This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആലവട്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആലവട്ടം

മയില്‍പീലികള്‍, വിചിത്രവര്‍ണത്തിലുള്ള കടലാസ്സുകള്‍, ചിപ്പികള്‍ തുടങ്ങിയവകൊണ്ട്‌ അലങ്കരിച്ച വിശറി. "ആലവര്‍തം' എന്ന സംസ്‌കൃതശബ്‌ദമാണ്‌ ആലവട്ടത്തിന്റെ മൂലം. രാജകീയാഡംബരചിഹ്നങ്ങളില്‍ പ്രമുഖസ്ഥാനം വഹിക്കുന്ന ആലവട്ടം, ക്ഷേത്രാത്സവങ്ങളിലെ എഴുന്നള്ളിപ്പുകള്‍ക്കും പതിവായി ഉപയോഗിച്ചുവരുന്നു. ആനപ്പുറത്ത്‌ ക്ഷേത്രമൂര്‍ത്തിയുടെ അലംകൃതമായ കോല(ചട്ട)ങ്ങള്‍ക്ക്‌ പിന്നില്‍ മുത്തുക്കുട, വെഞ്ചാമരം, ആലവട്ടം എന്നിവയോടുകൂടിയാണ്‌ എഴുന്നള്ളിപ്പുകള്‍ നടത്തപ്പെടുന്നത്‌. കോലംവഹിക്കുന്ന ആന ഒന്നേ ഉള്ളെങ്കിലും അകമ്പടിസേവിക്കുന്ന ഓരോ ആനയുടെ പുറത്തും കുടയും വെഞ്ചാമരങ്ങളും ആലവട്ടങ്ങളും കാണും. വര്‍ണാഞ്ചിതമായ കൈപ്പിടിയോടുകൂടി ഏതാണ്ട്‌ ഒരടിയില്‍ കുറയാത്ത വ്യാസംവരുന്ന വൃത്താകൃതിയിലുള്ള ആലവട്ടങ്ങളാണ്‌ സാധാരണ ഈ ആവശ്യത്തിന്‌ ഉപയോഗിച്ചുവരുന്നത്‌. കഥകളിയില്‍ കത്തിവേഷങ്ങളുടെ തിരനോട്ടത്തിന്‌ കഴുത്തിന്‌ ഇരുപുറവുമായി (ഒരാള്‍ പിന്നില്‍ മറഞ്ഞുനിന്നുകൊണ്ട്‌) പിടിക്കുന്ന ആലവട്ടങ്ങളുടെ വ്യാസം കുറേക്കൂടി ചെറുതായിരിക്കും.

ആലവട്ടം

"ആലവട്ടം, കുട, തഴയെന്നിയെ ശേഷിച്ചില്ലൊന്നും ഭൂപന്‌-' എന്ന്‌ രാമായണം ഇരുപത്തിനാലു വൃത്തത്തില്‍ രാജകീയ ചിഹ്നമെന്നുള്ള നിലയിലും "വാഹിപ്പിനാലവട്ടം കൈവിളക്കും ചാമരജാലം' എന്ന ലങ്കാമര്‍ദനം തുള്ളലില്‍ (രാവണന്റെ) എഴുന്നള്ളത്തിനുള്ള ആഡംബരോപകരണമെന്നനിലയിലും ആലവട്ടത്തിന്റെ ഉപയോഗം പ്രകീര്‍ത്തിതമായിട്ടുണ്ട്‌. പല സാഹിത്യകൃതികളിലും രാജകീയ പ്രതാപത്തെപ്പറ്റി വര്‍ണിക്കുന്ന ഭാഗങ്ങളിലെല്ലാം ആലവട്ടത്തിനും സ്ഥാനം നല്‌കിയിട്ടുള്ളതായി കാണാം.

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B2%E0%B4%B5%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍