This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നമ്പിടി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നമ്പിടി
കേരളത്തിലെ ഒരു ഹിന്ദുസമുദായം. നമ്പടി എന്നും പേരുണ്ട്. ജനസംഖ്യയില്‍ ഏറെ പരിമിതമായ നമ്പിടി സമുദായക്കാര്‍ പൊതുവേ തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണു താമസമാക്കിയിട്ടുള്ളത്. ഒരു ഭൂതരായ പെരുമാളെ വധിച്ചതുമൂലം പതിത്വം സംഭവിച്ച നമ്പൂതിരിയുടെ പിന്‍മുറക്കാരാണ് നമ്പിടിമാര്‍ എന്നാണ് ഐതിഹ്യം. പെരുമാളെ വധിച്ച കുറ്റത്തിന് നമ്പൂതിരിയെ ശിക്ഷിക്കണമോ വേണ്ടയോ എന്നു മറ്റു നമ്പൂതിരിമാര്‍ ചിന്തിക്കവേ കുറ്റബോധം തോന്നി അവരുടെ കൂടെ ഇരിക്കാതെ 'നേം പടിയില്‍ ഇരുന്നോളാം' എന്നു സമ്മതിച്ചവരാണത്രെ നമ്പിടിമാര്‍ ആയത്. നമ്പി (ആശ്രയിക്കത്തക്കവന്‍), അടികള്‍ (പാദങ്ങള്‍) എന്നീ വാക്കുകളില്‍ നിന്നാണ് നമ്പിടി വ്യുത്പന്നമായതെന്നും കരുതപ്പെടുന്നു. അമ്പലവാസികളിലെന്ന നമ്പിടിമാരിലും പൂണൂലുള്ളവരും ഇല്ലാത്തവരുമുണ്ട്. ആചാരാനുഷ്ഠാനങ്ങളില്‍ നമ്പിടിമാരോടു സാദൃശ്യമുള്ള മറ്റൊരു സമുദായം നമ്പ്യാര്‍ ആണ്. മരുമക്കത്തായം, ആഘോഷത്തോടുകൂടിയ തിരണ്ടുകല്യാണം, അമ്മാവന്റെ മകളെ വിവാഹം കഴിക്കല്‍ എന്നീ സവിശേഷതകള്‍ നമ്പൂതിരിമാരുടേതില്‍ നിന്നും വ്യത്യസ്തമാണ്.
പഴയകാല ആചാരങ്ങള്‍. പൂണൂലുള്ള നമ്പിടിമാരുടെ ആസ്ഥാനം തലപ്പിള്ളി താലൂക്കാണ്. ഇവരെ അയിനിക്കൂര്‍ നമ്പിടിമാര്‍ എന്നു വിളിച്ചുപോന്നു. എല്ലാ ശാഖകളിലും പെട്ടവരില്‍ ഏറ്റവും മൂത്തയാളെ കക്കാട്ടു കാരണവപ്പാട് എന്നു പറയും. നമ്പിടിമാരില്‍ പ്രബലര്‍ പുന്നത്തൂര്‍ നമ്പിടിമാരത്രെ. ഇവര്‍ സാമൂതിരിപക്ഷക്കാരാണ്. എന്നാല്‍ കുമാരപുരം, ചിറയളം താവഴിക്കാര്‍ സാമൂതിരിമാര്‍ക്ക് എതിരായിരുന്നു. അയിനിക്കൂറ്റു നമ്പിടിക്കു പൂണൂലുണ്ട്, എന്നാല്‍ ഓത്തില്ല. ക്ഷേത്രമണ്ഡപത്തില്‍ കയറാനോ മണിയടിച്ചു തൊഴുന്നതിനോ അവകാശമില്ല. വിവാഹത്തിനു പൌരോഹിത്യം നമ്പൂതിരിക്കായിരുന്നു. പൂണൂലില്ലാത്ത നമ്പടിക്കാര്‍ക്ക് ഇളയതാണ് പുരോഹിതന്‍. മറ്റൊരു വിഭാഗമായ നാഗനമ്പിടിമാര്‍ അമ്പലവാസികളാണ്. മറുദേശത്തു തമ്പിടി എന്നും അവര്‍ അറിയപ്പെടുന്നു. നമ്പിടിസ്ഥാനം മഹാരാജാവ് നല്‍കുന്ന പദവിയാണ് എന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്ത്രീകളെ മാണ്ടാള്‍/മോണ്ടാള്‍ എന്നു വിളിക്കും. അവരുടെ പേരുകളും ഉടുപ്പും നമ്പീശസ്ത്രീകളെപ്പോലെയാണ്. കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ സ്ത്രീകള്‍ വസ്ത്രം ഞൊറിഞ്ഞുടുക്കുകയും മറ്റവസരങ്ങളില്‍ ചുറ്റിയുടുക്കുകയും ചെയ്തിരുന്നു. അഗ്നിസാക്ഷിയായിട്ടായിരുന്നു വേളി. സ്വജാതിക്കാരനാണ് താലികെട്ടുക. പക്ഷേ വേളി കഴിച്ചയാള്‍ ഭര്‍ത്താവായിത്തീരണമെന്നില്ലായിരുന്നു. പിന്നീട് നമ്പൂതിരി സംബന്ധക്കാരെ സ്വീകരിക്കുകയായിരുന്നു പതിവ്. നമ്പിടി പുരുഷന്മാര്‍ക്ക് ഉപനയനവും സന്ധ്യാവന്ദനവുമൊക്കെയുണ്ടായിരുന്നു. അവര്‍ നായര്‍ സ്ത്രീകളെ സംബന്ധം ചെയ്തിരുന്നു. പത്തു ദിവസമായിരുന്നു പുല.
കൊല്ലങ്കോട്ടെ നാടുവാഴി വേങ്ങനാട്ടു നമ്പിടിയാണ്. നമ്പിടി എന്നുതന്നെയായിരുന്നു രാജവംശത്തിന് പേര്. ചേരവംശവുമായുള്ള ബന്ധം സൂചിപ്പിക്കുന്ന കണ്ടന്‍ കോത എന്ന സ്ഥാനപ്പേരും ഇവര്‍ക്കുണ്ട്. ഉപനയനമില്ല. സ്ത്രീകള്‍ അപ്പിച്ചികള്‍ എന്നറിയപ്പെടുന്നു.
നമ്പിടിമാര്‍ ജന്മികളും നാടുവാഴികളുമായിരുന്നതിനാല്‍ കുലത്തൊഴില്‍ എന്നു പറയാന്‍ ഒന്നുമില്ല. കേരളത്തിന്റെ ജാതിശ്രേണിയില്‍ നമ്പൂതിരിമാരാല്‍ അയിത്തം കല്പിക്കപ്പെട്ടിരുന്നവര്‍ തന്നെയാണ് നമ്പിടിമാരും. നവോത്ഥാനമൂല്യങ്ങളുടെ ഭാഗമായി ജാതിവേര്‍തിരിവുകളില്‍ മാറ്റം വരികയും ആധുനിക വിദ്യാഭ്യാസം സിദ്ധിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് പഴയകാല ആചാരങ്ങളില്‍നിന്നും വേറിട്ട് പൊതുസമൂഹവുമായി സഹവര്‍ത്തിത്തത്തോടെ കഴിയാന്‍ നമ്പിടിമാര്‍ക്കു സാധിക്കുന്നു.