This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനന്ദബോസ്, സി.വി. (1951 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനന്ദബോസ്, സി.വി. (1951 - )

മലയാള നോവലിസ്റ്റും ഉപന്യാസകാരനും. 1951 ജനു. 2-നു കൊല്ലം ജില്ലയില്‍ ജനിച്ചു. ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം പോണ്ടിച്ചേരി ഗവണ്‍മെന്റ് കോളജില്‍ അസി. പ്രൊഫസര്‍, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയില്‍ ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയെഴുതി ഐ.എ.എസ്സില്‍ പ്രവേശിച്ചു. അസി. കളക്റ്റര്‍, സബ്കളക്റ്റര്‍, കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍, കൊല്ലം ഡിസ്ട്രിക്റ്റ് കളക്റ്റര്‍, കേരളാ സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍, റവന്യൂ ബോര്‍ഡ് സെക്രട്ടറി എന്നിങ്ങനെ വിവിധനിലകളില്‍ സേവനമനുഷ്ഠിച്ചു. 1991-ല്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി. കേരള സംസ്ഥാന നിര്‍മിതി കേന്ദ്രത്തിന്റെ സ്ഥാപകഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗ്രാമോത്സവം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സില്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിനു നേതൃത്വം നല്‍കി.

സി. വി. ആനന്ദബോസ്

നാട്ടുക്കൂട്ടം എന്ന നോവലാണ് ആനന്ദബോസിന്റെ ശ്രദ്ധേയമായ കൃതി. ആദര്‍ശശാലിയായ ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനെ കേന്ദ്രബിന്ദുവാക്കി നമ്മുടെ നാട്ടിലെ രാഷ്ട്രീയജീവിതത്തിലെ ഗതിവിഗതികളെയും ധര്‍മച്യുതികളെയും ചിത്രീകരിക്കുന്ന നോവലാണു നാട്ടുക്കൂട്ടം. 1991-ലാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്.

ആനുകാലികങ്ങളില്‍ അനേകം ലേഖനങ്ങളും ചെറുകഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗൃഹനിര്‍മാണത്തെയും നിര്‍മിതികേന്ദ്രത്തെയും സംബന്ധിച്ച് ഇംഗ്ലീഷ് ഭാഷയിലും ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. മലയാള മനോരമ, കേരളശബ്ദം എന്നീ വാരികകളില്‍ ഏറെക്കാലം സ്ഥിരം പംക്തികള്‍ കൈകാര്യം ചെയ്തിരുന്നു. ഇംഗ്ലീഷ് ഭാഷയില്‍ രണ്ടു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ലാന്‍ഡ് റിക്കാഡ്സ് ഇന്‍ കേരള. 1989-ല്‍ ഈ കൃതിക്ക് ഇന്ത്യാഗവണ്‍മെന്റിന്റെ നാഷണല്‍ സ്പെഷ്യല്‍ ഹാബിറ്റാറ്റ് അവാര്‍ഡ് ലഭിച്ചു.

മലേഷ്യ, ഹോങ്കോങ്, തായ്‍ലന്‍ഡ്, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, ഭൂട്ടാന്‍ എന്നിങ്ങനെ അനേകം വിദേശരാഷ്ട്രങ്ങളില്‍ ആനന്ദബോസ് പര്യടനം നടത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍