This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്റ്റിന്‍, ജോണ്‍ (1790 - 1859)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസ്റ്റിന്‍, ജോണ്‍ (1790 - 1859)

ജോണ്‍ ആസ്റ്റിന്‍

Austin, John

ബ്രിട്ടീഷ്‌ നിയമശാസ്‌ത്രഗ്രന്ഥകാരന്‍. 1790 മാ. 3-ന്‌ ജനിച്ചു. വിദ്യാഭ്യാസാനന്തരം സൈനികസേവനത്തിൽ ഏർപ്പെട്ടു; പിന്നീട്‌ നിയമബിരുദം നേടി. 1815 മുതൽ 1825 വരെ അഭിഭാഷകനായിരുന്നു; പക്ഷേ, ആ തൊഴിലിൽ ഒരു പരാജയമായിരുന്നു ആസ്റ്റിന്‍; എങ്കിലും നിയമങ്ങള്‍ സൂക്ഷ്‌മമായി അപഗ്രഥിക്കുന്നതിലും ബുദ്ധിപരമായ സത്യസന്ധത പാലിക്കുന്നതിലും അദ്ദേഹം പ്രകടിപ്പിച്ച അസാധാരണമണമായ കഴിവ്‌ സമകാലികനിയമപണ്ഡിതന്മാർക്കിടയിൽ അദ്ദേഹത്തിനു സ്ഥാനം നേടിക്കൊടുത്തു. 1826-ൽ ലണ്ടന്‍ സർവകലാശാല സ്ഥാപിതമായപ്പോള്‍ അവിടെ നിയമശാസ്‌ത്രവകുപ്പിൽ അദ്ദേഹം പ്രാഫസറായി നിയമിക്കപ്പെട്ടു. അടുത്ത രണ്ടുവർഷം അദ്ദേഹം ജർമനിയിൽ താമസിച്ച്‌ റോമന്‍നിയമത്തെപ്പറ്റി വിശദമായ പഠനംനടത്തി. നിയമങ്ങളെ വർഗീകരിക്കുന്നതിലും അപഗ്രഥിക്കുന്നതിലും ജർമന്‍ പണ്ഡിതന്മാർ സ്വീകരിച്ച രീതിയും വൈദഗ്‌ധ്യവും ആസ്റ്റിനിൽ വലിയ സ്വാധീനം ചെലുത്തുകയുണ്ടായി. 1832-ൽ അദ്ദേഹം നിയമശാസ്‌ത്രത്തെപ്പറ്റി പ്രഭാഷണപരമ്പരകള്‍ നടത്തി. പണ്ഡിതന്മാരെ ആകർഷിച്ച ഈ പ്രഭാഷണങ്ങള്‍ക്ക്‌ അദ്ദേഹത്തിന്റെ വിദ്യാർഥികളെ തൃപ്‌തിപ്പെടുത്താന്‍ കഴിഞ്ഞില്ല. അധ്യാപകവൃത്തിയിൽ പരാജയപ്പെട്ട ആസ്റ്റിന്‍ പ്രാഫസർ സ്ഥാനം രാജിവച്ചു. 1833-ൽ ക്രിമിനൽ ലാ കമ്മിഷന്‍ അംഗമായി നിയമിക്കപ്പെട്ടു. അധികം താമസിയാതെ ആ സ്ഥാനവും അദ്ദേഹം ഉപേക്ഷിക്കുകയാണുണ്ടായത്‌. 1836-ൽ അദ്ദേഹം "മാള്‍ട്ടാ വകുപ്പി'ന്റെ കമ്മിഷണറായി പാരിസിൽ താമസമാക്കി. 1848-ൽ തിരിച്ചെത്തി. 1859-ൽ അന്തരിച്ചു. ദ്‌ പ്രാവിന്‍സ്‌ ഒഫ്‌ ജൂറിസ്‌പ്രൂഡന്‍സ്‌ ഡിറ്റർമൈന്‍ഡ്‌ (The Provence of Jurisprudence determined, 1832) എന്നതാണ്‌ ആസ്റ്റിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. ഇതിൽ നിയമത്തെ ധാർമികതയിൽനിന്ന്‌ വ്യവച്ഛേദിക്കുന്നു, നിയതാധികാരമുള്ള ഒരു വ്യക്തി നടത്തുന്ന ഇച്ഛാപ്രകടനമാണ്‌ നിയമമെന്ന്‌ അദ്ദേഹം സമർഥിക്കുന്നു. ഈ നിയമം രണ്ടു തരത്തിൽപ്പെടുന്നു: ദൈവികനിയമവും മാനുഷികനിയമവും. മാനുഷികനിയമത്തിന്‌ രണ്ടു വിഭാഗങ്ങളുണ്ട്‌: (1) ഒരു രാഷ്‌ട്രത്തിൽ അവിടത്തെ പരമാധികാരി നിശ്ചയിക്കുന്ന നിബന്ധനകള്‍; (2) പരമാധികാരമില്ലാത്ത വ്യക്തികള്‍ നിർണയിക്കുന്ന നിബന്ധനകള്‍. ഉദാ. കീഴ്‌വഴക്കം, ബഹുമതി മുതലായവയെ സംബന്ധിക്കുന്നവ.

പരമാധികാരിയുടെ ഇച്ഛാപ്രകടനമാണ്‌ രാഷ്‌ട്രത്തിന്റെ നിയമമെന്ന വ്യാഖ്യാനമാണ്‌ ആസ്റ്റിന്‍ നിയമശാസ്‌ത്രത്തിനു നല്‌കിയ ഏറ്റവും വലിയ സംഭാവന. രാഷ്‌ട്രതന്ത്രത്തിൽ ഉപയോഗിതാവാദത്തിന്റെ വക്താക്കളായിരുന്ന ബ്രിട്ടിഷ്‌ സൈദ്ധാന്തികരിൽ ഒരു പ്രധാന വ്യക്തിയായിരുന്നു ജോണ്‍ ആസ്റ്റിന്‍. ജറമി ബന്താം, ജയിംസ്‌, ജോണ്‍ സ്റ്റ്യുവർട്ട്‌ മിൽ എന്നിവരായിരുന്നു മറ്റു സൈദ്ധാന്തികർ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍