This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസുറൈറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസുറൈറ്റ്‌

Asurite

ആകാശനീലിമയുള്ള ഒരു ചെമ്പയിര്‌. ഫോർമുല: 2CuCO3. Cu(OH)2. ഇതിന്റെ നിറത്തെ ദ്യോതിപ്പിക്കുന്ന "ആസുർ' പദമാണ്‌ ആസുറൈറ്റ്‌ എന്ന പേരിനുനിദാനം. പ്രിസാകൃതിയുള്ള ഏകനതാക്ഷ (monoclinal) പരലുകളായി കാണപ്പെടുന്നു. ഇവ എപ്പോഴും മുഴുപ്പുള്ളവയാകണമെന്നില്ല: സങ്കീർണമായ ഘടനയുള്ളവയുമാകാം. ഗോളകങ്ങളായും കണ്ടുവരുന്നു. ഏറെക്കുറെ സ്ഥായിയായ രാസഘടനയാണുള്ളത്‌. ലോഹാംശം 55.3%; കാഠിന്യം 3.5-4; ആ.സാ. 3.77. അതാര്യമോ അർധതാര്യമോ ആയ പദാർഥം. സ്‌പഷ്‌ടമായ വിദളനവും, കാചദ്യുതിയുമുണ്ട്‌. എളുപ്പം ഉരുകുന്നു. ചൂടാക്കുമ്പോള്‍ പച്ചനിറത്തിലുള്ള ജ്വാലയുണ്ടാക്കുന്നു. ഹൈഡ്രാക്ലോറിക്‌ അമ്ലത്തിൽ കുമിളിച്ചു ലയിക്കുന്നു; ലായനിക്ക്‌ പച്ചനിറം കാണും. അമോണിയം ഹൈഡ്രാക്‌സൈഡിൽ ലയിച്ച്‌ ഇളം നീലനിറമുള്ള ഒരു ലായനി ഉണ്ടാകുന്നു.

ചെമ്പിന്റെ ആധിക്യമുള്ള ശിലാസിര(rock veins)കളിലെ ഓക്‌സിഡേഷനു വിധേയമായ ഭാഗങ്ങളിൽ അവസ്ഥിതമായിക്കാണുന്നു. ചുച്ചാമ്പുകൽപ്രദേശങ്ങളിലാണ്‌ ഇത്തരം നിക്ഷേപങ്ങള്‍ അധികമായി കാണുന്നത്‌. പരലുകളായിത്തന്നെ കിട്ടുന്നു. മാലക്കൈറ്റ്‌, കുപ്രറ്റ്‌ തുടങ്ങിയ ചെമ്പയിരുകള്‍, ഇരുമ്പിന്റെ ഓക്‌സൈഡുകള്‍, ചെമ്പിന്റെയും ഇരുമ്പിന്റെയും വിവിധ സൽഫൈഡുകള്‍ എന്നിവയുമായി ഇടചേർന്നു കാണുന്നു.

ഫ്രാന്‍സ്‌, തെ.പ. ആഫ്രിക്ക, റുമേനിയ, ഗ്രീസ്‌, സൈബീരിയ, ന്യൂസൗത്ത്‌ വെയിൽസ്‌ തുടങ്ങിയ പ്രദേശങ്ങളിൽനിന്നുമാണ്‌ അധികം ലഭിച്ചുവരുന്നത്‌. ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ല. ചെമ്പിന്റെ അയിരായി ഉപയോഗിച്ചുവരുന്നു. ശുദ്ധമായ ആസുറൈറ്റ്‌ നഭോനീലത്തിലുള്ള ചായക്കൂട്ടുകള്‍ നിർമിക്കാനാണ്‌ അധികവും പ്രയോജനപ്പെടുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍