This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിർക്കഗെർ, സോറന്‍ ആബ്യെ(1813 - 55)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിർക്കഗെർ, സോറന്‍ ആബ്യെ(1813 - 55)

Kierkegaard, Soren Aabye

സോറന്‍ ആബ്യെ കിര്‍ക്കഗെര്‍

ഡാനിഷ്‌ മതചിന്തകനും ദാര്‍ശനികനും. ആധുനിക അസ്‌തിത്വദര്‍ശനത്തിന്റെ ഉപജ്ഞാതാവ്‌. കൃഷിക്കാരനും പിന്നീട്‌ കമ്പിളിക്കച്ചവടക്കാരനുമായ മൈക്കല്‍ വെഡെര്‍സെന്‍ കിര്‍ക്കഗെറിന്റെ പുത്രനായി 1813 മേയ്‌ 5-നു കോപ്പന്‍ഹേഗനില്‍ ജനിച്ചു. മൈക്കല്‍ ചെറുപ്പത്തില്‍ ദൈവദൂഷണപരമായ ഒരു പാപം ചെയ്‌തു. അച്ഛന്റെ ഈ പാപകൃത്യത്തില്‍ മകന്‌ കുറ്റബോധം തോന്നിയിരുന്നു; ഈ കുറ്റബോധം ഇദ്ദേഹത്തിന്റെ മുഴുവന്‍ ജീവിതത്തെയും നിയന്ത്രിച്ചു എന്നു പറയാം. 1830 മുതല്‍ 40 വരെ കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയില്‍ മതമീമാംസ പഠിച്ചു. 1840-ല്‍ റജിന്‍ ഓള്‍സെന്‍ എന്ന യുവതിയുമായി വിവാഹം ഉറപ്പിച്ചുവെങ്കിലും 1841-ല്‍ ആ ഉറപ്പു റദ്ദാക്കി. പിന്നീടുള്ള കുറേക്കാലം സംഘര്‍ഷങ്ങളുടേതായിരുന്നു. കൊര്‍സാര്‍ എന്ന കാലിക പ്രസിദ്ധീകരണത്തിന്റെ പത്രാധിപര്‍ ഗോള്‍ഷ്‌മിഡ്‌റ്റുമായി വഴക്കടിച്ചു. ക്രിസ്‌തുമതത്തിന്റെ പരിഹാസരൂപമാണ്‌ ഡെന്‍മാര്‍ക്കിലെ പള്ളികള്‍ എന്ന്‌ ഇദ്ദേഹം വാദിച്ചു. ബിഷപ്പുമാരായ മാര്‍ട്ടെന്‍ സെന്‍, മിന്‍സ്റ്റെര്‍ എന്നിവരുമായി കലഹിച്ചു. ഇക്കാരണങ്ങളാല്‍ ഇദ്ദേഹം പുരോഹിതനായി അവരോഹിതനായില്ല. 1855 ന. 11-ന്‌ കോപ്പന്‍ഹേഗനില്‍ മരണമടഞ്ഞു. ഇദ്ദേഹം, വിക്തോര്‍ എറെമിറ്റാ, യോഹാനെസ്‌ ദെ സിലന്‍ഷിയോ, കോണ്‍സ്‌താന്റിന്‍ കോണ്‍സ്‌താന്റിയസ്‌, യോഹാനെസ്‌ ക്ലൈമാക്കസ്‌, ആന്റിക്ലൈമാക്കസ്‌ മുതലായ തൂലികാനാമങ്ങള്‍ സ്വീകരിച്ചിരുന്നു. വിപരീത ലക്ഷണാസങ്കല്‌പത്തെപ്പറ്റി (On The Concept of Iron-1841), അതോ-ഇതോ(Either-1843). ഭയവും വിറയലും (Fear and Trembling-1843), ആവര്‍ത്തനം (Repetition-1843), ഉദ്‌ബോധന പ്രസംഗങ്ങള്‍ (Edifying Discourses-1843-46), താത്ത്വികലേഖനഖണ്ഡങ്ങള്‍ (Philosophical Fragments-1844), ഭീതിസങ്കല്‌പം (The Concept of Dread-1844), ജീവിതയാനഘട്ടങ്ങള്‍ (Stages on Life's way-1845), ക്രിസ്‌തീയ പ്രസംഗങ്ങള്‍ (Christian Discourses-1848), മൃത്യുന്മുഖ രോഗാവസ്ഥ (The Sickness unto Death-1849) എന്നിവയാണ്‌ കിര്‍ക്കഗെറിന്റെ കൃതികള്‍. ഇവയില്‍ അതോ-ഇതോ, ഭയവും വിറയലും; ഭീതിസങ്കല്‌പം, മൃത്യുന്മുഖരോഗാവസ്ഥ എന്നിവ ഇദ്ദേഹത്തിന്റെ പ്രശസ്‌ത കൃതികളാണ്‌. 1843-ല്‍ എഴുതിയ ഐതര്‍-ഓര്‍ എന്ന കൃതിയില്‍ മനുഷ്യന്‍ നടത്തുന്ന സ്വീകാരനിരാസങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച്‌ ഉപന്യസിച്ചിരിക്കുന്നു. ക്രിസ്‌തുവും ലോകവും തമ്മില്‍ ഒരു തെരഞ്ഞെടുപ്പു നടത്താന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്‌. അതില്‍ ഏതു തെരഞ്ഞെടുക്കണം എന്നതിനു യുക്തിസഹമായ കാരണങ്ങളൊന്നും ഉണ്ടായിരിക്കയില്ല. ഏതു വിധത്തില്‍ തീരുമാനം എടുക്കാനും മനുഷ്യനു കഴിയും; തീരുമാനം എന്തായാലും ഒരു നൈരാശ്യം അവനെ അലട്ടിക്കൊണ്ടിരിക്കും. അവനു തന്നെ ഗ്രസിക്കുന്ന നൈരാശ്യത്തെപ്പറ്റി ബോധമുണ്ടായിക്കൊള്ളണമെന്നില്ല. ബോധപൂര്‍വമായാലും അബോധപൂര്‍വമായാലും ഈ നൈരാശ്യം അവനില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. സാമാന്യതത്ത്വങ്ങളും പൊതുലക്ഷ്യങ്ങളും വ്യക്തിഗതമായ ഉത്തരവാദിത്വത്തെ മറച്ചുകളയുന്നു. അതുകൊണ്ടാണ്‌ ഭയം മനുഷ്യനില്‍ ഉണരുന്നത്‌. ക്രിസ്‌തുമതത്തിന്‌ യുക്തിസഹമായ ന്യായീകരണം കണ്ടെത്താനുള്ള ശ്രമങ്ങളെല്ലാം മതവിരുദ്ധമായിരിക്കും എന്നാണ്‌ ഇദ്ദേഹം വാദിക്കുന്നത്‌. ക്രിസ്‌തുമതത്തിനു യുക്തിസഹമായ ഒരടിത്തറ ഉണ്ടെന്ന്‌ ജര്‍മന്‍ തത്ത്വചിന്തകനായ ഹെഗല്‍ (1770-1831) അവകാശപ്പെട്ടതിനെ ഇദ്ദേഹം എതിര്‍ക്കുന്നു.

1849-ല്‍ പ്രസിദ്ധീകരിച്ച ദ്‌ സിക്ക്‌നെസ്‌ അണ്‍ടു ഡെത്ത്‌ എന്ന കൃതി കിര്‍ക്കഗെറിന്റെ പ്രത്യേക വീക്ഷണവിശേഷങ്ങള്‍ ഏതാണ്ടു സമഗ്രമായി വെളിപ്പെടുത്തുന്ന താത്ത്വികപ്രബന്ധമാണ്‌. "ഉദ്‌ബോധനത്തിനും ഉണര്‍വിനും വേണ്ടിയുള്ള ക്രിസ്‌തീയ മനശ്ശാസ്‌ത്ര വിശദീകരണം' എന്നാണ്‌ ഇതിന്റെ ഉപശീര്‍ഷകം. ആന്റി-ക്ലൈമാക്കസ്‌ എന്ന തൂലികാനാമത്തില്‍ പ്രസിദ്ധപ്പെടുത്തിയ ഈ കൃതി കിര്‍ക്കഗെറിന്റെ ഏറ്റവും പ്രധാനപ്പെട്ട ദര്‍ശനമുള്‍ക്കൊള്ളുന്ന ഒന്നാണ്‌. തന്നെ വിരചിച്ച ശക്തിയില്‍ നിന്ന്‌ സ്വയം പറിച്ചുമാറ്റാന്‍ തീരുമാനിക്കുന്ന വ്യക്തിസത്തയുടെ രോഗാതുരത ജീവിതാവസാനംവരെ നിലനില്‌ക്കുന്നു. മരണംവഴി ഇതില്‍ നിന്നു രക്ഷനേടാന്‍ സാധ്യമല്ല. നൈരാശ്യനിര്‍ഭരമായ മൃത്യുവാഞ്‌ഛയാണിത്‌. താന്‍ എന്തല്ലയോ അതു തനിക്കനുഭവിക്കാന്‍ സാധ്യമല്ലെങ്കിലും അതിനുള്ള മോഹം-അസാധ്യമായ അനുഭൂതിക്കുള്ള ബോധാബോധനിരപേക്ഷമായ ആഗ്രഹചിന്ത-താന്‍ എന്താണോ അതു മാത്രമായിരിക്കുന്നതില്‍ അസംതൃപ്‌തി-താന്‍മാത്രവ്യക്തിത്വം പോരാത്തതുകൊണ്ട്‌ താനല്ല വ്യക്തിത്വം നേടാനുള്ള അഭിവാഞ്‌ഛ-ദൈവവുമായി സ്വയം ബന്ധപ്പെടുന്നതുകൊണ്ടും ഇതു സംതൃപ്‌തമാവുന്നില്ല. ഒരു വ്യക്തിസത്ത ഉണ്ടായിരിക്കുക എന്നതാണ്‌ ഒരു മനുഷ്യന്‌ കിട്ടിയിട്ടുള്ള ഏറ്റവും വലിയ സൗജന്യം എന്ന്‌ ഇദ്ദേഹം അഭിപ്രായപ്പെടുന്നു. അതുതന്നെയാണ്‌ അനന്തതയ്‌ക്ക്‌ മനുഷ്യന്റെ മേലുള്ള അവകാശവാദവും. ദൈവവുമായി ഏകത്വം പ്രാപിച്ചിട്ടില്ലാത്ത മനുഷ്യന്‌ വ്യക്തിസത്ത ഇല്ല. ഈ ഈശ്വരാന്യത്വം തന്നെയാണ്‌ രോഗകാരണവും. നൈരാശ്യദൂരീകരണമാണ്‌ ആരോഗ്യം. തന്നെ വിരചിച്ച ശക്തിവിശേഷവുമായുള്ള ആശ്രിതത്വം അംഗീകരിക്കുന്ന വ്യക്തിസത്ത യുക്തിക്കതീതമാണ്‌. സ്വയം നിഷേധിക്കാത്ത വ്യക്തിസത്തയാണത്‌. മനുഷ്യന്‍ അവന്റെ പരിസ്ഥിതി അപ്പാടെ അംഗീകരിച്ചേ പറ്റൂ. അപ്പോള്‍ മാത്രമേ അവന്‌ ഒരു വ്യക്തിസത്തയുടെ ഉടമയാകാന്‍ കഴിയുകയുള്ളൂ. സ്വന്തം പരിമിതികളുടെ അംഗീകാരം പരാജയമോ പിന്‍വാങ്ങലോ അല്ല.

കിര്‍ക്കഗെറിന്റെ സിദ്ധാന്തമനുസരിച്ച്‌ നൈരാശ്യം മൂന്നു വിധത്തില്‍ വരാം: (i) തനിക്ക്‌ ഒരു വ്യക്തിസത്ത ഉണ്ടെന്ന ബോധം ഇല്ലാത്തതുകൊണ്ടുള്ള നൈരാശ്യം; (ii) ഒരു വ്യക്തിസത്ത നേടാനുള്ള തീരുമാനം എടുക്കാത്തതുകൊണ്ടുള്ള നൈരാശ്യം; (iii) ഒരു വ്യക്തിസത്ത നേടാന്‍ തീരുമാനിക്കുന്നതുകൊണ്ടുള്ള നൈരാശ്യം. ഇന്ദ്രിയപരനായ ഒരാള്‍ സ്വന്തം നൈരാശ്യത്തെപ്പറ്റി ബോധവാനായിരിക്കയില്ല. അബോധപൂര്‍വമായ നൈരാശ്യം വളരെ സാധാരണമാണെന്നു കിര്‍ക്കഗെര്‍ കരുതുന്നു.

പാപമെന്നാല്‍ ദൈവത്തിന്റെ മുന്നിലോ ദൈവസങ്കല്‌പത്തോടുകൂടിയോ വ്യക്തിസത്ത നേടാന്‍ തീരുമാനിക്കാത്തതുകൊണ്ടോ വ്യക്തിസത്ത നേടാന്‍ തീരുമാനിച്ചതുകൊണ്ടോ ഉള്ള നൈരാശ്യത്തില്‍ പ്പെടുക എന്നര്‍ഥം. പാപജന്യമാണ്‌ ഭീതി. അതിനെതിരായുള്ള സംവിധാനമാണ്‌ വിശ്വാസം. തന്നെ വിരചിച്ച ശക്തിയില്‍ വ്യക്തിസത്തയെ സുവ്യക്തമായി പ്രതിഷ്‌ഠിക്കുന്നതോടുകൂടി വ്യക്തിസത്തയെ അതുമായിത്തന്നെ ബന്ധിപ്പിച്ചും വ്യക്തിസത്ത നേടാന്‍ തീരുമാനമെടുത്തും മനുഷ്യനു നൈരാശ്യത്തില്‍ നിന്നു വിടുതി നേടാന്‍ കഴിയും.

കിര്‍ക്കഗെറിന്റെ ഈശ്വരസങ്കല്‌പം വൈരുധ്യാധിഷ്‌ഠിതമാണ്‌. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം ദ്വന്ദ്വാത്മകമാണെന്നു പറയാനുള്ള കാരണം അവരുടെ പരസ്‌പരബന്ധം മനസ്സിലാക്കുന്നതുവഴി മാത്രമേ അവരില്‍ ഓരോരുത്തരെയും മനസ്സിലാക്കുവാന്‍ കഴിയൂ എന്നതാണ്‌. വിശ്വാസത്തിനുള്ള സാധ്യത മനുഷ്യന്‌ അനുവദിച്ചുകൊടുക്കാന്‍ ദൈവം തത്‌പരനായതുകൊണ്ട്‌-മനുഷ്യനെ വിശ്വാസിയാകാന്‍ സമ്മതിക്കുക വഴി-മനുഷ്യനു ഭീതി അനുഭവിക്കുവാന്‍ കഴിയുന്നു.

ആധുനിക മനുഷ്യന്റെ വിശ്വാസത്തകര്‍ച്ചയോടു ബന്ധപ്പെടുത്തി മാത്രമേ ഇന്നത്തെ തത്ത്വചിന്തയില്‍ കിര്‍ക്കിഗെറിനുള്ള സ്വാധീനത നിര്‍ണയിക്കാന്‍ കഴിയൂ. പലതരം വിശ്വാസമാതൃകകളെ തള്ളിപ്പറയുന്ന മനുഷ്യന്‍ ആ ശൂന്യതയില്‍ ദുഃഖിതനാകുന്നു. അപ്പോഴാണ്‌ അസ്‌തിത്വവാദികള്‍ പറയുന്നത്‌, കര്‍മംവഴി മനുഷ്യന്‌ സ്വന്തം വ്യക്തിസത്ത സൃഷ്‌ടിക്കാന്‍ കഴിയുമെന്ന്‌. വ്യക്തിസത്ത നേടുന്നതിനുള്ള ഒരു ഘടകമായി ക്രിസ്‌തീയാസ്‌തിത്വവാദികള്‍ ദൈവത്തിനെ കാണുന്നു; ദൈവവുമായുള്ള ബന്ധം സ്ഥാപിക്കുന്നതുവഴി വ്യക്തിസത്ത നേടാമെന്നവര്‍ കരുതുന്നു. നിരീശ്വരരായ അസ്‌തിത്വവാദികള്‍ സ്‌പഷ്‌ടത, ധൈര്യം, കര്‍മം എന്നിവയെത്തന്നെ ന്യായീകരിച്ചെടുക്കുന്നു. ക്രിസ്‌തീയാസ്‌തിത്വവാദികളുടെ പരമാചാര്യനാണ്‌ കിര്‍ക്കഗെര്‍. ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളില്‍ നിന്നു ദൈവസൂചനകള്‍ തുടച്ചുമാറ്റിയാണ്‌ സാര്‍ത്ര്‌ തുടങ്ങിയ നിരീശ്വരാസ്‌തിത്വവാദികള്‍ അവരുടെ വാദമുഖങ്ങള്‍ ആവിഷ്‌കരിച്ചത്‌. സ്വന്തം സര്‍ഗാത്മകമായ ഉത്തരവാദിത്വം ബോധ്യമാവുമ്പോഴാണ്‌ സാര്‍ത്രിന്റെ മനുഷ്യന്‍ ദുഃഖിതനാകുന്നത്‌. ദൈവത്തില്‍ നിന്ന്‌ അന്യനാകുകവഴി, വ്യക്തിസത്ത നേടിയെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌ കിര്‍ക്കഗെറിന്റെ മനുഷ്യന്റെ ദുഃഖഹേതു.

മനുഷ്യചരിത്രം ദൈവഹിതത്തെ ആവിഷ്‌കരിക്കുന്ന യുക്തിസഹമായ ഒരു പദ്ധതിയാണെന്ന ഹെഗലിന്റെ വാദത്തെ കിര്‍ക്കഗെര്‍ എതിര്‍ക്കുന്നു. ദൈവത്തിനുമാത്രമറിയാവുന്ന കാര്യങ്ങള്‍ അറിയാമെന്നവകാശപ്പെടുന്നവന്‍ ദൈവംതന്നെ ആയിരിക്കണം. ഒരു മനുഷ്യന്‌ അത്തരം അവകാശവാദം ചേരുകയില്ല എന്ന്‌ ഇദ്ദേഹം വിശ്വസിക്കുന്നു. ശാസ്‌ത്രത്തിലും വസ്‌തുനിഷ്‌ഠ ചിന്തയിലും അതിരുകടന്ന താത്‌പര്യം പുലര്‍ത്തിയതുകൊണ്ടു സ്വയം തീരുമാനിക്കാനുള്ള ഉത്തരവാദിത്വം മനുഷ്യന്‍ കൈവെടിയുകയും കേവലം ഒരു പ്രക്ഷകനായിരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്‌തു. അംഗീകൃത മുന്‍വിധികളുടെയും ചിന്താരീതികളുടെയും നേര്‍ക്ക്‌ സംശയത്തിന്റെ ചൂണ്ടുവിരല്‍ നീട്ടുന്നതിലാണ്‌ കിര്‍ക്കഗെറിന്റെ ശ്രദ്ധ, വിശാല സാമാന്യതകള്‍ക്കുപകരം സൂക്ഷ്‌മ സവിശേഷതകളുടെ പ്രാധാന്യം ഉറപ്പിക്കുന്നതിലാണ്‌ ഇദ്ദേഹത്തിന്‌ താത്‌പര്യം. അതുകൊണ്ട്‌ സത്യമെന്നത്‌ കര്‍ത്തൃനിഷ്‌ഠതയാണ്‌ എന്ന്‌ കിര്‍ക്കഗെര്‍ പ്രഖ്യാപിച്ചു.

(ഡോ. കെ. അയ്യപ്പപ്പണിക്കര്‍)

താളിന്റെ അനുബന്ധങ്ങള്‍