This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംസ്റ്റ്രോങ്‌, ലൂയി ഡാനിയല്‍ (1900 - 71)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആംസ്റ്റ്രോങ്‌, ലൂയി ഡാനിയല്‍ (1900 - 71)

Armstrong, Louis Daniel

ജാസ്‌ സംഗീതത്തിലെ പ്രസിദ്ധനായ ട്രമ്പറ്റ്‌ വായനക്കാരന്‍. 1900 ജൂല. 4-ന്‌ ന്യൂഓര്‍ലിയന്‍സിന്‍ ജനിച്ചു. പല അനുഗ്രഹീത കലാകാരനായിരുന്നു ആംസ്റ്റ്രോങ്‌. വളരെ ചെറുപ്പം മുതലേ തെരുവില്‍ വാദ്യസംഗീതം മുഴുക്കുന്നവരുമായി ഇടപഴകി ജീവിച്ചു. ആ സന്ദര്‍ഭത്തില്‍ ജാസ്‌ സംഗീതത്തിന്റെ പ്രചാരകന്മാരില്‍ പലരേയും പരിചയപ്പെടുന്നതിനിടയായി. യുവാവായിരുന്നപ്പോള്‍ മിസിസിപ്പി നദിയില്‍ക്കൂടി ബോട്ടില്‍ സംഗീതം ആലപിക്കുന്ന സംഘത്തിലും മാര്‍ച്ചിങ്‌ ഗാനാലാപനസംഘത്തിലും പങ്കുകൊണ്ടു. 1922-ല്‍ ഷിക്കാഗോയിലെ പ്രധാനപ്പെട്ട "ബാന്‍ഡി'ലെ ഒരംഗമായതിനു ശേഷമാണ്‌ ആംസ്റ്റ്രാങ്‌ പ്രസിദ്ധിയാര്‍ജിച്ചത്‌.

ലൂയി ഡാനിയല്‍ ആംസ്റ്റ്രോങ്‌

ക്ലാറിനറ്റ്‌, ട്രമ്പറ്റ്‌, ട്രാബ്‌ബോണ്‍ എന്നീ മൂന്നു വാദ്യോപകരണങ്ങള്‍മാത്രം ഉപയോഗിച്ചായിരുന്നു ആദ്യകാലത്ത്‌ ജാസ്‌ സംഗീതക്കച്ചേരി നടത്തിവന്നിരുന്നത്‌. ഈ പതിവില്‍നിന്നു ഭിന്നമായി ട്രമ്പറ്റിനു പ്രാധാന്യം നല്‌കിക്കൊണ്ടുള്ള അവതരണം നടപ്പാക്കിയതുവഴി ആംസ്റ്റ്രോങ്‌ ജാസ്‌ സംഗീതത്തില്‍ വരുത്തിയത്‌ വലിയൊരു വ്യതിയാനമാണ്‌. 1925-28 കാലഘട്ടത്തില്‍ ഇദ്ദേഹത്തിന്റെ ഗാനങ്ങളുടെ ഒട്ടുവളരെ സ്വനഗ്രാഹിശബ്‌ദ രേഖകള്‍ നിര്‍മിക്കപ്പെട്ടിരുന്നു. ആദ്യകാലത്ത്‌ നിര്‍മിക്കപ്പെട്ടിരുന്ന ഇത്തരം ശബ്‌ദരേഖകള്‍ ജാസ്‌ സംഗീതത്തിലെ ക്ലാസ്സിക്കുകളായി പരിഗണിക്കപ്പെട്ടുവരുന്നു. 1936-ല്‍ ജാസ്‌ സംഗീതത്തില്‍ വ്യാപൃതനായിരുന്ന കാലഘട്ടത്തിലെ അനുഭവങ്ങളെ അനുസ്‌മരിച്ച്‌ ആത്മകഥാപരമായി-സ്വിങ്‌ ദാറ്റ്‌ മ്യൂസിക്ക്‌ (Swing that Music)എന്ന ഒരു കൃതി ഇദ്ദേഹം രചിച്ചു. വളരെക്കാലം യു.എസ്സിന്റെ സൗഹൃദ ദൗത്യവുമായി ഇദ്ദേഹം ലോകത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ വ്യക്തിത്വമാര്‍ന്ന ശബ്‌ദവും അദ്‌ഭുതാവഹമായ ട്രമ്പറ്റ്‌ പ്രയോഗവും മാധുര്യമൂറുന്ന പൂഞ്ചിരിയും ലോകപ്രസിദ്ധമാണ്‌. 1971 ജൂല. 6-ന്‌ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍