This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (KADCO)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (KADCO)

സംസ്ഥാനത്തെ കൈത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക വികസനാര്‍ഥം പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനം. മരപ്പണി, സ്വര്‍ണപ്പണി, ലോഹപ്പണി, ചെമ്പ്/വെങ്കലനിര്‍മാണം, മണ്‍പാത്രനിര്‍മാണം, മുള ഉത്പന്ന നിര്‍മാണം. ഗൃഹനിര്‍മാണം, ചെരിപ്പ് നിര്‍മാണം, കരകൗശലവസ്തു നിര്‍മാണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് കൈത്തൊഴിലാളികളായി കണക്കാക്കുന്നത്. 1981-ല്‍ കമ്പനീസ് ആക്റ്റ്-1956 പ്രകാരം സംസ്ഥാന സര്‍ക്കാരിന് കീഴില്‍ സ്ഥാപിതമായ കാഡ്കോയുടെ ആസ്ഥാനം തിരുവനന്തപുരമാണ്. കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രദേശിക കേന്ദ്രങ്ങളുണ്ട്.

കൈത്തൊഴിലാളികള്‍ക്ക് സ്വന്തമായി വ്യാവസായിക അടിസ്ഥാനത്തിലോ, വീടുകള്‍ കേന്ദ്രീകരിച്ചോ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സഹായം നല്കുക, പ്രാഥമിക ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കുക, സഞ്ചരിക്കുന്ന വില്പനശാലകളും ഔട്ട്ലെറ്റുകളും ആരംഭിക്കുക, വിപണനമേളകള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് കാഡ്കോയുടെ ലക്ഷ്യങ്ങള്‍.

വിവിധ വസ്തുക്കള്‍ നിര്‍മിക്കുന്നതിനാവശ്യമായ അസംസ്കൃത സാധനങ്ങള്‍ ശേഖരിച്ച് ന്യായമായ വിലയ്ക്ക് കൈത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കുവാന്‍ കോര്‍പ്പറേഷന്‍ ശ്രമിച്ചുവരുന്നു. ഇതിനായി പ്രാദേശിക വികസന കേന്ദ്രങ്ങള്‍ക്കു കീഴില്‍ വിപണന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതുകൂടാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വിവിധതരം ഉപകരണങ്ങളും കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ക്ക് നല്‍കിവരുന്നു. തൊഴില്‍രഹിതരായ വീട്ടമ്മമാരെ ലക്ഷ്യമാക്കി 'ഗൃഹസ്ഥ' എന്നൊരു പദ്ധതി കാഡ്കോയുടെ കീഴില്‍ നടപ്പിലാക്കുന്നുണ്ട്. എംബ്രോയ്ഡറി, ഫാന്‍സി സാധനങ്ങളുടെ നിര്‍മാണം, ടെറാക്കോട്ട ആഭരണങ്ങളുടെ നിര്‍മാണം, വാഴനാര് കൊണ്ടുള്ള ഉത്പന്നങ്ങള്‍ എന്നിവയാണ് ഗൃഹസ്ഥയിലൂടെ നിര്‍മിക്കപ്പെടുന്നത്. വനിതകള്‍ക്കും തൊഴിലാളികള്‍ക്കും പരിശീലനപരിപാടികളും കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. കൈത്തൊഴിലാളികള്‍ക്ക് സ്വയംതൊഴില്‍ സംഘങ്ങള്‍ ആരംഭിക്കുന്നതിനായി വിവിധതരം വായ്പകളും കാഡ്കോ നല്‍കിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍