This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഴമാപിനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഴമാപിനി

കടലിന്റെ ആഴം അളക്കുന്നതിന്‌ സ്വീകരിച്ചുപോരുന്ന ധ്വാനിക-മാപന (Echo sounding) സമ്പ്രദായത്തിൽ, അളവുകള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിന്‌ സഹായിക്കുന്ന സൂക്ഷ്‌മയന്ത്രങ്ങള്‍. ജലോപരിതലത്തിലുള്ള കപ്പലുകളിൽനിന്ന്‌ പ്രഷണം ചെയ്യപ്പെടുന്ന ശബ്‌ദവീചികള്‍ കടൽത്തറയിൽത്തട്ടി പ്രതിധ്വനിച്ച്‌ മടങ്ങുവാന്‍ വേണ്ടിവരുന്ന സമയാന്തരാളത്തെ ആശ്രയിച്ചുള്ള ആഴംകാണലാണ്‌ ധ്വാനിക-മാപനം. ശബ്‌ദം അടിത്തറയിലെത്തുവാന്‍ എടുക്കുന്ന സമയവും പ്രതിധ്വനിച്ചെത്തുവാന്‍ വേണ്ടിവരുന്ന സമയവും തുല്യമായതിനാൽ, മൊത്തം സമയാന്തരാളത്തിന്റെ പകുതിയെ ശബ്‌ദവേഗംകൊണ്ടുഗുണിച്ച്‌ ആഴം നിർണയിക്കാവുന്നതാണ്‌. കൃത്യമായി ആഴം കാണുന്നതിന്‌ മേല്‌പറഞ്ഞ സമയാന്തരാളം എത്രയും സൂക്ഷ്‌മമായി തിട്ടപ്പെടുത്തേണ്ടതുണ്ട്‌. ബാഹ്യഘടകങ്ങളുടെ സ്വാധീനംമൂലം ഉണ്ടാകാവുന്ന ന്യൂനതകള്‍ ഒഴിവാക്കി, ശബ്‌ദം പ്രതിധ്വനിച്ചെത്തുവാന്‍ വേണ്ടിവരുന്ന സമയാന്തരാളത്തെ, സ്വയമായും കൃത്യമായും ലേഖാരൂപത്തിൽ രേഖപ്പെടുത്തുകയാണ്‌ സൂക്ഷ്‌മ-ആഴമാപിനികളുടെ പ്രവർത്തനം. ഇങ്ങനെ കിട്ടുന്ന ലേഖാചിത്രങ്ങളെ ഇക്കോഗ്രാം (Echogram) എന്നു പറയുന്നു.

ധ്വാനികമാപന സമ്പ്രദായം - ​ഒരു ചിത്രീകരണം

1922-ൽ മാർട്ടി എന്ന ശാസ്‌ത്രജ്ഞനാണ്‌ ആദ്യമായി സൂക്ഷ്‌മ-ആഴമാപിനി നിർമിച്ചു പ്രവർത്തിപ്പിച്ചത്‌. ധ്വാനിക-മാപനസമ്പ്രദായം പ്രാവർത്തികമായ അതേ ദശകത്തിൽത്തന്നെയായിരുന്നു ഈ കണ്ടുപിടിത്തവും. എന്നാൽ 1,000 ഫാത്തമിൽ (1 ഫാത്തം = 1.83മീ.) കൂടുതലുള്ള ആഴം അളക്കുവാന്‍ അവ പര്യാപ്‌തങ്ങളായിരുന്നില്ല. രണ്ടാം ലോകയുദ്ധകാലത്ത്‌ യു.എസ്‌. നാവികസേന സൂക്ഷ്‌മ-ആഴമാപിനികളുടെ പരിഷ്‌കൃതരൂപങ്ങള്‍ സംവിധാനം ചെയ്‌തു. എത്രകൂടിയ ആഴം രേഖപ്പെടുത്തുവാനും ഇവയ്‌ക്കു കഴിയും. ഇവയുടെ അല്‌പിഷ്‌ഠമാനം (Least Count) 1/3000ൽ താഴെയാണ്‌.

കടലിന്റെ ആഴം അളക്കുന്ന രീതി

പ്രതിധ്വനിയുടെ വിവിക്തവും, ഹ്രസ്വതരംഗരൂപത്തിലുള്ളതുമായ വീചികളെ പിടിച്ചെടുത്ത്‌ കമ്പനം ചെയ്യുന്ന ഒരു ട്യൂണിംഗ്‌ ഫോർക്ക്‌ (tuning fork) ആണ്‌ സൂക്ഷ്‌മ-ആഴമാപിനിയുടെ പ്രധാനഭാഗം; ഈ ഉപകരണം കപ്പലിന്റെ ചലനം ഉള്‍പ്പെടെയുള്ള ബാഹ്യസ്വാധീനങ്ങളിൽനിന്നും വിമുക്തമാക്കപ്പെട്ടിരിക്കും; തന്മൂലം ശബ്‌ദതരംഗങ്ങളുടെ ആവൃത്തി കൃത്യമായി രേഖപ്പെടുത്തുവാന്‍ പോന്നതുമാണ്‌. കറുപ്പും അതിനുമീതെ വെള്ളയും പടലങ്ങള്‍ ചേർത്തുണ്ടാക്കിയ പ്രത്യേകയിനം കടലാസുകളിലാണ്‌ ഇക്കോഗ്രാം നിർമിക്കപ്പെടുന്നത്‌; ഈ കടലാസ്‌ ഒരു റോളറിൽനിന്നും നിശ്ചിതതോതിൽ വിടർത്തപ്പെട്ട്‌ മറ്റൊരു റോളറിൽ ചുറ്റുന്നതിനുള്ള യാന്ത്രികസംവിധാനവും ഉണ്ട്‌. അളവുകള്‍ രേഖപ്പെടുത്തുന്നകീലം (style) കടലാസ്‌ ചുരുളിനു കുറുകെ ചലിക്കത്തക്ക വച്ചം, ലംബദിശയിൽ ചുറ്റുന്ന മറ്റൊരു ബെൽറ്റിൽ ഘടിപ്പിക്കപ്പെട്ടിരിക്കുന്നു. കീലം കടലാസിന്റെ ഉപരിപടലംമാത്രം വാർന്നെടുത്ത്‌ കറുത്ത രേഖകള്‍ ശേഷിപ്പിക്കുന്നതിലൂടെയാണ്‌ ലേഖ നിർമിതമാവുന്നത്‌.

ഓരോ ശബ്‌ദവീചിയും പ്രഷണം ചെയ്യപ്പെടുന്നത്‌ കീലം ലേഖാതലത്തിലെ ഒരു പ്രത്യേക രേഖയെ സ്‌പർശിക്കുമ്പോഴായിരിക്കും; അതായത്‌ രണ്ട്‌ പ്രഷണങ്ങള്‍ക്കിടയ്‌ക്കുള്ള സമയവും കീലം ലേഖാതലത്തിലെ നിശ്ചിതരേഖയിൽ മടങ്ങിയെത്തുന്നതിനുവേണ്ട സമയവും തുല്യമാക്കിയിരിക്കുന്നു. ഈ രേഖയ്‌ക്കു താഴെയായാണ്‌ ശബ്‌ദതരംഗം പ്രതിധ്വനിച്ചെത്തുന്ന സമയം സൂചിപ്പിക്കപ്പെടുന്നത്‌. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ ശബ്‌ദവീചിയും പ്രതിധ്വനിച്ചു മടങ്ങുന്നതിന്‌ എടുക്കുന്ന മൊത്തം സമയവും അതിലൂടെ കടൽത്തറയിലെ നിശ്ചിത ഭാഗത്തിന്റെ ആഴവും അതിസൂക്ഷ്‌മമായി നിർണയിക്കാനാവുന്നു. നോ: അഗാധതാമാപനം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍