This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആലിപ്പഴം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആലിപ്പഴം

മേഘങ്ങളില്‍നിന്നും മഴത്തുള്ളികളുമായി ഇടകലര്‍ന്നു വര്‍ഷിക്കപ്പെടുന്ന ഹിമപ്പരലുകള്‍. സാധാരണയായി ഇവയ്‌ക്ക്‌ അഞ്ചുമുതല്‍ അമ്പതുവരെ മി.മീ. വ്യാസം ഉണ്ടായിരിക്കും. മിക്കപ്പോഴും ഒറ്റയൊറ്റയായി കാണപ്പെടുന്ന ഹിമപ്പരലുകള്‍ ഒന്നിലേറെയെച്ചം ചേര്‍ന്ന്‌ അനിയതമായ രൂപത്തില്‍ പതിക്കാറുണ്ട്‌. ആലിപ്പഴത്തിന്റെ വ്യാസം 50 മി.മീ.-ല്‍ കൂടുതലാകുന്നതും വിരളമല്ല.

ആലിപ്പഴം

ആലിപ്പഴങ്ങളെ മൂന്നിനങ്ങളായി തിരിച്ചിട്ടുണ്ട്‌: 2-5 മി.മീ. വ്യാസത്തില്‍ ഉരുണ്ട്‌ അതാര്യവും മൃദ്യുവുമായ ഹിമമാണ്‌ ആദ്യത്തെയിനം; തറയില്‍ തട്ടുന്നതോടെ അവ ദ്രവീഭവിക്കുന്നു; അര്‍ധതാര്യമായ രണ്ടാമത്തെയിനം വലുപ്പത്തില്‍ ആദ്യത്തെയിനത്തോളമേ വരൂ; എന്നാല്‍ മൃദുമഞ്ഞിനുമുകളില്‍ താരതമ്യേന ഉറച്ച ആവരണമുള്ള ഘടനയാണ്‌ ഇവയുടേത്‌. ക്യൂമുലോനിംബസ്‌ (cumulonimbus) ആയി വര്‍ഗീകരിക്കപ്പെടുന്ന സാന്ദ്രഘനമേഘങ്ങളില്‍നിന്നാണ്‌ ഇവ വര്‍ഷിക്കപ്പെടുന്നത്‌. മേല്‌പറഞ്ഞവയെക്കാള്‍ വലുപ്പമുള്ള ഹിമകണങ്ങളെയാണ്‌ സാധാരണ ആലിപ്പഴമായി വിവക്ഷിക്കാറുള്ളത്‌. സംവഹനപ്രക്രിയയ്‌ക്ക്‌ പ്രാമുഖ്യമുള്ള ഉച്ചലിതവൃഷ്‌ടി(ഇടിമഴ)യോടനുബന്ധിച്ചാണ്‌ ഇത്തരം ആലിപ്പഴവര്‍ഷം ഉണ്ടാകാറുള്ളത്‌. പരല്‍രൂപത്തിലുള്ളതും അല്ലാത്തതുമായ ഹിമം സകേന്ദ്രീയമായ രൂപത്തില്‍ ഒന്നിടവിട്ട്‌ അടുക്കപ്പെട്ടതരത്തിലുള്ള ഘടനയാണ്‌ ആലിപ്പഴങ്ങള്‍ക്കുണ്ടായിരിക്കുക. അന്തരീക്ഷത്തില്‍ മേല്‌പോട്ടും താഴോട്ടുമായി പലവുരു സഞ്ചരിച്ചുവെന്നതിന്‌ സാക്ഷ്യം വഹിക്കുന്നതാണ്‌ ഈ ഘടന. പ്രസക്തമേഘത്തിനുള്ളില്‍ അതിശീതളജലവും നന്നേ സൂക്ഷ്‌മങ്ങളായ ഹിമകണങ്ങളും ആവശ്യമായതോതില്‍ ഉണ്ടായിരിക്കുമ്പോഴാണ്‌ ആലിപ്പഴം രൂപംകൊള്ളുന്നത്‌.

ആലിപ്പഴവര്‍ഷം വിളകള്‍ക്കും വസ്‌തുവകകള്‍ക്കും ഗണ്യമായ നാശം വരുത്തുന്നു. ദക്ഷിണ ഫ്രാന്‍സ്‌, വടക്കേ ഇറ്റലി, മധ്യപശ്ചിമ യു.എസ്‌ തുടങ്ങിയ പ്രദേശങ്ങളിലാണ്‌ ആലിപ്പഴവര്‍ഷംമൂലമുള്ള കെടുതികള്‍ അധികമായി അനുഭവപ്പെടുന്നത്‌. ഇവയുടെ വര്‍ഷണത്തിനു നിദാനമായിത്തീരുന്ന ക്യൂമുലോനിംബസ്‌ മേഘങ്ങളില്‍ സില്‍വര്‍ അയഡൈഡിന്റെ സൂക്ഷ്‌മ പരലുകള്‍വിതച്ച്‌ ആലിപ്പഴ രൂപവത്‌കരണം തടയുകയോ അവയുടെ വലുപ്പം കുറയ്‌ക്കുകയോ ചെയ്യുന്ന സമ്പ്രദായം ഇപ്പോള്‍ പ്രാവര്‍ത്തികമായിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍