This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാണുപിള്ള, ദിവാന്‍ (1827 - 86)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാണുപിള്ള, ദിവാന്‍ (1827 - 86)

മുന്‍ തിരുവിതാംകൂര്‍ ദിവാന്‍. ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് ഇദ്ദേഹം തിരുവിതാംകൂര്‍ ദിവാനായി നിയമിക്കപ്പെട്ടത്. 1827-ല്‍ കന്യാകുമാരി ജില്ലയിലെ നെയ്യൂരില്‍ ജനിച്ച ഇദ്ദേഹം നെയ്യൂര്‍, തിരുവനന്തപുരം (1877-80) എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം നടത്തിയത്. 1850-ല്‍ തിരുവിതാംകൂര്‍ സ്ഥിരം സര്‍വീസില്‍ അസിസ്റ്റന്റ് പൊലീസ് ശിരസ്തദാര്‍ ആയി നിയമിതനായതോടുകൂടി ഇദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഔദ്യോഗികരംഗത്ത് മികവു പുലര്‍ത്തിയ ഇദ്ദേഹം താമസിയാതെ പദ്മനാഭപുരം ദിവാന്‍ പേഷ്കാര്‍ ആയി നിയമിതനായി. അന്നത്തെ ദിവാനായിരുന്ന സര്‍ ടി. മാധവറാവു 1872 ഫെബ്രുവരി മുതല്‍ മേയ് വരെ അവധിയില്‍ പ്രവേശിച്ചപ്പോള്‍ തിരുവിതാംകൂറിലെ ആക്റ്റിങ് ദിവാന്‍ ഇദ്ദേഹമായിരുന്നു. മാധവറാവുവിനു ശേഷം ദിവാനായ ശേഷയ്യാശാസ്ത്രി വിരമിച്ചതിനെത്തുടര്‍ന്ന് നാണുപിള്ള, ദിവാനായി. ജനങ്ങളുടെ സാമ്പത്തികനിലവാരം മെച്ചപ്പെടുത്താനായിരുന്നു പുതിയ ദിവാന്റെ ആദ്യശ്രമം. ജലസേചനത്തിനു മുന്‍ഗണന നല്‍കിയതുമൂലം കൃഷിയില്‍ ഗണനീയമായ പുരോഗതിയുണ്ടായി. തെക്കന്‍ തിരുവിതാംകൂറിലെ -വിശേഷിച്ചും നാഞ്ചിനാട്ടിലെ- നെല്‍ക്കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള നടപടികള്‍ ഇദ്ദേഹം സ്വീകരിച്ചിരുന്നു. പൊതുനിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ബദ്ധശ്രദ്ധനായിരുന്നു നാണുപിള്ള. കോതയാര്‍ പ്രദേശത്ത് സര്‍വേ നടത്തി പൊന്മന അണക്കെട്ടും പേച്ചിപ്പാറ അണക്കെട്ടും നിര്‍മിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചു. അണക്കെട്ടുകളുടെ പണി പിന്നീടാണു തുടങ്ങിയതെങ്കിലും, അതിനുള്ള കളമൊരുക്കിയത് നാണുപിള്ളയായിരുന്നു. തിരുവനന്തപുരത്തിന്റെ വികസനത്തില്‍ വ്യക്തിപരമായ താത്പര്യം എടുത്ത നാണുപിള്ള പുതുതായി പല മന്ദിരങ്ങളും പാലങ്ങളും സത്രങ്ങളും സ്ഥാപിക്കുകയുണ്ടായി. നാണുപിള്ള ഏര്‍പ്പെടുത്തിയ മറ്റൊരു ശ്രദ്ധേയമായ പരിഷ്കാരമാണ് പോക്കുവരവുനിയമം. 1880 സെപ്. 15-ന് ഇദ്ദേഹം ദിവാന്‍ സ്ഥാനത്തുനിന്നു വിരമിച്ചു. നാണുപിള്ള ഒരു ചരിത്രകാരന്‍ കൂടിയായിരുന്നു. തിരുവിതാംകൂറിന്റെ ചരിത്രം എന്നൊരു ഗ്രന്ഥം ഇദ്ദേഹം രചിച്ചെങ്കിലും പുസ്തകം പൂര്‍ത്തിയാക്കുന്നതിനു മുമ്പുതന്നെ ഇദ്ദേഹം മരണമടഞ്ഞതിനാല്‍ അത് പ്രസിദ്ധീകരിച്ചില്ല.

1886 ആഗ. 14-ന് ഇദ്ദേഹം നിര്യാതനായി.

(പ്രൊഫ. നേശന്‍ റ്റി. മാത്യൂ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍