This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍നമ്പ്യാര്‍, വി.ഡി. (1940 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍നമ്പ്യാര്‍, വി.ഡി. (1940 - )

വി.ഡി.കൃഷ്ണന്‍നമ്പ്യാര്‍

വിവര്‍ത്തകനും അധ്യാപകനും. 1940 ഒ. 27-ന് വി.കെ. ദാമോദരന്‍ നമ്പ്യാര്‍-അമ്മിണി നങ്ങ്യാരമ്മ ദമ്പതികളുടെ മകനായി തിരുവല്ലയില്‍ ജനിച്ചു. 1961-ല്‍ കേരള സര്‍വകലാശാലയില്‍നിന്നും ഹിന്ദിസാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബി.എ.യും 1963-ല്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് എം.എ.യും പാസ്സായി. 1963 മുതല്‍ വിവിധ കോളജുകളില്‍ അധ്യാപകനും പ്രിന്‍സിപ്പലും ആയിരുന്നു. 1995-ല്‍ കോളജില്‍ നിന്നും വിരമിച്ച ശേഷം നാലുവര്‍ഷം ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ തിരുവല്ലാ പ്രാദേശിക കേന്ദ്രത്തില്‍ ഹിന്ദി പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഹിന്ദിയിലും മറാഠിയിലും നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുള്ള ഇദ്ദേഹം മുപ്പതോളം സാഹിത്യ രചനകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അവയില്‍ കമലേശ്വറിന്റെ കാലി ആന്ധി (1979), ആഗാമീ അതീത് (1985), അലീം മസ്ദൂറിന്റെ ബഹുത് ദേര്‍കര്‍ ദീ (1978), മോഹന്‍ രാകേഷിന്റെ ആധേ അധുരേ, ഭീഷ്മാ സാഹ്നിയുടെ കടിയാം (1979), ബസന്തി (1993), ജഗദീശ് ചന്ദ്ര മാഥൂറിന്റെ പഹലേ രാജാ (1976) എന്നിവ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയവയാണ്. കമലേശ്വറിന്റെ ദില്ലിയില്‍ ഒരു മരണം (1979), ഭീഷ്മാസാഹ്നിയുടെ അവസരവാദി (1981), ഹരിശങ്കര്‍ പര്‍സായിയുടെ ഇഷ്ടദേവതയെ തേടി (1969), ഈശ്വര്‍ ചന്ദറിന്റെ ഒരു നിമിഷത്തിനുവേണ്ടി (1982) എന്നിവ വിവര്‍ത്തന കഥാസമാഹാരങ്ങളാണ്.

പഞ്ചാബി സാഹിത്യകാരിയായ അജീത്കൗറിന്റെ ആത്മകഥ ഖാനാബദേശ്, താവളമില്ലാത്തവന്‍ എന്ന പേരിലും അതിന്റെ തുടര്‍ച്ച കുപ്പത്തൊട്ടി എന്ന പേരിലും പ്രസിദ്ധീകരിച്ചു. 1500-ഓളം ചെറുകഥകള്‍ ഹിന്ദിയില്‍ നിന്നും മറ്റ് ഇന്ത്യന്‍ ഭാഷകളില്‍നിന്നും വിവര്‍ത്തനം ചെയ്ത് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തില്‍നിന്നും ഹിന്ദിയിലേക്കും ഏറെ കഥകള്‍ മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

വള്ളത്തോള്‍ (1982), മലയാളം കീ ശ്രേഷ്ഠ കഹാനീയാം (1987), മംഗല്‍സൂത്ര (1991), വാനപ്രസ്ഥ (1996), ഷെയര്‍ തുടങ്ങിയവയാണ് കൃഷ്ണന്‍നമ്പ്യാര്‍ ഹിന്ദിയില്‍ പ്രസിദ്ധീകരിച്ച പ്രധാന ഗ്രന്ഥങ്ങള്‍.

കേരള സാഹിത്യഅക്കാദമി, നാഷണല്‍ ബുക്ക് ട്രസ്റ്റ് ഒഫ് ഇന്ത്യ, ഭാരതീയജ്ഞാന്‍ പീഠ് തുടങ്ങിയ പ്രസാധക സ്ഥാപനങ്ങള്‍ക്കുവേണ്ടി നിരവധി ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുള്ള കൃഷ്ണന്‍നമ്പ്യാര്‍ കേരള ഹിന്ദി സാഹിത്യ മണ്ഡല്‍ സെക്രട്ടറി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഹിന്ദി ഉപദേശക സമിതി അംഗം, എന്‍.സി.ഇ.ആര്‍.ടി. ഹിന്ദി എഡിറ്റോറിയല്‍ കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

വിവര്‍ത്തനത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഡോ. അയ്യപ്പപ്പണിക്കര്‍ അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, സെന്‍ട്രല്‍ ഹിന്ദി ഡയറക്ടറേറ്റ് അവാര്‍ഡ്, ദേവി കൃഷ്ണന്‍ ട്രസ്റ്റ് അവാര്‍ഡ്, ബിഹാര്‍ സര്‍ക്കാരിന്റെ ഹിന്ദി സേവാ പുരസ്കാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഹിന്ദി സംസ്ഥാന്‍ അവാര്‍ഡ്, എം.എന്‍. സത്യാര്‍ഥി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍