This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഴ്‌വാർ കവികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഴ്‌വാർ കവികള്‍

വിഷ്‌ണുസ്‌തുതിഗീതങ്ങള്‍ തമിഴ്‌ഭാഷയിൽ രചിച്ച ഭക്തകവികള്‍; ആഴ്‌വാർ എന്ന പദത്തിന്‌ ഭഗവാനിൽ ആഴമേറിയ ഭക്തി ഉള്ളവരും ഉണ്ടാക്കുന്നവരും എന്ന്‌ രണ്ടർഥങ്ങളുണ്ട്‌; ഭരിക്കാന്‍ അധികാരമുള്ളവർ (ആളുന്നവർ) എന്ന അർഥവും ഈ പദത്തിന്‌ പറഞ്ഞുവരുന്നു.

എ.ഡി. 10-ാം ശ.-ത്തിനു മുമ്പാണ്‌ ആഴ്‌വാർ കവികള്‍ ജീവിച്ചിരുന്നത്‌. ആഴ്‌വാർ കവികള്‍ 12 പേരുണ്ട്‌: (1) പൊയ്‌കൈ ആഴ്‌വാർ (2) പൂതത്താഴ്‌വാർ (3) പേയാഴ്‌വാർ (4) തിരുമലിശൈ ആഴ്‌വാർ (5) കുലശേഖര ആഴ്‌വാർ (6) നമ്മാഴ്‌വാർ (7) മധുര കവിയാഴ്‌വാർ (8) പെരിയാഴ്‌വാർ (9) ആണ്ടാള്‍ (10) തൊണ്ടരടിപ്പൊടിയാഴ്‌വാർ (11) തിരുപ്പാണാഴ്‌വാർ (12) തിരുമങ്കൈ ആഴ്‌വാർ. ഇവരിൽ ആദ്യത്തെ മൂന്ന്‌ ആഴ്‌വാർമാരും എ.ഡി. മൂന്നാം ശ.-ത്തിൽ സമകാലികരായി ജീവിച്ചിരുന്നുവെന്നും ശേഷം പേർ ഏഴും ഒന്‍പതും ശ.-ത്തിനിടയിൽ ജീവിച്ചിരുന്നുവെന്നും പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഇവരിൽ ആദ്യത്തെ കവി പൊയ്‌കൈ ആഴ്‌വാരും ഒടുവിലത്തെ കവി തിരുമങ്കൈ ആഴ്‌വാരും ആയിരുന്നു എന്ന്‌ കരുതപ്പെട്ടുവരുന്നു.

ആഴ്‌വാർ കവികളുടെ ജീവിതത്തെക്കുറിച്ച്‌ ശരിയായ ചരിത്രരേഖകളോ മറ്റു വിവരങ്ങളോ ലഭിച്ചിട്ടില്ല; അവരുടെ ജീവിതകാലവും കൃത്യമായി അറിയാന്‍ കഴിഞ്ഞിട്ടില്ല; എന്നാൽ അവർ ജനിച്ച മാസവും നക്ഷത്രവും കൃത്യമായി അഴകിയനമ്പി എഴുതിയ ഗുരുപരമ്പര എന്ന കൃതിയിൽ നല്‌കിയിട്ടുണ്ട്‌. ആഴ്‌വാർ മാരുടെ ജനനത്തെയും ജീവിതത്തെയും കുറിച്ച്‌ നിരവധി ഐതിഹ്യങ്ങള്‍ നിലവിലിരിക്കുന്നു. തെക്കേ ഇന്ത്യയിൽ, വിശേഷിച്ച്‌ തമിഴ്‌നാട്ടിൽ, എ.ഡി. അഞ്ചും ആറും നൂറ്റാണ്ടുകളിൽ ഹിന്ദുമതത്തെ നിഷ്‌കാസനം ചെയ്‌തുകൊണ്ട്‌ ബുദ്ധജൈനമതങ്ങള്‍ പ്രചരിച്ചു. ബുദ്ധജൈനമതങ്ങളുടെ സ്വാധീനശക്തി ഭരണകൂടത്തിലും കലയിലും സാഹിത്യത്തിലും സമൂഹത്തിലും എല്ലാം കടന്നുചെന്നു. അതോടെ ഹിന്ദുമതത്തെ ഉയിർത്തെഴുന്നേല്‌പിക്കുവാന്‍ ബോധപൂർവമായ യത്‌നം ഉണ്ടായി. അങ്ങനെ ഉയർന്നുവന്നതാണ്‌ ശൈവ-വൈഷ്‌ണവമതപ്രസ്ഥാനങ്ങള്‍. ബുദ്ധജൈനമതങ്ങളെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ശൈവസിദ്ധാന്തവിശ്വാസികളായ നായനാർമാരും വൈഷ്‌ണവവിശ്വാസികളായ ആഴ്‌വാർമാരും ഭക്തിഭാവ നിർഭരമായ നിരവധി സ്‌തുതിഗീതങ്ങള്‍ രചിക്കുകയും ക്ഷേത്രങ്ങളുടെ മാഹാത്മ്യത്തെ പ്രകീർത്തിക്കുകയും ചെയ്‌തു. ജൈനബുദ്ധമതങ്ങള്‍ ക്ഷയിച്ചതോടെ മത്സരം വൈഷ്‌ണവരും ശൈവരും തമ്മിലായി. അങ്ങനെ നായനാർമാരും ആഴ്‌വാർമാരും പരസ്‌പരം മത്സരിച്ച്‌ തങ്ങളുടെ രീതിയാണ്‌ മഹത്തരമെന്ന്‌ അവകാശപ്പെട്ടു. അവരുടെ മത്സരം തമിഴിലെ ഭക്തിസാഹിത്യത്തിന്‌ വമ്പിച്ച മുതൽക്കൂട്ടുണ്ടാക്കി. ശൈവഭക്തി പ്രചരിപ്പിച്ച 63 നായനാർമാരുടെ 11 കൃതികള്‍ നമ്പിയാങ്ങാർനമ്പി പതിനൊന്ന്‌ തിരുമുറകളിലായി സമാഹരിച്ചു; അതുപോലെ 12 ആഴ്‌വാർ കവികള്‍ രചിച്ച കൃതികളെല്ലാം 10-ാം ശ.-ത്തിൽ നാഥമുനി നാലായിരപ്രബന്ധം എന്ന പേരിൽ സമാഹരിച്ചു; നാലായിരദിവ്യപ്രബന്ധം എന്ന പേരിലും ഈ കൃതി അറിയപ്പെടുന്നു.

വൈഷ്‌ണവ സ്‌തുതികള്‍. ആഴ്‌വാർമാർ രചിച്ച സ്‌തുതിഗീതങ്ങള്‍ക്ക്‌ പാസുരം എന്നാണ്‌ പേര്‌. പന്ത്രണ്ട്‌ ആഴ്‌വാർമാരുംകൂടി രചിച്ച നാലായിരം പാസുരങ്ങള്‍ ഉള്‍പ്പെടുന്നതുകൊണ്ട്‌ സമാഹാരഗ്രന്ഥത്തിന്‌ നാലായിരപ്രബന്ധം എന്ന്‌ പേരുവന്നു. ഈ കൃതിയെ തമിഴ്‌വേദമെന്നും ദ്രാവിഡവേദമെന്നും പഞ്ചമവേദമെന്നും മറ്റും പറഞ്ഞുവരുന്നുണ്ട്‌. വിഷ്‌ണുക്ഷേത്രങ്ങളിൽ പ്രാർഥനയ്‌ക്കു വേണ്ടിയാണ്‌ ആഴ്‌വാർമാരുടെ കൃതികള്‍ നാഥമുനി സമാഹരിച്ചത്‌. തമിഴ്‌നാട്ടിലെ വിഷ്‌ണുക്ഷേത്രങ്ങളിൽ ദിവ്യപ്രബന്ധത്തിലുള്ള ഗീതങ്ങള്‍ പാടിവരുന്നു.

ആഴ്‌വാർ കവികള്‍ വിഷ്‌ണുസ്‌തുതിഗീതങ്ങള്‍ രചിക്കുകയും പ്രസിദ്ധവിഷ്‌ണുക്ഷേത്രങ്ങള്‍ സന്ദർശിക്കുകയും ആ ക്ഷേത്രങ്ങളെപ്പറ്റി പ്രശസ്‌തിഗാനങ്ങള്‍ രചിക്കുകയും ചെയ്‌തു. നായനാർമാർ 247 ശിവക്ഷേത്രങ്ങളെക്കുറിച്ചു പാടിയിട്ടുള്ളതുപോലെ ആഴ്‌വാർമാർ 108 വെഷ്‌ണവക്ഷേത്രങ്ങളെക്കുറിച്ച്‌ പാടിയിട്ടുണ്ട്‌. ആഴ്‌വാർമാരുടെ കീർത്തനത്തിന്‌ വിധേയമായതുകൊണ്ട്‌ ആ ക്ഷേത്രങ്ങളെ പാടൽപെറ്റപതികങ്ങള്‍ എന്ന്‌ വിളിച്ചിരുന്നു. 108 പാടൽപെറ്റപതികങ്ങളും ഭക്തന്മാർക്ക്‌ മുഖ്യമായ ക്ഷേത്രങ്ങളാണ്‌. ആ ക്ഷേത്രത്തെപ്പറ്റി എല്ലാ ആഴ്‌വാർമാരും പാടിയിട്ടുണ്ട്‌; ആഴ്‌വാർ കവികള്‍ ഒന്നുപോലെ ആരാധിച്ച മറ്റൊരു ക്ഷേത്രം തിരുപ്പതി വെങ്കടാചലപതിക്ഷേത്രമാണ്‌; ആഴ്‌വാർ കവികളെ ആനന്ദമത്തരാക്കിയിട്ടുള്ളത്‌ ശ്രീരംഗനാഥ പ്രതിഷ്‌ഠയും. ശ്രീരംഗനാഥ ക്ഷേത്രവുമായി ബന്ധപ്പെടുത്തി ആഴ്‌വാർമാരെപ്പറ്റി ഒട്ടേറെ ഐതിഹ്യങ്ങള്‍ പ്രചാരത്തിലിരിക്കുന്നു. പുരാണഗ്രന്ഥങ്ങളിൽ ഭാഗവതം ആഴ്‌വാർമാർ പ്രമാണഗ്രന്ഥമായി സ്വീകരിച്ചിരുന്നു. അതിൽ വാമനാവതാരം ഈ കവികളെ വളരെയേറെ പ്രചോദിപ്പിച്ചിട്ടുണ്ട്‌. ആഴ്‌വാർ കവികള്‍ അവരുടെ ഗീതങ്ങളിലൂടെ ഈശ്വരസാക്ഷാത്‌കാരത്തിന്‌ വഴിയൊരുക്കി. വേദപുരാണങ്ങളിൽ അടിയുറച്ച അറിവു നേടിയിരുന്ന ആഴ്‌വാർമാരുടെ കൃതികളിൽ നിഗൂഢാത്മകതയുടെ പൗരാണിക സ്വഭാവം സാർവത്രികമായി കാണാം. 12-ാം ശ.-ത്തിൽ ജീവിച്ചിരുന്ന രാമാനുജാചാര്യർ തന്റെ വിശിഷ്‌ടാദ്വൈതസിദ്ധാന്തത്തിന്‌ ഊടും പാവും നേടിയത്‌ ആഴ്‌വാർ കവികളുടെ കൃതികളിലും വേദങ്ങളിലും നിന്നായിരുന്നു.

ആഴ്‌വാർ കവികളിൽ കുലശേഖര ആഴ്‌വാർ കേരളീയനായിരുന്നു. ആണ്ടാളാണ്‌ ഇക്കൂട്ടത്തിലെ ഏകസ്‌ത്രീ; ബ്രാഹ്മണവംശത്തിൽ പിറന്ന പെരിയാഴ്‌വാർ മുതൽ പാണർവംശത്തിൽ പിറന്ന തിരുപ്പാണാഴ്‌വാർവരെ പല സമുദായങ്ങളിലും പെട്ടവരാണ്‌ ആഴ്‌വാർമാർ. വിഷ്‌ണു ഭക്തന്മാരായ അവർക്കെല്ലാം തുല്യപദവിയാണ്‌ നല്‌കപ്പെട്ടിരിക്കുന്നത്‌. ജാതിലിംഗദേശവ്യത്യാസം കൂടാതെ അവരെല്ലാം സമാരാധ്യരായിത്തീർന്നു. പന്ത്രണ്ട്‌ ആഴ്‌വാർമാരെപ്പറ്റിയും അവരുടെ കൃതികളെപ്പറ്റിയും ലഭ്യമായ വിവരങ്ങള്‍ ചുരുക്കത്തിൽ ചുവടെ ചേർക്കുന്നു: (i) പൊയ്‌കൈ ആഴ്‌വാർ. ആദ്യത്തെ ആഴ്‌വാർ. എ.ഡി. മൂന്നാം ശ.-ത്തിൽ ജീവിച്ചിരുന്നു. അല്‌പശിമാസത്തിൽ (തുലാം, ഒക്‌ടോബർ-നവംബർ) തിരുവോണം നക്ഷത്രത്തിൽ പിറന്നു. സാരയോഗി അല്ലെങ്കിൽ കസാരയോഗി എന്ന പേരും അദ്ദേഹത്തിനുണ്ടായിരുന്നു. മുതറ്റിരുവന്താദിയാണ്‌ പൊയ്‌കൈ ആഴ്‌വാർ എഴുതിയ ഏകകൃതി. ഇതിൽ 100 പാസുരങ്ങള്‍ അടങ്ങുന്നു. ഒരു പാട്ട്‌ അവസാനിപ്പിക്കുന്ന പദംകൊണ്ടുതന്നെ അടുത്ത പാട്ട്‌ ആരംഭിക്കുന്ന രീതിക്ക്‌ അന്താദി എന്നു പേർ. ആ രീതിയിൽ ഈശ്വരസ്‌തുതിപരമായി എഴുതിയ ആദ്യത്തെ കൃതിയായതുകൊണ്ട്‌ ഇതിന്‌ മുതറ്റിരുവന്താദി എന്ന്‌ പേരുവന്നു. വിഷ്‌ണുവിനോടു കറകളഞ്ഞ ഭക്തിയുള്ള ഒരു കവിവരനെയാണ്‌ ഈ കൃതിയിൽ കണ്ടുമുട്ടാന്‍ കഴിയുന്നത്‌. പരിജ്ഞാനത്തിലൂടെ ഈശ്വരസാക്ഷാത്‌കാരം നേടാമെന്ന്‌ ഈ കൃതി ഉദ്‌ഘോഷിക്കുന്നു. (ii) പൂതത്താഴ്‌വാർ. പൊയ്‌കൈ ആഴ്‌വാരുടെ സമകാലികനായിരുന്നു. അല്‌പശിമാസത്തിൽ അവിട്ടം നാളിൽ പിറന്നു. ഇരണ്ടാം തിരുവന്താദിയാണ്‌ പൂതത്താഴ്‌വാരുടെ ഏകകൃതി. ഇതിൽ 100 പാസുരങ്ങള്‍ അടങ്ങുന്നു. മുതറ്റിരുവന്താദിക്കുശേഷം രണ്ടാമതായി എഴുതിയ കൃതിയായതുകൊണ്ട്‌ ഇതിന്‌ ഇരണ്ടാം തിരുവന്താദി എന്ന പേരുവന്നു. പരമഭക്തിയാണ്‌ അദ്ദേഹത്തിന്റെ കൃതിയിൽ നിഴലിക്കുന്നത്‌: ജ്ഞാനത്തെക്കാള്‍ ഭക്തിഭാവത്തിന്‌ ഈ കൃതിയിൽ പ്രാധാന്യം നല്‌കിയിരിക്കുന്നു. ഈ കൃതി ഏതാണ്ടൊരു സ്വപ്‌നദർശനമാണെന്നു കരുതാം. (iii) പേയാഴ്‌വാർ. പൊയ്‌കൈ ആഴ്‌വാരുടെ സമകാലികനായിരുന്നു. അല്‌പശിമാസത്തിൽ ചതയം നാളിൽ പിറന്നു. മൂന്റാംതിരുവന്താദി പേയ്‌ ആഴ്‌വാരുടെ ഏകകൃതിയാണ്‌. ഇതിൽ 100 പാസുരങ്ങള്‍ ഉണ്ട്‌. മൂന്നാമതായി പാടിയ അന്താദിയായതുകൊണ്ട്‌ ഈ കൃതിക്ക്‌ ഈ പേരു വന്നു. പരിജ്ഞാനത്തിലൂടെ ഈശ്വരസാക്ഷാത്‌കാരം നേടാമെന്ന്‌ ഈ കൃതി ഉദ്‌ഘോഷിക്കുന്നു. ഈശ്വരനുമായി സാത്മീഭവിച്ച്‌ തന്നെത്തന്നെ മറന്ന ഒരു കവിയെയാണ്‌ ഈ കൃതിയിൽ കാണുന്നത്‌. (iv) തിരുമലിശൈ ആഴ്‌വാർ. തൈമാസത്തിൽ (മകരം, ജനുവരി-ഫ്രബ്രുവരി) മകം നക്ഷത്രത്തിൽ പിറന്നു. പിറന്ന ഉടന്‍ കാട്ടിൽ ഉപേക്ഷിച്ചിട്ട്‌ മാതാവ്‌ പോയെന്നും, ഒരാട്ടിടയന്‍ കുഞ്ഞിനെ കണ്ടെടുത്തു വളർത്തിയെന്നും, ഇടയന്റെ ഔരസപുത്രനായ കണിക്കച്ചന്‍ ആഴ്‌വാരുടെ സന്തതസഹചാരിയായിത്തീർന്നുവെന്നും ഐതിഹ്യം പറയുന്നു. ബാല്യത്തിൽത്തന്നെ ശിക്ഷ, ന്യായം, വൈശേഷികം, സാംഖ്യം, പാതഞ്‌ജല്യം എന്നീ ജ്ഞാനശാഖകളിലെല്ലാം അവഗാഹം നേടിയ ശേഷം ഇദ്ദേഹം ശിവഭക്തനായിത്തീർന്നു. ഒടുവിൽ പേയ്‌ആഴ്‌വാരാണ്‌ ഇദ്ദേഹത്തെ വിഷ്‌ണുഭക്തനാക്കി മാറ്റിയത്‌. ആദ്യത്തെ മൂന്ന്‌ ആഴ്‌വാർമാരുടെയും പരമഭക്തിയും പരമജ്ഞാനവും തന്നിൽ ലയിപ്പിച്ചു ചേർത്താണ്‌ തിരുമലിശൈ ആഴ്‌വാർ പാസുരങ്ങള്‍ രചിച്ചത്‌. അദ്ദേഹം രണ്ടു കൃതികള്‍ രചിച്ചിട്ടുണ്ട്‌: നാന്‍മുഖന്‍തിരുവന്താദി. തിരുമലിശൈ ആഴ്‌വാരുടെ ഈ കൃതിയിൽ 90 പാസുരങ്ങള്‍ ഉണ്ട്‌. ആദ്യത്തെ ആഴ്‌വാർമാരുടെ അന്താദികളുടെ അനുകരണമാണ്‌ ഈ കൃതി. അവയുടെ സാരാംശം ഈ കൃതി ഉള്‍ക്കൊള്ളുന്നു. ഗീതങ്ങള്‍ ഒട്ടുമിക്കതും തിരുപ്പതി വെങ്കടാചലപതിയെ പ്രകീർത്തിക്കുന്നവയാണ്‌. തിരുച്ചന്തവിരുത്തം എന്ന കൃതിയിൽ 120 പാസുരങ്ങളുണ്ട്‌. നാന്‍മുഖന്‍തിരുവന്താദിയെക്കാള്‍ കൂടുതൽ ഭക്തി നിറഞ്ഞതാണ്‌ ഈ കൃതി. സംഖ്യകള്‍ വച്ചുകൊണ്ട്‌ താത്ത്വികാവിഷ്‌കരണം നടത്തുന്ന ഈ കൃതി വ്യാഖ്യാനം കൂടാതെ മനസ്സിലാക്കാന്‍ കഴിയാത്തത്ര ഗഹനമാണ്‌. "ഒന്നുകൊണ്ടറിയേണം രണ്ടിന്റെ ബലാബലം' എന്ന മലയാളത്തിലെ വരികള്‍ തിരുച്ചന്തവിരുത്തത്തിന്റെ രീതിയിലുള്ളതാണ്‌. ഭക്തി ഉണർത്തത്തക്കവച്ചം സ്വാഭാവികവർണനകളും തത്ത്വജ്ഞാനവും നിറഞ്ഞവയാണ്‌ തിരുമലിശൈആഴ്‌വാരുടെ പാസുരങ്ങള്‍. ഭക്തിനിറഞ്ഞ പല ഐതിഹ്യകഥകളും അദ്ദേഹത്തെപ്പറ്റി പറഞ്ഞുവരുന്ന. കുംഭകോണത്തുവച്ച്‌ ഈ ആഴ്‌വാർ പരഗതി പ്രാപിച്ചു എന്നു കരുതുന്നു. (v) കുലശേഖര ആഴ്‌വാർ. മാശിമാസത്തിലെ (കുംഭം, ഫെബ്രുവരി-മാർച്ച്‌) പുണർതംനാളിൽ പിറന്നു. ആഴ്‌വാർമാരുടെ കൂട്ടത്തിൽ ഏകകേരളീയനായ കുലശേഖര ആഴ്‌വാർ ചേരരാജപരമ്പരയിൽ ദൃഢവ്രതന്റെ പുത്രനായി തിരുവഞ്ചിക്കുളത്ത്‌ ജനിച്ചു. ബാല്യത്തിൽത്തന്നെ ഹൃദയത്തിൽ വിഷ്‌ണുഭക്തി അങ്കുരിച്ചു. ചേരനാടിന്റെ ഭരണഭാരം ഏറ്റശേഷം കുലശേഖരന്‍ ചോളരെയും പാണ്ഡ്യരെയും പരാജയപ്പെടുത്തി കോഴിയാന്‍കോൽ, കൊല്ലികാവലന്‍, കൂടൽനായകന്‍ എന്നീ ബിരുദങ്ങള്‍ സമ്പാദിച്ചു; പാണ്ഡ്യരാജപുത്രിയെ പരിണയിച്ചു. ഒടുവിൽ ലൗകികജീവിതസുഖങ്ങളുടെ ക്ഷണികത മനസ്സിലാക്കി അദ്ദേഹം തന്റെ സമയം മുഴുവന്‍ ഭഗവത്‌കഥകള്‍ കേള്‍ക്കുന്നതിനും പുരാണ പാരായണത്തിനും ഈശ്വരാരാധനയ്‌ക്കും വിനിയോഗിച്ചു. രാജ്യഭാരം പുത്രനെ ഏല്‌പിച്ചിട്ട്‌ കുലശേഖരന്‍ പുത്രിയുമൊത്ത്‌ ശ്രീരംഗത്തേക്കുപോയി അവിടെ രംഗനാഥക്ഷേത്രത്തിൽ ഭജനമിരുന്നു. മകള്‍ നീലാദേവിയെ ശ്രീരംഗനാഥസപര്യക്ക്‌ നിയോഗിച്ചിട്ട്‌ വിഷ്‌ണുക്ഷേത്രങ്ങളിൽ തീർഥാടനത്തിന്‌ അദ്ദേഹം പുറപ്പെട്ടു. തിരുനെൽവേലിക്കു സമീപമുള്ള മാണാർകോവിലിൽവച്ച്‌ പരഗതി പ്രാപിച്ചു. ഇദ്ദേഹത്തിന്റെ മുഖ്യകൃതിയാണ്‌ പെരുമാള്‍ തിരുമൊഴി; കുലശേഖരപ്പെരുമാള്‍ ആഴ്‌വാർ രചിച്ചതുകൊണ്ട്‌ ഈ കൃതിക്ക്‌ പെരുമാള്‍ തിരുമൊഴി എന്ന്‌ പേരും വന്നും. ഇതിൽ 105 പാസുരങ്ങളുണ്ട്‌. പത്ത്‌ ഭാഗമായി എഴുതിയിട്ടുള്ള ഈ കൃതി ഭക്തഹൃദയങ്ങളെ കാന്തം ഇരുമ്പിനെ എന്നപോലെ ആകർഷിക്കുന്നു. ഈശ്വരാനുഗ്രഹത്തിനുള്ള ആത്മാവിന്റെ അന്തർദാഹം തിരുമൊഴിയിലുണ്ട്‌. യശോദയ്‌ക്ക്‌ ശ്രീകൃഷ്‌ണനോടുണ്ടായിരുന്ന വാത്സല്യഭാവം കുലശേഖരന്‍ തന്റെ ഭക്തിക്ക്‌ ആധാരമായി സ്വീകരിച്ചു. സംസ്‌കൃതഭാഷയിലും അസാമാന്യമായ പ്രാവീണ്യം നേടിയിരുന്ന കുലശേഖരന്‍ സംസ്‌കൃതത്തിൽ രചിച്ച സ്‌ത്രാതകൃതിയാണ്‌ മുകുന്ദമാല. 34 ശ്ലോകങ്ങളുള്ള ഈ കൃതി വിഷ്‌ണുഭക്തന്മാർക്ക്‌ അത്യധികം പ്രിയങ്കരമായ ഒന്നാണ്‌. (vi) നമ്മാഴ്‌വാർ. വൈകാശിമാസം (ഇടവം, മേയ്‌-ജൂണ്‍) വിശാഖനക്ഷത്രത്തിൽ തിരുനെൽവേലി ജില്ലയിലെ ആഴ്‌വാർതിരുനഗരിയിൽ ജനിച്ചു. "നമ്മുടെ ആഴ്‌വാർ' എന്ന അർഥത്തിലാണ്‌ നമ്മാഴ്‌വാർ എന്ന്‌ വിളിച്ചുവരുന്നത്‌. പിതാക്കള്‍ ഇട്ടപേര്‌ മാറന്‍ എന്നായിരുന്നു; ശംകോപന്‍, പരാങ്കുശന്‍, വകുളാഭരണന്‍ എന്നീ പേരുകളും അദ്ദേഹത്തിനുണ്ട്‌. നമ്മാഴ്‌വാരെ വൈഷ്‌ണവകുലപതിയായി കരുതിവരുന്നു. വൈഷ്‌ണവർ കോവിൽ എന്നുമാത്രം പറഞ്ഞാൽ ശ്രീരംഗമെന്നും ശൈവർ പറഞ്ഞാൽ ചിദംബരമെന്നും അർഥമാവുന്നതുപോലെ, ആഴ്‌വാർ എന്നുമാത്രം പറഞ്ഞാൽ നമ്മാഴ്‌വാർ എന്ന്‌ അർഥമാവുന്നു. അദ്ദേഹം 4 കൃതികള്‍ രചിച്ചിട്ടുണ്ട്‌. ഈ നാലു കൃതികളും തമിഴ്‌വേദം, ദ്രാവിഡവേദം, പഞ്ചമവേദം എന്നീ നിലകളിൽ ആദരിക്കപ്പെട്ടുവരുന്നു. ഈ കൃതികള്‍ അടങ്ങുന്നതു കൊണ്ടാണ്‌ നാലായിരപ്രബന്ധത്തിനും അതേ ആദരണീയത ലഭിച്ചത്‌. തിരുവിരുത്തമാണ്‌ നമ്മാഴ്‌വാരുടെ ആദ്യത്തെകൃതി. ഇതിൽ 100 പാസുരങ്ങളുണ്ട്‌. താണനിലയിൽ കഴിയുന്നവരുടെ ആത്മീയോത്‌കർഷത്തിനുവേണ്ടി രചിച്ച ഈ കൃതിയിൽ ആത്മാവ്‌ ഈശ്വരനിലേക്ക്‌ പര്യടനം നടത്തുന്നതായി വർണിച്ചിരിക്കുന്നു. ഈ കൃതിയെത്തന്നെ വിപുലീകരിച്ചതാണ്‌ തിരുവായ്‌മൊഴി എന്ന പില്‌ക്കാലത്തെ കൃതി. തിരുവാചിരിയം ഏഴു പാസുരങ്ങള്‍ ഉള്‍ക്കൊള്ളുന്നു. തത്ത്വ-ഹിത-പുരുഷാർഥങ്ങളുടെ വർണയമാണ്‌ ഈ കൃതി. പെരിയതിരുവന്താദി 87 പാസുരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മറ്റൊരു കൃതിയാണ്‌. മനസ്സിനെ ഈശ്വരനിൽ കേന്ദ്രീകരിച്ചാൽ ആത്മാവിന്‌ രക്ഷകിട്ടുമെന്ന്‌ ഈ കൃതി ചൂണ്ടിക്കാണിക്കുന്നു. ഒരു സ്‌ത്രണമായ സമീപനം തിരുവിരുത്തത്തിലും തിരുവാചിരിയത്തിലും കാണുമ്പോള്‍ ഈ കൃതിയിൽ ഒരു ദാസന്റെ സമീപനമാണ്‌ അനുഭവപ്പെടുക; രണ്ടു സമീപനങ്ങളും മുക്തി മാർഗമാണെന്ന്‌ നമ്മാഴ്‌വാർ കാണിച്ചുതരുന്നു. 1102-പാസുരങ്ങള്‍ ഉള്‍ക്കൊള്ളുന്ന തിരുവായ്‌മൊഴിയാണ്‌ നമ്മാഴ്‌വാരുടെ ഏറ്റവും ശ്രഷ്‌ഠമായ കൃതി; ഭഗവദ്‌വിഷയം എന്നൊരു പേരും ഇതിനുണ്ട്‌. ഈ കൃതിയിൽ നമ്മാഴ്‌വാർ ഒരു അനുഗൃഹീതകവിയായി പ്രത്യക്ഷപ്പെടുന്നു. വിശിഷ്‌ടാദ്വൈതമതസ്ഥാപകനായ ശ്രീരാമാനുജാചാര്യർ ഈ കൃതിക്ക്‌ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ട്‌. തെക്കേ ഇന്ത്യയിലെ അജ്ഞേയവാദത്തിന്റെ ഏറ്റവും മഹനീയമായ മാകൃകയാണ്‌ ഈ കൃതി. ദിവ്യപ്രബന്ധത്തിൽ നമ്മാഴ്‌വാരുടെ മൂന്നു കൃതികള്‍ മൂന്നാം ആയിരത്തിലും, തിരുവായ്‌മൊഴി നാലാം ആയിരത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. (vii) മധുരകവിയാഴ്‌വാർ. ചിത്തിര മാസത്തിൽ (മേടം, ഏപ്രിൽ-മേയ്‌) ചിത്തിരനാളിൽ പാണ്ഡ്യനാട്ടിലെ തിരുക്കോളൂരിൽ ചോഴിയബ്രാഹ്മണവംശത്തിൽ പിറന്നു. ആഴ്‌വാർ തിരുനഗരി ക്ഷേത്രത്തിലെ പുളിമരത്തിന്‍കീഴിൽ ധ്യാനത്തിലിരുന്ന നമ്മാഴ്‌വാരെ ചെന്നു കണ്ട്‌ ഗുരുവായി സ്വീകരിച്ചുവെന്ന്‌ ഐതിഹ്യം പറയുന്നു. മധുരയിലെ കവി എന്നും, മാധുര്യമുള്ള കൃതി രചിച്ചകവി എന്നും ഉള്ള അർഥത്തിലാണ്‌ ഇദ്ദേഹം മധുരകവിയാഴ്‌വാർ എന്ന്‌ അറിയപ്പെട്ടത്‌. കച്ചിനൂണ്‍ചിറുത്താമ്പ്‌ എന്ന 11 പാസുരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു കൃതി മാത്രമാണ്‌ മധുരകവിയാഴ്‌വാർ രചിച്ചിട്ടുള്ളത്‌. മറ്റ്‌ ആഴ്‌വാർമാരുടെ സ്‌തോത്രകൃതികളിൽനിന്ന്‌ ഈ കൃതിക്ക്‌ ഒരു വ്യത്യാസമുള്ളത്‌ ഇത്‌ ഒരു ഭഗവത്‌സ്‌തോത്രമല്ല, മറിച്ച്‌ ഒരു ഭഗവത്‌ഭക്തസ്‌ത്രാത്രമാണ്‌ എന്നുള്ളതാണ്‌. ഈ കൃതിയിൽ നമ്മാഴ്‌വാരെ സ്‌തുതിച്ച്‌ മധുരകവി പാടിയിരിക്കുന്നു. (viii) പെരിയാഴ്‌വാർ. ആനിമാസത്തിൽ (മിഥുനം, ജൂണ്‍-ജൂലൈ) ചോതിനാളിൽ രാമനാഥപുരം ജില്ലയിലെ ശ്രീവില്ലിപുത്തൂർ എന്ന സ്ഥലത്ത്‌ ഒരു ബ്രാഹ്മണ ഗൃഹത്തിൽ പിറന്നു. അച്ഛന്‍ മുകുന്ദപട്ടരും അമ്മ പദ്‌മാവതിയുമായിരുന്നു. പിതാക്കള്‍ വിഷ്‌ണുസിദ്ധന്‍ എന്ന്‌ പേരിട്ടു. അച്ഛന്‌ ശ്രീവില്ലിപുത്തൂർ വിഷ്‌ണുക്ഷേത്രത്തിൽ മാലകെട്ടായിരുന്നു പ്രവൃത്തി; അത്‌ വിഷ്‌ണുസിദ്ധരും പിന്തുടർന്നു. തുളസിച്ചെടികള്‍ക്കിടയിൽനിന്ന്‌ അദ്ദേഹം കണ്ടെടുത്ത്‌ വളർത്തിയ കുഞ്ഞാണ്‌ ആണ്ടാള്‍ ആയി വളർന്നത്‌. വിഷ്‌ണുകീർത്തനമായി തിരുപ്പല്ലാണ്ട്‌ എന്ന കൃതി രചിച്ചതുകൊണ്ട്‌ ആദരപൂർവം വിഷ്‌ണുസിദ്ധരെ പെരിയാഴ്‌വാർ എന്ന്‌ വിളിച്ചുവരുന്നു. നാലായിരപ്രബന്ധത്തിൽ പെരിയാഴ്‌വാരുടെ രണ്ടുകൃതികളും ആദ്യമായി ചേർത്തിരിക്കുന്നു. പാണ്ഡ്യനാടുവാണിരുന്ന വല്ലഭദേവന്‍ എന്ന രാജാവ്‌ വിഷ്‌ണുസിദ്ധന്‌ "പട്ടർപീരാന്‍' എന്ന ബിരുദം നല്‌കി. ഈശ്വരനാമം അനേകവർഷം വാഴ്‌ത്തപ്പെടട്ടെ എന്ന അർഥത്തിലുള്ള തിരുപ്പല്ലാണ്ട്‌ എന്ന കൃതിയിൽ 12 പാസുരങ്ങളുണ്ട്‌. 6-ാമത്തെ പാസുരത്തിൽ തിരുവോണത്തെക്കുറിച്ച്‌ പരാമർശമുണ്ട്‌. "തിരുവോണത്തിരുവിഴാവിൽ അത്തിയാംപോതിൽ അരിയുരുവാകി അറിയെ അഴിഞ്ഞവനെ' എന്നു കാണുന്നു. പെരിയാഴ്‌വാർതിരുമൊഴി എന്ന തിരുമൊഴിയിൽ 461 പാസുരങ്ങളുണ്ട്‌. പാസുരങ്ങളിൽ ആഴ്‌വാർ 44 ക്ഷേത്രങ്ങളെക്കുറിച്ച്‌ സ്‌തുതിക്കുന്നു. ദേവനെ തുയിലുണർത്താനായി അദ്ദേഹത്തിന്റെ കീർത്തനങ്ങള്‍ ഇപ്പോഴും വിഷ്‌ണുക്ഷേത്രങ്ങളിൽ പ്രഭാതത്തിൽ പാടിവരുന്നു. (ix) ആണ്ടാള്‍. നമ്പിയാർ തിരുമൊഴി, തിരുപ്പാവൈ എന്നീ രണ്ടുകൃതികള്‍ രചിച്ച ആണ്ടാള്‍ ആഴ്‌വാർ കവികളുടെ കൂട്ടത്തിലുള്ള ഏകവനിതയാണ്‌. (നോ.ആണ്ടാള്‍) (x) തൊണ്ടരടിപ്പൊടിയാഴ്‌വാർ. മാർകഴിമാസത്തിൽ (ധനു, ഡിസംബർ-ജനുവരി) തൃക്കേട്ട നക്ഷത്രത്തിൽ ചോളനാട്ടിലെ തിരുമണ്ടന്‍കുടിയിൽ ഒരു ബ്രാഹ്മണ കുടുംബത്തിൽ പിറന്നു. ക്ഷേത്രത്തിലേക്കു മാലകെട്ടായിരുന്നു കുലത്തൊഴിൽ. മാതാപിതാക്കള്‍ വിപ്രനാരായണന്‍ എന്നു പേരിട്ടു; തൊണ്ടർ അടിപ്പൊടി എന്ന പേര്‌ ഭക്തന്മാരുടെ കാലിൽപറ്റിയ പൊടി അണിയുന്നയാള്‍ എന്ന അർഥത്തിൽവന്നു ചേർന്നതാണ്‌. തമിഴിലും സംസ്‌കൃതത്തിലും ഒന്നു പോലെ പാണ്ഡിത്യംനേടി. ബാല്യത്തിൽത്തന്നെ ശ്രീരംഗനാഥഭക്തനായിത്തീർന്ന ആഴ്‌വാർ ശ്രീരംഗത്തുചെന്ന്‌ കാവേരിക്കരയിൽ ഒരു പൂന്തോട്ടമുണ്ടാക്കി ഭഗവത്സേവയിൽ മുഴുകി. അക്കാലത്ത്‌ അദ്ദേഹത്തെ സഹായിക്കാനെത്തിയ ദേവദേവി എന്ന സ്‌ത്രീയിൽ അനുരക്തനായി ഈശ്വരധ്യാനം മറന്നു കഴിഞ്ഞെന്നും, ഒടുവിൽ തന്റെവഴി തെറ്റിപ്പോയെന്നു കണ്ട്‌ ഉണർന്ന അദ്ദേഹം വീണ്ടും രംഗനാഥഭക്തനായിത്തീർന്നുവെന്നും, തന്റെ തെറ്റിന്‌ ഇനി ഭക്തന്മാരുടെ പാദരേണുക്കള്‍ അണിയുകമാത്രമാണ്‌ ആശ്രയമെന്ന്‌ കരുതിയെന്നും, അതുമുതൽക്ക്‌ തൊണ്ടരടിപ്പൊടി എന്ന പേര്‌ വന്നുചേർന്നുവെന്നും ഐതിഹ്യം പറയുന്നു. അദ്ദേഹം രണ്ടുകൃതികള്‍ രചിച്ചിട്ടുണ്ട്‌: തിരുമാലൈ എന്ന കൃതിയിൽ 45 പാസുരങ്ങളുണ്ട്‌. വേദനകളുടെയും പ്രശ്‌നങ്ങളുടെയും മധ്യത്തിൽ ഒരിക്കലും ഭഗവത്‌പ്രാർഥന മറന്നുപോകരുതെന്ന്‌ ഈ കൃതി ആഹ്വാനംചെയ്യുന്നു. 16-ാമത്തെ പാസുരത്തിൽ ദേവദേവി കാരണം വഴിതെറ്റിയ തന്നെ ശ്രീരംഗനാഥന്‍ വീണ്ടു കൊണ്ടുവന്നു എന്ന്‌ സൂചിപ്പിച്ചിരിക്കുന്നു. സംഗീതാത്മകമാണ്‌ ഈ കൃതി. തിരുപ്പള്ളി എഴുച്ചി എന്ന കൃതിയിൽ 10 പാസുരങ്ങളുണ്ട്‌. ദേവനെ പ്രഭാതത്തിൽ തുയിലുണർത്തി പ്രാർഥിക്കുന്ന ഗീതമാണ്‌ ഇത്‌. ഈ വിഷ്‌ണുസുപ്രഭാതകീർത്തനം ഇപ്പോഴും വിഷ്‌ണുക്ഷേത്രങ്ങളിൽ പാടാറുണ്ട്‌. (xi) തിരുപ്പാണാഴ്‌വാർ. കാർത്തികമാസത്തിൽ (വൃശ്ചികം, നവംബർ-ഡിസംബർ) രോഹിണിനക്ഷത്രത്തിൽ പഞ്ചമവർഗത്തിൽപ്പെടുന്ന പാണർവംശത്തിൽ പിറന്നു; മുനിവാഹനന്‍ എന്ന പേരുമുണ്ട്‌. അദ്ദേഹത്തിന്‌ "കവീശ്വരന്‍' എന്നൊരു ബിരുദവുമുണ്ട്‌.

പത്തു പാസുരങ്ങള്‍ മാത്രമാണ്‌ തിരുപ്പാണാഴ്‌വാർ രചിച്ചിട്ടുള്ളത്‌. രംഗനാഥദർശനത്തോടെ ആനന്ദാബ്‌ധിയിൽ മുഴുകി പാടിയപാട്ടാണ്‌ ഇത്‌. വളരെ മധുരമാണ്‌ ഈ ഗീതം. വ്യാഖ്യാതാക്കള്‍ പലരീതിയിൽ ഇതിന്‌ അർഥം പറഞ്ഞിരിക്കുന്നു. പാദാദികേശവർണനയോടുകൂടിയ ആദ്യത്തെ മൂന്നു പാസുരങ്ങള്‍ പ്രണവ മന്ത്രാക്ഷരങ്ങളായ ആ, ഇ, മ എന്നിവകൊണ്ട്‌ യഥാക്രമം തുടങ്ങുന്നു.

(xii) തിരുമങ്കൈ ആഴ്‌വാർ. കാർത്തികമാസത്തിൽ കാർത്തികനക്ഷത്രത്തിൽ ചോളരാജ്യത്തിലെ ഒരു സാമന്തരാജ്യമായ തിരുവാലിനാട്ടിൽ തിരുക്കുറയലൂരിൽ ജനിച്ചു. നീലന്‍ എന്ന്‌ പിതാക്കള്‍ പേരിട്ടു; ബാല്യത്തിൽത്തന്നെ വിദ്യകളെല്ലാം അഭ്യസിച്ചു. നീലന്റെ കഴിവുകള്‍കൊണ്ട്‌ ചോളരാജാവ്‌ സൈന്യത്തിൽ നായകനായി നിയമിച്ച്‌ "നാർകവി പെരുമാന്‍' എന്ന ബിരുദം നല്‌കി, ആലിനാട്ടിന്റെ ആധിപത്യവും കൊടുത്തു. ആലിനാടിന്‌ തിരുമങ്കൈ പട്ടണം തലസ്ഥാനമാക്കി. അദ്ദേഹത്തിന്‌ തിരുമങ്കൈ മന്നന്‍, തിരുമങ്കൈ ആഴ്‌വാർ, ആലിനാടന്‍, കലിയന്‍, കലികന്റി, പരകാലന്‍, കലിധ്വംസി എന്നീ പേരുകളും ലഭിച്ചിട്ടുണ്ട്‌. വളരെ പ്രതിഭാശാലിയായ ഒരു കവിയായിരുന്നു ആഴ്‌വാർ. അദ്ദേഹം ആറു കൃതികള്‍ രചിച്ചു; ഇക്കൂട്ടത്തിൽ പെരിയതിരുമൊഴിയിൽ 1,084 പാസുരങ്ങളുണ്ട്‌. തെക്കേ ഇന്ത്യയിലെ മുഖ്യമായ വിഷ്‌ണു ക്ഷേത്രങ്ങളെ പ്രകീർത്തിച്ചു പാടിയിട്ടുള്ള വിപുലമായ ഒരു കൃതിയായതുകൊണ്ടാണ്‌ ഇതിന്‌ പെരിയതിരുമൊഴി എന്ന പേരുവന്നത്‌. മിക്ക ക്ഷേത്രങ്ങളും അദ്ദേഹം സന്ദർശിച്ചതിനുശേഷമാണ്‌ അവയെ പ്രകീർത്തിച്ചു പാടിയിട്ടുള്ളത്‌. തിരുകുറുന്താണ്ടകത്തിൽ 20 പാസുരങ്ങളുണ്ട്‌. ദണ്ഡകവൃത്തത്തിൽ രചിച്ച വലിയ ഒരു കൃതിയാണിത്‌. കാമിനീകാമുകവിരഹത്തിന്റെ പ്രതീകമായി സംഘസാഹിത്യത്തിൽ സ്വീകരിച്ചിട്ടുള്ള മടൽ സങ്കേതമുപയോഗിച്ച്‌ എഴുതിയിട്ടുള്ള കൃതിയാണ്‌ ചെറിയതിരുമടൽ. പെരിയതിരുമടൽ, ഈ സങ്കേതമുപയോഗിച്ച്‌ എഴുതിയ മറ്റൊരു കാവ്യമാണ്‌. രണ്ടു മടൽ കൃതികളും കലിവെണ്‍പാ വൃത്തത്തിൽ രചിച്ചിരിക്കുന്നു. തിരുവെഴുക്കുറ്റിരുക്കൈ (ശരണം എന്ന അർഥത്തിലുള്ള ഈ കൃതി) ആശിരിയപ്പാ വൃത്തത്തിൽ രചിച്ചിരിക്കുന്നു.

കേരളക്ഷേത്രങ്ങളും ആഴ്‌വാർമാരും. വൈഷ്‌ണവർക്ക്‌ മുഖ്യമായിട്ടുള്ള 108 ക്ഷേത്രങ്ങളിൽ 11 എച്ചം കേരളത്തിൽ സ്ഥിതിചെയ്യുന്നു. തിരുവനന്തപുരം, തിരുകാട്‌കരൈ (തൃക്കാക്കര), തിരുമൂഴിക്കുളം, തിരുപ്പുലിയൂർ, തിരുച്ചെങ്കന്റൂർ (ചെങ്ങന്നൂർ), തിരുവല്ലവാഴ്‌ (തിരുവല്ല), തിരുവണ്‍വണ്ടൂർ, തിരുവാറന്‍വിള (ആറന്‍മുള), തിരുക്കടിത്താനം (തൃക്കൊടിത്താനം), തിരുവത്തുവക്കോട്‌ (തിരുമുറ്റക്കോട്‌), തിരുനാവാ എന്നീ ക്ഷേത്രങ്ങളെക്കുറിച്ച്‌ ആഴ്‌വാർ കവികള്‍ സ്‌തുതിച്ചു പാടിയിട്ടുള്ളതുകൊണ്ട്‌ ഇവ കേരളത്തിലെ "പാടൽപെറ്റ' പതികങ്ങളാണ്‌. തിരുമുറ്റക്കോട്‌ ക്ഷേത്രത്തെപ്പറ്റി കുലശേഖര ആഴ്‌വാരും, തിരുപ്പുലിയൂർ, തിരുവല്ല, തിരുനാവാ എന്നീ ക്ഷേത്രങ്ങളെപ്പറ്റി തിരുമങ്കൈ ആഴ്‌വാരും, തിരുമുറ്റക്കോട്‌ ഒഴികെയുള്ള പത്തു ക്ഷേത്രങ്ങളെപ്പറ്റി നമ്മാഴ്‌വാരും പാസുരങ്ങളിൽ പ്രകീർത്തിച്ചിട്ടുണ്ട്‌. പ്രസിദ്ധരായ ആഴ്‌വാർമാരെയും അവരുടെ പ്രസിദ്ധങ്ങളായ കൃതികളെയും കുറിച്ച്‌ ശീർഷകങ്ങളുള്ളത്‌ നോക്കുക. (അമ്പലത്തറ ഉച്ചിക്കൃഷ്‌ണന്‍ നായർ; എം. ഇളയപെരുമാള്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍