This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രെബ്സ്, സര്‍ ഹന്‍സ് അഡോള്‍ഫ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രെബ്സ്, സര്‍ ഹന്‍സ് അഡോള്‍ഫ്

Krebs, Sir Hans Adolf (1900 - 81)

സര്‍ ഹന്‍സ് അഡോള്‍ഫ് ക്രെബ്സ്

നോബല്‍ സമ്മാനിതനും (1953) ജര്‍മന്‍ വംശജനുമായ ബ്രിട്ടീഷ് ജൈവരസതന്ത്രജ്ഞന്‍. 1900 ആഗ. 25-ന് ഹില്‍ഡെസ് ഹൈമില്‍ ജനിച്ചു. ഫ്രൈബുര്‍ഗ്, മ്യൂണിച്ച്, ബര്‍ലിന്‍, ഹാംബുര്‍ഗ് എന്നിവിടങ്ങളിലെ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1925-ല്‍ എം.ഡി. ബിരുദം നേടി. ബര്‍ലിനിലെ കൈസര്‍ വില്‍ഹെല്‍മ് ഇന്‍സ്റ്റിറ്റ്യൂട്ടിലും തുടര്‍ന്ന് ഫ്രൈബുര്‍ഗ് സര്‍വകലാശാലയിലും അധ്യാപകനായി ജോലിനോക്കി. നാസിസത്തിന്റെ വളര്‍ച്ചയോടെ ജര്‍മനി വിടാന്‍ ക്രെബ്സ് നിശ്ചയിച്ചു (1933). ഇംഗ്ലണ്ടിലെത്തിയ ക്രെബ്സ് 1935 മുതല്‍ 54 വരെ ഷെഫീല്‍ഡ് സര്‍വകലാശാലയില്‍ ജൈവരസതന്ത്ര പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1945-ല്‍ ഷെഫീല്‍ഡിലെ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ 'സെല്‍മെറ്റബോളിസം' (കോശ-ഉപാപചയം) വിഭാഗത്തിന്റെ ഡയറക്ടറായി നിയമിക്കപ്പെട്ടു. 1954 മുതല്‍ 67 വരെ ഇദ്ദേഹം ഓക്സ്ഫഡിലെ ജൈവരസതന്ത്ര വിഭാഗത്തിന്റെ തലവനായിരുന്നു.

ട്രൈ കാര്‍ബോക്സിലിക് അമ്ളചക്രത്തിന്റെ (kreb's cycle) ഉപജ്ഞാതാവെന്ന നിലയിലാണ് ക്രെബ്സിന്റെ പ്രശസ്തി. കാള്‍ ഫെര്‍ഡിനാന്‍ഡിന്റെയും ജര്‍ടി കോറിയുടെയും ഗവേഷണത്തിന്റെ തുടര്‍ച്ചയാണ് ക്രെബ്സ് സൈക്കിള്‍. ഗ്ളൈക്കോജന്‍ പോലുള്ള കാര്‍ബോ ഹൈഡ്രേറ്റുകള്‍ ശരീരത്തില്‍വച്ച് വിഘടിച്ച് ലാക്റ്റിക് അമ്ളമായിത്തീരുന്നതെങ്ങനെയെന്ന് കോറിദമ്പതികള്‍ കണ്ടുപിടിച്ചിരുന്നു. ക്രെബ്സ് ആ പ്രക്രിയ പൂര്‍ണമായും വിശദീകരിച്ചു; ലാക്റ്റിക് അമ്ളം ഉപാപചയത്തിനു വിധേയമായി കാര്‍ബണ്‍ ഡൈ ഓക്സൈഡും വെള്ളവുമായിത്തീരുന്ന ഘട്ടങ്ങള്‍ ഇദ്ദേഹം കണ്ടെത്തി. ഈ ഗവേഷണത്തിനാണ് ശരീരശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനുമുള്ള നോബല്‍ സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചത്.

1932-ല്‍ ക്രെബ്സ് കെ. ഹെന്‍സെല്‍ ഹൈറ്റുമായി ചേര്‍ന്ന് യൂറിയാ സൈക്കിള്‍ കണ്ടുപിടിച്ചു. അമിനോ അമ്ളങ്ങള്‍ യൂറിയയുടെ രൂപത്തില്‍ നൈട്രജന്‍ പുറന്തള്ളുന്നതും അത് മൂത്രത്തിലൂടെ വിസര്‍ജിക്കപ്പെടുന്നതുമായ ഘട്ടങ്ങള്‍ വിശദീകരിക്കുന്നതാണ് യൂറിയാ സൈക്കിള്‍. 1981 ന. 22-ന് നിര്യാതനായി. നോ. ഉപാപചയം; കോറി കാള്‍ ഫെര്‍ഡിനാന്‍ഡ്; കോറി, ജെര്‍ടി തെറീസാ റാഡ്നിറ്റ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍