This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണവാരിയര്‍, പി.വി. (1877 - 1958)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണവാരിയര്‍, പി.വി. (1877 - 1958)

പി.വി.കൃഷ്ണവാരിയര്‍

മലയാള സാഹിത്യകാരനും സംഘാടകനും. കോട്ടയ്ക്കലുള്ള പന്നിയംപള്ളി വാരിയത്ത് ശ്രീദേവി വാരിയസ്യാരുടെയും ചെറുകുളപ്പുറത്ത് ത്രിവിക്രമന്‍ നമ്പൂതിരിയുടെയും മകനായി 1877-ല്‍ (1052 ഇടവം 15) ജനിച്ചു. സാമൂതിരി കോളജില്‍ മെട്രിക്കുലേഷനു പഠിച്ചുവെങ്കിലും പാസായില്ല. ഇംഗ്ലീഷ് വിദ്യാഭ്യാസവും വൈദ്യ പഠനവും വീട്ടില്‍ തുടര്‍ന്നു. കവനകൗമുദി വഴിക്കാണ് വാരിയരുടെ സാഹിത്യപ്രവര്‍ത്തനങ്ങള്‍ അധികവും നടന്നിട്ടുള്ളത്. 1080 വൃശ്ചികം 1-നു പന്തളം കേരളവര്‍മയുടെ പത്രാധിപത്യത്തില്‍ ആരംഭിച്ച കവനകൗമുദിയുടെ അഞ്ചാം വാല്യം ഏഴാം ലക്കം മുതല്‍ (1085) കൃഷ്ണവാരിയര്‍ അതിന്റെ പത്രാധിപത്യം ഏറ്റെടുത്തു. വളളത്തോളിന്റെ വിലാസലതിക, ഉള്ളൂരിന്റെ മാലതി, വി.സി. ബാലകൃഷ്ണപ്പണിക്കരുടെ ഒരു വിലാപം തുടങ്ങി മലയാള സാഹിത്യത്തിലെ ശ്രദ്ധേയങ്ങളായിത്തീര്‍ന്നിട്ടുള്ള വളരെയധികം കൃതികള്‍ കവനകൗമുദിയിലൂടെയാണ് ആദ്യമായി പ്രകാശിപ്പിക്കപ്പെട്ടത്.

മലയാള സാഹിത്യത്തില്‍ ആദ്യമായി വിശേഷാല്‍പ്രതി എന്ന ഒരു ഏര്‍പ്പാടു തുടങ്ങിയത് കൃഷ്ണവാരിയരാണ്. ഭാഷാവിലാസം എന്ന പേരില്‍ ഒമ്പത് പുസ്തകങ്ങള്‍ കവനകൗമുദിയുടെ വിശേഷാല്‍ പ്രതികളായി ഇദ്ദേഹം പ്രസിദ്ധീകരിച്ചു. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കൃതികള്‍ നോക്കി വേണ്ട തിരുത്തലുകള്‍ വരുത്തിക്കൊടുക്കുന്നതിനും ഇദ്ദേഹം പ്രത്യേകം താത്പര്യം പ്രകടിപ്പിച്ചിരുന്നു. മണ്‍മറഞ്ഞ പല കവികളുടെയും ദുര്‍ലഭങ്ങളും നഷ്ടപ്രായങ്ങളും ആയ കൃതികള്‍ ഇദ്ദേഹം സമാഹരിച്ചു പ്രസിദ്ധീകരിക്കുകയുണ്ടായി. കവനകൗമുദിക്കു പുറമേ ധന്വന്തരി, ലക്ഷ്മീവിലാസം, ജന്മി തുടങ്ങിയ മറ്റു പല പത്രമാസികകളും ഇദ്ദേഹത്തിന്റെ ആധിപത്യത്തില്‍ നടത്തിയിരുന്നു. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, ഒറവങ്കര, വി.സി. ബാലകൃഷ്ണപ്പണിക്കര്‍, ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍, നടുവം തുടങ്ങിയവരുടെ കൃതികളുടെ സമ്പാദകനും പ്രകാശകനും ആയിരുന്നു ഇദ്ദേഹം.

കവികുലഗുരു, കവികേസരി എന്നീ ബഹുമതിബിരുദങ്ങള്‍ നേടിയിട്ടുള്ള കൃഷ്ണവാരിയര്‍ കോട്ടയ്ക്കല്‍ സാഹിത്യപരിഷത്തിന്റെ മുഖ്യ സൂത്രധാരന്‍ ആയിരുന്നു. രാഗരത്നാവലി, പ്രത്യക്ഷസ്തോത്രം, ചിന്താഗ്രസ്തനായ ശ്രീരാമന്‍, മണ്‍മറഞ്ഞ സാഹിത്യകാരന്മാര്‍, ആര്യവൈദ്യചന്ദ്രിക (വിവര്‍ത്തനം) തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ കൃതികള്‍. കവനകൗമുദി, മറ്റു സാഹിത്യ പ്രസ്ഥാനങ്ങള്‍ തുടങ്ങിയ സമാരംഭങ്ങളിലൂടെ മലയാള സാഹിത്യത്തില്‍ ഒരു സുവര്‍ണ കാലഘട്ടത്തിനു പശ്ചാത്തലമൊരുക്കിയ കൃഷ്ണവാരിയര്‍ 1958 ന. 18-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍