This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂർബേ, ഗുസ്‌താവ്‌ (1819 - 77)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൂര്‍ബേ, ഗുസ്‌താവ്‌ (1819 - 77)

Courbet, Gustave

ഗുസ്‌താവ്‌ കൂര്‍ബേ

ഫ്രഞ്ച്‌ ചിത്രകാരനും യഥാതഥ പ്രസ്ഥാനത്തിന്റെ പ്രധാനവക്താവും. ഷീന്‍ ഡേസിറേ ഗുസ്‌താവ്‌ കൂര്‍ബേ എന്നാണ്‌ പൂര്‍ണനാമം. എലിനോര്‍ ജൈ, സില്‍ വെ കൂര്‍ബേ എന്നിവരുടെ പുത്രനായി 1819 ജൂണ്‍ 10-ന്‌ ഓര്‍നന്‍സില്‍ ജനിച്ചു. സ്വന്തം പരിശ്രമത്തിലൂടെ മാത്രം ചിത്രരചനയുടെ ബാലപാഠങ്ങള്‍ മനസ്സിലാക്കിയ കൂര്‍ബേ പിന്നീട്‌ ബൈസാങ്കങ്ങിലെ റോയല്‍ കോളജിലും തുടര്‍ന്ന്‌ കോളജ്‌ ഒഫ്‌ ഫൈന്‍ ആര്‍ട്‌സിലും ചേര്‍ന്ന്‌ ചിത്രകലയില്‍ അഭ്യസനം നടത്തി. 1840-ല്‍ നിയമപഠനാര്‍ഥം പാരിസില്‍ എത്തിയ കൂര്‍ബേ ലൂവര്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന്‌ വച്ചിട്ടുള്ള ചിത്രങ്ങളാല്‍ ആകൃഷ്‌ടനായി. തുടര്‍ന്ന്‌ നിയമപഠനം വേണ്ടെന്നുവച്ച്‌ ചിത്രരചനാരംഗത്തേക്കു തിരിയുകയാണുണ്ടായത്‌. ഡീഗോ വെലാക്വി, റിബെറാ എന്നിവയുടെ രചനാശൈലി അനുകരിച്ചുകൊണ്ട്‌ 1842-ല്‍ രചിച്ച "കൂര്‍ബേ വിത്ത്‌ എ ബ്ലാക്ക്‌ ഡോഗ്‌' എന്ന ചിത്രമാണ്‌ ഇദ്ദേഹത്തിന്റെ ആദ്യത്തെ കലാസൃഷ്‌ടി. 1844-ല്‍ പാരിസ്‌ സലൂണില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു. 1847-ല്‍ ഇദ്ദേഹത്തിന്റെ "മാന്‍ വിത്ത്‌ എ പൈപ്പ്‌' എന്ന ചിത്രവും ശ്രദ്ധേയമായി. ഹോളണ്ടില്‍ വച്ച്‌ റെം ബ്രാന്റ്‌, ഫ്രന്‍സ്‌ ഹള്‍സ്‌ എന്നിവരുമായി പരിചയപ്പെടാനിടയായതോടെ കൂര്‍ബേയുടെ പ്രശസ്‌തി വര്‍ധിച്ചു. റൂട്ടെ ഫൗട്ടെ ഫോയില്‍ എന്ന സ്ഥലത്തെ കൂര്‍ബേയുടെ സ്റ്റുഡിയോ സന്ദര്‍ശിച്ചവരുടെ കൂട്ടത്തില്‍ ചിത്രകാരന്മാരായ ഫ്രാന്‍സ്വാ ബോന്‍വിങ്‌, യൂള്‍സ്‌ ഹസ്സങ്‌ ചാംപ്‌ഫ്‌ളോറി, ബോദെലെയര്‍ എന്നിവരും സോഷ്യലിസ്റ്റുചിന്തകനായ പ്രൂധോണും ഉള്‍പ്പെട്ടിരുന്നു. 1849-ല്‍ ഇദ്ദേഹം "മാന്‍ വിത്ത്‌ എ ലതര്‍ ബെല്‍ റ്റ്‌' വരച്ചു. "മാന്‍ വിത്ത്‌ എ പൈപ്പ്‌', "മാന്‍ വിത്ത്‌ എ ലതര്‍ ബെല്‍ റ്റ്‌' എന്നിവ തന്റെ തന്നെ ചിത്രങ്ങളായിരുന്നു. അക്കാലത്തെ ഇദ്ദേഹത്തിന്റെ മറ്റു പ്രമുഖ രചനകളില്‍ പ്പെട്ടതാണ്‌ "ബറിയല്‍ അറ്റ്‌ ഓര്‍നന്‍സ്‌' (ലൂവര്‍), "ആഫ്‌റ്റര്‍ ഡിന്നര്‍ അറ്റ്‌ ഓര്‍നന്‍സ്‌', "സ്റ്റോണ്‍ ബ്രക്കേഴ്‌സ്‌' എന്നിവ. ബറിയല്‍ അറ്റ്‌ ഓര്‍നന്‍സ്‌ എന്ന ചിത്രം നിശിതമായ വിമര്‍ശനങ്ങള്‍ക്ക്‌ വിധേയമായെങ്കിലും ഇതേ ചിത്രംതന്നെയാണ്‌ കൂര്‍ബേയെ അതിപ്രശസ്‌തനാക്കിയത്‌. ഈ ചിത്രത്തിലൂടെ യഥാതഥ പ്രസ്ഥാനത്തിന്റെ നായകന്‍ എന്ന പദവിക്കും ഇദ്ദേഹം അര്‍ഹനായി. അസാധാരണമായ വിധത്തില്‍ വലുപ്പമുള്ള ഒരു കാന്‍വാസാണ്‌ ഇതിന്റെ രചനയ്‌ക്ക്‌ ഇദ്ദേഹം ഉപയോഗിച്ചത്‌. ഒരു ശവസംസ്‌കാരത്തിന്റെ ഭീകരതയും അഗാധ ദുഃഖവുമെല്ലാം അണുവിടപോലും വ്യത്യാസമില്ലാതെ ഈ ചിത്രത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്‌. അമ്പതു പൂര്‍ണകായ രൂപങ്ങളും ഒരു കൂറ്റന്‍ നായും ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ കാണാം. മേയര്‍, നോട്ടറി, പുരോഹിതന്‍, കല്ലറ കുഴിക്കുന്നയാള്‍, കുരിശു വഹിക്കുന്നവന്‍, വിതുമ്മിക്കരയുന്ന സ്‌ത്രീകള്‍, ചിത്രകാരന്റെ ദുഃഖാര്‍ത്തരായ സുഹൃത്തുക്കള്‍, സഹോദരിമാര്‍, പിതാവ്‌ തുടങ്ങി എല്ലാവരും ഈ ചിത്രത്തില്‍ യഥാതഥമെന്നോണം ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. വാസ്‌തവികതയുടെ മൂര്‍ത്തിമദ്‌ഭാവമായ ഈ ചിത്രം പൊതുജനങ്ങളെ നടുക്കുകതന്നെ ചെയ്‌തു.

"ലേഡീസ്‌ ഫ്രം ദ്‌ വില്ലേജ്‌'-ഗുസ്‌താവ്‌ കൂര്‍ബേയുടെ പെയിന്റിങ്‌

"റിട്ടേണ്‍ ഒഫ്‌ ദ്‌ കോണ്‍ഫറന്‍സ്‌' എന്ന ചിത്രത്തില്‍ ഒരു കൂട്ടം പുരോഹിതന്മാര്‍ മദ്യപിച്ചു മദോന്മത്തരായി ഒരു കഴുതയെ പുലഭ്യം പറയുന്നതാണ്‌ ചിത്രീകരിച്ചിട്ടുള്ളത്‌. പള്ളിയുടെ നേര്‍ക്കുള്ള നിന്ദയായി ഈ ചിത്രം വ്യാഖ്യാനിക്കപ്പെട്ടു. 1850-കളുടെ തുടക്കത്തില്‍ തന്നെ യഥാതഥപ്രസ്ഥാനത്തിന്റെ നേതാവായി ഇദ്ദേഹം അംഗീകരിക്കപ്പെട്ടു. റൂബെന്‍സിനെ അനുകരിച്ചുകൊണ്ട്‌ വരച്ച നിരവധി നഗ്നസുന്ദരികളുടെ ചിത്രങ്ങള്‍ കൂര്‍ബേയുടെ പ്രശസ്‌തിക്കു സാരമായ കോട്ടമുണ്ടാക്കിയെങ്കിലും ഇദ്ദേഹം അത്തരം ചിത്രരചന തുടരുകയാണുണ്ടായത്‌. ഈ പരമ്പരയില്‍ പ്പെട്ട "വിമന്‍ വിത്ത്‌ പാരറ്റ്‌' ഒരു അര്‍ധക്ലാസ്സിക്കല്‍ രചനയാണ്‌. 1854-ല്‍ "ദി ആര്‍ട്ടിസ്റ്റ്‌ സ്റ്റുഡിയോ' എന്ന പേരില്‍ ഇദ്ദേഹം സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള മനുഷ്യരെ ചിത്രീകരിച്ചുതുടങ്ങി. 1855-ല്‍ പാരിസില്‍ വച്ചു നടന്ന "യൂണിവേഴ്‌സല്‍ എക്‌സ്‌പൊസിഷ'നില്‍ കൂര്‍ബേയുടെ "ആന്റീലിയര്‍' എന്ന ചിത്രത്തിന്‌ പ്രവേശനാനുമതി നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്നാണ്‌ കൂര്‍ബേ ലോകപ്രശസ്‌തനായത്‌. തുടര്‍ന്ന്‌ ഇദ്ദേഹം ഷാംപ്‌സേലീസേക്കു സമീപം ഒരു കെട്ടിടത്തില്‍ സ്വന്തം ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം സംഘടിപ്പിച്ചു. പ്രദര്‍ശനം നടന്ന കെട്ടിടത്തിന്റെ വാതിലില്‍ "കൂര്‍ബേ-റിയലിസ്റ്റ്‌' എന്ന്‌ ഒരു വലിയ ബോര്‍ഡും തൂക്കിയിരുന്നു. ഇവിടെ മറ്റ്‌ 40 ചിത്രങ്ങളോടപ്പം ആന്റീലിയര്‍ (സത്യമായ അന്യാപദേശം) പ്രദര്‍ശിപ്പിക്കപ്പെട്ടു. ഈ വലിയ കാന്‍വാസിന്റെ പകുതിയില്‍ താന്‍ ഏറ്റവും നിന്ദിക്കുകയും തിരസ്‌കരിക്കുകയും ചെയ്‌ത എല്ലാംതന്നെ -വര്‍ത്തമാനപത്രങ്ങള്‍, ദാരിദ്യ്രം, വിദ്യാലയം, കാല്‌പനികത, പുരോഹിതന്‍, ഗണിക-ചിത്രീകരിച്ചപ്പോള്‍ വലതുഭാഗത്ത്‌ താന്‍ ഏറ്റവും ഇഷ്‌ടപ്പെട്ട വസ്‌തുക്കളും-സ്വന്തം കുടുംബം, സുഹൃത്തുക്കള്‍, പ്രകൃതി-ചിത്രീകരിച്ചു. താന്‍ വരച്ചുകൊണ്ടിരിക്കുന്ന ഒരു പ്രകൃതിദൃശ്യം ആസ്വദിച്ചുകൊണ്ടു നില്‌ക്കുന്ന ഒരു നഗ്നസുന്ദരിയായാണ്‌ പ്രകൃതിയെ ഇവിടെ അന്യാപദേശരൂപേണ ചിത്രീകരിച്ചിട്ടുള്ളത്‌.

കാല്‌പനികപ്രസ്ഥാനത്തെ ശക്തമായി എതിര്‍ത്തിരുന്ന കൂര്‍ബേ യാഥാതഥ്യരചനയോടാണ്‌ കൂടുതല്‍ താത്‌പര്യം കാണിച്ചിട്ടുള്ളത്‌. മാത്രമല്ല, യാഥാതഥ്യപ്രസ്ഥാനത്തിന്റെ നേതൃത്വം ഇദ്ദേഹം ഏറ്റെടുക്കയും ചെയ്‌തു. ചരിത്രപരവും മതപരവുമായ ആശയങ്ങള്‍ ചിത്രീകരിക്കുകയല്ല, നിത്യജീവിതം കാന്‍വാസില്‍ പകര്‍ത്തുകയാണുവേണ്ടതെന്ന കൂര്‍ബേയുടെ വാദഗതിയെ യുവതലമുറ സഹര്‍ഷം സ്വാഗതം ചെയ്‌തു. യൂറോപ്പു മുഴുവന്‍ ഇദ്ദേഹത്തിന്റെ പ്രശസ്‌തി വ്യാപിച്ചു. ഇദ്ദേഹത്തെ ഏറ്റവും കൂടുതല്‍ ആരാധിച്ചത്‌ ജര്‍മന്‍കാരായിരുന്നു. നിത്യജീവിതചിത്രീകരണത്തിന്‌ ഉത്തമോദാഹരണങ്ങളാണ്‌ ഇദ്ദേഹത്തിന്റെ "ലേഡീസ്‌ ഫ്രം ദ്‌ വില്ലേജ്‌', "യങ്‌ വിമന്‍ ഓണ്‍ ദ്‌ ബാങ്ക്‌സ്‌ ഒഫ്‌ സൈനെ', "ബ്രഡ്‌ അറ്റ്‌ ഹെര്‍ ടോയ്‌ലറ്റ്‌' എന്നീ ചിത്രങ്ങള്‍. 1870-ല്‍ ഇദ്ദേഹം ആര്‍ട്ടിസ്റ്റ്‌സ്‌ ഫെഡറേഷന്റെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. വിപ്ലവപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന കുറ്റം ചുമത്തി ആ വര്‍ഷംതന്നെ ഇദ്ദേഹത്തെ ജയിലിലടച്ചു. നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ സ്‌മരണയ്‌ക്കായി നിര്‍മിച്ചിരുന്ന "വെന്‍ ഡോം സ്‌തംഭം' നശിപ്പിച്ചുവെന്നാരോപിച്ചാണ്‌ ഇദ്ദേഹത്തെ ജയിലിലടച്ചത്‌. സ്വന്തം ചെലവില്‍ ഈ സ്‌തംഭം പുതുക്കിപ്പണിയാന്‍ നിര്‍ബന്ധിതനായ കൂര്‍ബേ ജയിലില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ സ്വിറ്റ്‌സര്‍ലണ്ടില്‍ അഭയം പ്രാപിച്ചു. 1877 ഡി. 31-നു ഇദ്ദേഹം സ്വിറ്റ്‌സര്‍ലണ്ടില്‍ വെവിയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍