This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാണ്യവിളകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാണ്യവിളകള്‍

Cash Crops

വാണിജ്യാടിസ്ഥാനത്തില്‍ വന്‍തോതില്‍ കൃഷിചെയ്യപ്പെടുന്ന വിളകള്‍. വികസിത രാജ്യങ്ങളില്‍ പൊതുവേ എല്ലാ കാര്‍ഷികവിളകളും ധനസമ്പാദനത്തിനുവേണ്ടി കൃഷിചെയ്യുമ്പോള്‍ അവികസിതരാജ്യങ്ങളില്‍ ഇവ പ്രധാനമായും ധനാഗമമാര്‍ഗമായിട്ടാണ് കരുതപ്പെടുന്നത്. കാര്‍ഷിക വ്യാവസായിക രംഗത്തും കയറ്റുമതിരംഗത്തും നാണ്യവിളകള്‍ അത്യധികം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഉഷ്ണമേഖലയിലും മിതോഷ്ണമേഖലകളിലും സ്ഥിതിചെയ്യുന്ന രാജ്യങ്ങളില്‍ ചണം, കാപ്പി, കൊക്കോ, കരിമ്പ്, വാഴ, ഓറഞ്ച്, പരുത്തി എന്നിവയും ശൈത്യമേഖലകളില്‍ സ്ഥിതിചെയ്യുന്ന രാജ്യങ്ങളില്‍ ധാന്യവിളകള്‍, എണ്ണക്കുരുക്കള്‍, പച്ചക്കറികള്‍ എന്നിവയും നാണ്യവിളകളായി പരിഗണിക്കപ്പെടുന്നു. അമേരിക്ക പോലുള്ള വികസിതരാജ്യങ്ങളില്‍ ചോളം, ഗോതമ്പ്, കഞ്ചാവ്, സോയാബീന്‍ എന്നിവയെയാണ് പ്രധാന നാണ്യവിളകളായി പരിഗണിക്കുന്നത്. എന്നാല്‍ കാപ്പി, തേയില, കമുക്, പരുത്തി, റബ്ബര്‍, ഏലം, കുരുമുളക്, കശുമാവ്, സോയാബീന്‍ മുതലായ കാര്‍ഷികവിളകളാണ് ഇന്ത്യയ്ക്ക് വിദേശനാണ്യം നേടിത്തരുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നത്.

കാപ്പി. നമ്മുടെ സമ്പദ്വ്യവസ്ഥയില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്ന നാണ്യവിളകളില്‍ ഒന്നാണ് കാപ്പി. കാപ്പിച്ചെടിയുടെ ജന്മഭൂമി അറേബ്യയാണ്. 1695-ല്‍ ഇന്ത്യയിലാദ്യമായി കാപ്പിക്കൃഷി ആരംഭിച്ചു. 70 രാജ്യങ്ങളില്‍ മാത്രമേ കാപ്പി ഉത്പാദിപ്പിക്കുന്നുള്ളുവെങ്കിലും ഏതാണ്ട് 125 രാജ്യങ്ങളിലെ ജനങ്ങള്‍ ഒരു പാനീയമായി കാപ്പി ഉപയോഗിച്ചുവരുന്നു. ബ്രസീല്‍, അംഗോള, ഇന്ത്യ, ഇന്‍ഡോനേഷ്യ, കെനിയ, മെക്സിക്കോ, ഉഗാണ്ട, ശ്രീലങ്ക എന്നിവയാണ് ലോകത്തെ പ്രധാന കാപ്പി ഉത്പാദകരാജ്യങ്ങള്‍. ലോകത്തിലെ മൊത്തം കാപ്പിയുത്പാദനത്തിന്റെ വെറും 2 ശ.മാ.മാണ് ഇന്ത്യയുടെ സംഭാവന. കാപ്പിയുടെ കയറ്റുമതിയില്‍ ഇന്ത്യ അഞ്ചാംസ്ഥാനത്താണ്. ഇന്ത്യയില്‍ കര്‍ണാടകം, കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വന്‍തോതില്‍ കാപ്പി കൃഷി ചെയ്യുന്നത്. കുറഞ്ഞ താപനിലയും ധാരാളം ജൈവാംശമടങ്ങിയ ലോംമണ്ണും കാപ്പിക്കൃഷിക്ക് അനുപേക്ഷണീയമാണ്. നോ: കാപ്പി

തേയില. ചൈന, സിലോണ്‍, ജാവ, ആഫ്രിക്ക, റഷ്യ എന്നിവയാണ് തേയിലക്കൃഷിയുള്ള മുഖ്യരാഷ്ട്രങ്ങള്‍. മലേഷ്യ, മൌറീഷ്യസ്, കോംഗോ, ദക്ഷിണറൊഡേഷ്യ, എത്യോപ്യ, കാമറൂണ്‍സ്, ബ്രസീല്‍, പെറു, അര്‍ജന്റീന, കൊളംബിയ, ബൊളീവ്യ, മെക്സിക്കോ, ഇറാന്‍, ആസ്റ്റ്രേലിയ എന്നീ രാജ്യങ്ങളിലും തേയിലക്കൃഷി ധാരാളമായിട്ടുണ്ട്. ഇന്ത്യയില്‍ അസം, പശ്ചിമബംഗാള്‍, കേരളം, തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ തേയിലക്കൃഷിയില്‍ മുന്നിട്ടുനില്‍ക്കുന്നു. നോ: തേയില

കമുക്. ശ്രീലങ്ക, മലയ, സിംഗപ്പൂര്‍, തെക്കുകിഴക്കന്‍ ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ കമുക് ധാരാളമായി കൃഷിചെയ്യുന്നു. ഉഷ്ണമേഖലാപ്രദേശങ്ങളാണ് കമുക് കൃഷിക്ക് ഏറ്റവും അനുയോജ്യം.

പരുത്തി. ഇന്നു കൃഷിചെയ്യപ്പെടുന്ന നാണ്യവിളകളില്‍ ഏറ്റവും പഴക്കമുള്ള ഒന്നാണ് പരുത്തി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പരുത്തി കൃഷിചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്. പരുത്തിയുടെ മൊത്തം ആഗോള ഉത്പാദനത്തിന്റെ 30 ശ.മാ. അമേരിക്കയില്‍ കേന്ദ്രീകരിച്ചിരിക്കുമ്പോള്‍ ഇന്ത്യ 10 ശ.മാ. മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളു. മെക്സിക്കോ, ആസ്റ്റ്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ പരുത്തിക്കൃഷി ധാരാളമായിട്ടുണ്ട്. കേരളത്തില്‍ പരുത്തി പ്രധാനമായും കൃഷിചെയ്യുന്നത് കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ്. നമ്മുടെ രാജ്യത്തിന് വളരെയധികം വിദേശനാണ്യം നേടിത്തരുവാന്‍ ഈ നാണ്യവിളയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രകൃതിദത്തമായ പരുത്തി നാരുകളാണ് തുണിവ്യവസായരംഗത്തെ പ്രധാന അസംസ്കൃത വസ്തു. അമേരിക്കയാണ് അസംസ്കൃത പരുത്തിയുടെ കയറ്റുമതിയില്‍ മുന്‍പന്തിയില്‍. 2007-ലെ കണക്കനുസരിച്ച് ചൈന 25.3 മില്യണും ഇന്ത്യ 20.5 മില്യണും അമേരിക്ക 19.2 മില്യണും, പാകിസ്താന്‍ 11.7 മില്യണും, ബ്രസീല്‍ 7.2 മില്യണും, ഉസ്ബക്കിസ്താന്‍ 5.5 മില്യണും ടര്‍ക്കി 3.2 മില്യണും, സിറിയ 1.2 മില്യണും കയറ്റുമതി ചെയ്യുകയുണ്ടായി. നോ: പരുത്തി

കഞ്ചാവ്. ഇന്ത്യ, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ വ്യാപകമായി കൃഷിചെയ്തുവരുന്ന നാണ്യവിളയാണ് കഞ്ചാവ്. ജൈവാംശമടങ്ങിയ മണ്ണാണ് കഞ്ചാവ് കൃഷിക്ക് ഏറെ അനുയോജ്യം. നോ: കഞ്ചാവ്

ചണം. കാര്‍ഷിക വ്യാവസായികരാജ്യങ്ങളില്‍ പരുത്തികഴിഞ്ഞാല്‍ പ്രാധാന്യമര്‍ഹിക്കുന്ന നാരുവിളയാണ് ചണം. ഇന്ന് ഇന്ത്യയുടെ വിദേശനാണ്യസമ്പാദനത്തില്‍ ചണത്തിന് സുപ്രധാനമായ പങ്കുണ്ട്. ചണം പ്രധാനമായി കൃഷിചെയ്യുന്നത് ആഫ്രിക്ക, അമേരിക്ക, ആസ്റ്റ്രേലിയ, ചൈന, ഫോര്‍മോസ, ഇന്ത്യ, സിലോണ്‍, ജപ്പാന്‍, മലയ, ജാവ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ്. വടക്കേ ഇന്ത്യന്‍ പ്രദേശങ്ങളിലാണ് ഇന്ത്യയില്‍ ചണം കൃഷിചെയ്യുന്നത്. കേരളത്തിലെ ചിലഭാഗങ്ങള്‍ ചണക്കൃഷിക്ക് അനുയോജ്യമാണെങ്കിലും ഇത് ഇവിടെ തീരെ പ്രചാരത്തില്‍ വന്നിട്ടില്ല. ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ് ചണക്കൃഷിക്ക് ഏറ്റവും അനുയോജ്യം. നോ: ചണം

പുകയില. പതിനേഴാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരാണ് ഇന്ത്യയില്‍ പുകയില കൊണ്ടുവന്നത്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യപ്പെടുന്ന നിക്കോട്ടിയാന ടബാക്ക, നിക്കോട്ടിയാന റസ്റ്റിക്ക എന്നിവയാണ് പ്രധാനപ്പെട്ട സ്പീഷീസുകള്‍. മിക്ക ലോകരാഷ്ട്രങ്ങളിലും പുകയില കൃഷിചെയ്യുന്നുണ്ട്. അമേരിക്ക, ചൈന, ഇന്ത്യ എന്നിവയാണ് പുകയില ഉത്പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍. ബ്രസീല്‍, ജപ്പാന്‍, പാകിസ്താന്‍, ടര്‍ക്കി, റൊഡേഷ്യ, ഈസ്റ്റിന്‍ഡീസ് എന്നിവിടങ്ങളിലെല്ലാം പുകയില ഒരു പ്രധാനവിളയാണ്. പുകയിലക്കൃഷിചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണത്തിലും ഉത്പാദനത്തിലും അമേരിക്കയ്ക്കാണ് ഒന്നാം സ്ഥാനം. ഇന്ത്യയില്‍ പുകയിലക്കൃഷി ഏറ്റവും കൂടുതലുള്ളത് ആന്ധ്രപ്രദേശിലും ഗുജറാത്തിലുമാണെങ്കിലും ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും ഈ ചെടി കൃഷിചെയ്യുന്നുണ്ട്. പുകയില ഒരു ഉഷ്ണമേഖലാ സസ്യമാണെങ്കിലും ഉപോഷ്ണമേഖല, ശീതോഷ്ണമേഖല എന്നിങ്ങനെ ഏതുകാലാവസ്ഥയിലും ഇത് കൃഷിചെയ്യാം. ഇന്ത്യയില്‍ ഏറിയപങ്കും കൃഷിചെയ്യപ്പെടുന്ന പുകയിലയിനം ടബാക്കം സ്പീഷീസാണ്. നോ: പുകയില

കൊക്കോ. തെക്കേ അമേരിക്കയിലെയും മധ്യഅമേരിക്കയിലെയും ഉഷ്ണമേഖലാ പ്രദേശങ്ങളിലെ വനാന്തരങ്ങളിലാണ് കൊക്കോയുടെ ഉദ്ഭവം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊക്കോ ഉത്പാദിപ്പിക്കുന്ന രാജ്യം ആഫ്രിക്കയാണ്. അമേരിക്കയ്ക്കാണ് രണ്ടാംസ്ഥാനം. കൊക്കോയുടെ ആഗോള വാര്‍ഷിക ഉത്പാദനം ഏതാണ്ട് 15ലക്ഷം ടണ്ണാണ്. ഘാനാ, ഐവറികോസ്റ്റ്, നൈജീരിയ, ബ്രസീല്‍, കൊളംമ്പിയ, ഇക്വഡോര്‍, മെക്സിക്കോ, വെനിസ്വേല, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്, ന്യൂഗിനി, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍ ഈ നാണ്യവിള വ്യാപകമായി കൃഷിചെയ്യുന്നു. വര്‍ഷം മുഴുവന്‍ മഴ ലഭിക്കുന്ന പ്രദേശമാണ് കൊക്കോ കൃഷിക്ക് ഏറ്റവും അനുയോജ്യം. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, ആലപ്പുഴ, ഏറണാകുളം എന്നീ ജില്ലകളില്‍ മഴയെമാത്രം ആശ്രയിച്ച് ചെറിയതോതില്‍ കൊക്കോക്കൃഷി ചെയ്യുന്നുണ്ട്. ജൈവാംശം ധാരാളം അടങ്ങിയിട്ടുള്ള വളക്കൂറുള്ള മണ്ണില്‍ കൊക്കോ സുലഭമായി വളരും. നോ: കൊക്കോ

ചോളം. നാണ്യവിളകളില്‍ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനം ചോളത്തിനുണ്ട്. മധ്യഅമേരിക്കയിലോ മെക്സിക്കോയിലോ ആയിരിക്കാം ചോളത്തിന്റെ ഉദ്ഭവമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. 17-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ചോളം ഇന്ത്യയില്‍ എത്തി. ലോകത്താകെ പത്തുകോടിയോളം ഏക്കര്‍ സ്ഥലത്ത് ചോളം കൃഷിചെയ്തുവരുന്നു. ആകെയുള്ള വാര്‍ഷികോത്പാദനം 75 ലക്ഷം ടണ്ണാണ്. ചോളക്കൃഷിയില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഒന്നാം സ്ഥാനം അമേരിക്കന്‍ ഐക്യനാടുകള്‍ക്കാണ്. ഇന്ത്യയില്‍ 57 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് ചോളം കൃഷിചെയ്തുവരുന്നു. ഇന്ത്യയില്‍ പഞ്ചാബ്, ബംഗാള്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് ചോളം കൃഷിയില്‍ മുന്നില്‍. നോ: ചോളം

വാഴ. മധ്യഅമേരിക്കയിലെ ജമൈക്ക, ഗ്വാട്ടിമാല, ഹോണ്ടുറാസ്, കോസ്റ്റാറിക്ക, പനാമ തുടങ്ങിയ രാജ്യങ്ങളില്‍ വാഴ വ്യാപകമായി കൃഷിചെയ്യുന്നു. ഇന്ത്യയില്‍ തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, അസം, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് വാഴക്കൃഷിയില്‍ മുന്നില്‍. വര്‍ഷത്തില്‍ 23,37,000 ടണ്‍ വാഴപ്പഴം ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നതായി കണക്കാക്കപ്പെടുന്നു. ലോകത്തില്‍ ആകെയുത്പാദിപ്പിക്കുന്ന വാഴപ്പഴത്തിന്റെ 60 ശ.മാ. കേന്ദ്രീകരിച്ചിരിക്കുന്നത് മധ്യ അമേരിക്കയിലാണ്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വാഴപ്പഴത്തിന്റെ മുഖ്യപങ്കും ഇവിടെത്തന്നെ ഉപയോഗിക്കുന്നു. ഇന്ത്യയില്‍ മുഖ്യമായും ചെറുകിടതോട്ടങ്ങളായാണ് വാഴക്കൃഷി ചെയ്യുന്നത്. രസകദളി, പൂവന്‍, ചെങ്കദളി, നേന്ത്രന്‍, പാളയംകോടന്‍ തുടങ്ങിയ ഇനങ്ങളാണ് ഇവിടെ മുഖ്യമായും കൃഷി. കേരളത്തില്‍ ആകെ 10000 ഹെക്ടര്‍ സ്ഥലത്തു ആണ്ടുതോറും നേന്ത്രവാഴക്കൃഷി നടത്തുന്നുണ്ട്.

Image:karipin.png


കരിമ്പ്. കരിമ്പിന്റെ ജന്മദേശം ഇന്ത്യയാണെന്നാണ് കരുതപ്പെടുന്നത്. ബ്രസീല്‍, ചൈന, ഇന്ത്യ, ക്യൂബ, മെക്സിക്കോ, പാകിസ്താന്‍, ഇന്‍ഡോനേഷ്യ, കൊളംബിയ, അമേരിക്ക, ഫിലിപ്പൈന്‍സ് മുതലായ രാജ്യങ്ങളില്‍ കരിമ്പുകൃഷി വന്‍തോതിലുണ്ട്. ഇന്ത്യയില്‍ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബിഹാര്‍, മൈസൂര്‍, ആന്ധ്രപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ കരിമ്പ്കൃഷിയില്‍ മുന്നിട്ടുനില്ക്കുന്നു. നോ: കരിമ്പ്

റബ്ബര്‍. പ്രകൃതിദത്തമായ റബ്ബര്‍ ഉത്പാദനത്തില്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനമാണുള്ളത്. മലേഷ്യ, തായ്ലന്റ്, ഇന്‍ഡോനേഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് റബ്ബര്‍ ഉത്പാദനത്തില്‍ മുന്‍പന്തിയില്‍. ഫിലിപ്പൈന്‍സ്, വിയറ്റ്നാം, ശ്രീലങ്ക, നൈജീരിയ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലും റബ്ബര്‍ക്കൃഷി ധാരാളമായിട്ടുണ്ട്. ഇന്ത്യയില്‍ കര്‍ണാടക, മഹാരാഷ്ട്ര, മേഘാലയ, മിസോറാം, മണിപ്പൂര്‍, അസം, നാഗാലാന്‍ഡ്, ഗോവ, ഒറീസ്സ, കേരളം തുടങ്ങിയ പ്രദേശങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലുമാണ് റബ്ബര്‍ക്കൃഷി വ്യാപകമായിട്ടുള്ളത്. നോ: റബ്ബര്‍

Image:rubber.png

ഏലം. ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഏലക്കൃഷി വ്യാപകമായിട്ടുള്ളത്. ലോകത്തിലാകെയുത്പാദിപ്പിക്കുന്ന ഏലത്തിന്റെ ഭൂരിഭാഗവും ഇന്ത്യയില്‍നിന്നാണ് ലഭിക്കുന്നത്. കിഴക്കന്‍ദിക്കിലെ ഏലത്തോട്ടം എന്നറിയപ്പെടുന്ന കേരളത്തിലെ പ്രധാന നാണ്യവിളകളിലൊന്നായ ഇത് ഒരു പ്രധാന തോട്ടവിളകൂടിയാണ്. ജൈവാംശമടങ്ങിയ മണ്ണാണ് ഇതിന്റെ കൃഷിക്ക് അനുയോജ്യം. നോ: ഏലം

കുരുമുളക്. ഇന്ത്യയ്ക്ക് വിദേശനാണ്യം നേടിത്തരുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന നാണ്യവിളയാണ് കുരുമുളക്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളമാണ് കുരുമുളക് ഉത്പാദനത്തില്‍ ഏറ്റവും മുന്നില്‍. കര്‍ണാടകം, തമിഴ്നാട്, പോണ്ടിച്ചേരി, ആന്ധ്രാപ്രദേശ്, ഒറീസ്സ, പശ്ചിമബംഗാള്‍, അസം, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ കുരുമുളകുകൃഷി ധാരാളമായിട്ടുണ്ട്. കേരളത്തില്‍ 60,000 ഹെക്ടര്‍ സ്ഥലത്താണ് കൃഷി. കോട്ടയം, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിലാണ് കുരുമുളകുകൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്. കേരളത്തിലെയും കര്‍ണാടകത്തിലെയും മലഞ്ചരിവുകളിലെ ജൈവാംശമടങ്ങിയ മണ്ണാണ് കുരുമുളക് കൃഷിക്കു ഉത്തമം. നോ: കുരുമുളക്

Image:Nanya.png


കശുമാവ്. കശുമാവിന്റെ ജന്മദേശം ബ്രസീലാണ്. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളില്‍ സുപ്രധാനമായ കശുവണ്ടി വ്യവസായം രണ്ട് വിധത്തിലാണ് പ്രാധാന്യമര്‍ഹിക്കുന്നത്. ഒന്നാമത്, ഇന്ത്യയുടെ മൊത്തത്തിലുള്ള സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിച്ചുകൊണ്ട് രാജ്യത്തിന് ഗണ്യമായ തോതില്‍ വിദേശനാണ്യം നേടിത്തരുന്നു. രണ്ടാമത്, കേരളത്തിലെ ബഹുഭൂരിപക്ഷം തൊഴിലാളി കുടുംബങ്ങളുടെയും ഉപജീവനമാര്‍ഗമാണത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടിപ്പരിപ്പ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയില്‍നിന്നുള്ള മൊത്തം കയറ്റുമതിയുടെ സിംഹഭാഗവും കേരളത്തില്‍നിന്നാണ്. കശുവണ്ടി കയറ്റുമതിയുടെ കാര്യത്തില്‍ മാത്രമല്ല, കശുമാവ് കൃഷിയുടെയും തോട്ടണ്ടി ഉത്പാദനത്തിന്റെയും കാര്യത്തിലും ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്‍പന്തിയിലാണ്. കേരളത്തില്‍ കശുവണ്ടിവ്യവസായം ആരംഭിച്ചിട്ടു ഏകദേശം 50-വര്‍ഷത്തിലേറെ ആയിട്ടുണ്ട്. ലോകത്തില്‍ പ്രധാനമായും ഇന്ത്യ, മൊസംബിക്ക്, ടാന്‍സാനിയ, കെനിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് കശുമാവ് കൃഷി വന്‍തോതിലുള്ളത്. കേരളത്തിലെ മിക്ക ജില്ലകളിലും വ്യാപകമായും കശുമാവ് കൃഷിചെയ്യുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ കശുമാവു കൃഷിയുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. നോ: കശുമാവ്

സോയാബീനുകള്‍. ലോകരാഷ്ട്രങ്ങളില്‍ ബ്രസീല്‍, അര്‍ജന്റീന, പരാഗ്വേ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ് സോയാബീന്‍ ഉത്പാദനത്തില്‍ മുന്നില്‍. ചൈന, ജപ്പാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ കാര്‍ഷിക വിളകളില്‍ പ്രഥമസ്ഥാനം സോയാബീനാണ്. നോ: സോയാബീനുകള്‍, തോട്ടവിളകള്‍

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ഭദ്രമാക്കുന്നതില്‍ നാണ്യവിളകളുടെ ഉത്പാദനം, കയറ്റുമതി എന്നിവ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍