This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍, എം.എസ്. (1898 - 1970)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍, എം.എസ്. (1898 - 1970)

ഭാരതീയ ഭൂവിജ്ഞാനി. തമിഴ്നാട്ടില്‍ തഞ്ചാവൂര്‍ ജില്ലയിലെ മഹാരാജപുരം ഗ്രാമത്തില്‍ 1898 ആഗ. 24-ന് ജനിച്ചു. മഹാരാജപുരം സീതാറാം കൃഷ്ണന്‍ എന്നാണ് ഇദ്ദേഹത്തിന്റെ പൂര്‍ണനാമം. അധ്യാപകന്‍, ഗവേഷകന്‍, ഭരണകര്‍ത്താവ്, വിദ്യാഭ്യാസവിചക്ഷണന്‍, ഗ്രന്ഥകര്‍ത്താവ് എന്നീ നിലകളില്‍ സര്‍വാദരണീയനായിരുന്നു എം.എസ്. കൃഷ്ണന്‍.

എം.എസ്.കൃഷ്ണന്‍

മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഭൂവിജ്ഞാനത്തില്‍ ബി.എ. (ഓണേഴ്സ്-1919), എം.എ. (1921) എന്നീ ബിരുദങ്ങള്‍ നേടിയശേഷം മദ്രാസ് പ്രസിഡന്‍സി കോളജില്‍ അധ്യാപകവൃത്തിയില്‍ പ്രവേശിച്ചു. രണ്ടുവര്‍ഷത്തിനുശേഷം ലണ്ടനില്‍ പോയി ഉപരിവിദ്യാഭ്യാസം നടത്തുകയും റോയല്‍ കോളജ് ഒഫ് സയന്‍സിലെ അസോസിയേറ്റ് പദവി (എ.ആര്‍.സി.എസ്. 1922)യും ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടര്‍ ബിരുദവും (1924) സമ്പാദിച്ചു. തുടര്‍ന്ന് ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥനായി. 1949-ല്‍ ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ താത്കാലിക ഡയറക്ടറായി നിയമിതനായതോടെ പ്രസ്തുത സ്ഥാനം അലങ്കരിച്ച ആദ്യത്തെ ഭാരതീയന്‍ എന്ന ബഹുമതിക്ക് ഇദ്ദേഹം അര്‍ഹനായി. 1948-51 കാലത്ത് ഇന്ത്യന്‍ ബ്യൂറോ ഒഫ് മൈന്‍സിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് ജിയോളജിക്കല്‍ സര്‍വേയിലെ താത്കാലിക പദവി വഹിച്ചത്; തുടര്‍ന്ന് 1951-ല്‍ ഈ സ്ഥാനത്ത് സ്ഥിരപ്പെട്ടു. 1955 മുതല്‍ 57 വരെ കേന്ദ്രസര്‍ക്കാരിന്റെ പ്രകൃതി-വിഭവ ശാസ്ത്രഗവേഷണ വിഭാഗത്തില്‍ ഉപദേഷ്ടാവായും തുടര്‍ന്ന് 1958 ആഗസ്റ്റ് വരെ ധന്‍ബാദിലെ ഇന്ത്യന്‍ സ്കൂള്‍ ഒഫ് മൈന്‍സിന്റെ ഡയറക്ടറായും ജോലി നോക്കി. ഈ പദവിയില്‍ നിന്ന് സ്വയം വിരമിച്ച കൃഷ്ണന്‍ ആന്ധ്രാ സര്‍വകലാശാല(വാള്‍ട്ടയര്‍)യുടെ ഭൂവിജ്ഞാന-ഭൂഭൗതിക വകുപ്പിന്റെ തലവനായി നിയമിതനായി. 1961-ല്‍ കേന്ദ്ര-ശാസ്ത്ര-വ്യാവസായിക ഗവേഷണസമിതി (CSIR)യുടെ ക്ഷണം സ്വീകരീച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ജിയോഫിസിക്സ് (ഇന്നത്തെ നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) എന്ന സ്ഥാപനത്തിന്റെ നേതൃത്വം ഏറ്റെടുത്തു. ഡറാഡൂണിലെ ഇംപീരിയല്‍ ഫോറസ്റ്റ് കോളജ് (1928-30), കല്‍ക്കത്താ സര്‍വകലാശാല (1933-35) എന്നിവിടങ്ങളില്‍ പ്രൊഫസറായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എണ്‍പതിലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള എം.എസ്. കൃഷ്ണന്‍, ആംഗലഭാഷയില്‍ രചിച്ച ജിയോളജി ഒഫ് ഇന്ത്യ ആന്‍ഡ് ബര്‍മ എന്ന ഗ്രന്ഥം ഇന്ത്യയിലെ എല്ലാ സര്‍വകലാശാലകളിലും റഷ്യയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള സര്‍വകലാശാലകളിലും പാഠ്യപുസ്തകമായിരുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പല ഗവേഷണസമിതികളിലും ഇദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ബഹുഭാഷാപണ്ഡിതനായിരുന്ന ഇദ്ദേഹം കര്‍ണാടക-പാശ്ചാത്യ സംഗീതശാഖകള്‍, ജ്യോതിശ്ശാസ്ത്രം, ജ്യോതിഷം എന്നിവയില്‍ പാണ്ഡിത്യം നേടിയിരുന്നു. ഭൂവിജ്ഞാനീയ രംഗത്തെ സംഭാവനകളെ മാനിച്ച്, ഇന്ത്യാഗവണ്‍മെന്റ് 1970-ല്‍ ഇദ്ദേഹത്തെ 'പദ്മഭൂഷണ്‍' ബഹുമതി നല്കി ആദരിച്ചു. 1970 ഏ. 21-ന് ഇദ്ദേഹം അന്തരിച്ചു.

(എന്‍.ജെ.കെ. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍