This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗീയോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗീയോ

Guyot

സമുദ്രത്തില്‍ കാണുന്ന, മുകള്‍ഭാഗം നിരപ്പായ പര്‍വതം. സമുദ്രാടിത്തട്ടില്‍നിന്നുമുയര്‍ന്നു നില്‍ക്കുന്ന ഈ പര്‍വതങ്ങള്‍ ഒരിക്കലും ജലോപരിതലം വരെ എത്താറില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

സമുദ്രാന്തര്‍ഭാഗത്തെ അപൂര്‍വസവിശേഷതകളില്‍ ഏറ്റവും ആകര്‍ഷകമാണ് സമുദ്രത്തില്‍ കാണുന്ന പര്‍വതരൂപങ്ങള്‍. ഒറ്റപ്പെട്ട ഇവയുടെ കൊടുമുടികള്‍ സമുദ്രത്തറയില്‍നിന്ന് 900 മീറ്ററോ അതിലധികമോ ഉയര്‍ന്നതാകും. ഇതില്‍ ചിലതിന് താരതമ്യേന നിരപ്പായ മുകള്‍ഭാഗവും കുത്തനെയുള്ള വശങ്ങളുമാണുള്ളത്. ഈ പ്രത്യേകയിനം പര്‍വതങ്ങളാണ് ഗീയോ എന്നറിയപ്പെടുന്നത്.

രണ്ടാം ലോകയുദ്ധകാലത്ത് പസിഫിക് സമുദ്രത്തില്‍ ഡ്യൂട്ടിയിലായിരുന്ന യു.എസ്. ഭൂഗര്‍ഭശാസ്ത്രജ്ഞന്‍ ഹാരി ഹെസ് ആണ് ഈ പര്‍വതങ്ങളെ ആദ്യമായി കണ്ടെത്തിയത്. സ്വിസ്-അമേരിക്കന്‍ ഭൗമ-ഭൂഗര്‍ഭശാസ്ത്രജ്ഞനായിരുന്ന ആര്‍നോള്‍ഡ് ഹെന്റി ഗീയോയുടെ (1807-84) ഓര്‍മയ്ക്കായി ഇവയ്ക്ക് 'ഗീയോ'കള്‍ എന്നു പേരു നല്കപ്പെട്ടു.

ഗീയോകളുടെ ഉദ്ഭവത്തെപ്പറ്റി പല അഭ്യൂഹങ്ങളും ശാസ്ത്രജ്ഞരുടെ ഇടയില്‍ ഉണ്ട്. തിരമാലകളുടെ പ്രവര്‍ത്തന ഫലമായി മുകള്‍ഭാഗം നിരപ്പായിപ്പോയ സമുദ്രപര്‍വതങ്ങളാണിവയെന്ന് അനുമാനിക്കാന്‍ സഹായകമായ പല തെളിവുകളും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ അപക്ഷയ പ്രവര്‍ത്തനത്തിന്റെ ഫലമായി മുകള്‍ഭാഗം നിരപ്പായശേഷം പര്‍വതരൂപങ്ങള്‍ സമുദ്രത്തിലേക്ക് ആണ്ടുപോയതാകാം ഗീയോകളുടെ ഉദ്ഭവത്തിനു കാരണമായതെന്ന വാദഗതിക്കാണ് ഇന്ന് ഏറെ പ്രചാരം. ചില ഗീയോകള്‍ അവയുടെതന്നെ ഭാരം നിമിത്തം താഴ്ന്നുപോയതാകാമെന്നും കരുതപ്പെടുന്നു. മുന്‍കാലത്ത് സമുദ്രനിരപ്പില്‍നിന്നുയര്‍ന്നു നിന്നിരുന്ന അഗ്നിപര്‍വതകോണുകള്‍ക്ക് രൂപാന്തരം സംഭവിച്ചാണ് ഗീയോകളായതെന്ന ധാരണ ഇപ്പോള്‍ കൂടുതല്‍ സ്വീകാര്യമായിക്കൊണ്ടിരിക്കുകയാണ്.

സമുദ്രനിരപ്പില്‍നിന്ന് 200 മീ. മുതല്‍ ചിലപ്പോള്‍ 2 കി.മീറ്റര്‍ വരെ താഴ്ചയിലാണ് ഗീയോകളുടെ മുകള്‍ഭാഗം സ്ഥിതിചെയ്യുന്നത്. ഇവയ്ക്ക് ഏകദേശം 10 കി.മീ. വരെ വ്യാസം വരുന്ന പ്രതലമുണ്ടാകും. എല്ലാ സമുദ്രങ്ങളിലും ഗീയോകള്‍ ഉണ്ടെങ്കിലും പസിഫിക് സമുദ്രത്തിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. സമുദ്രാന്തര്‍ഭാഗത്തു കാണുന്ന അഗ്നിപര്‍വതങ്ങളെയും അഗ്നിപര്‍വതദ്വീപുകളെയും പോലെ ഇവയുടെ വശങ്ങളും മുകളിലേക്കു പോകുന്തോറും ഉള്ളിലേക്കു വളഞ്ഞു കാണപ്പെടുന്നു. ആഴമേറിയ സമുദ്രാന്തര്‍ഭാഗത്തുനിന്ന് സാവധാനം ഉയര്‍ന്നുവരുന്ന ഇവയുടെ വശങ്ങള്‍ മുകള്‍ഭാഗത്തെത്തുമ്പോള്‍ ഏകദേശം 20oചരിഞ്ഞതായിരിക്കും. പസിഫിക്കിലുള്ള ഒരു ഗീയോയുടെ ശൃങ്ഗത്തില്‍ക്കാണുന്ന പവിഴപ്പുറ്റുകള്‍ എട്ടുകോടി വര്‍ഷം പഴക്കമുള്ളതാണ്. ക്രിട്ടേഷ്യസ് കല്പത്തിലേതാണ് ഇവയെന്നു തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു.

(ജെ.കെ. അനിത)

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%80%E0%B4%AF%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍