This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്ലാടി കൃഷ്ണസ്വാമി അയ്യര്‍ (1883 - 1953)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്ലാടി കൃഷ്ണസ്വാമി അയ്യര്‍ (1883 - 1953)

ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണസഭയിലെ പ്രമുഖനായ ഒരു നിയമപണ്ഡിതന്‍. ആന്ധ്രയില്‍ നെല്ലൂര്‍ ജില്ലയിലെ പുതൂര്‍ ഗ്രാമത്തില്‍ 1883 മേയ് 14-ന് ജനിച്ചു. തമിഴ്നാട്ടില്‍ നിന്നും പുതൂരില്‍ സ്ഥിരവാസമാക്കിയിരുന്ന ബ്രാഹ്മണകുടുംബമായിരുന്നു അല്ലാടിയുടേത്. ഒരു ക്ഷേത്രത്തിലെ പൂജാരിയായിരുന്നു പിതാവ്. സാമ്പത്തിക പരാധീനതക്കിടയിലും കൃഷ്ണസ്വാമി അയ്യരുടെ വിദ്യാഭ്യാസകാര്യത്തില്‍ പിതാവ് അത്യന്തം തത്പരനായിരുന്നു.

അല്ലാടി കൃഷ്ണസ്വാമി അയ്യര്‍

അല്ലാടിയുടെ കുടുംബം 1891-ല്‍ ചെന്നൈ നഗരത്തിലേക്കു താമസം മാറ്റി. 1903-ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് അല്ലാടി ബി.എ. ബിരുദം നേടി. 1905-ല്‍ ബി.എല്‍. പരീക്ഷ ജയിച്ചു. ബി.എ. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ പ്രൊഫ. കെല്ലറ്റിന്റെ സ്നേഹവാത്സല്യങ്ങള്‍ക്കു പാത്രമായ കൃഷ്ണസ്വാമി അയ്യര്‍ ക്രിസ്ത്യന്‍ കോളജില്‍ ചരിത്രവിഭാഗത്തില്‍ ട്യൂട്ടറായി നിയമിക്കപ്പെട്ടു. 1907-ല്‍ അഭിഭാഷകവൃത്തിയില്‍ പ്രവേശിച്ചു; 1920 ആയപ്പോഴേക്കും ചെന്നൈയിലെ ഏറ്റവും പ്രമുഖനായ അഭിഭാഷകന്‍ എന്ന നിലയിലേക്കു ഉയര്‍ന്നെത്തി. 'ഇന്ത്യന്‍ സെയില്‍ ഒഫ് ഗുഡ്സ് ബില്‍' (1929), 'പാര്‍ട്ട്നര്‍ഷിപ്പ് ബില്‍' (1930-31) എന്നിവ രൂപപ്പെടുത്തിയ വിദഗ്ധസമിതികളില്‍ ഇദ്ദേഹം അംഗമായിരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഇന്ത്യന്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലെ അംഗമായി; ഡോ. അംബേദ്കര്‍ ചെയര്‍മാനായി രൂപവത്കരിക്കപ്പെട്ട ഭരണഘടനാനിര്‍മാണസമിതിയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തി. മദ്രാസ് സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റിലും സെനറ്റിലും അംഗമായി 15 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു; കുറേക്കാലം മദ്രാസ് സര്‍വകലാശാലയില്‍ ലക്ചററായും സേവനം അനുഷ്ഠിക്കുകയുണ്ടായി. ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ഭരണസമിതിയില്‍ 25 വര്‍ഷക്കാലം അംഗമായിരുന്നു. 1929 മുതല്‍ 15 വര്‍ഷം ചെന്നൈയിലെ അഡ്വക്കേറ്റ് ജനറലായി സേവനം അനുഷ്ഠിച്ചു.

പ്രശസ്തനായ ഈ നിയമപണ്ഡിതന് അനേകം ബഹുമതിമുദ്രകള്‍ ലഭിച്ചിട്ടുണ്ട്-കൈസരി ഹിന്ദ് (1926), ദിവാന്‍ ബഹദൂര്‍ (1930), സര്‍ സ്ഥാനം (1932). ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രശ്നങ്ങളില്‍ തത്പരനായിരുന്ന ഇദ്ദേഹത്തിന്റെ സേവനം ഒട്ടേറെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു ലഭ്യമായിരുന്നിട്ടുണ്ട്. 1938 മുതല്‍ അല്ലാടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ അംഗമായിരുന്നു.

നിയമത്തിലെന്നപോലെ സാഹിത്യാദിവിഷയങ്ങളിലും അവഗാഹം നേടിയ പണ്ഡിതനായിരുന്നു അല്ലാടി. ജീവിതവീക്ഷണത്തില്‍ തികച്ചും മതനിഷ്ഠനായിരുന്നു ഇദ്ദേഹം. യാഥാസ്ഥിതികനായിരുന്നുവെങ്കിലും ഹിന്ദുനിയമത്തില്‍ ഒട്ടേറെ പരിഷ്കാരങ്ങള്‍ ആവശ്യമാണെന്ന് ഇദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. അഭിഭാഷകര്‍ പഴകിയ വിധിന്യായങ്ങളുടെ ശൈലിയില്‍മാത്രം ചിന്തിക്കരുതെന്ന് ഇദ്ദേഹം ഉദ്ബോധിപ്പിച്ചു. പുരോഗമനോന്‍മുഖമായ ഒരു സചേതനസമൂഹത്തിന്റെ നിലപാടില്‍ നിന്നു ചിന്തിക്കുകയും നിയമനിര്‍മാണം നടത്തുകയും വേണം എന്ന അഭിപ്രായം ഇദ്ദേഹം പ്രചരിപ്പിച്ചു.

അല്ലാടി 1953-ല്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍