This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഷാമേനോന്‍ (1947 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഷാമേനോന്‍ (1947 - )

മലയാള നിരൂപകന്‍. പാലക്കാടു ജില്ലയിൽ 1947 ന. 12-ന്‌ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം ബാങ്കിങ്‌ സർവീസിൽ പ്രവേശിച്ചു. ആഷാമേനോന്റെ യഥാർഥനാമം ശ്രീകുമാർ എന്നാണ്‌. പുതിയ പുരുഷാർഥങ്ങള്‍, കലിയുഗാരണ്യകങ്ങള്‍, പരിവ്രാജകന്റെ മൊഴി, ഹെർബേറിയം, പ്രതിരോധങ്ങള്‍, തനുമാനസി, ജീവന്റെ കൈയൊപ്പ്‌ എന്നിവയാണ്‌ ആഷാമേനോന്റെ മുഖ്യകൃതികള്‍. ബോദ്‌ലേർ, ഡി.എച്ച്‌. ലോറന്‍സ്‌, ലോറന്‍സ്‌ ഡറൽ, ഴാങ്‌പോള്‍ സാർത്ര്‌, ഓസ്‌കാർ വൈൽഡ്‌ തുടങ്ങിയവരുടെ ദർശനങ്ങളെ നവീനമായ രീതിയിൽ അപഗ്രഥിക്കുന്ന ഉപന്യാസങ്ങളാണ്‌ പുതിയ പുരുഷാർഥങ്ങള്‍ എന്ന കൃതിയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. "ലൈംഗികതയുടെ മന്ദാരങ്ങള്‍' എന്ന ഉപന്യാസത്തിൽ ലോറന്‍സ്‌ ഡറലിന്റെ അലക്‌സാണ്ഡ്രിയ ക്വാർട്ടറ്റ്‌ എന്ന കൃതിയെയും "സ്വാതന്ത്യ്രത്തിന്റെ മിന്നൽ വെളിച്ചത്തിലേക്ക്‌' എന്ന ഉപന്യാസത്തിൽ സാർത്രിന്റെ സ്വാതന്ത്യ്രദർശനത്തെയും വിശകലനം ചെയ്യുന്നു. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന കൃതിയെ അപഗ്രഥിക്കുന്ന "ഖസാക്കിന്റെ സംഗീതം' എന്ന ഉപന്യാസത്തിൽ ആഷാമേനോന്‍ ഇപ്രകാരം കുറിക്കുന്നു."... എന്നാൽ അപൂർവം ചിലരാവട്ടെ തങ്ങള്‍ തിരഞ്ഞെടുക്കുന്ന മാർഗം മനുഷ്യരാശിയെ വ്യാപകമായി ബാധിക്കുമെന്ന സാത്വികമായ ഉദ്വിഗ്നതയ്‌ക്കു സ്വയം വിധേയരായി, പരിചിതമായ വഴിത്താര ഉപേക്ഷിച്ച്‌ ദുസ്‌തരമായ പന്ഥാവിലേക്ക്‌ ഇറങ്ങിത്തിരിക്കുന്നു. എങ്കിലും ജീവിതമെന്ന സാന്ധ്യസ്വപ്‌നത്തിന്റെ കാതൽ അന്വേഷിച്ചിറങ്ങുന്ന ഈ ധീരപ്രയാണികള്‍ പലപ്പോഴും ഉദ്ദിഷ്‌ടസ്ഥാനത്തെത്തിയെന്നു വരില്ല. പക്ഷേ, അവരുടെ പരാജയം ഒരിക്കലും വ്യർഥമാകുന്നില്ല. അല്ലെങ്കിൽ അവർ പരാജിതരാകുന്നില്ല; വരാനിരിക്കുന്ന പിന്‍ഗാമികള്‍ക്കു വഴികാട്ടികളാവുകയാണ്‌.'

പഠനനിരൂപണത്തിന്റെ സാധ്യതകള്‍ ആരായുകയും നവീന വിമർശനത്തിന്റെ സിദ്ധികളിലൂടെ ഭാവുകത്വത്തെ വികസിപ്പിക്കുകയും ചെയ്യുന്ന ഒരു കൃതിയാണു കലിയുഗാരണ്യകങ്ങള്‍. "പരലുകളുടെ നീലിമ', "സരളതയുടെ സമ്പദ്‌ശാസ്‌ത്രം', "ഇരുണ്ട സ്വര കാവ്യങ്ങള്‍' എന്നിങ്ങനെ ശ്രദ്ധേയങ്ങളായ ഏതാനും ലേഖനങ്ങളുടെ സമാഹാരമാണ്‌ ഈ കൃതി. പ്രതിരോധങ്ങള്‍ എന്ന കൃതിയിൽ "ചരിത്രത്തിലെ വിരാമങ്ങള്‍', "ആവിഷ്‌കാരമെന്ന ജൈവപ്രക്രിയ' എന്നിങ്ങനെ ഒന്‍പത്‌ ഉപന്യാസങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

മൂന്നു ഭാഗങ്ങളിലായി 12 ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൃതിയാണ്‌ ജീവന്റെ കൈയൊപ്പ്‌. കസന്‍ദ്‌ സാക്കിസ്‌, ഖലിൽ ജിബ്രാന്‍ തുടങ്ങിയ വിദേശ സാഹിത്യകാരന്മാരുടെയും വൈക്കം മുഹമ്മദുബഷീർ, ജോസഫ്‌ മുണ്ടശ്ശേരി, ഒ.വി. വിജയന്‍, ആനന്ദ്‌ തുടങ്ങിയ മലയാളസാഹിത്യകാരന്മാരുടെയും രചനകള്‍ ഈ കൃതിയിൽ വിശകലനം ചെയ്യുന്നു. ശക്തവും തീവ്രവുമായ ഒരു പരിസ്ഥിതി പഠനഗ്രന്ഥമാണ്‌ തനുമാനസി. 1991-ൽ കേരളസാഹിത്യ അക്കാദമിയുടെ ഐ.സി, ചാക്കോ അവാർഡ്‌ ഈ ഗ്രന്ഥത്തിനു ലഭിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍