This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആശൗചം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആശൗചം

പിണ്ഡകാലം, ഉദകക്രിയ മുതലായ വിധികള്‍ക്കും അധ്യയനാദികളുടെ നിഷേധത്തിനും നിമിത്തഭൂതവും, കാലം, സ്‌നാനം മുതലായവയാൽ മാറ്റാവുന്നതുമായ അശുദ്ധി. ഹിന്ദുമതത്തിലെ ഉയർന്ന ജാതിയിൽപ്പെട്ടവരാണ്‌ പൊതുവിൽ ഇത്തരം ആചാരങ്ങള്‍ അനുഷ്‌ഠിച്ചുപോന്നത്‌. ഇവയിൽ മിക്കതും സാമൂഹിക പുരോഗതിയുടെ ഫലമായി ഇല്ലാതായിട്ടുണ്ട്‌. പ്രസവാനന്തരമുള്ള പുല, മരണാനന്തരമുള്ള പുല ഇവയുടെ കാലം ബ്രാഹ്മണർക്ക്‌ പത്തും ക്ഷത്രിയർക്ക്‌ പന്ത്രണ്ടും വൈശ്യർക്ക്‌ പതിനഞ്ചും ശൂദ്രർക്ക്‌ മുപ്പതും ദിവസങ്ങളായി വിധിക്കപ്പെട്ടിട്ടുണ്ട്‌. ശൂദ്രന്‍ പാകയജ്ഞാദിനിരതനാണെങ്കിൽ ആശൗചകാലം 15 ദിവസമാണ്‌. രണ്ടുവയസ്സു തികഞ്ഞിട്ടില്ലാത്ത ശിശുമരിച്ചാൽ ആശൗചം മാതാപിതാക്കള്‍ക്ക്‌ മാത്രമേ ഉള്ളൂ. ഗർഭം അലസിപ്പോകുന്നതായാൽ ഗർഭമാസ സംഖ്യയ്‌ക്ക്‌ തുല്യമായ രാത്രികൊണ്ട്‌ സ്‌ത്രീ ശുദ്ധമായിത്തീരും. ഒരു ആശൗചത്തിനിടയ്‌ക്ക്‌ അതിനെക്കാള്‍ ദുർബലമോ സമബലമോ ആയ മറ്റൊന്ന്‌ ഉണ്ടായാൽ മുമ്പത്തെ ആശൗചത്തിലെ ബാക്കി കാലംകൊണ്ടുതന്നെ ശുദ്ധി കൈവരിക്കാവുന്നതാണ്‌. രണ്ടാമത്തെ ആശൗചം ബലംകൂടിയതെങ്കിൽ അതിന്റെ കാലാവധിക്കുശേഷമേ ശുദ്ധമാവുകയുള്ളൂ.

വർണഭേദം, പ്രായഭേദം എന്നിവയ്‌ക്ക്‌ അനുസൃതമായി ആശൗചകാലാചാരങ്ങള്‍ക്ക്‌ വ്യത്യാസമുണ്ട്‌. ചത്ത പുലയ്‌ക്ക്‌ പല്ലുമുളയ്‌ക്കാത്ത കുട്ടിക്ക്‌ സദ്യഃശൗചമാണ്‌ വിധിച്ചിട്ടുള്ളത്‌ വിപ്രന്‌ ജലത്തിന്റെയും ക്ഷത്രിയന്‌ വാഹനം, ആയുധം എന്നിവയുടെയും വൈശ്യന്‌ ചാട്ട(പ്രതോദം)യുടേയും സ്‌പർശനത്തിലുണ്ടാകുന്ന ശുദ്ധിയെയാണു സദ്യഃശൗചം എന്നു പറയുന്നത്‌. ചൂഡാകരണം കഴിയാത്തവന്‌ ഒരു ദിവസവും, ഉപനയനം കഴിയാത്തവന്‌ മൂന്നു രാത്രിയുമാണ്‌-ആശൗചകാലം.

രജസ്വലയെയും ആശൗചമുള്ളവനെയും ശവത്തെയും സ്‌പർശിക്കുന്നവനു വെറും സ്‌നാനംകൊണ്ടുമാത്രം ശുദ്ധനാകാം; (ബ്രാഹ്മണനായാൽ ആഹോപിഷ്‌ഠാദി മന്ത്രവും ഗായത്രിയും മനസ്സിലുരുവിടണം. കാക്ക, മൂങ്ങ, കഴുത, ഒട്ടകം മുതലായവയുടെ സ്‌പർശമുണ്ടായാൽ സചേലസ്‌നാനം ചെയ്‌തുശുദ്ധി വരുത്തണം. നാഭിക്കുമുകളിൽ ശുനകസ്‌പർശമുണ്ടായാൽ സ്‌നാനവും താഴെയാണെങ്കിൽ പ്രക്ഷാളനവും ആശൗചമുക്തിക്ക്‌ കാരണമാകും. മനുഷ്യാസ്ഥിസ്‌പർശജന്യമായ അശുദ്ധി സ്‌നാനംകൊണ്ട്‌ ഒഴിവാക്കാം.

ഋത്വിക്കുകള്‍, ദീക്ഷിതന്മാർ, യജ്ഞകർമത്തിൽ ഏർപ്പെട്ടിരിക്കുന്നവർ, അന്നസത്രപ്രവർത്തകർ, വ്രതികള്‍, സ്‌നാതകന്മാർ, ബ്രഹ്മചാരികള്‍, ബ്രഹ്മജ്ഞാനികള്‍ എന്നിവർക്കും ദാനം, വിവാഹം, യജ്ഞം, സംഗ്രാമം, എന്നിവയിൽ ഏർപ്പെട്ടവർക്കും സദ്യഃശൗചമാണ്‌ വിധിച്ചിട്ടുള്ളത്‌. മാതാപിതാക്കന്മാർ, ആചാര്യന്‍ എന്നിവരുടെ മരണത്തിൽ ബ്രഹ്മചാരിക്കും ആശൗചമുണ്ട്‌. അവന്‍ നിർഹരണദഹനോദകാദികർമങ്ങള്‍ (ശവമെടുക്കൽ, ദഹിപ്പിക്കൽ, ഉദകക്രിയ മുതലായവ) അനുഷ്‌ഠിക്കുകയും വേണം. മറ്റു ബന്ധുക്കളുടെ മരണത്തിലാകട്ടെ വ്രതസമാപനം കഴിഞ്ഞ്‌ മൂന്നുദിവസം ആശൗചം ആചരിക്കണം. ദൂരദേശത്തിൽ വസിക്കുന്നവർ പത്ത്‌ ദിവസത്തിനകം ജനനമരണവൃത്താന്തങ്ങള്‍ കേട്ടറിഞ്ഞാൽ, ശേഷിച്ചകാലം ആശൗചം ആചരിക്കേണ്ടതാണ്‌. പത്ത്‌ ദിവസം കഴിഞ്ഞാണ്‌ അറിയുന്നതെങ്കിൽ ത്രിരാത്രമാണ്‌ ആശൗചം. ഒരു വർഷത്തിനുശേഷമായാൽ ജലസ്‌പർശംകൊണ്ട്‌ ശുദ്ധി കൈവരുത്താവുന്നതാണ്‌. മാതാവിന്റെ ബന്ധുക്കളുടെയോ ബന്ധുവിനെപ്പോലെ സ്‌നേഹിക്കുന്ന അസപിണ്ഡന്റെയോ നിർഹരണ ദഹനാദികള്‍ നടത്തുന്നവന്‍ പ്രതഗൃഹത്തിൽ താമസിക്കുന്നതായാൽ മൂന്നു ദിവസം ആശൗചംകൊള്ളേണ്ടതാണ്‌. അവന്‍ ആശൗചികളുടെ അന്നം ഭക്ഷിക്കുകയാണെങ്കിൽ ആശൗചകാലം പത്ത്‌ ദിവസമായിത്തീരും. ഇവ രണ്ടും ഇല്ലെങ്കിൽ നിർഹാരകന്‌ ഒരു ദിവസംമാത്രം ആശൗചം അനുഷ്‌ഠിച്ചാൽ മതിയാകും.

മരുമക്കത്തായപ്രകാരം മാതൃവംശത്തിലെ ജനനമരണങ്ങളാണ്‌ ആശൗചഹേതു. പുത്രന്‌ പിതൃമരണംകൊണ്ടോ, ഭർത്താവിന്‌ ഭാര്യയുടെ മരണംകൊണ്ടോ ആശൗചം ഉണ്ടാകുന്നതല്ല. യാജ്ഞവല്‌ക്യസ്‌മൃതി, മനുസ്‌മൃതി, പ്രയോഗപാരിജാതം, ആചാരനിർണയസിന്ധു മുതലായ സംസ്‌കൃത ഗ്രന്ഥങ്ങളും ആശൗചകേരളി, ആശൗചാഷ്‌ടകം, ആശൗചപദ്ധതി, ആശൗചചന്ദ്രിക, ആശൗചദീപകം, ആശൗചവിജ്ഞാനം മുതലായ കേരളീയകൃതികളും ആശൗചനിർണയത്തിന്‌ സഹായിക്കുന്നവയാണ്‌.

(ആർ. വാസുദേവന്‍പോറ്റി)

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B6%E0%B5%97%E0%B4%9A%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍