This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്റ്റ്രലിയന്‍ സാഹിത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസ്റ്റ്രലിയന്‍ സാഹിത്യം

Australian Literature

ആസ്റ്റ്രലിയന്‍സാഹിത്യം എന്ന പ്രയോഗംകൊണ്ട്‌ ഇവിടെ വിവക്ഷിക്കപ്പെടുന്നത്‌ ആ ഭൂഖണ്ഡത്തിൽ 1788 മുതൽ കുടിയേറിപ്പാർക്കാനാരംഭിച്ച യൂറോപ്യന്മാർ, പ്രധാനമായും ബ്രിട്ടിഷുകാർ, വളർത്തിയെടുത്ത ഇംഗ്ലീഷ്‌ സാഹിത്യത്തെയാണ്‌. ആസ്റ്റ്രലിയന്‍ ആദിമനിവാസികള്‍ നിത്യവ്യവഹാരങ്ങള്‍ക്ക്‌ ഉപയോഗിച്ചുവരുന്ന ഭാഷകളുടെ സംഖ്യ നിരവധിയാണെങ്കിലും അവയ്‌ക്കൊന്നിനും നാമമാത്രമായ സാഹിത്യസമ്പത്തുപോലുമില്ല. (നോ: ആസ്റ്റ്രലിയന്‍ഭാഷകള്‍) കാനഡ, ദക്ഷിണാഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയ ബ്രിട്ടീഷുകാർ അവരുടേതായ ഒരു ഇംഗ്ലീഷ്‌സാഹിത്യത്തിന്‌ ആ രാജ്യങ്ങളിൽ ജന്മംനല്‌കിയിട്ടുള്ളതുപോലെ, ആസ്റ്റ്രലിയയിൽ രാഷ്‌ട്രീയവും സാമ്പത്തികവും മറ്റുമായ മേല്‌ക്കോയ്‌മ സ്ഥാപിച്ച ആംഗലർ അവിടെയും സ്വകീയമായ ഒരു ഇംഗ്ലീഷ്‌സാഹിത്യത്തെ ഊട്ടിവളർത്തി എടുത്തു.

ബ്രിട്ടീഷ്‌ അധിവാസം സുസ്ഥാപിതമായി അനവധി ദശകങ്ങള്‍ക്കുശേഷമാണ്‌ ആസ്റ്റ്രലിയയിൽനിന്നും ഇംഗ്ലീഷ്‌ സാഹിത്യത്തിന്‌ എന്തെങ്കിലും സാരമായ സംഭാവന ലഭിക്കുന്നത്‌. ഈ അർഥത്തിൽ ചാള്‍സ്‌ ഹാർപൂർ (1813-68) ആണ്‌ ആദ്യത്തെ ആസ്റ്റ്രലോ-ആംഗലേയ കവി. ഇദ്ദേഹം നടത്തിയ വിനീതമായ ആസ്റ്റ്രലിയന്‍ കാവ്യോപക്രമണത്തെ ആഡം ലിന്‍ഡ്‌സേ ഗോർഡണും (1833-70) തോമസ്‌ ഹെന്‌റി കെന്‍ഡാളും (1839-82) സാരമായി വികസിപ്പിച്ചു. ഇക്കാലത്തുതന്നെ ഹെന്‌റി കിങ്‌സ്ലിയും (1830-76) മാർക്‌സ്‌ ക്ലാർക്കും (1846-81) ആസ്റ്റ്രലിയന്‍നോവലിനും ഉറപ്പുള്ള അടിസ്ഥാനം പാകി.

ഈ ആദ്യകാലസാഹിത്യകാരന്മാരെല്ലാവരും ഇംഗ്ലണ്ടിനെത്തന്നെ ജന്മഭൂമി എന്ന്‌ കരുതി അവിടത്തെ മഹത്ത്വങ്ങളെ ഉദീരണം ചെയ്യുന്നതിലാണ്‌ ഏറിയകൂറും മുഴുകിയിരുന്നത്‌. ഇതിന്‌ സ്വാഭാവികമായും ഇംഗ്ലീഷുകാരനിൽനിന്നുതന്നെ ഒരു തിരിച്ചടി ഉണ്ടായി. ഇംഗ്ലണ്ടിലാണ്‌ ജനിച്ചതെങ്കിലും തങ്ങള്‍ വരിച്ച മാതൃഭൂമി ആസ്റ്റ്രലിയയാണെന്ന ആവേശം പരത്താന്‍ 1880-ൽ അവർ ബുള്ളറ്റിന്‍ എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ആരംഭിക്കുകയും അതിൽ ദേശാഭിമാനദ്യോതകമായ അനേകം വീരഗാഥകളും നാടന്‍കഥകളും പ്രസിദ്ധീകരിക്കുകയും ചെയ്‌തു. ഇവയിൽ മിക്കതും അജ്ഞാതകർതൃകങ്ങളാണ്‌; എന്നാൽ 19-ാം ശ.-ത്തിന്റെ ഉത്തരാർധത്തിൽ വിക്‌റ്റർ ഡാലി (1858-1905), മേരി ജീന്‍മൂർ (1867-1927), ബർനാർഡ്‌ ഓ ഡൗസ്‌ (1866-1910), ജോണ്‍ നീൽസണ്‍ (1872-1942), വില്യം ബെൽബ്രിഡ്‌ജ്‌ (1883-1942) തുടങ്ങിയ കവികള്‍ ആംഗലസാഹിത്യത്തിൽ സുപ്രതിഷ്‌ഠങ്ങളായ ഗീതകം, ഭാവഗീതം, വിലാപകാവ്യം തുടങ്ങിയ മുഖ്യകാവ്യശാഖകളെല്ലാം ആസ്റ്റ്രലിയയിൽ പറിച്ചുനടുകയും പരിപോഷിപ്പിക്കുകയും ചെയ്‌തു.

വിക്‌റ്റർ ഡാലി
ജോണ്‍ നീൽസണ്‍

ആസ്റ്റ്രലിയന്‍ സാഹിത്യത്തിന്റെ വളർച്ചയിൽ പ്രധാനമായി മൂന്നു ഘട്ടങ്ങളുണ്ട്‌. ഒന്നാംഘട്ടം (1788-1880). ആരംഭത്തിൽ വിവരണാത്മക സാഹിത്യത്തിനായിരുന്നു ആസ്റ്റ്രലിയയിൽ മുന്‍തൂക്കം. സാഹിത്യകാരന്മാർ പൊതുവേ ബ്രിട്ടീഷ്‌ സാഹിത്യപാരമ്പര്യം തന്നെ തുടരുന്നതുകാണാം. ആദ്യകാലത്തു നാടുകടത്തപ്പെട്ട കുറ്റവാളികളുടെ സങ്കേതമായിരുന്നു ആസ്റ്റ്രലിയ. കുറ്റവാളികളും അവരെ അനുഗമിച്ച സൈനികരും മറ്റുദ്യോഗസ്ഥന്മാരും അതിനുശേഷം വന്ന കുടിയേറ്റക്കാരും തങ്ങളുടെ മുമ്പിലുള്ള പുതുലോകത്തിന്റെ സവിശേഷതകളാൽ ആകർഷിക്കപ്പെട്ടു. അതിനെ വർണിക്കുന്നതിലും വിവരിക്കുന്നതിലുമായിരുന്നു സാഹിത്യവാസനയുള്ള പലർക്കും താത്‌പര്യം. വോട്‌കിന്‍റ്റെഞ്ചിന്റെ എ നറേറ്റീവ്‌ ഒഫ്‌ ദി എക്‌സ്‌പെഡീഷന്‍ റ്റു ബോട്ടണി ബെയ്‌ (A Narrative of the Expedition to Botany Bay, 1789) , എ കംപ്ലീറ്റ്‌ അക്കൗണ്ട്‌ ഒഫ്‌ ദ സെറ്റിൽമെന്റ്‌ അറ്റ്‌ പോർട്ട്‌ ജാക്‌സന്‍ ഇന്‍ ന്യൂ സൗത്ത്‌ വെയ്‌ൽസ്‌ (1793), ഡി. കോളിന്‍സിന്റെ അക്കൗണ്ട്‌ ഒഫ്‌ ദി ഇംഗ്ലീഷ്‌ കോളനി ഒഫ്‌ ന്യൂ സൗത്ത്‌ വെയ്‌ൽസ്‌ (1798), ഡി. ജെ. ലാങി(D.J Lang)ന്റെ എ ഹിസ്റ്റോറിക്കൽ ആന്‍ഡ്‌ സ്റ്റാറ്റിസ്റ്റിക്കൽ അക്കൗണ്ട്‌ ഒഫ്‌ ന്യൂ സൗത്ത്‌ വെയ്‌ൽസ്‌ (1834), ജെ. മ്യൂഡി(J. Mudie)യുടെ ദ്‌ ഫെലണ്‍റി ഒഫ്‌ ന്യൂ സൗത്ത്‌ വെയ്‌ൽസ്‌ (The Felonry of New South Wales, 1837) തെുടങ്ങിയവ ഇക്കൂട്ടത്തിൽപ്പെടുന്നു.

നോവൽ. കോളനിയിലെ ജനജീവിതവും പ്രകൃതിദൃശ്യങ്ങളും പകർത്തുന്നതിലായിരുന്നു നോവലിസ്റ്റുകള്‍ ശ്രദ്ധപതിപ്പിച്ചത്‌. ഹെന്‌റി സെയ്‌വറി(Henry Savery)യുടെ ക്വിന്റസ്‌ സെർവിന്റന്‍ (Quintus Servinton) ആദ്യത്തെ ആസ്റ്റ്രലിയന്‍ നോവലായി ഗണിക്കപ്പെടുന്നു. ഇത്‌ ഒരു കുറ്റവാളിയുടെ ആത്മകഥയുടെ രൂപത്തിലാണ്‌. ഹെന്‌റി കിങ്‌സ്‌ലി(1830-76)യുടെ ദ്‌ റിക്കളക്‌ഷന്‍ ഒഫ്‌ ജ്രഫീ ഹാംലിന്‍ (1859) എന്ന നോവലിൽ ന്യൂ സൗത്ത്‌ വെയ്‌ൽസിലെ ഹ്രസ്വജീവിതത്തിനുശേഷം ഡെവണിലേക്കുമടങ്ങി ശാന്തമായ ജീവിതം നയിക്കുന്ന ഒരു ആംഗല കുടുംബത്തിന്റെ ചിത്രീകരണം കാണാം. ഹില്യഡ്‌സ്‌ ആന്‍ഡ്‌ ദ്‌ ബർട്ടന്‍സി (1865)ലാകട്ടെ ഒരു ഇംഗ്ലീഷ്‌ കുടുംബം ആസ്റ്റ്രലിയയിൽ സ്ഥിരതാമസമാക്കുകയും ക്രമേണ അഭിവൃദ്ധിയിലേക്കുയരുകയും ചെയ്യുന്ന കഥയാണുള്ളത്‌. മാർക്കസ്‌ ക്ലാർക്കി(1846-81)ന്റെ നോവലുകളിൽ കുറ്റവാളികളുടെ ജീവിതമാണ്‌ പ്രധാന വിഷയം. ഫോർ ദ്‌ റ്റേം ഒഫ്‌ ഹിസ്‌ നാച്വറൽ ലൈഫ്‌ (1872) തന്നെ ഉദാഹരണം. 1850-ൽ സ്വർണം കണ്ടുപിടിക്കപ്പെട്ടതിനെത്തുടർന്ന്‌ ആസ്റ്റ്രലിയയിലേക്കുണ്ടായ ജനപ്രവാഹവും അത്‌ ജനജീവിതത്തിലുണ്ടാക്കിയ പരിവർത്തനവും റോള്‍ഫ്‌ ബോർഡർ വുഡ്‌ (റ്റി.എ. ബ്രൗണ്‍) തന്റെ നോവലുകളിൽ ചിത്രീകരിച്ചു. ഉദാ. റോബറി അണ്‍ഡർ ആംസ്‌ (1888), ദ്‌ മൈനേഴ്‌സ്‌ ലൈറ്റ്‌ (1890) തുടങ്ങിയവ. സച്ച്‌ ഈസ്‌ ലൈഫ്‌, റിഗ്‌ബീസ്‌ റൊമാന്‍സ്‌ മുതലായ ജോസഫ്‌ ഫർഫി രചിച്ച നോവലുകളിൽ യഥാതഥ ചിത്രീകരണത്തിനാണ്‌ പ്രാധാന്യം.

ബാരന്‍ ഫീൽഡ്‌

കവിത. രാഷ്‌ട്രീയവും സാമൂഹികവുമായ പ്രശ്‌നങ്ങളാൽ പ്രചോദിതമായ ഹാസ്യകവിതയ്‌ക്കായിരുന്നു അക്കാലത്തു പ്രചാരം. ആംഗല കവിതയിലെ കാല്‌പനിക പാരമ്പര്യത്തെ ആസ്റ്റ്രലിയന്‍ വിഷയങ്ങള്‍ക്കനുസൃതമായ രീതിയിൽ മോടിപിടിപ്പിക്കാന്‍ കവികള്‍ പൊതുവേ ശ്രദ്ധിച്ചു. ബാരന്‍ ഫീൽഡിന്റെ ദ്‌ ഫേസ്റ്റ്‌ ഫ്രൂട്‌സ്‌ ഒഫ്‌ ഓസ്‌ട്രയ്‌ലിയന്‍ പോയട്രി (1819) ആണ്‌ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ കവിതാസമാഹാരം. ചാള്‍സ്‌ ഹാർപ്പർ (1813-68), ഹെന്‌റി കെന്‍ഡൽ (1839-70), ആഡ്‌ലിന്‍ഡ്‌സി ഗോർഡന്‍ (1833-70) തുടങ്ങിയവർ ആദ്യകാല കവികളുടെ കൂട്ടത്തിൽപ്പെടുന്നു.

ഹെന്‌റി ലോസണ്‍

രണ്ടാംഘട്ടം (1880-1940). 19-ാം ശതകത്തിന്റെ അന്ത്യഘട്ടത്തിൽ ആസ്റ്റ്രലിയയിൽ ദേശീയബോധം അലയടിക്കുകയും വിവിധ സംസ്ഥാനങ്ങളെ കൂട്ടിച്ചേർത്ത്‌ ഒരു ഫെഡറേഷന്‍ രൂപീകരിക്കുന്നതിനുവേണ്ടിയുള്ള പ്രസ്ഥാനം ശക്തിപ്പെടുകയും ചെയ്‌തു. 1880-ൽ സിഡ്‌നിയിൽ ആരംഭിച്ച ബുള്ളറ്റിന്‍ എന്ന മാഗസിന്‍ ജനങ്ങളുടെ ഇടയിൽ വ്യാപകമായ പ്രചാരം നേടുകയും സാഹിത്യകാരന്മാരുടെ മേൽ നിർണായകമായ സ്വാധീനം ചെലുത്തുകയും ചെയ്‌തു. ദേശീയ പ്രസ്ഥാനത്തോടും സാധാരണക്കാരുടെ ജീവിതത്തോടും താദാത്മ്യം പ്രാപിക്കാന്‍ സാഹിത്യകാരന്മാർക്കു അതു പ്രചോദനം നല്‌കി. 1901-ൽ ഫെഡറേഷന്‍ രൂപീകരിക്കപ്പെട്ടതിനെത്തുടർന്ന്‌ ദേശീയ ബോധത്തിന്റെ സ്ഥാനത്ത്‌ സാഹിത്യപ്രതിഭയുടെ വൈവിധ്യവത്‌കരണം പ്രത്യക്ഷപ്പെടുകയും സാഹിത്യകാരന്മാർ ആസ്റ്റ്രലിയന്‍ നാഗരിക ജീവിതത്തിന്റെ സങ്കീർണതകളിലേക്കു ശ്രദ്ധതിരിക്കുകയും ചെയ്‌തു.

കവിത. നാടോടികളായ കാട്ടുജോലിക്കാരുടെ (bush workersലൃ) പൊട്ടുകളും വീരകഥകളും ഈ ഘട്ടത്തിന്റെ ഒരു സവിശേഷതയാണ്‌. ഹെന്‌റി ലോസണി(Henry Lawson)ന്റെ ബാലഡ്‌ ഒഫ്‌ ദ്‌ ഡ്രാവർ, ദ്‌ സ്ലിപ്‌ റെയ്‌ൽസ്‌ ആന്‍ഡ്‌ ദ്‌ സ്‌പേർ (The Slip rails and the Spur) എന്നിവയും ബാഞ്‌ജോ(എ.ബീ. പാറ്റേഴ്‌സണ്‍)വിന്റെ ദ മാന്‍ ഫ്രം സ്‌നോയി റിവർ, ക്ലാന്‍സി ഒഫ്‌ ദി ഓവർഫ്‌ളോ എന്നിവയും സി.ജെ. ഡെനിസന്റെ ദ സോങ്‌സ്‌ ഒഫ്‌ എ സെന്റിമെന്റൽ ബ്ലോക്കും ഇക്കൂട്ടത്തിൽപ്പെടുന്നു. ജോണ്‍ ഷോ നീൽസന്‍ (1872-1942; കളക്‌റ്റഡ്‌ പോയംസ്‌, 1934), വിക്‌റ്റർ ഡാലി (1858-1905; അറ്റ്‌ ഡോണ്‍ ആന്‍ഡ്‌ ഡസ്‌ക്‌, 1898), ക്രിസ്റ്റഫർ ബ്രച്ചന്‍ (1870-1932; റ്റുവേഡ്‌സ്‌ ദ്‌ സ്റ്റോഴ്‌സ്‌, 1897, പോയംസ്‌, 1913) കെനിഥ്‌ സ്ലെസർ (വണ്‍ ഹണ്‍ഡ്രഡ്‌ പോയംസ്‌, 1944) എന്നിവരാണ്‌ അക്കാലത്തെ പ്രമുഖ കവികള്‍. ക്രിസ്റ്റഫർ ബ്രച്ചന്റെ കവിതകളിൽ ബുദ്ധിപരത മുന്നിട്ടുനില്‌ക്കുന്നു. ഫ്രഞ്ചു സിംബലിസ്റ്റുകളുടെയും നീഷേ തുടങ്ങിയ ജെർമന്‍ ദാർശനികരുടെയും പ്രകടമായ സ്വാധീനവും ഇദ്ദേഹത്തിൽ കാണാം. കവിതയെ പ്രകൃതിവർണനാ ഭ്രമത്തിൽനിന്നും അതിഭാവുകതയിൽനിന്നും മോചിപ്പിച്ചു എന്നതാണ്‌ ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന.

നോവൽ. സാധാരണക്കാരായ നഗരവാസികളുടെ ജീവിതമായിരുന്നു നോവലിസ്റ്റുകളുടെ മുഖ്യശ്രദ്ധാകേന്ദ്രം. തൊഴിലാളികളുടെ ജീവിതം ചിത്രീകരിക്കുകയും അതിലൂടെ വായനക്കാർക്കു സാമൂഹിക സന്ദേശം നല്‌കുകയും ചെയ്യുന്ന നിരവധി നോവലുകള്‍ ഇക്കാലത്തുണ്ടായി. കാഥറിന്‍ സൂസന്ന പ്രിച്ചേർഡിന്റെ ദ്‌ റോറിങ്‌ നയന്റീസ്‌ (The Roaring Nineties, 1946), ഗോള്‍ഡന്‍ മൈൽസ്‌ (1948), ലൂയി സ്റ്റോണി(1871-1935)ന്റെ ജോനാ (Jonah), എഡ്വേഡ്‌ ഡിസന്റെ (1865-1931) ഫാക്‌റ്ററി ആന്‍ഡ്‌സ്‌ (Factory Ands, 1906), കെിലി റ്റെനന്റിന്റെ (Kylie Tennant) റ്റേിബുറോണ്‍ (Tiburon), ദ ബാറ്റ്‌ലേഴ്‌സ്‌ തുടങ്ങിയ നോവലുകളിൽ നഗര ജീവിതത്തിന്റെ വിവിധ വശങ്ങള്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു. ആദിവാസികളുടെ ജീവിതത്തെയും അവർക്കു വെള്ളക്കാരുമായുള്ള ബന്ധത്തെയും ആധാരമാക്കി അക്കാലത്തുനോവലുകള്‍ രചിക്കപ്പെട്ടിട്ടുണ്ട്‌. മിസിസ്‌ ഈനിയാസ്‌ ഗച്ചി(ങൃ. അെലിലമ ഏൌിി)ന്റെ ദ ലിറ്റിൽ ബ്ലാക്‌ പ്രിന്‍സസ്‌ (1905), വീ ഒഫ്‌ ദ നെവർ നെവർ (1908), സേവിയർ ഹെർബർട്ടിന്റെ കാപ്രിക്കോണിയ (Capricornia), കാഥറിന്‍ സൂസന്ന പ്രിച്ചേർഡിന്റെ കൂനാർഡു (Coonardoo, 1920) തുടങ്ങിയവ ഈ വിഭാഗത്തിൽപ്പെടുന്നു. കൊളോണിയൽ കാലഘട്ടത്തിന്റെ അനുസ്‌മരണമാണ്‌ മൈൽസ്‌ ഫ്രാങ്ക്‌ളിന്റെ നോവലുകളിൽ കാണുന്നത്‌. ദ്‌ റ്റൈംലെസ്‌ ലാന്‍ഡ്‌ (1941), സ്റ്റോം ഒഫ്‌ റ്റൈം (1948), നോ ബാറിയർ എന്നിവയുള്‍ക്കൊള്ളുന്ന നോവൽ ത്രയtrilogy)ത്തിലൂടെ ചരിത്രം പുനഃസൃഷ്‌ടിക്കുന്നു എലിനോർ ഡാർക്ക്‌ (Eleanor Dark). കാട്ടുജോലിക്കാരോടുള്ള വൈകാരിക ബന്ധവും ഇംഗ്ലീഷികാരോടുള്ള വിദ്വേഷവും നിറഞ്ഞു നില്‌ക്കുന്നവയാണ്‌ ജോസഫ്‌ ഫർബി(1843-1912)യുടെ കൃതികള്‍ - റിഗ്‌ബീസ്‌ റൊമാന്‍സ്‌, ദ ബുണ്‍ബുണ്‍ ആന്‍ഡ്‌ ദ ബ്രാള്‍ഗാ, സച്ച്‌ ഇസ്‌ ലൈഫ്‌ എന്നിവ.

ജൂഡിഥ്‌ റൈറ്റ്‌

ചെറുകഥ. നാടോടിപ്പാട്ടുകളുടെ കർത്താവായ ഹെന്‌റി ലോസന്‍ (1867-1922) ചെറുകഥാരചനയിലും കൃതഹസ്‌തനായിരുന്നു. വൈൽ ദ്‌ ബില്ലി ബോയിൽസ്‌ (1896), ഓണ്‍ ദ്‌ ട്രാക്‌ (1900), ഓവർ ദ സ്ലിപ്‌ റെയ്‌ൽസ്‌ (1900), ജോ വിൽസന്‍ ആന്‍ഡ്‌ ഹിസ്‌ മെയ്‌റ്റ്‌സ്‌ തുടങ്ങിയ സമാഹാരങ്ങളിലെ നിരവധി കഥകളിലൂടെ നാട്ടിന്‍പുറത്തും നഗരത്തിലുമുള്ള അവശജനങ്ങളുടെ ജീവിതസമരം അദ്ദേഹം ചിത്രീകരിച്ചു. സ്റ്റീൽറഡി (ആർഥർ ഹോയ്‌ ഡെർവിസ്‌, 1868-1935)ന്റെ ഇന്‍ അവർ സെലക്‌ഷന്‍ (1899) എന്ന കഥാസമാഹാരത്തിൽ ഇത്തരം ജീവിതത്തിന്റെ നർമമധുരമായ ആവിഷ്‌കാരം കാണാം. റ്റെയ്‌ൽസ്‌ ഒഫ്‌ ദ്‌ കണ്‍വിക്‌റ്റ്‌ സിസ്റ്റം (1892), റ്റെയ്‌ൽസ്‌ ഒഫ്‌ ദി ഏളി ഡെയ്‌സ്‌ (1894), റ്റെയ്‌ൽസ്‌ ഒഫ്‌ ദി ഓള്‍ഡ്‌ റെഷീം (1897), റ്റെയ്‌ൽസ്‌ ഒഫ്‌ ദി ഐൽ ഒഫ്‌ ഡെഥ്‌ (1898) തുടങ്ങിയ സമാഹാരങ്ങളിലൂടെ കുറ്റവാളികളുടെ കാലത്തേക്കു തിരിഞ്ഞുനോക്കുന്നു പ്രസ്‌ വാറങ്‌ (വില്യം ആസ്റ്റലി, 1854-1911).

കിലി റ്റെനന്റ്‌

മൂന്നാംഘട്ടം (ആധുനിക ഘട്ടം, 1940-നുശേഷം) കവിത. 19-ാം ശ.-ത്തിന്റെ അന്ത്യഘട്ടത്തിൽ ദൃശ്യമായ താത്‌പര്യ വൈവിധ്യം യുദ്ധാനന്തര ഘട്ടത്തിൽ കൂടുതൽ പ്രകടമായി. സാഹിത്യ മാസികകള്‍ക്കു പ്രചാരം വർധിക്കുകയും വായനക്കാരുടെ എച്ചം കൂടുകയും ചെയ്‌തു. മുന്‍കാലങ്ങളിൽ കവികളെ അലട്ടിയിരുന്ന ആസ്റ്റ്രലിയന്‍ പരിസരബോധം ക്രമേണ അപ്രത്യക്ഷമായി. വിവരണാത്മകവും കാല്‌പനികവുമായ രനചകളുടെ സ്ഥാനത്ത്‌ ജീവിത വ്യാഖ്യാനാത്മകവും അനുധ്യാനാത്മകവുമായ കൃതികള്‍ ആവിർഭവിച്ചു. ആർ.ഡി.ഫിറ്റ്‌സ്‌ ജെറാള്‍ഡിനെ ആധുനിക ആസ്റ്റ്രലിയന്‍ കവികളുടെ നായകനെന്നു വിശേഷിപ്പിക്കാം. സംവാദരൂപത്തിലുള്ള ഭാവകവിതകള്‍ (ഫോട്ടി ഇയേഴ്‌സ്‌ പോയംസ്‌, 1965) രചിക്കുന്നതിലായിരുന്നു ഇദ്ദേഹത്തിനു താത്‌പര്യം. നിരവധി കാവ്യസൂചനകളുള്‍ക്കൊള്ളുന്നതും ബൗദ്ധികവുമായ കവിതകള്‍ (കളക്‌റ്റഡ്‌ പോയംസ്‌, 1966) രചിച്ച എ.ഡി. ഹോപ്പിനു ഒരു "യുനിവേഴ്‌സിറ്റി വിറ്റ്‌' എന്ന വിശേഷണമാണ്‌ യോജിക്കുക. ആഖ്യാന കാവ്യങ്ങളുടെയും നാടന്‍ പാട്ടുകളുടെയും സ്വാധീനം ഡഗ്ലസ്‌ സ്റ്റുവർട്ടിന്റെ കവിതകളിൽ (കളക്‌റ്റഡ്‌ പോയംസ്‌, 1967) പ്രകടമാണ്‌. മതപരവും ആധ്യാത്മികവുമായ കവിതകളുടെ കർത്താവാണ്‌ ജെയംസ്‌ മക്കോളെ (James Mc Auley). ജൂഡിഥ്‌ റൈറ്റിന്റെ (Judith Wright, 1915) കേവിതകളിൽ വൈയക്തികാനുഭൂതികള്‍ക്കും പ്രകൃതിദൃശ്യങ്ങള്‍ക്കും മുന്‍തൂക്കമേറും. ദ മൂവിങ്‌ ഇമെയ്‌ജ്‌ (1946), വുമണ്‍ റ്റു മാന്‍ (1949), ഫൈവ്‌ സെന്‍സസ്‌ (1963), ദി അദർ ഹാഫ്‌ (1966) എന്നിവ അവരുടെ കവിതാസമാഹാരങ്ങളിൽ പ്രാധാന്യമർഹിക്കുന്നു. 1984-ലെ ആശാന്‍ വേള്‍ഡ്‌ പ്രസ്‌ ഇവർ നേടുകയുണ്ടായി.

ജെയംസ്‌ മെക്കോളെ

യുദ്ധാനന്തര കാലഘട്ടത്തിലെ ആസ്റ്റ്രലിയന്‍ കവിതയുടെ മുഖം വെളിവാക്കുന്ന കവിതാസമാഹാരമാണ്‌ അലക്‌സാണ്ടർ ക്രയ്‌ഗ്‌ 1971-ൽ പ്രസാധനം ചെയ്‌ത റ്റ്വെൽവ്‌ പോയറ്റ്‌സ്‌ 1950-1970. ഫ്രാന്‍സിസ്‌ വെബ്‌, വിന്‍സന്റ്‌ ബക്‌ലി, ആർ.എ. സിംപ്‌സന്‍, ക്രിസ്‌വാലസ്‌ ക്രാബ്‌, ബ്രൂസ്‌ ഡോ (Bruce Dawe), ഗ്വെന്‍ ഹാർവുഡ്‌, പീറ്റർ പോർട്ടർ തുടങ്ങിയവരുടെ കവിതകളാണ്‌ ഇതിലുള്ളത്‌. 1970-ൽ റ്റോമസ്‌. ഡബ്ല്യു. ഷാപ്‌കോട്‌ പ്രസിദ്ധീകരിച്ച ഓസ്‌ട്രയ്‌ലിയന്‍ പോയട്രി നൗ എന്ന സമാഹാരത്തിലും ഇവരുടെ കവിതകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌.

പാട്രിക്‌ വൈറ്റ്‌

നോവൽ. നോവലിസ്റ്റുകളുടെ കൂട്ടത്തിൽ അഗ്രിമസ്ഥാനമർഹിക്കുന്ന പാട്രിക്‌ വൈറ്റിന്റെ ദ്‌ ട്രീ ഒഫ്‌ മാന്‍ (1957), റൈഡേഴ്‌സ്‌ ഇന്‍ ദ്‌ ചാരിയറ്റ്‌ (1961), വോസ്‌ (Voss 1957) തൈുടങ്ങിയ മിക്ക നോവലുകളുടെയും പശ്ചാത്തലം ആസ്റ്റ്രലിയയാണെങ്കിലും സാർവലൗകികവും സാർവജനനീനവുമായ മാനം അവയ്‌ക്കുണ്ടെന്നുള്ളത്‌ ശ്രദ്ധേയമാണ്‌. 1973-ലെ സാഹിത്യത്തിനുള്ള നോബൽസമ്മാനം ഇദ്ദേഹത്തിനു നല്‌കി. ഇംഗ്ലീഷ്‌ ജീവിതത്തിന്റെയും ആസ്റ്റ്രലിയന്‍ ജീവിതത്തിന്റെയും അപഗ്രഥനം ഉള്‍ക്കൊള്ളുന്നവയാണ്‌ മാർട്ടിന്‍ ബോയ്‌ഡിന്റെ നോവലുകള്‍-ലൂസിന്‍ഡാ ബ്രഫോഡും (1946), ദ്‌ കാഡ്‌ബോഡ്‌ ക്രൗണ്‍ (1952), എ ഡിഫിക്കൽറ്റ്‌ യങ്‌മാന്‍ (1955), ഔട്‌ബ്രീയ്‌ക്‌ ഒഫ്‌ ലവ്‌ (1957), വെന്‍ ബ്ലാക്‌ബേഡ്‌സ്‌ സിങ്‌ (1962) എന്നിവയുള്‍ക്കൊള്ളുന്ന നോവൽ ചതുഷ്‌ടയ(tetralogy)വും. കവിയെന്ന നിലയിൽ പ്രസിദ്ധി നേടിയ റാന്‍ഡോള്‍ഫ്‌ സ്റ്റോ ചില പ്രതിരൂപാത്മക നോവലുകളും രചിച്ചിട്ടുണ്ട്‌. എ ഹോണ്ടഡ്‌ ലാന്‍ഡ്‌ (1956), റ്റു ദി ഐലന്‍ഡ്‌ (1958), റ്റൂർമലിന്‍ (1963) എന്നിവ ഇക്കൂട്ടത്തിൽപ്പെടുന്നു. 1899-ൽ ഇംഗ്ലണ്ടിൽ ജനിച്ച നെവിൽ ഷൂട്‌ 1950-ൽ ആസ്റ്റ്രലിയയിൽ സ്ഥിരതാമസമാക്കിയശേഷം രചിച്ച നോവലുകള്‍ ഭാഗികമായോ പൂർണമായോ അദ്ദേഹത്തിന്റെ ആസ്റ്റ്രലിയന്‍ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്‌. എ റ്റൗണ്‍ ലൈക്‌ ആലിസ്‌ (1950), റൗണ്‍ഡ്‌ ദ്‌ ബെന്‍ഡ്‌ (1951), ദ്‌ ഫാർ കണ്‍ട്രി (1952), ബിയോണ്‍ഡ്‌ ദ്‌ ബ്ലാക്‌ സ്റ്റമ്പ്‌ (1956), ദ്‌ റെയ്‌ന്‍ബോ ആന്‍ഡ്‌ ദ്‌ റോസ (1958) തുടങ്ങിയവ. 1960-ൽ ഷൂട്‌ അന്തരിച്ചു.

മാർട്ടിന്‍ ബോയ്‌ഡ്‌

ചെറുകഥ. ആധുനിക ഘട്ടത്തിലും ചെറുകഥ ഗ്രാമീണ പശ്ചാത്തലം നിലനിർത്തിയെന്ന കാര്യം ശ്രദ്ധേയമാണ്‌. ഹാൽഹോർട്ടർ ആണ്‌ ഈ രംഗത്തെ പ്രമുഖ വ്യക്തി. ആസ്റ്റ്രലിയന്‍ സമൂഹത്തിന്റെ മാറുന്ന മുഖം ഇദ്ദേഹത്തിന്റെ ആത്മകഥാപരമായ രചനകളിൽ കാണാം. നാടകം. നാടകങ്ങളുടെ കാര്യത്തിൽ ആസ്റ്റ്രലിയന്‍ സാഹിത്യം പൊതുവേ ശുഷ്‌കമാണ്‌. 20-ാം ശ.-ത്തിന്റെ ഉത്തരാർധത്തിനുമുമ്പ്‌ പല നാടകങ്ങളും പുറത്തുവന്നെങ്കിലും പലതും രംഗത്തു പരാജയപ്പെടുകയാണുണ്ടായത്‌. എന്നാൽ റേഡിയോ, ടെലിവിഷന്‍ മുതലായവയുടെ പ്രാത്സാഹനവും സർക്കാർ നയത്തിന്റെ ഉദാരതയും മൂലം പില്‌ക്കാലത്ത്‌ നാടകരംഗത്തു പലരും ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. കവിയായ ഡഗ്ലസ്‌ സ്റ്റുവർട്ട്‌ മികച്ച ഒരു നാടകകൃത്ത്‌ കൂടിയായിരുന്നു. നെഡ്‌കെല്ലി (1943), ദ്‌ ഫയർ ഓണ്‍ ദ്‌ സ്‌നോ (1944) എന്നിവ ഇദ്ദേഹത്തിന്റെ നാടകങ്ങളിൽ പ്രമുഖ സ്ഥാനമർഹിക്കുന്നു. റെയ്‌ ലോലറുടെ സമർ ഒഫ്‌ ദ്‌ സെവന്റീന്ത്‌ ഡോള്‍ (1955) അധ്വാനിക്കുന്ന വർഗത്തിന്റെ ജീവിതം ചിത്രീകരിക്കുന്നു. ആസ്റ്റ്രലിയന്‍ ജീവിത ശൈലിയുടെയും തലമുറകള്‍ തമ്മിലുള്ള സംഘർഷത്തിന്റെയും ഹാസ്യാത്മകമായ അവതരണമാണ്‌ അലന്‍ സെയ്‌മൂറിന്റെ ദ്‌ വണ്‍ ഡെയ്‌ ഒഫ്‌ ദി ഇയർ. പാട്രിക്‌ വൈറ്റിന്റെ ഫോർ പ്ലെയ്‌സി(1965)ലും ഇതേ വിഷയം കൈകാര്യം ചെയ്‌തിരിക്കുന്നു.

നെവിൽ ഷൂട്‌

ആകെക്കൂടി നോക്കുമ്പോള്‍ ആസ്റ്റ്രലിയന്‍ സാഹിത്യം ചില രൂഢ സങ്കേത(Stereotype)ങ്ങളിൽ അധിഷ്‌ഠിതമാണെന്നു കാണാം. നിയതമായ ഒരു സാഹിത്യ പാരമ്പര്യം ഇതുവരെ ഉരുത്തിരിഞ്ഞിട്ടില്ല. അതിന്റെ രണ്ടു നൂറ്റാണ്ടുകാലത്തെ നിലനില്‌പിൽ ഭൂരിഭാഗവും ആസ്റ്റ്രലിയന്‍ പരിസരം പര്യവേക്ഷണം ചെയ്യാനാണ്‌ വിനിയോഗിച്ചത്‌. എന്നാൽ സമൂഹത്തിന്റെയും അതുള്‍ക്കൊള്ളുന്ന വ്യക്തികളുടെയും സൂക്ഷ്‌മ യാഥാർഥ്യങ്ങള്‍ മനസ്സിലാക്കി ഒരു ദേശീയ സ്വയംബോധമുണ്ടാക്കാനുള്ള ശ്രമത്തിലേക്ക്‌ ആസ്റ്റ്രലിയന്‍ സാഹിത്യകാരന്മാർ നീങ്ങുന്ന കാഴ്‌ചയാണ്‌ ഇന്നു നാം കാണുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍