുന്നത്. അതുകൊണ്ടാണ് 'മഞ്ജുതര' എന്നു പേരുവന്നത്.

ഈ കാവ്യത്തിനു ഇംഗ്ലീഷില്‍ രണ്ടുവിവര്‍ത്തനമുണ്ട് - ആദം ക്ലാര്‍ക്കിന്റെയും എഡ്വിന്‍ ആര്‍ണോള്‍ഡിന്റെയും. ഗീതഗോവിന്ദത്തിന്റെ ചൈതന്യം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ അവയ്ക്കു കഴിഞ്ഞിട്ടില്ല. വ്യാഖ്യാനമെന്നോ ഛായാനുവാദമെന്നോ അനുകരണമെന്നോ വിശേഷിപ്പിക്കാവുന്ന നാല്പതോളം കൃതികള്‍ ഗീത ഗോവിന്ദത്തിന്റെ ശൈലിയില്‍ വേറെയുമുണ്ട്: രാമപാണിവാദന്റെ ഗീതാരാമം, ഭാനുദത്തിന്റെ ഗീതഗൌരീപതി, കല്യാണന്റെ ഗീതഗംഗാധരം, രാമഭട്ടന്റെ ഗീതഗിരീശം, വംശമണിയുടെ ഗീതദിഗംബരം എന്നിവ അവയില്‍ ചിലതു മാത്രമാണ്. എന്നാല്‍ ഇവയ്ക്കൊന്നിനും ജയദേവകൃതിയുടെ അടുത്തെങ്ങുമെത്താന്‍ യോഗ്യതയില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍