This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആക് റ്റിനോമൈസീറ്റുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആക് റ്റിനോമൈസീറ്റുകള്‍

Actinomycetes

ശാഖകളോടുകൂടിയ ഏകകോശജീവികളുടെ ഒരു സമൂഹം. ബാക്ടീരിയയുമായി അടുത്ത ബന്ധമുളള ഇവയെ ഉയര്‍ന്ന ഇനം ശാഖിത (branched) ബാക്ടീരിയയായി തെറ്റിദ്ധരിക്കാറുണ്ട്. ഫംഗസു (fungus)കള്‍ക്കും ബാക്ടീരിയയ്ക്കും മധ്യവര്‍ത്തിയായ ഒരു പ്രത്യേക വിഭാഗമായും വ്യവഹരിക്കപ്പെട്ടിരുന്നു. ഫംഗസുകളുടെയും ബാക്ടീരിയയുടെയും ആദിപ്രരൂപ (prototype)ത്തിന്റെ സ്ഥാനവും ഇവയ്ക്കു നല്കപ്പെട്ടിരുന്നു.

ആക്ററിനോമൈസീറ്റുകള്‍ വിവിധ ജീനസ്സുകളിലായി അനവധി സ്പീഷീസുണ്ട്. ബാഹ്യഘടനയിലും, ശരീരക്രിയാപരമായും, ജീവരസതന്ത്രപരമായും, പ്രകൃതിയില്‍ ഇവയ്ക്കുള്ള പങ്കിന്റെ അടിസ്ഥാനത്തിലും, ഉപയോഗത്തിന്റെ വൈവിധ്യത്തിലും ഒക്കെ വിവിധയിനങ്ങള്‍ തമ്മില്‍ വ്യത്യസ്തസ്വഭാവം പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രകൃതിയിലെ ജൈവവിഘടനപ്രക്രിയയില്‍ ഇവ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതങ്ങളായ കാര്‍ബണ്‍, നൈട്രജന്‍ എന്നിവയെ സ്വതന്ത്രമാക്കുന്ന പ്രക്രിയയിലും ഇവയുടെ പങ്ക് സുപ്രധാനമാണ്. ചില ആക്റ്റിനോമൈസീറ്റുകള്‍ ജന്തുക്കളിലും മറ്റു ചിലത് സസ്യങ്ങളിലും രോഗമുണ്ടാക്കുന്നവയുമാണ്. ആന്റിബയോട്ടിക്കുകള്‍, ജീവകം, പ്രോട്ടീന്‍, എന്‍സൈമുകള്‍ എന്നിവയുടെ വന്‍തോതിലുള്ള ഉത്പാദനത്തില്‍ ഇവയെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഈ രാസയൌഗികങ്ങള്‍ ഒക്കെത്തന്നെ രോഗപ്രതിരോധത്തിനും ചികിത്സാവിധികള്‍ക്കുമായി ഉപയോഗപ്പെടുത്തിവരുന്നു.

സ്റ്റ്രെപ്റ്റോമൈസെസ് ജീനസ്സില്‍പ്പെട്ട ആക്റ്റിനോമൈസീറ്റിന്റെ വളര്‍ച്ച

1875-ല്‍ ഫെര്‍ഡിനാന്‍ഡ് കോഹന്‍ എന്ന ശാസ്ത്രകാരനാണ് അശ്രുവാഹിനി (lacrimal duct)യുടെ സംഗ്രഥന(concretion) ത്തില്‍ ആക്റ്റിനോമൈസീറ്റുകളെ ആദ്യമായി കണ്ടെത്തിയത്. ഇദ്ദേഹം ഇതിനെ സ്ട്രെപ്റ്റോത്രിക്സ് ഫോര്‍സ്റ്റെറി (Streptothrix foersteri) എന്നു പേരിട്ടു. രണ്ടു വര്‍ഷത്തിനുശേഷം ഹാര്‍ഷ് എന്ന ശാസ്ത്രകാരന്‍ 'ലംപി ജോ' (lumpy jaw) എന്ന കന്നുകാലിരോഗത്തിന്റെ നിദാനമായി കരുതപ്പെട്ട ഒരു ജീവിയെപ്പറ്റി പഠിക്കുകയുണ്ടായി. ആക്റ്റിനോമൈസെസ് ബോവിസ് (Actinomyces bovis) എന്ന് ഇതിന് അദ്ദേഹം പേരു നല്കി. അങ്ങനെ രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ടു പേരുകള്‍ ഈ സൂക്ഷ്മ ജീവികളുടെ സമൂഹത്തിനു ലഭിച്ചു. രണ്ടു പഠനങ്ങളിലും യഥാര്‍ഥ സംവര്‍ധം (culture) ലഭ്യമായില്ലതാനും. അതിനുശേഷം നൊക്കാര്‍ഡിയ (Nocardia), പ്രോ ആക്റ്റിനോമൈസെസ് (Proactinomyces) തുടങ്ങി അനവധിപേരുകള്‍ കൂടി ഇവയ്ക്കു നല്കപ്പെട്ടു. 1891-ല്‍ താക്സ്റ്റെര്‍ എന്ന ശാസ്ത്രകാരനും ഉരുളക്കിഴങ്ങുരോഗത്തിന്റെ നിദാനജീവികളായി ചില ആക്റ്റിനോമൈസീറ്റുകളെ കണ്ടെത്തി.

അടുത്തകാലത്ത് ആക്റ്റിനോമൈസീറ്റുകളെ വിവിധ ജീനസ്സുകളിലായി വര്‍ഗീകരിക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുകയുണ്ടായി. 1943-ല്‍ വാക്ക്സ്മാനും ഹെല്‍റിക്കിയും ആക്റ്റിനോമൈസെസ്, നൊക്കാര്‍ഡിയ, സ്ട്രെപ്റ്റോമൈസിസ്, മൈക്രോമോണോസ്പോറ എന്നീ നാലു ജീനസ്സുകളെ തരംതിരിച്ചു. ആക്റ്റിനോമൈസെസ് പരജീവനസ്വഭാവമുളള സൂക്ഷ്മജീവികളാണ്. ഇവയ്ക്ക് ഒരു അധസ്തരകവകജാലം (mycelium) ഉണ്ട്. നൊക്കാര്‍ഡിയയ്ക്ക് ഖണ്ഡമയ അധസ്തര കവകജാലമാണുള്ളത്. ഇവയില്‍ ചിലത് രോഗജനകങ്ങളും മറ്റു ചിലത് മൃതോപജീവി(saprophyte)കളുമാണ്. സ്ട്രെപ്റ്റോമൈസിസിന് ഖണ്ഡമയമല്ലാത്ത ഒരു അധസ്തരകവകജാലവും സ്പോറുകളെ ഉത്പാദിപ്പിക്കുന്ന ഒരു വായുകവകജാലവുമുണ്ട്. മൈക്രോമോണോസ്പോറയ്ക്കു ഖണ്ഡമയമല്ലാത്ത ഒരു അധസ്തരകവകജാലമാണുള്ളത്. ഇവയെ കൂടാതെ അനവധി ജീനസ്സുകളുംകൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ആക്റ്റിനോമൈസീറ്റുകള്‍ വായുവിലും ജലത്തിലും ആഹാരപദാര്‍ഥങ്ങളിലും മണ്ണിലും, മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും ശരീരത്തിലും ധാരാളം കാണപ്പെടുന്നു. ബാക്ടീരിയയെ വേര്‍പെടുത്തിയെടുക്കുന്ന അതേ സംവിധാനം ഇവയ്ക്കും ഉപയോഗിക്കാവുന്നതാണ്.

ഭൂരിഭാഗം ആക്റ്റിനോമൈസീറ്റുകളും വായുജീവി(aerobic) കളാണ്. 25°-30°C താപനില ഇവയ്ക്കു പറ്റിയതാണ്. രോഗജനക ഇനങ്ങള്‍ 37°C വരെ പിടിച്ചു നില്ക്കാറുണ്ട്. താപപ്രിയ (thermophils) ഇനങ്ങള്‍ 50°-60°C. വരെയുള്ള താപനിലയില്‍ കാണപ്പെടുന്നുണ്ട്.

ആക്റ്റിനോമൈസീറ്റുകള്‍ക്ക് വിവിധയിനം പഞ്ചസാരകള്‍, ജൈവാമ്ളങ്ങള്‍, സ്റ്റാര്‍ച്ചുകള്‍, പ്രോട്ടീനുകള്‍, പോളിപെപ്റ്റൈഡുകള്‍, അമിനോ ആസിഡുകള്‍ തുടങ്ങി വിവിധ ജൈവസംയുക്തങ്ങളെ ആഹാരപദാര്‍ഥങ്ങളായി ഉപയോഗപ്പെടുത്താന്‍ കഴിയും. സെല്ലുലോസിനെയും കൊഴുപ്പിനെയും ആക്രമിക്കാനും ചിലയിനങ്ങള്‍ക്കു കഴിവുണ്ട്. വിരളമായി ടാനിനും റബ്ബറും ഇവ ഉപയോഗപ്പെടുത്തുന്നു. നൈട്രജനെ ഇവയ്ക്കു നേരിട്ടുപയോഗപ്പെടുത്തുവാന്‍ കഴിവില്ലാത്തതിനാല്‍ കവകങ്ങളെയും ബാക്ടീരിയയെയും പോലെ നൈട്രജന്റെ സംയുക്തങ്ങളെ കോശസംശ്ളേഷണത്തിനായി ആശ്രയിക്കേണ്ടിവരുന്നു. ഇവയുടെ പ്രത്യുത്പാദനം വിഘടനം (fission) വഴിയോ സ്പോറുകളുടെ ഉത്പാദനംവഴിയോ നടക്കുന്നു.

ആക്റ്റിനോമൈസീറ്റുകള്‍ ഉത്പാദിപ്പിക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ടവ ആക്റ്റിനോമൈക്കോസിസും നൊക്കാര്‍ഡിയോസിസുമാണ്. ഇവയുടെ ചികിത്സയ്ക്ക് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍