This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുണ്ണാമ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചുണ്ണാമ്പ്

Lime

കക്ക, ചുണ്ണാമ്പുകല്ല്, മുത്തുകല്ല് മുതലായവ നീറ്റി പൊടിച്ച് ഉണ്ടാക്കുന്ന പദാര്‍ഥം (ക്വിക് ലൈം). രാസനാമം: കാല്‍സ്യം ഓക്സൈഡ് (CaO). സാധാരണ ചുണ്ണാമ്പില്‍ വെള്ളം ചേര്‍ത്തുണ്ടാക്കുന്ന നീറ്റുചുണ്ണാമ്പ് (സ്ലേക്കഡ് ലൈം) കാല്‍സിയം ഹൈഡ്രോക്സൈഡാണ് [Ca(OH)2]. പുരാതനകാലത്തെ മനുഷ്യന്‍ ഉപയോഗിച്ചിരുന്ന രാസപദാര്‍ഥമാണ് ചുണ്ണാമ്പ്. സു. ബി.സി. 2500-ല്‍ മെസൊപ്പൊട്ടേമിയയില്‍ ചുണ്ണാമ്പു നീറ്റലും ചുണ്ണാമ്പ് ചാന്തിന്റെ ഉപയോഗവും ഉണ്ടായിരുന്നു. ജലത്തിനടിയില്‍ ഉറയ്ക്കുന്ന തരം ഹൈഡ്രോളിക് സിമന്റ് ഉണ്ടാക്കാനാണ് റോമാക്കാര്‍ ചുണ്ണാമ്പുപയോഗിച്ചിരുന്നത്. മൃഗചര്‍മത്തില്‍ നിന്ന് രോമം നീക്കാന്‍ മധ്യയുഗത്തില്‍ യൂറോപ്പില്‍ ചുണ്ണാമ്പ് ഉപയോഗിച്ചിരുന്നു. നവോത്ഥാനകാലഘട്ടം ആയപ്പോഴേക്കും കൃഷിയിടങ്ങളില്‍ മണ്ണിന്റെ അമ്ലത കുറയ്ക്കാനായി ചുണ്ണാമ്പുപയോഗിച്ചു തുടങ്ങി. ഭാരതത്തില്‍ പ്രാചീന കാലം മുതല്ക്കേ വെറ്റില മുറുക്കാനും വെള്ള പൂശാനും ചുണ്ണാമ്പ് ഉപയോഗിച്ചിരുന്നു.

കാല്‍സിയം കാര്‍ബണേറ്റ് (CaCO3) അടങ്ങുന്ന ധാതുക്കള്‍ (ചുണ്ണാമ്പു കല്ല്, ചോക്ക് മുതലായവ) 1000°C -നു മുകളില്‍ ചൂടാക്കുമ്പോള്‍ കാല്‍സിയം ഓക്സൈഡും (CaO) കാര്‍ബണ്‍ ഡൈ ഓക്സൈഡും (CO2) ഉണ്ടാകുന്നു. പ്രതിലോമ പ്രവര്‍ത്തനം നടക്കാനിടയുള്ളതിനാല്‍ (CO2) ഉത്പാദിപ്പിക്കപ്പെട്ടാലുടന്‍ തന്നെ നീക്കം ചെയ്യേണ്ടതാണ്. ചുണ്ണാമ്പ് ഉണ്ടാക്കുന്ന ചൂളകള്‍ വളരെ പണ്ടു മുതല്ക്കേ പ്രചാരത്തിലിരുന്നു. ചുണ്ണാമ്പു കല്ല്, ചോക്ക്, കക്ക മുതലായവ വിറകിനുമുകളില്‍ കൂട്ടിയിട്ടു കത്തിക്കുകയായിരുന്നു പണ്ട് ചെയ്തിരുന്നത്. ഇങ്ങനെ കിട്ടുന്ന ചുണ്ണാമ്പിന് ഗുണനിലവാരം കുറവാണ്. മാത്രമല്ല, ഒരു നിരന്തര പ്രക്രിയല്ലാത്തതിനാല്‍ സമയ നഷ്ടവും താപനഷ്ടവും ഉണ്ടാവുന്നു. നിരന്തരമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന വിവിധതരം ചൂളകള്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ട് (നോ. ചൂളകള്‍). ഖനനം ചെയ്തെടുത്ത ചുണ്ണാമ്പ് കല്ല് ഉപയോഗിക്കുന്ന ചൂളയ്ക്കനുയോജ്യമായ അളവിലും വലുപ്പത്തിലും പൊടിച്ച് അരിച്ചെടുത്ത് ചൂളയില്‍ ഇടുന്നു. 1000-14000°C ഊഷ്മാവില്‍ കാല്‍സിയം കാര്‍ബണേറ്റിന് രാസവിയോജനം സംഭവിക്കുകയും കാല്‍സിയം ഓക്സൈഡും കാര്‍ബണ്‍ ഡൈ ഓക്സൈഡും ഉണ്ടാവുകയും ചെയ്യുന്നു. ചുണ്ണാമ്പുകല്ലിന്റെ ഭാരത്തിന്റെ 44 ശ.മാ. വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തേക്കു പോവുന്നു. ബാക്കിഭാഗം ചുണ്ണാമ്പായി ചൂളയില്‍ അവശേഷിക്കും. ഉയര്‍ന്ന ഊഷ്മാവില്‍ അധിക സമയം ചൂടുപാകം (Calcine) ചെയ്തു ലഭിക്കുന്ന ചുണ്ണാമ്പില്‍ സുഷിരങ്ങള്‍ തീരെ കാണുകയില്ല. ഉയര്‍ന്ന സാന്ദ്രതയും കുറഞ്ഞ രാസപ്രതിക്രിയാക്ഷമതയും ഇത്തരം ചുണ്ണാമ്പിന്റെ പ്രത്യേകതയാണ്. എത്ര ഉയര്‍ന്ന ഊഷ്മാവിലും ഈ ചുണ്ണാമ്പ് ജലവുമായി പ്രതിപ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ ഒരു റിഫ്രാക്ടറി പദാര്‍ഥ(വളരെ ഉയര്‍ന്ന താപനില ചെറുത്തു നില്‍ക്കാന്‍ ശക്തിയുള്ള വസ്തു)മെന്നനിലയില്‍ ഇതു സമര്‍ഥമാണ്. താഴ്ന്ന ഊഷ്മാവില്‍ കുറച്ചു സമയം ചൂടുപാകം ചെയ്തുണ്ടാക്കുന്ന ചുണ്ണാമ്പ് മൃദുവും സുഷിരങ്ങളുള്ളതുമായിരിക്കും. ജലവും അമ്ളവുമായുള്ള പ്രതിപ്രവര്‍ത്തനം സ്ഫോടനാത്മകമാണ്.

വ്യാവസായികാടിസ്ഥാനത്തില്‍ ചുണ്ണാമ്പ് കട്ടകളായോ ചരല്‍ രൂപത്തിലോ നേര്‍ത്ത പൊടിയായോ ലഭ്യമാണ്.

ഗുണധര്‍മങ്ങള്‍. ശുദ്ധമായ ചുണ്ണാമ്പ് വെളുത്ത പൊടിയാണ്. അതിലടങ്ങിയിരിക്കുന്ന മാലിന്യങ്ങള്‍ക്കനുസൃതമായി നിറം മഞ്ഞയോ ചാരമോ ആവാനിടയുണ്ട്. ചുണ്ണാമ്പിന് ഒരു പ്രത്യേകതരം പുളിച്ച മണമാണ്. ഉരുകല്‍ നില 2580°C, തിളനില 2850°C, ആപേക്ഷിക ഗുരുത്വം സു. 3.3. ചുണ്ണാമ്പു നീറ്റുമ്പോള്‍ അന്തരീക്ഷത്തില്‍ ഒരു ഉജ്ജ്വല പ്രകാശം പരക്കുന്നു. ഇതിന് ലൈംലൈറ്റ് (Lime light) എന്ന് പറയുന്നു. പണ്ട് അരങ്ങിലെ നടീനടന്മാരുടെ നേര്‍ക്ക് പായിക്കാന്‍ തിയെറ്ററുകളില്‍ ഈ വെളിച്ചം ഉപയോഗിച്ചിരുന്നു.

എല്ലാ ഊഷ്മാവിലും സ്ഥായിയായ ഒരു രാസപദാര്‍ഥമാണ് ചുണ്ണാമ്പ്. ചുണ്ണാമ്പിലേക്ക് വെള്ളം ഒഴിക്കുമ്പോള്‍ വളരെയധികം താപം ബഹിര്‍ഗമിക്കുന്നു. ജലവുമായി ഇപ്രകാരം പ്രതിപ്രവര്‍ത്തിക്കുന്നതിനാല്‍ ചുണ്ണാമ്പ് ഒരു ജലശോഷകം (desiccant) ആയി ഉപയോഗിക്കപ്പെടുന്നു. ജലവുമായുള്ള ഈ പ്രതിക്രിയയാണ് ചുണ്ണാമ്പുനീറ്റല്‍ (സ്ലേക്കിങ്). നീറ്റുചുണ്ണാമ്പ് [(Ca(OH)2] പുട്ടി(ലപ്പം)യുടെ രൂപത്തിലോ നേര്‍ത്ത ധൂളികളായോ ലഭ്യമാണ്. നീറ്റുചുണ്ണാമ്പ് മണ്ണും വെള്ളവുമായി കൂട്ടിക്കുഴച്ച് കൊഴുത്ത മാവുപരുവത്തിലാകുമ്പോള്‍ അതിനെ ചുണ്ണാമ്പുചാന്ത് (mortar) എന്നുപറയുന്നു. ചുണ്ണാമ്പുചാന്തില്‍നിന്ന് ജലം ബാഷ്പീകരിച്ച് കാല്‍സിയം സിലിക്കേറ്റും കാല്‍സിയം ഹൈഡ്രോക്സൈഡും ഉണ്ടാകുന്നു. ചുണ്ണാമ്പിന്റെ സാന്ദ്രത നിര്‍ണയിക്കുന്നത് അതിലടങ്ങിയിരിക്കുന്ന സ്വതന്ത്ര കാല്‍സിയം ഓക്സൈഡിന്റെ അളവിന്റെ അടിസ്ഥാനത്തിലാണ്.

വിവിധതരം ചുണ്ണാമ്പുകള്‍. നിര്‍മാണ-സംസ്കരണ പ്രക്രിയകള്‍, ഉപയോഗങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി ചുണ്ണാമ്പിനെ തരംതിരിച്ചിരിക്കുന്നു:

1. കാല്‍സിയം ചുണ്ണാമ്പ്. കാല്‍സിയം ധാരാളമുള്ള ചുണ്ണാമ്പുകല്ലില്‍നിന്ന് ലഭിക്കുന്ന ചുണ്ണാമ്പ്. ഇത്തരം ചുണ്ണാമ്പുകല്ലില്‍ 5 ശ.മാ. താഴെയാണ് മഗ്നീഷ്യം കാര്‍ബണേറ്റി (MgCO3)ന്റെ അളവ്.

2. മഗ്നീഷ്യം ചുണ്ണാമ്പ്. 5-20 ശ.മാ. മഗ്നീഷ്യം കാര്‍ബണേറ്റ് (MgCO3) അടങ്ങുന്ന ചുണ്ണാമ്പുകല്ലില്‍നിന്ന് ലഭിക്കുന്നു. യൂറോപ്പിലും യു.എസ്സിലും ഇത്തരം ചുണ്ണാമ്പുകല്ലുകള്‍ കൂടുതലായി കാണപ്പെടുന്നു.

3. ഡോളമിറ്റിക് ചുണ്ണാമ്പ് (dolomitic lime). 20 ശതമാനത്തിലേറെ മഗ്നീഷ്യം കാര്‍ബണേറ്റ് ഉള്ള ഡോളോമൈറ്റ് ചുണ്ണാമ്പുകല്ലില്‍ (CaCO3.MgCO3) നിന്ന് ലഭിക്കുന്നു.

4. ലീന്‍ ലൈം (lean lime). സിലിക്ക, ഇരുമ്പ്, അലൂമിന എന്നീ മാലിന്യങ്ങള്‍ കൂടിയ അളവില്‍ ഉള്ളതുമൂലം ഇത്തരം ചുണ്ണാമ്പ് ജലവുമായി പ്രതിപ്രവര്‍ത്തിക്കുന്നില്ല.

5. ഫാറ്റ് ലൈം (fat lime). നിര്‍മാണ ആവശ്യങ്ങള്‍ക്ക് ലപ്പം ആയി ഉപയോഗിക്കുന്നു.

6. കാര്‍ഷിക ചുണ്ണാമ്പ്. വളരെ കുറച്ചു വെള്ളം ഉപയോഗിച്ച് നീറ്റിയ ചുണ്ണാമ്പ് (air slaked lime). ഈര്‍പ്പമുള്ള വായുവില്‍ ചുണ്ണാമ്പ് തുറന്നുവയ്ക്കുമ്പോള്‍ അന്തരീക്ഷത്തില്‍നിന്ന് ഈര്‍പ്പവും കാര്‍ബണ്‍ ഡൈ ഓക്സൈഡും വലിച്ചെടുത്ത് കാല്‍സിയം കാര്‍ബണേറ്റും (CaCO3) കാല്‍സിയം ഹൈഡ്രോക്സൈഡും [Ca(OH)2] അടങ്ങുന്ന ഒരു മിശ്രിതം ഉണ്ടാകുന്നു. ഒരു ഓട്ടോക്ലേവിനകത്ത് ഉയര്‍ന്ന താപത്തിലും മര്‍ദത്തിലും ജലവുമായി പ്രതിപ്രവര്‍ത്തിച്ച് പ്രഷര്‍ ഹൈഡ്രേറ്റഡ് ലൈം ഉണ്ടാകുന്നു. ഇത്തരം ചുണ്ണാമ്പിന്റെ ആപേക്ഷിക ഗുരുത്വം 2.3-2.5 ആണ്.

7. നീറ്റുചുണ്ണാമ്പ്. നിര്‍മാണ ആവശ്യങ്ങള്‍ക്ക് സാധാരണയായി ഉപയോഗിക്കുന്നത് നീറ്റുചുണ്ണാമ്പാണ് (ഹൈഡ്രേറ്റഡ് ലൈം.) വെള്ള പൂശാന്‍ ഉപയോഗിക്കുന്ന കുമ്മായം ഹൈഡ്രേറ്റഡ് ലൈമിന്റെ ഒരു സംസ്കൃത രൂപമാണ്.

8. കാര്‍ബൈഡ് ലൈം. കാല്‍സിയം കാര്‍ബൈഡില്‍ (CaC2) നിന്ന് അസറ്റിലീന്‍ (C2H2) ഉണ്ടാക്കുമ്പോള്‍ ലഭിക്കുന്ന ഉപോത്പന്നം. ഇതിന് ചാരനിറവും അസറ്റലീനിന്റേതുപോലെയുള്ള ഗന്ധവുമാണ്.

9. കെമിക്കല്‍ ലൈം. രാസവ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന ഹൈഡ്രേറ്റഡ് ലൈമിന്റെയും ക്വിക്ക് ലൈമിന്റെയും ശുദ്ധമായരൂപം.

10. ഫ്ളക്സിങ് ലൈം. സ്റ്റീല്‍, ഇരുമ്പ്, ഇതര ലോഹങ്ങള്‍, ഗ്ലാസ് മുതലായവ ഉത്പാദിപ്പിക്കുമ്പോള്‍ ദ്രവണംമൂലം ലോഹത്തിന്റെ വിജാരണം ത്വരിപ്പിക്കുന്നതിനായി അതിലേക്ക് ചേര്‍ക്കുന്ന ചുണ്ണാമ്പ്.

11. ഹൈഡ്രോളിക് ലൈം (റോമന്‍ ലൈം). സിലിക്ക, അലൂമിന, ഇരുമ്പ്, മഗ്നീഷ്യം എന്നിവയടങ്ങുന്ന ചുണ്ണാമ്പുകല്ലില്‍നിന്ന് ലഭിക്കുന്ന ചുണ്ണാമ്പ്. ജലവുമായി പ്രതിപ്രവര്‍ത്തിക്കുന്നത് താരതമ്യേന സാവധാനത്തിലാണ്. അതിനാല്‍ ജലത്തിനടിയില്‍വച്ച് ഉറയ്ക്കുന്നതരം സിമന്റ് ഉണ്ടാക്കാനാണ് ഈ ചുണ്ണാമ്പ് ഉപയോഗിക്കുന്നത്.

12. ഹൈഡ്രേറ്റഡ് ലൈം [ലൈം പുട്ടി (ലപ്പം)]. വെള്ളം അധികമുള്ള കൊഴുത്ത മാവുപരുവത്തിലുള്ള ചുണ്ണാമ്പ്.

13. മേസണ്‍സ് ലൈം. നിര്‍മാണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചുണ്ണാമ്പ് (ചാന്ത്).

14. മില്‍ക് ഒഫ് ലൈം. വെങ്കളി അഥവാ പാല്‍ക്കുമ്മായം. ചുണ്ണാമ്പിന്റെ നേര്‍ത്ത ജലീയ പ്ലവം.

15. ലിവര്‍ ഒഫ് ലൈം (സള്‍ഫ്യൂറേറ്റഡ് ലൈം). തിളങ്ങുന്ന ചായങ്ങള്‍, രോമനിര്‍മാര്‍ജനത്തിനുള്ള വസ്തുക്കള്‍ എന്നിവ നിര്‍മിക്കാന്‍ കാല്‍സിയം സള്‍ഫൈഡ് അടങ്ങുന്ന ചുണ്ണാമ്പുപയോഗിക്കുന്നു.

16. സ്പ്രേ ലൈം. ജലമയമില്ലാത്ത, നേര്‍ത്ത ധൂളീരൂപത്തിലുള്ള ചുണ്ണാമ്പ്. സ്പ്രേ പെയിന്റുകളില്‍ ചേര്‍ക്കുന്നു.

17. ചുണ്ണാമ്പുവെള്ളം. നീറ്റു ചുണ്ണാമ്പിന്റെ ജലീയ ലായനി.

ഉപയോഗങ്ങള്‍. ധാരാളം ഉപയോഗങ്ങളുള്ള ഒരു പദാര്‍ഥമാണ് ചുണ്ണാമ്പ്. ചരിത്രാരംഭം മുതല്ക്കേ ഒരു നിര്‍മാണ വസ്തു എന്ന നിലയില്‍ ചുണ്ണാമ്പ് ഉപയോഗിച്ചിരുന്നതായി കാണാം. രാസവ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങളില്‍ രണ്ടാംസ്ഥാനം ചുണ്ണാമ്പിനാണ് (സള്‍ഫ്യൂറിക് അമ്ളത്തിനാണ് ഒന്നാംസ്ഥാനം). ഒരു ക്ഷാരം എന്ന നിലയ്ക്കാണ് ചുണ്ണാമ്പ് രാസവ്യവസായങ്ങളില്‍ ഉപയോഗിക്കുന്നത്. നീറ്റുചുണ്ണാമ്പാണ് വ്യാവസായിക ആവശ്യങ്ങള്‍ക്ക് പ്രധാനമായും ഉപയോഗിക്കുന്നത്.

സ്റ്റീല്‍, കാല്‍സിയം കാര്‍ബൈഡ്, പള്‍പ്പ്, പേപ്പര്‍, സോപ്പ് എന്നീ വ്യവസായങ്ങളിലും തുകല്‍ വ്യവസായത്തില്‍ മൃഗചര്‍മങ്ങളില്‍നിന്ന് രോമം നീക്കാനും ചര്‍മശോധനത്തിനും ചുണ്ണാമ്പ് ഉപയോഗിക്കുന്നു. പഞ്ചസാര, പെട്രോളിയം എന്നിവയുടെ ശുദ്ധീകരണത്തിനും ചുണ്ണാമ്പ് ഉപയോഗിക്കുന്നുണ്ട്. മണ്ണിന്റെ അമ്ളത കുറയ്ക്കാനാണ് കര്‍ഷകന്‍ ചുണ്ണാമ്പ് ഉപയോഗിക്കുന്നത്. റോഡ്, റണ്‍വേ നിര്‍മാണഘട്ടത്തില്‍ മണ്ണ് ഉറപ്പിക്കുന്നതിനായി ചുണ്ണാമ്പ് ഉപയോഗിക്കുന്നു. ട്രൈകാല്‍സിയം സിലിക്കേറ്റും ട്രൈകാല്‍സിയം അലൂമിനേറ്റും അടങ്ങുന്ന പോര്‍ട്ട്ലന്‍ഡ് സിമന്റ് നിര്‍മാണത്തിന് ചുണ്ണാമ്പ് സിലിക്കയും അലൂമിനയുമായി പ്രതിപ്രവര്‍ത്തിപ്പിക്കുന്നു. കെട്ടിടനിര്‍മാണത്തിന് ചാന്തുണ്ടാക്കുമ്പോള്‍, കരണ്ടികൊണ്ട് ഉപയോഗിക്കാന്‍ പാകത്തിനുള്ള പ്ളാസ്തികത അതിനു നല്കാനാണ് സിമന്റിനോടൊപ്പം ചുണ്ണാമ്പ് ചേര്‍ക്കുന്നത്. കാല്‍സിയം അടങ്ങുന്ന നീറ്റു ചുണ്ണാമ്പാണ് മണലും ചുണ്ണാമ്പും അടങ്ങുന്ന ഇഷ്ടികയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. നേര്‍ത്ത സിലിക്കയും മണലും അലൂമിനയും ചുണ്ണാമ്പും ചേര്‍ത്താണ് സെല്ലുലാര്‍ കോണ്‍ക്രീറ്റ് ഉണ്ടാക്കുന്നത്. ലോഹങ്ങളുടെ സംസ്കരണ പ്രക്രിയയില്‍ ചുണ്ണാമ്പിന് പ്രധാന പങ്കുണ്ട്. ഇരുമ്പ് നിര്‍മാണത്തില്‍ ചുണ്ണാമ്പ് ഒരു ബേസിക് ഫ്ളക്സായി പ്രവര്‍ത്തിക്കുന്നു. സിലിക്ക (si), സള്‍ഫര്‍ (s) എന്നീ മാലിന്യങ്ങള്‍ ഇതില്‍ അലിയുന്നു. അങ്ങനെ ശുദ്ധമായ ഇരുമ്പ് ലഭിക്കുന്നു. സുഷിരങ്ങള്‍ തീരെയില്ലാത്ത, കാഠിന്യമേറിയ തരം ചുണ്ണാമ്പ് മൂശകളുടെയും ചൂളകളുടെയും താപരോധക ആവരണമായി ഉപയോഗിക്കാറുണ്ട്. കടല്‍ജലത്തില്‍നിന്ന് മഗ്നീഷ്യം നിഷ്കര്‍ഷണം ചെയ്യാനും ബോക്സൈറ്റ് അയിരില്‍നിന്ന് അലുമിനിയം ഉത്പാദിപ്പിക്കാനും ചുണ്ണാമ്പ് പ്രയോജനപ്പെടുത്തുന്നു. നീറ്റ് ചുണ്ണാമ്പും ക്ളോറിനുമായി പ്രതിപ്രവര്‍ത്തിച്ചാണ് കാല്‍സിയം ഹൈപ്പോക്ലോറൈറ്റ് (CaOCl2) എന്ന അലക്കുകുമ്മായം ഉണ്ടാക്കുന്നത്. അലക്കുകാരം (സോഡാക്കാരം) ഉത്പാദിപ്പിക്കുന്ന സോള്‍വേ പ്രക്രിയയില്‍ ചുണ്ണാമ്പ് ഉപയോഗിക്കുന്നു. ജലത്തിന്റെ പല സംസ്കരണപ്രക്രിയകളിലും ചുണ്ണാമ്പ് ഒരു പ്രധാന രാസപദാര്‍ഥമാണ്. ജലത്തിന്റെ കാഠിന്യം മാറ്റാനും ബാക്ടീരിയങ്ങളെ നശിപ്പിക്കാനും അമ്ളത കുറയ്ക്കാനും മാലിന്യങ്ങളുടെ ഓക്സീകരണം തടയാനും ജലത്തില്‍നിന്ന് ടാനിന്‍ അടങ്ങുന്ന പദാര്‍ഥങ്ങള്‍ നീക്കം ചെയ്യാനും ആണ് ഈ മേഖലയില്‍ ചുണ്ണാമ്പിന്റെ ഉപയോഗം. വായു മലിനീകരണം തടയുന്ന സ്ക്രബ്ബര്‍ എന്ന ഉപകരണത്തില്‍ ചുണ്ണാമ്പ് പ്രയോജനപ്പെടുത്താറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍