This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആലാപന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആലാപന

സംഗീതശാസ്‌ത്രവിധിപ്രകാരം രാഗങ്ങളെ അവയുടെ മേളം അവലംബമാക്കി യുക്തംപോലെ അംശാദിസ്വരങ്ങള്‍ പ്രകാശിപ്പിച്ചും ഉചിതങ്ങളായ ഗമകങ്ങളും സ്ഥാനങ്ങളും സ്വീകരിച്ചും രാഗസ്വഭാവവും സവിശേഷതകളും ഏറ്റവും സ്‌പഷ്‌ടമാക്കുമാറ്‌ പാടി അവതരിപ്പിക്കുന്ന ഗാനപദ്ധതി.

സാധാരണ വ്യവഹാരത്തില്‍ "ആലാപന' എന്ന പദത്തിന്‌ പാടുക, നര്‍മഭാഷണം ചെയ്യുക എന്നെല്ലാം അര്‍ഥകല്‌പന ചെയ്‌തിട്ടുണ്ടെങ്കിലും രാഗവിസ്‌താരം ചെയ്യുക എന്ന അര്‍ഥത്തില്‍ ഒരു സാങ്കേതിക സംജ്ഞയായിട്ടാണ്‌ സംഗീതശാസ്‌ത്രത്തില്‍ ആലാപന വ്യവഹരിച്ചുപോരുന്നത്‌. ആലാപനം, ആലാപം, ആലപ്‌തി എന്നീ പദങ്ങളും ആലാപനത്തിന്റെ പര്യായങ്ങളായി പ്രയോഗിക്കപ്പെടുന്നുണ്ട്‌. രാഗവിസ്‌താരം, രാഗാലാപനം എന്നീ പദങ്ങള്‍ക്കും ഇതേ അര്‍ഥംതന്നെയാണുള്ളത്‌. കര്‍ണാടക സംഗീതത്തില്‍ ആലാപനയ്‌ക്ക്‌ മൂന്ന്‌ വകുപ്പുകളുണ്ട്‌: രാഗം, താനം, പല്ലവി. ഒരേ രാഗത്തെ ഈ മൂന്ന്‌ പ്രകാരേണ ആലപിക്കാവുന്നതാണ്‌.

രാഗാലാപന. താളവും സാഹിത്യവും കൂടാതെ അകാരാദി സ്വരാക്ഷരങ്ങളോ ത, ദ, രി, ന, നം, താം എന്നീ വ്യഞ്‌ജനാക്ഷരങ്ങളോ ഉപയോഗിച്ച്‌ രാഗം വിസ്‌തരിച്ച്‌ പാടുന്നതിനാണ്‌ രാഗാലാപനമെന്നു പറയുന്നത്‌. സാഹിത്യമടങ്ങിയ ഒരു കൃതി മുന്‍കൂട്ടി പാടി ചിട്ടപ്പെടുത്തിവച്ചിരിക്കും. എന്നാല്‍ രാഗാലാപനത്തെ സംബന്ധിച്ചിടത്തോളം ഈ ചിട്ടപ്പെടുത്തലിന്‌ അത്ര പ്രസക്തിയില്ല. മുന്‍കൂട്ടി തയ്യാറാക്കാതെ മനോധര്‍മമനുസരിച്ച്‌ അപ്പപ്പോള്‍ പാടുന്നതായതുകൊണ്ട്‌ ഇതിന്റെ വിശദാംശങ്ങള്‍ എപ്പോഴും മാറിക്കൊണ്ടിരിക്കും; അതുകൊണ്ടുതന്നെ ഇതെപ്പോഴും നൂതനവും ഹൃദയാവര്‍ജകവുമായിരിക്കും. ആലാപന രണ്ടുതരമുണ്ട്‌: സംഗ്രഹാലാപനയും സമ്പൂര്‍ണാലാപനയും.

സംഗ്രഹാലാപന. രാഗത്തിന്റെ മുഴുവന്‍ ആസ്വാദ്യതയും സംഗ്രഹരൂപത്തില്‍ വെളിവാക്കിക്കൊണ്ട്‌ മൂന്ന്‌ സ്ഥായികളില്‍ ചെയ്യുന്ന രാഗവിസ്‌താരമാണിത്‌. കൃതികള്‍ പാടുമ്പോള്‍ തുടക്കത്തില്‍ ചെയ്യുന്ന രാഗവിസ്‌താരം എപ്പോഴും സംഗ്രഹാലാപമായിരിക്കും. പാടുവാന്‍പോകുന്ന കൃതിയെ സംബന്ധിച്ച്‌ ചില സൂചനകള്‍ ശ്രാതാക്കള്‍ക്ക്‌ നല്‌കത്തക്കവച്ചം കൃതിയിലെ പ്രധാന പ്രയോഗങ്ങളില്‍മാത്രം ഊന്നിപ്പോകുന്ന ഈ രാഗവിസ്‌താരം കൃതി പാടുവാന്‍ വേണ്ടിവരുന്ന സമയത്തില്‍ കവിയാന്‍ പാടുള്ളതല്ല.

സമ്പൂര്‍ണാലാപന. രാഗത്തിന്റെ മുഴുവന്‍ ആസ്വാദ്യതയും വ്യക്തമാക്കിക്കൊണ്ട്‌ രാഗരൂപം വ്യഞ്‌ജിപ്പിക്കുമാറ്‌ മൂന്ന്‌ സ്ഥായികളിലെ വിവിധവശങ്ങള്‍ അവധാനതയോടെ വിസ്‌തരിച്ച്‌ ആലപിക്കുന്നതിനെയാണ്‌ സമ്പൂര്‍ണാലാപന എന്ന്‌ പറയുന്നത്‌. രാഗം-താനം-പല്ലവിയില്‍ നടത്തുന്ന ആലാപന സമ്പൂര്‍ണാലാപനയാണ്‌. തോടി, സാവേരി, ഭൈരവി, മോഹനം, കാംബോജി, കല്യാണി തുടങ്ങി ഇഷ്‌ടംപോലെ വിസ്‌തരിച്ച്‌ ആലപിക്കുവാന്‍ വക നല്‌കുന്ന പ്രമുഖ രാഗങ്ങളിലുള്ള വിളംബകാലകൃതികള്‍ പാടുമ്പോള്‍ തുടക്കത്തില്‍ സമ്പൂര്‍ണാലാപനയാണ്‌ ചെയ്യാറുള്ളത്‌. ഈ രാഗങ്ങള്‍ വിളംബകാലത്തില്‍ ആലപിക്കുമ്പോഴും താനത്തില്‍ പാടുമ്പോഴും മാത്രം തനതായ സ്വഭാവവിശേഷങ്ങള്‍ സ്‌പഷ്‌ടമാക്കുന്ന രക്തിരാഗങ്ങളാണ്‌; അതുകൊണ്ടുതന്നെ ഇവ വിളംബകാലത്തിലും മധ്യമകാലത്തിലും ആലപിക്കപ്പെടുന്നു; അതിനാല്‍ രാഗവിസ്‌താരം ഇവയ്‌ക്ക്‌ അനുപേക്ഷണീയവുമാണ്‌.

രാഗാലാപനയ്‌ക്ക്‌ മൂന്ന്‌ പ്രധാന ഘട്ടങ്ങളുണ്ട്‌: ആക്ഷിപ്‌തികം, രാഗവര്‍ധിനി, സ്ഥായി.

ആക്ഷിപ്‌തികം. രാഗത്തിന്റെ സവിശേഷതകള്‍ വ്യഞ്‌ജിപ്പിക്കുന്ന പ്രാരംഭഘട്ടമാണിത്‌. ആയാതം, ആയിത്തം, ആയത്തം എന്നിങ്ങനെയും ഇതിന്‌ പേരുകളുണ്ട്‌. രാഗരൂപം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്‌ ഈ ഘട്ടത്തിലാണ്‌.

രാഗവര്‍ധിനി. ആലാപനത്തിന്റെ രണ്ടാംഘട്ടമായ ഇതിന്‌ കാരണം എന്നും പേരുണ്ട്‌. രാഗാലാപനത്തിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഘട്ടത്തിന്‌ മൂന്ന്‌ ഉള്‍പിരിവുകളുണ്ട്‌: ഒന്നാമത്തേത്‌ മന്ദ്രസ്ഥായിയിലും രണ്ടാമത്തേത്‌ മധ്യസ്ഥായിയിലും മൂന്നാമത്തേത്‌ താരസ്ഥായിയിലും ഉള്ള പ്രസ്‌താരങ്ങള്‍ നടത്തുന്നതിനുള്ള അവസരങ്ങളാണ്‌.

സ്ഥായി. ഇത്‌ ആലാപനത്തിന്റെ മൂന്നാം ഘട്ടമാണ്‌. മധ്യമകാലത്തില്‍ ആരോഹണസ്ഥായിയെന്നും അവരോഹണസ്ഥായിയെന്നും രണ്ടുതരം ആലാപനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ സ്ഥായി. താനം. താ, നം, ത, അഥവാ തം, നം, തം, എന്നീ മൂന്നക്ഷരങ്ങള്‍മാത്രം ഒരേ ക്രമത്തിലും പല പ്രകാരത്തിലും ഉച്ചരിച്ചുകൊണ്ട്‌ മധ്യമകാലത്തില്‍ രാഗം പാടുന്ന സമ്പ്രദായമാണ്‌ താനം. മധ്യമകാലഗാനം എന്നും ഇതിനെ പറയാറുണ്ട്‌. പ്രാചീന സംഗീതശാസ്‌ത്രത്തില്‍ സ്വരപ്രസ്‌താരത്തിനാണ്‌ താനം എന്ന്‌ പറഞ്ഞിരുന്നത്‌; എന്നാല്‍ ഇന്ന്‌ ഇത്‌ രാഗപ്രസ്‌താരമാണ്‌. ഇതിന്‌ കാലപ്രമാണമുണ്ട്‌; പക്ഷേ താളനിബന്ധന ഇല്ല. ദ്രുതകാലത്തിലുള്ള താനപ്രസ്‌താരത്തിന്‌ ഘനതാനമെന്നും പേരുണ്ട്‌.

പല്ലവി. നിശ്ചിതമായ ഒരാശയത്തെ സാഹിത്യത്തിന്റെയും രാഗരൂപത്തിന്റെയും സഹായത്തോടുകൂടി പ്രകടിപ്പിക്കുന്നതാണ്‌ പല്ലവി. ഇതിന്റെ ആലാപന വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. പദം, ലയം, വിന്യാസം ഇവ മൂന്നും ചേര്‍ന്നതാണിത്‌. സര്‍ഗാങ്ങകസംഗീതത്തില്‍ പല്ലവിക്കു പരമപ്രധാനമായ സ്ഥാനമാണുള്ളത്‌. പല്ലവിയില്‍ സംഗീതവും സാഹിത്യവും നന്നായി ഇണങ്ങിച്ചേര്‍ന്നിരിക്കണം. ഇതിലെ സാഹിത്യം ഒന്നോ രണ്ടോ താളവട്ടത്തില്‍ ഒതുങ്ങത്തക്കവച്ചം അക്ഷരം കുറവായും ഉള്ള അക്ഷരങ്ങള്‍ താളത്തിന്റെ ഓരോ അംശത്തോട്‌ ഇണങ്ങിയും ഇരിക്കണം. പ്രഥമാംഗം, ദ്വിതീയാംഗം എന്നിങ്ങനെ രണ്ടുഭാഗങ്ങള്‍ പല്ലവിക്കുണ്ടായിരിക്കും. പ്രഥമാംഗം അവസാനിക്കുന്നിടത്തിന്‌ പദഗര്‍ഭം എന്നു പറയുന്നു. പദഗര്‍ഭത്തെതുടര്‍ന്നാണ്‌ ദ്വിതീയാംഗം ആരംഭിക്കുന്നത്‌. ദ്വിതീയാംഗം ആരംഭിക്കുന്നതിനുമുമ്പ്‌ ചെറിയ ഒരു ഇടവേള ഉണ്ടായിരിക്കും പല്ലവിയുടെ എടുപ്പ്‌ സമത്തിലോ അതീതത്തിലോ അനാഗതത്തിലോ ആകാം. പ്രഥമാംഗം ചതുരശ്രഗതിയിലും ദ്വിതീയാംഗം തിസ്രഗതിയിലും ആകാം; മറിച്ച്‌ പാടാവുന്ന പല്ലവികളുമുണ്ട്‌. പല്ലവി പാടുമ്പോള്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഏതുകാലത്തില്‍ പാടിയാലും സാഹിത്യാക്ഷരങ്ങള്‍ ഓരോന്നും നില്‌ക്കുന്ന താളസ്ഥാനത്തിന്‌ മാറ്റം പാടില്ല. സംഗതി, നിരവല്‍, കല്‌പനസ്വരം. രാഗമാലികസ്വരങ്ങള്‍, അനുലോമം, പ്രതിലോമം മുതലായ പല വശങ്ങളും പല്ലവി പാടുന്നതിനുണ്ട്‌. ഇവയെല്ലാംതന്നെ ആലാപനത്തിന്റെ വൈവിധ്യമാര്‍ന്ന സവിശേഷതകളെ പ്രതിനിധാനം ചെയ്യുന്നവയാണ്‌.

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B2%E0%B4%BE%E0%B4%AA%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍