This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെന്നഡി, ജോണ്‍ പെന്‍ഡില്‍ട്ടണ്‍ (1795 - 1870)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെന്നഡി, ജോണ്‍ പെന്‍ഡില്‍ട്ടണ്‍ (1795 - 1870)

Kennedy, John pendleton

ജോണ്‍ പെന്‍ഡില്‍ട്ടണ്‍ കെന്നഡി

അയര്‍ലണ്ടുകാരനായ ഒരു ഭരണതന്ത്രജ്ഞനും സാഹിത്യകാരനും. കച്ചവടക്കാരനായിരുന്ന ജോണ്‍ കെന്നഡിയുടെയും നാന്‍സി ക്ലേടന്‍ പെന്‍ഡില്‍ട്ടണ്ണിന്റെയും പുത്രനായി ബാള്‍ട്ടിമോറില്‍ 1795 ഒ. 25-ന് ജനിച്ചു. സിന്‍ക്ലെയര്‍ അക്കാദമി, ബാള്‍ട്ടിമോര്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു ബിരുദപഠനം (1812). 1816-ല്‍ നിയമബിരുദമെടുത്ത് വക്കീലായി പ്രവര്‍ത്തനമാരംഭിച്ചു. നിയമവൃത്തിയില്‍ താത്പര്യമില്ലാതിരുന്ന കെന്നഡി ക്രമേണ അതില്‍ നിന്നു പിന്മാറി രാഷ്ട്രീയത്തിലും സാഹിത്യപ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടു. സഹനശക്തി, വിനോദപ്രിയത, സമസൃഷ്ടി സ്നേഹം, പ്രസന്നത എന്നിവ കെന്നഡിയുടെ സ്വഭാവ വിശേഷങ്ങളായിരുന്നു.

1823-ല്‍ മാര്‍ക്കു ലിറ്റില്‍ട്ടണ്‍ എന്ന പേരില്‍ സ്വാലോ ബാണ്‍ (Swallo Barn) എന്ന ഒരു ജീവിതരേഖാ ചിത്രപരമ്പര ഇദ്ദേഹം പ്രസിദ്ധീകരിച്ചു. ജനങ്ങളില്‍ നിന്നും ഇതിന് ഹൃദ്യമായ സ്വാഗതം ലഭിച്ചതോടെ 1835-ല്‍ ഹോഴ്സ് ഷൂ റോബിന്‍സണ്‍ : എ ടെയ്ല്‍ ഒഫ് ദ ടോറി അസെന്‍ഡെന്‍സി (Horse - shoe Robinson:A tale of the Tory ascendendy) എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. റോബ് ഒഫ് ദ ബൗള്‍: എ ലെജെന്റ് ഒഫ് സെന്റ് ഇനിഗോസ് (Rob of the Bowl: a legend of St.Inigoe's), കെന്നഡിയുടെ രാഷ്ട്രീയ ഫലിത പരിഹാസകൃതികള്‍ ക്വോഡ്ലിബെറ്റ് (Quodlibet), സ്കൂള്‍ മാസ്റ്റര്‍ (School Master), മെമോയേഴ്സ് ഒഫ് ദ ലൈഫ് ഒഫ് വില്യം വെര്‍ട്ട് (Memoirs of the life of William Wirt) എന്നിവയാണ് ഇദ്ദേഹത്തിന്റെ ഇതര കൃതികള്‍.

രാഷ്ട്രീയരംഗത്തും സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം 1820-ല്‍ പ്രതിനിധികളുടെ മെറിലാന്‍ഡ് ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1838 ആദ്യം വിഗ് (Whig) ആയി ഇടക്കാല-ഒഴിവില്‍ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും 1838 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. എന്നാല്‍ 1840, 42 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ ആ സ്ഥാനം വീണ്ടെടുക്കാന്‍ കെന്നഡിക്കായി. പ്രസിഡന്റ് ഹാരിസന്റെ മരണത്തെത്തുടര്‍ന്ന് പ്രസിദ്ധീകരിച്ച 'എ ഡിഫെന്‍സ് ഒഫ് ദ വിഗ്സ്' (A Defence of the Whigs) എന്ന പ്രകടനപത്രിക (1844) ടെയിലറുടെ രാഷ്ട്രീയ കാലുമാറ്റത്തെ അപലപിച്ചുകൊണ്ടുള്ളതായിരുന്നു. പ്രസിഡന്റ് ഫില്‍മോറിന്റെ കീഴില്‍ നേവി കാര്യദര്‍ശിയായി ജോലിനോക്കിയിരുന്ന കെന്നഡി 1853-ല്‍ സ്ഥാനമൊഴിയുകയും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു. ദീര്‍ഘകാലത്തെ രോഗബാധയെത്തുടര്‍ന്ന് ന്യൂപോര്‍ട്ടില്‍വച്ച് 1870 ആഗ. 18-ന് കെന്നഡി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍