This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആള്‍ട്ടിമീറ്റർ, റേഡിയോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആള്‍ട്ടിമീറ്റര്‍, റേഡിയോ

Altimeter, Radio

തറനിരപ്പില്‍നിന്ന്‌ എത്ര ഉയരത്തിലാണ്‌ വ്യോമയാനം എന്ന്‌ കണക്കാക്കുന്നതിനുള്ള ഒരു റഡാര്‍ ട്രാന്‍സ്‌മിറ്റര്‍ (Radar transmitter). റേഡിയോതുംഗതാമാപി എന്നും ഇതിനെ പറയാം. റേഡിയോ ആള്‍ട്ടിമീറ്ററുകള്‍ രണ്ടുതരത്തില്‍ ഉണ്ട്‌: സ്‌പന്ദറഡാറുകളും (Pulsed Radar), ആവൃത്തിമോഡുലിത റഡാറുകളും (Frequency modulated) Radar). സ്‌പന്ദറഡാര്‍ആള്‍ട്ടിമീറ്ററുകള്‍ കൂടുതല്‍ ഉയരം അളക്കുന്നതിനും ആവൃത്തിമോഡുലിതറഡാറുകള്‍ കുറഞ്ഞ ഉയരം അളക്കുന്നതിനും ഉപയോഗിക്കപ്പെടുന്നു.

സ്‌പന്ദറഡാര്‍ ട്രാന്‍സ്‌ മിറ്ററുകള്‍ ആകാശവാഹനങ്ങളില്‍ സജ്ജമാക്കിയിരിക്കും. ഈ ട്രാന്‍സ്‌മിറ്ററുകള്‍ പ്രഷണം transmit) ചെയ്യുന്ന സിഗ്നലുകള്‍ (signals) ആെന്റിനയുടെ സഹായത്താല്‍ ഭൂമിയിലേക്ക്‌ അയയ്‌ക്കുന്നു. ഈ സിഗ്നലുകളുടെ ഒരു ഭാഗം ഭൂമിയില്‍ പ്രതിഫലിച്ച്‌ തിരികെ വാഹനങ്ങളിലേക്കുതന്നെ സഞ്ചരിക്കുന്നു. സിഗ്നല്‍ റേഡിയോ തരംഗങ്ങളായതുകൊണ്ട്‌ അതിന്റെ സഞ്ചാരവേഗം പ്രകാശ വേഗത്തോട്‌ ഏകദേശം തുല്യമാണ്‌. പ്രതിഫലിച്ച സിഗ്നല്‍ ഒരു അഭിഗ്രാഹി ആന്റിനയുടെ (Receiving antenna) സഹായത്തോടെ ട്രാന്‍സ്‌മിറ്ററുകളുടെ സമീപംവച്ചിരിക്കുന്ന ഒരു അഭിഗ്രാഹിയില്‍ എത്തിച്ചേരുന്നു ട്രാന്‍സ്‌മിറ്ററില്‍നിന്നും നേരെ വരുന്ന സിഗ്നലുകളും ഇതേ അഭിഗ്രാഹിയില്‍ എത്തിച്ചേരുന്നുണ്ട്‌. നേരെയുള്ള സിഗ്നലുകളും പ്രതിഫലിച്ചുവരുന്ന സിഗ്നലുകളും താരതമ്യപഠനത്തിന്‌ വിധേയമാകുന്നു. പ്രതിഫലിച്ചുവരുന്ന സിഗ്നലുകള്‍ക്ക്‌ വാഹനത്തില്‍നിന്നും ഭൂമിയിലേക്കും ഭൂമിയില്‍നിന്നും തിരിച്ച്‌ വാഹനത്തിലേക്കും സഞ്ചരിക്കേണ്ടിവരുന്നതിനാല്‍ നേരേയുള്ളവയെക്കാള്‍ കാലതാമസം സംഭവിക്കുന്നു. ഈ സമയവ്യത്യാസം പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ അളക്കുന്നു. കാലതാമസം, വാഹനങ്ങള്‍ക്ക്‌ ഭൂമിയില്‍ നിന്നുള്ള ഉയരത്തിനോട്‌ ആനുപാതികമാണ്‌. ഉയരം അളക്കുന്നതിനു പകരം ഈ സമയവ്യത്യാസം അളന്നാല്‍ മതിയാകുന്നതാണ്‌.

ആവൃത്തിമോഡുലിത റഡാറുകളില്‍ സിഗ്നലുകള്‍ ആവൃത്തിമോഡുലിതങ്ങളാണ്‌. ഈ തരത്തിലുള്ള തുംഗതാമാപികളും ട്രാന്‍സ്‌മിറ്ററും അഭിഗ്രാഹിയും നേരേയുള്ള സിഗ്നലുകളും പ്രതിഫലിച്ചുവരുന്ന സിഗ്നലുകളും ഉപയോഗിച്ച്‌ ആകാശവാഹനങ്ങള്‍ ഭൂമിയില്‍നിന്നും എത്ര ഉയരത്തിലാണ്‌ സഞ്ചരിക്കുന്നതെന്ന്‌ അളക്കുന്നു. ഇവിടെ സിഗ്നലുകള്‍ തമ്മിലുള്ള വ്യത്യാസം അവയുടെ ആവൃത്തികളിലാണ്‌. പ്രതിഫലിച്ചുവരുന്ന സിഗ്നലുകളുടെ ആവൃത്തി നേരേയുള്ള സിഗ്നലുകളുടെ ആവൃത്തിയില്‍നിന്ന്‌ വ്യത്യാസപ്പെട്ടിരിക്കും. ആവൃത്തിയിലുള്ള വ്യത്യാസം ആകാശവാഹനങ്ങള്‍ക്ക്‌ ഭൂമിയില്‍നിന്നുള്ള ഉയരത്തിനോട്‌ ആനുപാതികമാണ്‌. ഈ ആവൃത്തിവ്യത്യാസം ഒരു ആവൃത്തിമാപി (Frequency meter) ഉപയോഗിച്ച്‌ അളക്കാവുന്നതാണ്‌. അതിനാല്‍ ഉയരവും അളക്കാന്‍ സാധിക്കുന്നു. തുംഗതാമാപിയുടെ സൂചകഉപകരണങ്ങള്‍ ഉന്നതലാഭ പ്രവര്‍ധകങ്ങള്‍ (High gain amplifiers), ഓട്ടോമാറ്റിക്‌ ആവൃത്തി നിയന്ത്രക പരിപഥങ്ങള്‍ (Automatic frequency control circuits),ഗണനപരിപഥങ്ങള്‍ (Counter circuits) മുതലായവയാണ്‌.

അനുയോജ്യമല്ലാത്ത കാലാവസ്ഥകാരണം വിമാനങ്ങള്‍ ഭൂമിയില്‍ ഇറക്കുന്നതിന്‌ വിഷമം വരുമ്പോള്‍ ആള്‍ട്ടിമീറ്ററുകളുടെ സഹായത്തോടെയാണ്‌ വൈമാനികര്‍ ആ പ്രതിസന്ധി തരണം ചെയ്യുന്നത്‌. ബഹിരാകാശവാഹനങ്ങളിലും ഇത്‌ ഉപയോഗിച്ചുവരുന്നു. (എം. ശശികുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍