This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിർഗിസ്ഥാന്‍, റിപ്പബ്ലിക്‌ ഒഫ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിർഗിസ്ഥാന്‍, റിപ്പബ്ലിക്‌ ഒഫ്‌

Kirghistan, Republic of

ടിയെന്‍ഷാന്‍ പര്‍വതനിര

മധ്യേഷ്യയിലെ ഒരു സ്വതന്ത്ര റിപ്പബ്ലിക്‌. മുന്‍പ്‌ സോവിയറ്റ്‌ യൂണിയന്റെ ഭാഗമായിരുന്ന കിര്‍ഗിസിയ 1991-ല്‍ സ്വതന്ത്ര റിപ്പബ്ലിക്കായപ്പോള്‍ കിര്‍ഗിസ്ഥാന്‍ എന്ന്‌ പുനര്‍നാമകരണം ചെയ്യപ്പെട്ടു. ചൈനയ്‌ക്ക്‌ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന 'ടിയെന്‍ഷാന്‍ പര്‍വതനിരകളും താഴ്‌വരകളും നിറഞ്ഞ ഈ ഭൂപ്രദേശത്തിന്‌ 198, 500 ച.കി.മീ. വിസ്‌തീര്‍ണമുണ്ട്‌. ടിയെന്‍ഷാന്‍ പര്‍വതത്തിലെ പൊക്കം കൂടിയ രണ്ട്‌ കൊടുമുടികളാണ്‌ പൊബോദയും (7322 മീ.) ഖന്‍-തെഗ്രിയും (6885 മീ). ഇവിടത്തെ ഫലഭൂയിഷ്‌ഠമായ മണ്ണ്‌ കൃഷിക്ക്‌ വളരെ അനുയോജ്യമാണ്‌. ഉയര്‍ന്ന തടങ്ങളില്‍ മഴ സമൃദ്ധം. താഴ്‌വരകളില്‍ നിബിഡവനങ്ങള്‍ തഴച്ചുവളരുന്നു. പരുത്തി, നെല്ല്‌, ബീറ്റ്‌റൂട്ട്‌, പുകയില എന്നിവയാണ്‌ പ്രധാന കൃഷികള്‍. സോവിയറ്റ്‌ യൂണിയന്റെ ഭാഗമായിരുന്നപ്പോള്‍ ദ്രുതഗതിയിലുള്ള വ്യവസായവത്‌കരണം ഈ പ്രദേശത്ത്‌ നടന്നിട്ടുണ്ട്‌. എണ്ണ, കല്‍ ക്കരി, മെര്‍ക്കുറി, ആന്റിമണി, യുറേനിയം തുടങ്ങിയവ ഇവിടെ വ്യാപകമായി ഖനനം ചെയ്യുന്നു. തുണിമില്ലുകളും കാര്‍ഷികോപകരണം, പഞ്ചസാര, തുകലുത്‌പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണവും പഴവര്‍ഗ സംസ്‌കരണവുമാണ്‌ പ്രധാന വ്യവസായങ്ങള്‍.

ജനസംഖ്യ: 5,081,429 (2004). ജനങ്ങളില്‍ 75 ശതമാനം മുസ്‌ലിങ്ങളും, 20 ശതമാനം റഷ്യന്‍ ഓര്‍ത്തഡോക്‌സ്‌ മതവിശ്വാസക്കാരും 5 ശതമാനം മറ്റുള്ളവരുമാണ്‌. 97 ശതമാനംപേര്‍ സാക്ഷരരാണ്‌. തലസ്ഥാനം: ബിഷ്‌കെക്ക്‌.

എട്ടാം നൂറ്റാണ്ടില്‍ അറബികള്‍ മധ്യേഷ്യയിലെ ഏറെ സ്ഥലം ആക്രമിച്ച്‌ കിര്‍ഗിസില്‍ ഇസ്‌ലാം മതം പ്രചരിപ്പിച്ചു. 1758-ല്‍ ഈ രാജ്യം ചൈനാസാമ്രാജ്യത്തിന്റെ ഭാഗമായി. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഇത്‌ ഉസ്‌ബെക്‌ ഖാനേറ്റിലെ ഒരു പ്രവിശ്യയായി. 1876-ല്‍ കിര്‍ഗിസിയ റഷ്യയില്‍ ലയിച്ചു. 1926-ല്‍ കിര്‍ഗീസ്‌ സ്വയംഭരണ നാട്‌ സോവിയറ്റ്‌ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കിന്റെ ഘടകമായി. 1991-ലാണ്‌ കിര്‍ഗീസിയ സ്വാതന്ത്യ്രം പ്രഖ്യാപിച്ച്‌ കിര്‍ഗിസ്ഥാനായത്‌.

സാഹിത്യകലാപ്രവര്‍ത്തനങ്ങളില്‍ ഈ റിപ്പബ്ലിക്‌ എക്കാലത്തും മുന്നണിയിലായിരുന്നു. 1963-ല്‍ ലെനിന്‍ പ്രസ്‌ നേടിയ ചിംഗിസ്‌ അയിത്‌ മതോവ്‌ ഈ രംഗത്ത്‌ പ്രസിദ്ധനാണ്‌. കിര്‍ഗിസ്‌ ഭാഷയിലുള്ള പത്രങ്ങള്‍ക്കും മാസികകള്‍ക്കും പുസ്‌തകങ്ങള്‍ക്കും നല്ല പ്രചാരമുണ്ട്‌. വിദ്യാഭ്യാസരംഗത്തും കിര്‍ഗിസിയ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്‌.

(തോട്ടം രാജശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍