This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്റ്റ്രിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസ്റ്റ്രിയ

ആസ്റ്റ്രിയയിലെ പ്രവശ്യകള്‍-ഭൂപടം
വിയന്ന യൂണിവേഴ്‌സിറ്റി ഒഫ്‌ ടെക്‌നോളജി
പാസ്റ്റർസെ ഗ്ലേസിയർ

Austria

മധ്യയൂറോപ്പിലെ ഒരു രാഷ്‌ട്രം. വ. അക്ഷാ. 46o 22'-നും 49o 01'-നുമിടയ്‌ക്കും, കി. രേഖാ. 9o 32'-നും 17o 10'-നുമിടയ്‌ക്കുമായി കിടക്കുന്ന ആസ്റ്റ്രിയയുടെ വിസ്‌തീര്‍ണം 83,849 ച.കി.മീ. ആണ്‌. കടല്‍ത്തീരമില്ലാത്ത രാജ്യമാണ്‌ ആസ്റ്റ്രിയ. വടക്ക്‌ ജര്‍മനിയും ചെക്കും, കിഴക്ക്‌ ഹംഗറിയും സ്ലൊവാക്കും, തെക്ക്‌ സ്ലൊവാനിയയും ഇറ്റലിയും പടിഞ്ഞാറ്‌ സ്വിറ്റ്‌സര്‍ലണ്ടും ലീച്‌ടെന്‍സ്റ്റീനും അതിരുകള്‍.

നൂറ്റാണ്ടുകളായി വിവിധ സാമ്രാജ്യങ്ങളുടെ ആസ്ഥാനമായി തുടര്‍ന്നുപോന്നിരുന്ന ആസ്റ്റ്രിയ 1918-ല്‍ ജര്‍മന്‍ഭാഷ സംസാരിക്കുന്ന ജനങ്ങളുടേതായ സ്വയംഭരണരാഷ്‌ട്രമായിത്തീര്‍ന്നു. 1938 മാ. മുതല്‍ രണ്ടാംലോകയുദ്ധാവസാനംവരെ ആസ്റ്റ്രിയ ജര്‍മനിയുടെ ഭാഗമായിരുന്നു. ജര്‍മനിയുടെ പതനത്തെത്തുടര്‍ന്ന്‌ ആസ്റ്റ്രിയയെ നാലായി വിഭജിച്ച്‌ സഖ്യകക്ഷികളിലോരോന്നിന്റെയും സംരക്ഷിത പ്രദേശമായി നിലനിര്‍ത്തിയെങ്കിലും 1945 ഏ.-ല്‍ ഒരു ദേശീയ ഗവണ്‍മെന്റ്‌ താത്‌കാലികമായി നിലവില്‍വന്നു. പൊതുതെരഞ്ഞെടുപ്പിലൂടെ ജനസമ്മതി നേടിയതിനെത്തുടര്‍ന്ന്‌ ഈ ഗവണ്‍മെന്റിന്‌ സഖ്യകക്ഷികളുടെ അംഗീകാരവും ലഭിച്ചു. (1946 ജനു.). 1955 മേയിലെ വിയന്നാസന്ധിപ്രകാരം ആസ്റ്റ്രിയയ്‌ക്ക്‌ സ്വതന്ത്രപരമാധികാര ഭരണം അനുവദിക്കപ്പെട്ടു. 1955 ഒ.-ല്‍ ആസ്റ്റ്രിയയിലെ പാര്‍ലമെന്റ്‌ ഭാവിയില്‍ എക്കാലത്തേക്കും നിഷ്‌പക്ഷ രാഷ്‌ട്രമായി തുടരുവാനുള്ള തീരുമാനം കൈക്കൊണ്ടു. 1955 ഡി.-ല്‍ യു. എന്‍. അംഗത്വം ലഭിച്ചു.

ഭൗതികഭൂമിശാസ്‌ത്രം.

1. ഭൂപ്രകൃതി. ആസ്റ്റ്രിയയുടെ 2/3 ഭാഗത്തോളവും പൂര്‍വ ആല്‍പ്‌സ്‌മേഖലയിലാണ്‌ കിടക്കുന്നത്‌; ബൊഹീമിയ പീഠഭൂമിയിലാണ്‌ ഗണ്യമായ മറ്റൊരു ഭാഗം. തന്മൂലം രാജ്യത്തെ മൊത്തം വിസ്‌തൃതിയില്‍ മുക്കാല്‍ഭാഗവും നിമ്‌നോന്നതമായ പര്‍വതപ്രദേശങ്ങളാണ്‌. രാജ്യത്തിന്റെ കിഴക്കരികും ഡാന്യൂബ്‌ തടവുമാണ്‌ പരന്ന പ്രദേശങ്ങളായുള്ളത്‌. ഡാന്യൂബ്‌നദിക്കു വടക്കുള്ള ബൊഹീമിയന്‍ പീഠപ്രദേശം അങ്ങിങ്ങായുള്ള പാറക്കെട്ടുകളും മൊട്ടക്കുന്നുകളുമൊഴിച്ചാല്‍ പൊതുവേ നിരപ്പുള്ള വനപ്രദേശങ്ങളാണ്‌. അപൂര്‍വം ഭാഗങ്ങളില്‍ പീഠപ്രദേശം ഡാന്യൂബിന്റെ തെക്കേക്കരയിലേക്കു കൂടി വ്യാപിച്ചുകാണുന്നു. ഏതാണ്ട്‌ 349 കി.മീ. ദൂരമുള്ള നദിയുടെ ഇരുവശങ്ങളിലും എക്കല്‍സമതലങ്ങള്‍ കാണാം; ഇവയുടെ വീതി പടിഞ്ഞാറുനിന്നും കിഴക്കോട്ടുചെല്ലുന്തോറും ക്രമേണ വര്‍ധിച്ചുവരുന്നു. വിയന്നയുടെ പ്രാന്തപ്രദേശംമുതല്‍ കിഴക്കോട്ടുള്ള വിസ്‌തൃതമായ സമതലം ഹംഗറിക്കുള്ളിലേക്ക്‌ തുടര്‍ന്നുകാണുന്നു.

ഡാന്യൂബ്‌ തടത്തിന്‌ തെക്ക്‌ പൂര്‍വ ആല്‍പ്‌സ്‌ പ്രദേശമാണ്‌. അനുദൈര്‍ഘ്യമായികിടക്കുന്ന മൂന്ന്‌ മലനിരകളും അവയുടെ താഴ്‌വരപ്രദേശങ്ങളുമാണ്‌ ആസ്റ്റ്രിയയിലെ ആല്‍പ്‌സ്‌മേഖല ഉള്‍ക്കൊള്ളുന്നത്‌. ഇതില്‍ വടക്കേ അരികിലുള്ള മലനിരയെ, സംരചനയില്‍ ചുച്ചാമ്പുകല്ലുകള്‍ക്കുള്ള പ്രാമുഖ്യത്തെ പുരസ്‌കരിച്ച്‌ ലൈംസ്റ്റോണ്‍ ആല്‍പ്‌സ്‌ എന്നു വിളിക്കുന്നു. ഈ മലനിരയ്‌ക്കും മധ്യമലനിരയ്‌ക്കുമിടയില്‍ ഫലഭൂയിഷ്‌ഠങ്ങളായ താഴ്‌വരകളുണ്ട്‌. ഇന്‍, സല്‍സാക്‌, എന്‍സ്‌, മൂര്‍, മര്‍സ്‌ എന്നീ നദികള്‍ ഈ താഴ്‌വരകളിലൂടെ ഒഴുകുന്നു. ഇവയില്‍ ആദ്യത്തെ മൂന്നെച്ചം വടക്കോട്ടു തിരിഞ്ഞ്‌ ഡാന്യൂബിലും, മൂര്‍, മര്‍സ്‌ എന്നിവ തെക്കോട്ടൊഴുകി ഡ്രാവുനദിയിലും ലയിക്കുന്നു. ഈ നദീമാര്‍ഗങ്ങള്‍ക്കു പുറമേ ലൈംസ്റ്റോണ്‍ ആല്‍പ്‌സിനു കുറുകെ ധാരാളം മലമ്പാതകളുമുണ്ട്‌. ഇവയില്‍ പടിഞ്ഞാറരികിലുള്ള ആല്‍ബെര്‍ഗ്‌, കിഴക്കരികിലെ സെമ്മറിങ്‌ എന്നീ പാതകള്‍ പ്രാധാന്യമുള്ളവയാണ്‌.

സ്വിറ്റ്‌സര്‍ലണ്ട്‌, ഇറ്റലി എന്നീ രാജ്യങ്ങളുമായുള്ള അതിര്‍ത്തിരേഖയിലൂടെ നീളുന്ന മധ്യ ആല്‍പ്‌സില്‍ രാജ്യത്തിനുള്ളിലേക്കു കടന്നുകിടക്കുന്ന പല പിരിവുകളുണ്ട്‌. ആസ്റ്റ്രിയയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ ഗ്രാസ്‌ഗ്ലോക്ക്‌ഹെര്‍ (3,798 മീ.) ഈ ഭാഗത്താണ്‌. ഇതിന്റെ സാനുക്കളിലൂടെ 2,500 മീ. ഉയരത്തില്‍ മലനിരകള്‍ക്കു കുറുകെ വെട്ടപ്പെട്ടിട്ടുള്ള റോഡ്‌ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാണ്‌.

യൂറോപ്പിലെ ഏറ്റവും വലിയ ഗ്ലേസിയറുകളിലൊന്നായ പാസ്റ്റര്‍സെ (Pasterze) ആസ്‌ട്രിയന്‍ ആല്‍പ്‌സ്‌ നിരകളിലാണ്‌. ആസ്‌ട്രിയയിലെ നദികള്‍ പൊതുവേ വേഗതയേറിയവയാണ്‌. നിരവധി ജലവൈദ്യുതപദ്ധതികള്‍ ഈ നദികളിലുണ്ട്‌. ഏറ്റവും വലിയ പ്രകൃതിദത്ത തടാകമായ ന്യൂസിഡ്‌ലര്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

ആസ്റ്റ്രിയയുടെ കിഴക്കരികില്‍ മധ്യ ആല്‍പ്‌സിനു തെക്കായി വ്യക്തമായും വേര്‍തിരിഞ്ഞുകാണുന്ന മറ്റൊരു മലനിര (സതേണ്‍ ആല്‍പ്‌സ്‌) ഉണ്ട്‌. ഇറ്റലി, യൂഗോസ്ലാവിയ എന്നീ രാജ്യങ്ങളുമായുള്ള അതിര്‍ത്തി മേഖലയാണിത്‌. ഈ മലനിരയ്‌ക്കിടയിലായി ക്കിടക്കുന്ന ക്ലാഗെന്‍ഫുര്‍ട്ട്‌ താഴ്‌വര ഫലപുഷ്‌ഠവും പ്രകൃതി രമണീയവുമാണ്‌. വര്‍ത്ത്‌സീതടാകം ഈ താഴ്‌വരയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. സതേണ്‍ ആല്‍പ്‌സിന്റെ തുടര്‍ച്ചയായി രാജ്യത്തിന്റെ കിഴക്കരികിലുള്ള പീഠസമതലം വടക്ക്‌ ഡാന്യൂബ്‌ നദിയോളം തുടര്‍ന്നു കാണുന്നു.

2. കാലാവസ്ഥ. കാലാവസ്ഥയില്‍ അക്ഷാംശീയസ്ഥാനത്തിനെന്നതുപോലെ ഭൂപ്രകൃതിക്കും സാരമായ സ്വാധീനമുണ്ട്‌. ആല്‍പ്‌സ്‌പ്രദേശം അത്‌ലാന്തിക്കില്‍നിന്നുള്ള കാറ്റുകളുടെ സ്വാധീനമേഖലയാണ്‌; ഇവിടെ മിക്കമാസങ്ങളിലും സാമാന്യമായ തോതില്‍ മഴ ലഭിക്കുന്നു. വാര്‍ഷികവര്‍ഷപാതത്തിന്റെ തോത്‌ 60-150 സെ.മീ. ആണ്‌; മലനിരകളോടടുക്കുന്തോറും വര്‍ഷപാതം താരതമ്യേന കൂടുന്നു; താപനിലയില്‍ സാരമായ ഏറ്റക്കുറച്ചിലുകള്‍ കാണുന്നില്ല;

ആല്‍പ്‌സ്‌ പ്രദേശത്തെ കാലാവസ്ഥയുടെ സവിശേഷത ശീതകാലത്ത്‌ താപപ്രതിലോമനം (temperature inversion) മൂലം ഉയര്‍ന്നപ്രദേശങ്ങളില്‍ താരതമ്യേന കൂടുതല്‍ ചൂട്‌ അനുഭവപ്പെടുന്നുവെന്നതാണ്‌. ഈ പ്രദേശത്തുള്ള താഴ്‌വാരങ്ങളില്‍ അതിശൈത്യമുണ്ടാകുന്നു; താപനിലയിലെ വാര്‍ഷികാന്തരം വളരെ കൂടുതലുമാണ്‌; എന്നാല്‍ ഗിരിശിഖരങ്ങളില്‍ താപനിലയിലെ ഏറ്റക്കുറച്ചിലുകള്‍ 15ബ്ബഇ-ലേറെയാവുന്നില്ല. ഉയരത്തിനൊത്ത്‌ വര്‍ഷണത്തിന്റെ തോത്‌ വര്‍ധിക്കുന്നില്ല എന്നതും ഇവിടത്തെ കാലാവസ്ഥയുടെ ഒരു പ്രത്യേകതയാണ്‌. ആസ്റ്റ്രിയയുടെ മധ്യഭാഗത്തെ ശരാശരി വര്‍ഷപാതം 60 സെ.മീ. ആണ്‌; വേനല്‍ക്കാലത്ത്‌ മാത്രമേ മഴ പെയ്യുന്നുള്ളൂ.

പര്‍വതശിഖരങ്ങളില്‍നിന്ന്‌ താഴ്‌വാരങ്ങളിലേക്കു വീശുന്ന ഫോയന്‍ എന്ന ഉഷ്‌ണക്കാറ്റ്‌ ആല്‍പ്‌സ്‌മേഖലയിലെ കാലാവസ്ഥയിലെ ഒരു പ്രധാന ഘടകമാണ്‌. ഈ കാറ്റുമൂലം താഴ്‌വരപ്രദേശങ്ങളിലെ താപനില അസഹ്യമാംവിധം വര്‍ധിക്കുന്നു. പെട്ടെന്നുണ്ടാകുന്ന മര്‍ദക്കുറവുമൂലം കെട്ടിടങ്ങളുടെ ഭിത്തികളും മറ്റും പൊട്ടിപ്പിളരുന്നു. ഫോയന്റെ പ്രഭാവംമൂലം പര്‍വതശിഖരങ്ങളിലെ മഞ്ഞുരുകി, ഹിമാനികളുടെയോ ജലപ്രളയത്തിന്റെയോ ഉപദ്രവമുണ്ടാകുന്നതും അസാധാരണമല്ല; കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ജലം പ്രദാനംചെയ്യുന്നു എന്ന മെച്ചവുമുണ്ട്‌.


3. സസ്യജാലം. ആല്‍പ്‌സ്‌മേഖലയിലും ഗ്രാനൈറ്റ്‌ പീഠഭൂമിയിലും ഉയരത്തിനനുസരിച്ച്‌ ക്രമീകൃതമായ സസ്യപ്രകൃതിയാണുള്ളത്‌. താഴ്‌വാരങ്ങളില്‍ ബീച്ച്‌ മരങ്ങള്‍ക്ക്‌ പ്രാമുഖ്യമുള്ള പത്രപാതിവനങ്ങള്‍ കാണുന്നു. ഉയരം കൂടുന്തോറും മരങ്ങളുടെ വളര്‍ച്ച മുരടിച്ച്‌ സസ്യപ്രകൃതി കുറ്റിക്കാടുകളിലേക്ക്‌ സംക്രമിക്കുന്നു; സ്‌പ്രൂസ്‌ ആണ്‌ ഈ ഭാഗത്തെ മുഖ്യവൃക്ഷം. കുറേക്കൂടി ഉയരത്തിലേക്കു ചെല്ലുമ്പോള്‍ ലാര്‍ച്ച്‌, പൈന്‍ തുടങ്ങിയ മരങ്ങള്‍ സുലഭമായുള്ള തുറന്നവനങ്ങളാണുള്ളത്‌. ഉയരംകൂടിയ പര്‍വത ഭാഗങ്ങളില്‍ അധികം പൊക്കത്തില്‍ വളരാത്ത പൈന്‍, വീല്ലോ തുടങ്ങിയ ഇനങ്ങളും റോസ, ക്രാന്‍ബെറി, ബില്‍ബെറി തുടങ്ങിയ ചെടികളും അങ്ങിങ്ങായുള്ള പുല്‌പടര്‍പ്പുകളുമാണ്‌ നൈസര്‍ഗിക സസ്യജാലം; ഈഡല്‍വീസ്‌ എന്ന വിശേഷയിനം ചെടികളും കാണാം.

കി. ആസ്റ്റ്രിയയില്‍ മനുഷ്യവ്യാപാരങ്ങളിലൂടെ നൈസര്‍ഗിക പ്രകൃതി തുടച്ചുമാറ്റപ്പെട്ട അവസ്ഥയാണുള്ളത്‌. ഓക്‌, ഹോണ്‍ബീം, ചെസ്റ്റ്‌നട്ട്‌ തുടങ്ങി സാമാന്യം ഉയരത്തില്‍ വളരുന്ന വൃക്ഷങ്ങള്‍ ഈ മേഖലയില്‍ സുലഭമാണ്‌. മച്ചിന്റെ ഉര്‍വരത കുറവായുള്ള ഭാഗങ്ങളില്‍ പൈന്‍വൃക്ഷങ്ങളാണ്‌ അധികമായുള്ളത്‌. കുന്നിന്‍പുറങ്ങളില്‍ കുറ്റിക്കാടുകള്‍ അവശേഷിക്കുന്നു. വിയന്നയ്‌ക്കടുത്തുള്ള ചില ഭാഗങ്ങളില്‍ സ്റ്റെപ്പ്‌ മാതൃകയിലുള്ള പുല്‍മേടുകള്‍ കാണാം.

ഹോണ്‍ബീം
ക്രാന്‍ബെറി
ബില്‍ബെറി

4. ജന്തുജാലം. വനങ്ങള്‍ വെട്ടിത്തെളിക്കപ്പെടുകമൂലം നൈസര്‍ഗികജന്തുജാലത്തിലെ പലയിനങ്ങളും പ്രായേണ ലുപ്‌തമായിത്തീര്‍ന്നിട്ടുണ്ട്‌. കരടി, കാട്ടുപന്നി, ചെന്നായ്‌, ലിങ്ക്‌സ്‌ തുടങ്ങിയ വന്യമൃഗങ്ങളും, ഹരിണവര്‍ഗങ്ങളും അപൂര്‍വമായി കാണപ്പെടുന്നു. അച്ചാന്‍, കീരി തുടങ്ങിയ ജന്തുക്കളും കാട്ടുകോഴി, വാന്‍കോഴി, പ്രാപ്പിടിയന്‍, ഹാക്ക്‌ തുടങ്ങിയയിനം പക്ഷികളും ധാരാളമായുണ്ട്‌.

ആല്‍പ്‌സ്‌മേഖലയിലെ ഉയര്‍ന്ന ഭാഗങ്ങളില്‍ മാത്രം കാണപ്പെടുന്ന വിശേഷജന്തുക്കളും വംശനാശത്തെ അഭിമുഖീകരിക്കുകയാണ്‌. ഐബെക്‌സ്‌ (Ibex), ഷമോയ്‌ (Chamois), മെര്‍മത്‌ (Marmot), തോര്‍മിഗന്‍ (Ptarmigan) സ്വര്‍ണനിറത്തിലുള്ള കഴുകന്‍ (Golden eagle) എന്നിവയാണവ. കിഴക്കന്‍ ആസ്റ്റ്രിയയിലെ വിശേഷമൃഗം ഹാംസ്റ്റര്‍ ആണ്‌. ജലജീവികളായ നിരവധിയിനം പക്ഷികളെ ഇവിടെ കണ്ടുവരുന്നു. വിവിധതരം കൊക്കുകള്‍, വാത്ത്‌, കാട്ടുതാറാവ്‌ എന്നിവ ഇക്കൂട്ടത്തില്‍പ്പെടും.

ഹാംസ്റ്റര്‍
മര്‍മത്‌
താര്‍മിഗന്‍
സ്വര്‍ണനിറമുള്ള കഴുകന്‍

5. ധാതുക്കള്‍. വളരെ പണ്ടുമുതല്‍ ചെമ്പ്‌, ഇരുമ്പ്‌, കല്ലുപ്പ്‌ എന്നീ ധാതുക്കള്‍ ആസ്റ്റ്രിയയില്‍നിന്നു ലഭിച്ചുപോന്നു; ഹാള്‍സ്റ്റാറ്റ്‌ പ്രദേശത്തെ പുരാതന അധിവാസങ്ങള്‍ ഈ വസ്‌തുതയ്‌ക്ക്‌ സാക്ഷ്യം നല്‌കുന്നു. മധ്യആല്‍പ്‌സ്‌മേഖലയില്‍ നിന്നും സ്വര്‍ണം വെള്ളി എന്നീ അമൂല്യധാതുക്കളും രത്‌നങ്ങളും മധ്യകാലഘട്ടം മുതല്‍ ഖനനം ചെയ്‌തുവരുന്നുണ്ട്‌. കരിന്തിയയില്‍നിന്ന്‌ ഈയവും ലഭിച്ചിരുന്നു; എന്നാല്‍ 20-ാം ശ.-ത്തിന്റെ മധ്യത്തോടെ അമൂല്യലോഹങ്ങളുടെയും രത്‌നങ്ങളുടെയും നിക്ഷേപങ്ങള്‍ക്ക്‌ അറുതിവന്നു. തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ കല്‌ക്കരി, മാഗ്നസൈറ്റ്‌, കയോലിന്‍, പെട്രാളിയം എന്നിവയുടെ കനത്ത നിക്ഷേപങ്ങള്‍ കണ്ടെത്തി.

ഈയം, നാകം, ചെമ്പ്‌, മോളിബ്‌ഡെനം എന്നീ ലോഹങ്ങളും സാമാന്യമായ തോതില്‍ ഉത്‌പാദിപ്പിച്ചുവരുന്നു. ലോകത്തിലെ ഏറ്റവും വലിയ മാഗ്നസൈറ്റ്‌ നിക്ഷേപങ്ങള്‍ ആസ്റ്റ്രിയയിലാണുള്ളത്‌. ആന്റിമണി, ജിപ്‌സം, ബോക്‌സൈറ്റ്‌, ഗ്രാഫൈറ്റ്‌, മാങ്‌ഗനീസ്‌, ടങ്‌സ്റ്റണ്‍ എന്നിവയും നേരിയ തോതില്‍ ലഭ്യമാണ്‌.

II. ജനങ്ങള്‍. വിവിധ വര്‍ഗങ്ങള്‍ സംയോജിച്ചുണ്ടായിട്ടുള്ള സങ്കരജനതയാണ്‌ ആസ്റ്റ്രിയയില്‍ ഇന്നുള്ളത്‌. ഡൈനാറിക്‌, നോര്‍ഡിക്‌ എന്നീ വര്‍ഗക്കാര്‍ പരസ്‌പരവും കുറഞ്ഞയളവില്‍ ബാള്‍ട്ടിക്‌, മെഡിറ്ററേനിയന്‍ വര്‍ഗങ്ങളുമായും ബന്ധപ്പെട്ടാണ്‌ ഇന്നത്തെ ആസ്റ്റ്രിയന്‍ ജനതയായിത്തീര്‍ന്നിട്ടുള്ളത്‌. പൂര്‍വികമായ വര്‍ഗ സ്വഭാവം നിലനിര്‍ത്തുന്ന ഒരു സമൂഹവും ഇന്നില്ല. ജര്‍മന്‍ഭാഷ പൊതുവേ ഉപയോഗത്തിലുണ്ടെങ്കിലും അതുമായി വളരെയേറെ വൈജാത്യമുള്ള അനേകം സംസാരഭാഷകള്‍ രാജ്യത്തിന്റെ മിക്കഭാഗങ്ങളിലും ഉപയോഗത്തിലിരിക്കുന്നു; ഇവ ഏറിയൂകുറും ബവേറിയന്‍ വിഭാഗത്തില്‍പ്പെടുന്നവയാണ്‌. പ. ആസ്റ്റ്രിയയിലെ സംസാരഭാഷകളെ അലമാനിക്‌ വിഭാഗത്തില്‍പ്പെടുത്താം. ഭാഷാന്യൂനപക്ഷങ്ങള്‍ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ രണ്ടുശതമാനത്തോളം വരും.

രണ്ടാംലോകയുദ്ധകാലത്ത്‌ സൈന്യസേവനത്തിലൂടെയും നാസികളുടെ യഹൂദവിരുദ്ധനയത്തിന്‌ ഇരയായും കൊല്ലപ്പെട്ട ആസ്റ്റ്രിയക്കാരുടെ സംഖ്യ 29 ലക്ഷമായി കണക്കാക്കപ്പെട്ടിരിക്കുന്നു. 1947-നുശേഷം പൂര്‍വയൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നു 3 ലക്ഷത്തിലേറെ അഭയാര്‍ഥികള്‍ ആസ്റ്റ്രിയയില്‍ കുടിയേറിയിട്ടുണ്ട്‌. ഇപ്പോഴത്തെ ജനസംഖ്യ 8,19,2990 (2006). ഇതില്‍ നഗരവാസികള്‍ 64 ശ.മാ. ആകുന്നു. തലസ്ഥാന നഗരമായ വിയന്നയില്‍ 1.6 ദശലക്ഷത്തിലേറെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നു. എന്നാല്‍ മറ്റു വന്‍ നഗരങ്ങളിലെ ജനസംഖ്യ 10 ലക്ഷത്തില്‍ താഴെയാണ്‌. രണ്ടാമത്തെ വന്‍നഗരമായ ഗ്രാസിലെ (Graz) ജനസംഖ്യ 250,100 ആണെന്നു കണക്കാക്കിയിരിക്കുന്നു (2006). ഒരു ലക്ഷത്തിലേറെ ജനസംഖ്യയുള്ള മറ്റുനഗരങ്ങള്‍ ലിന്‍സ്‌ (Linz), സാല്‍സ്‌ബര്‍ഗ്‌, ഇന്‍സ്‌ബ്രൂക്ക്‌ എന്നിവയാണ്‌. 90 ശ.മാ.-ലേറെ ജനങ്ങള്‍ ജര്‍മന്‍ ഭാഷ സംസാരിക്കുന്നു. ടര്‍ക്കിഷ്‌, സെര്‍ബിയന്‍, ക്രായേഷ്യന്‍, ഹംഗേറിയന്‍, ബോസ്‌നിയന്‍ ഭാഷകള്‍ സംസാരിക്കുന്നവരും ഉണ്ട്‌. 15 വയസ്സിനു മുകളിലുള്ളവരില്‍ ഒരു ശതമാനം പേര്‍ മാത്രമാണ്‌ നിരക്ഷരര്‍. 77 വയസ്സാണ്‌ ശരാശരി ആയുസ്സ്‌. ഭൂരിപക്ഷം ജനങ്ങളും റോമന്‍കത്തോലിക്കരാണ്‌; മറ്റുള്ളവര്‍ ഇതരക്രസ്‌തവ വിഭാഗങ്ങളിലും നന്നേ കുറഞ്ഞതോതില്‍ അന്യമതങ്ങളിലുംപെടുന്നു.

III. ചരിത്രം. 1918 വരെയുള്ള ആസ്റ്റ്രിയന്‍ ചരിത്രത്തിന്‌ "ആസ്റ്റ്രിയന്‍ സാമ്രാജ്യം' നോക്കുക.

1. ജര്‍മന്‍-ആസ്റ്റ്രിയ. 1918 ഒ. 21-ന്‌ ജര്‍മന്‍-ആസ്റ്റ്രിയയിലെ ഇംപീരിയല്‍ പാര്‍ലമെന്റംഗങ്ങള്‍ (Reichsrat) ഒരു നാഷണല്‍ അസംബ്ലികൂടി ഒ. 30-ന്‌ ഒരു സ്വതന്ത്ര ആസ്റ്റ്രിയ രൂപവത്‌കരിച്ചു. മൂന്ന്‌ പ്രധാനകക്ഷികളുടെ നേതാക്കന്മാരും മറ്റു തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും കൂടിച്ചേര്‍ന്ന സ്റ്റേറ്റ്‌ കൗണ്‍സിലിന്റെ (Staatsrat) നിര്‍ദേശമനുസരിച്ചാണ്‌ ഇത്‌ നിലവില്‍വന്നത്‌. ചാള്‍സ്‌ രാജാവിന്റെ സ്ഥാനത്യാഗത്തെത്തുടര്‍ന്ന്‌ ന. 12-ന്‌ ജര്‍മന്‍-ആസ്റ്റ്രിയ ഒരു റിപ്പബ്ലിക്കായി. പ്രമുഖ സോഷ്യലിസ്റ്റായ കാറല്‍ റെന്നറുടെ നേതൃത്വത്തില്‍ ഒരു കൂട്ടുകക്ഷി മന്ത്രിസഭ അധികാരത്തില്‍ വന്നു; സോഷ്യല്‍ ഡെമോക്രാറ്റ്‌ നേതാവായ ഓട്ടൊ ബോയര്‍ വിദേശകാര്യമന്ത്രിയുമായി. 1919 മാ.-ല്‍ ഹംഗറിയില്‍ നിലവില്‍വന്ന ബോള്‍ഷെവിക്ക്‌ ഭരണകൂടത്തെയായിരുന്നു പുതിയ റിപ്പബ്ലിക്കിന്‌ ആദ്യമായി നേരിടേണ്ടിവന്നത്‌. ജൂലിയസ്‌ ഡോയിച്ച്‌ ഒരു ജനകീയ സംരക്ഷണസേന (Volks Wehr) സംഘടിപ്പിച്ച്‌ ബോള്‍ഷെവിക്ക്‌ സേനയുടെ ആക്രമണങ്ങളെ രണ്ടുതവണ (ഏ. 17, ജൂണ്‍ 15) പിന്തിരിപ്പിച്ചു. 1919-ല്‍ത്തന്നെ കമ്യൂണിസ്റ്റ്‌ കൈയേറ്റങ്ങള്‍ ആസ്റ്റ്രിയന്‍ റിപ്പബ്ലിക്കില്‍നിന്ന്‌ ഒഴിവായിക്കിട്ടി.

വിയന്നയില്‍നിന്നും വിമോചനം നേടാന്‍ ചില ഘടക സംസ്ഥാനങ്ങള്‍ ശ്രമിക്കുകയുണ്ടായി. ഹാപ്‌സ്‌ബെര്‍ഗ്‌ ഭരണാന്ത്യത്തോടുകൂടി പ്രാവിന്‍സുകള്‍ ശക്തിപ്രാപിച്ചിരുന്നു. 1919 മേയില്‍ സ്വിറ്റ്‌സര്‍ലണ്ടുമായി യോജിക്കാന്‍ വൊറാള്‍ബെര്‍ഗ്‌ (Vorarl Berg) പ്രമേയം പാസാക്കി; റ്റിറോള്‍ വിട്ടുപോരാനും ശ്രമിച്ചു. അതിനെത്തുടര്‍ന്ന്‌ 1919 ഫെ.-ലെ തെരഞ്ഞെടുപ്പില്‍ ഘടകസംസ്ഥാനങ്ങളെ തൃപ്‌തിപ്പെടുത്തുന്നതിന്‌ ചില അധികാരങ്ങള്‍ അവര്‍ക്ക്‌ കൈമാറാന്‍ റിപ്പബ്ലിക്‌ തയ്യാറായി. വിയന്ന ഒരു സ്റ്റേറ്റായി ഉയര്‍ന്നു. 1920 ഒ. 1-ന്‌ ഒരു പുതിയ ഭരണഘടന നടപ്പില്‍വന്നു. സ്റ്റേറ്റ്‌ കൗണ്‍സില്‍ ഇല്ലാതാക്കി; പകരം ഒരു ദ്വിമണ്ഡലനിയമസഭ നിലവില്‍വന്നു; ഉപരിമണ്ഡലമായ ഫെഡറല്‍ ഡയറ്റും (Bundesrat) അധോമണ്ഡലമായ നാഷണല്‍ ഡയറ്റും (Nationalrat).

ഒരു പരമ്പരാഗത നൃത്തരൂപം

2. ആസ്റ്റ്രിയ റിപ്പബ്ലിക്ക്‌. ജര്‍മനിയുമായുള്ള ഐക്യം എന്ന മുദ്രാവാക്യമാണ്‌ പ്രധാനകക്ഷികളും വിദേശകാര്യമന്ത്രി ഓട്ടൊബോയറും അംഗീകരിച്ചിരുന്നത്‌. സെന്റ്‌ ജര്‍മെയിന്‍ സന്ധിയിലെ 88-ാം വകുപ്പ്‌ അനുസരിച്ച്‌ ജര്‍മന്‍-ആസ്റ്റ്രിയ എന്ന രാജ്യനാമംതന്നെ ഇല്ലാതായി. 1919 ഫെ.-ലെ പൊതുതെരഞ്ഞെടുപ്പിനെത്തുടര്‍ന്ന്‌ സോഷ്യല്‍ഡെമോക്രാറ്റ്‌ നേതാവായ കാറല്‍ റെന്നര്‍ ഒരു കൂട്ടുകക്ഷി മന്ത്രിസഭ രൂപവത്‌കരിച്ചു. 1920 ജൂണില്‍ അദ്ദേഹം രാജിവയ്‌ക്കാന്‍ നിര്‍ബന്ധിതനായി. ജൂല.-ല്‍ മൈക്കല്‍ മെയറുടെ നേതൃത്വത്തില്‍ പുതിയൊരു മന്ത്രിസഭ അധികാരത്തില്‍വന്നു; റെന്നറായിരുന്നു വിദേശകാര്യമന്ത്രി. 1920 ഒ. 17-ലെ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന്‌ മെയര്‍ പ്രധാനമന്ത്രിയായി; ഡി.-ല്‍ (1920) മൈക്കല്‍ ഹൈനിഷ്‌ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ആനുപാതിക പ്രാതിനിധ്യം കൃത്യമായി പാലിച്ചിരുന്ന ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്‌. രാജ്യത്തിലെ സാമ്പത്തികസ്ഥിതി ഭദ്രമാക്കാന്‍ പല നടപടികളും ഈ മന്ത്രിസഭ കൈക്കൊണ്ടു (1919-21).

1920 മുതല്‍ എല്ലാ കക്ഷികളും ജനാധിപത്യചിന്താഗതിയിലേക്കു മാറി; സോഷ്യല്‍ ക്രിസ്റ്റ്യന്‍ കക്ഷിമാത്രം മാര്‍ക്‌സിസത്തിനെതിരായി നിലപാടെടുത്തു. രാജ്യത്തെ പ്രതിലോമശക്തികള്‍ കാരണം സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്കും അവരുടെ പരിപാടി നടപ്പില്‍ വരുത്താന്‍ കഴിയുമോ എന്നുള്ള ആശങ്ക ഉണ്ടായിരുന്നു. 1918-ലെ ജനകീയസേനയെ (Schutzbund) അവര്‍ പിരിച്ചു വിട്ടിരുന്നുമില്ല. പൗരപ്രതിരോധസംഘടനകള്‍ മിക്ക സംസ്ഥാനങ്ങളിലും നിലനിന്നിരുന്നു. ഷാട്ടന്‍ഡോര്‍ഫില്‍വച്ച്‌ സോഷ്യല്‍ ഡെമോക്രാറ്റ്‌ സൈന്യവിഭാഗമായ ഷുട്ട്‌സ്‌ബുന്‍ഡും ചില മുന്നണിപ്പടയാളികളും തമ്മില്‍ ഏറ്റുമുട്ടി. ഈ സംഘട്ടനത്തില്‍ ചിലര്‍ വധിക്കപ്പെട്ടെങ്കിലും തുടര്‍ന്നുണ്ടായ കേസില്‍ പ്രതികളെ വിയന്ന ജൂറി വെറുതെവിട്ടുകൊണ്ട്‌ വിധി പ്രസ്‌താവിച്ചു. അതില്‍ പ്രതിഷേധിച്ച്‌ സോഷ്യല്‍ സെമോക്രാറ്റുകള്‍ ഒരു ബഹുജനജാഥ സംഘടിപ്പിക്കുകയും തുടര്‍ന്നുനടന്ന തെരുവുയുദ്ധത്തില്‍ പൊലീസും ജാഥാംഗങ്ങളും ഏറ്റുമുട്ടുകയും ചെയ്‌തു; നൂറോളം പേര്‍ ഇതിന്റെ ഫലമായി കൊല്ലപ്പെട്ടു. സോഷ്യല്‍ ഡെമോക്രാറ്റുകള്‍ സമരം പ്രഖ്യാപിച്ചു. നാലു ദിവസത്തോളമേ ഇത്‌ നീണ്ടുനിന്നുള്ളൂ. അപ്പോഴേക്കും സ്ഥിതിഗതികള്‍ നിയന്ത്രണാധീനമായി. സോഷ്യല്‍ ക്രിസ്റ്റ്യന്‍ കക്ഷി അതോടെ ശക്തിസംഭരിച്ചു; മൈക്കല്‍ ഹൈനിഷിന്റെ പിന്‍ഗാമിയായി വില്‍ഹെം മിക്ലാസ്‌ സോഷ്യല്‍ ക്രിസ്റ്റ്യന്‍പാര്‍ട്ടി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

ഭരണഘടന പരിഷ്‌കരിക്കാന്‍ ഇക്കാലത്തൊരു ശ്രമം നടന്നു. 1929 ഡി. 7-ന്‌ പ്രസിഡണ്ടിന്റെ അധികാരങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഭരണഘടനാഭേദഗതികള്‍ നിലവില്‍വന്നു. 1930 ന.-ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം ഏറ്റവും വലിയ കക്ഷിയായി സോഷ്യല്‍ ഡെമോക്രാറ്റുകള്‍ വിജയിച്ചു. അതിനിടയ്‌ക്ക്‌ വമ്പിച്ച സാമ്പത്തിക പ്രതിസന്ധി ആസ്റ്റ്രിയയെ ബാധിച്ചു. ഒരു കൂട്ടുകക്ഷി ഭരണത്തിനു സോഷ്യല്‍ ഡെമോക്രാറ്റുകള്‍ തയ്യാറായില്ല. 1931 ഒ.-ല്‍ 1929-ലെ പാര്‍ല. ഭേദഗതിയനുസരിച്ച്‌ മിക്ലാസിനെ പ്രസിഡണ്ടായി 4 വര്‍ഷത്തേക്ക്‌ തെരഞ്ഞെടുത്തു. നാസിഭരണം ജര്‍മനിയില്‍ സ്ഥാപിതമായതോടെ അതിന്റെ അലകള്‍ ആസ്റ്റ്രിയയിലും അടിച്ചു.

3. ഡോല്‍ഫൂസ്‌. ആസ്റ്റ്രിയന്‍ രാജ്യതന്ത്രജ്ഞനും സോഷ്യല്‍ ക്രിസ്റ്റ്യന്‍ കക്ഷിനേതാവുമായ എംഗല്‍ബര്‍ട്ട്‌ ഡോല്‍ഫൂസ്‌, 1932 മേയ്‌ 20-ന്‌ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന്മേല്‍ ഒരു മന്ത്രിസഭ രൂപവത്‌കരിച്ചു. യഥാസ്ഥിതികചിന്താഗതിക്കാരായ സോഷ്യല്‍ ക്രിസ്റ്റ്യന്‍ കക്ഷിക്കാരെ മാര്‍ക്‌സിസ്റ്റുകാരും നാസികളും എതിര്‍ത്തു. 1933 മാ.-ല്‍ ഒരു ബില്ലിനെക്കുറിച്ച്‌ നടന്ന ചര്‍ച്ചാവേളയിലുണ്ടായ വോട്ടിങ്ങില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണം പൊന്തിവന്നു. അതിനാല്‍ നാഷണല്‍ അസംബ്ലി (Nationalrat) അേധ്യക്ഷസ്ഥാനം റെന്നര്‍ രാജിവച്ചു; തുടര്‍ന്ന്‌ അതിന്റെ രണ്ട്‌ ഉപാധ്യക്ഷന്മാരും രാജിസമര്‍പ്പിച്ചു. നിയമനിര്‍മാണസഭ കാര്യങ്ങള്‍ ശരിക്കും നടത്തുവാന്‍ കഴിയാത്ത ഒരു സംഘമായി മാറിയിരിക്കയാണെന്ന്‌ ഡോല്‍ഫൂസ്‌ പ്രഖ്യാപിച്ചു. അടിയന്തിരാധികാരം ഉപയോഗിച്ച്‌ അദ്ദേഹം ഭരണംനടത്തി. ഈ കാലത്ത്‌ (1933) ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ അധികാരം പിടിച്ചെടുത്തു. ആസ്റ്റ്രിയയില്‍ ജനിച്ച ഹിറ്റ്‌ലറുടെ ലക്ഷ്യം ആസ്റ്റ്രിയയെ ജര്‍മനിയോടുചേര്‍ക്കുക എന്നതായിരുന്നു. ഇക്കാര്യത്തില്‍ ഫ്രഞ്ച്‌-ഇംഗ്ലീഷ്‌ സഹായം അപര്യാപ്‌തമെന്ന്‌ ബോധ്യം വന്ന ഡോല്‍ഫൂസ്‌ ഇറ്റലിയോട്‌ സഹായം അഭ്യര്‍ഥിച്ചു. മാര്‍ക്‌സിസ്റ്റ്‌ വിരുദ്ധകക്ഷിയായ ഹൈംവേര്‍ (Heimwehr) ഇറ്റലിയിലെ ഫാസിസ്റ്റുകളുമായി ബന്ധത്തിലായിരുന്നതിനാല്‍ ആ കക്ഷിയെ ഡോല്‍ഫൂസ്‌ കൂട്ടുപിടിച്ചു. 1933 ആഗ്‌.-ല്‍ ഡോല്‍ഫൂസ്‌ മുസോളിനിയെ സന്ദര്‍ശിച്ച്‌ ആസ്റ്റ്രിയന്‍ സ്വാതന്ത്യ്രം സംരക്ഷിക്കണമെന്ന്‌ അപേക്ഷിച്ചു. സോഷ്യല്‍ ഡോമോക്രാറ്റുകളെ നശിപ്പിക്കുന്നതില്‍ ഹൈംവേര്‍ കക്ഷിക്ക്‌ സര്‍വസ്വാതന്ത്യ്രവും നല്‌കിയാലേ സഹായിക്കൂ എന്ന വ്യവസ്ഥയിലായിരുന്നു മുസോളിനി. 1934 ഫെ. 12-ന്‌ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ മര്‍ദനത്തിനു വിധേയരായതോടെ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടു. നാലു ദിവസത്തെ സമരത്തിനുശേഷം ഡോല്‍ഫൂസും ഹൈംവേര്‍കക്ഷിക്കാരും വിജയികളായി സോഷ്യല്‍ ഡെമോക്രാറ്റിക്ക്‌ കക്ഷി നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്‌തു.

4. ഏകാധിപത്യം. 1938-ല്‍ ഡോല്‍ഫൂസ്‌ നേതൃത്വം നല്‌കിയ സ്വരാജ്യമുന്നണി (Veterlandische Front)ഒഴികെ ബാക്കിയുള്ള കക്ഷികളെല്ലാം നിരോധിക്കപ്പെട്ടു. ഒരു ഏകാധിപത്യഭരണഘടന അവിടെ നിലവില്‍വന്നു; തെരഞ്ഞെടുക്കപ്പെട്ട സഭകള്‍ ഇല്ലാതെയായി; റിപ്പബ്ലിക്ക്‌ എന്ന പദവും എടുത്തുമാറ്റി. ആസ്റ്റ്രിയന്‍ റിപ്പബ്ലിക്ക്‌ "ദി ഫെഡറല്‍ സ്റ്റേറ്റ്‌ ഒഫ്‌ ആസ്റ്റ്രിയ' ആയി. 1934 ജൂല. 25-ന്‌ നാസികള്‍ ഇവിടം പിടിച്ചടക്കി. തടവുകാരനാക്കപ്പെട്ട ഡോല്‍ഫൂസിനെ വധിച്ചു; ആസ്റ്റ്രിയന്‍ കാര്യങ്ങള്‍ നടത്താന്‍ ഹിറ്റ്‌ലര്‍ നിയോഗിച്ച ജര്‍മന്‍പ്രതിപുരുഷന്‍ ഫ്രാന്‍സ്‌ ഫൊണ്‍ പോപ്പന്‍ ആയിരുന്നു. അദ്ദേഹം ചുമതലകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു. ഡോല്‍ഫൂസിന്റെ വധത്തെത്തുടര്‍ന്ന്‌ ചാന്‍സലറായ കുര്‍ട്ട്‌ ഫൊണ്‍ ഷുഷ്‌നിഗ്‌ ഇറ്റാലിയന്‍-ജര്‍മന്‍ ഭരണങ്ങളെക്കാളും മര്‍ദനസ്വഭാവം കുറവുള്ള ഒരു സംവിധാനം ആസ്റ്റ്രിയയില്‍ നടപ്പിലാക്കി. 1936-ല്‍ ഹിറ്റ്‌ലറും മുസോളിനിയും തമ്മില്‍ യോജിച്ചു. 1936 ജൂല. 11-ന്‌ ഷുഷ്‌നിഗ്‌ ജര്‍മനിയുമായി സന്ധിക്കു ശ്രമിച്ചു. ആസ്റ്റ്രിയയിലെ നാസികള്‍ക്ക്‌ പൊതുമാപ്പ്‌ നല്‌കപ്പെട്ടു. അതിനെത്തുടര്‍ന്ന്‌ നാസികള്‍ ഗൂഢമായി ഭരണം പിടിച്ചെടുക്കാന്‍ ഉദ്യമിച്ചു. ചില ഉപജാപങ്ങള്‍ ഹിറ്റല്‌റുടെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും ഷുഷ്‌നിഗിന്‌ ഒന്നും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല; ചില നാസി നേതാക്കന്മാരെ ഭരണകൂടത്തില്‍ ഉള്‍പ്പെടുത്തണമെന്ന്‌ ഹിറ്റ്‌ലര്‍ നിര്‍ദേശിക്കുകയും ചെയ്‌തു. എന്നാല്‍ ഒരു ജനഹിതപരിശോധനയ്‌ക്കാണ്‌ ആസ്റ്റ്രിയന്‍ ചാന്‍സലര്‍ ഉത്തരവു പുറപ്പെടുവിച്ചത്‌. അതിന്‌ സമയം നല്‌കാതെ ഹിറ്റ്‌ലര്‍ സൈന്യസമേതം മാ. 12-ന്‌ ആസ്റ്റ്രിയയിലെത്തി; മാ. 13-ന്‌ ആസ്റ്റ്രിയയെ ജര്‍മനിയുമായി സംയോജിപ്പിച്ചു. ഏ. 10-ന്‌ ജര്‍മനിയില്‍വച്ചു നടത്തിയ ഹിതപരിശോധനയില്‍ 99 ശ.മാ. പേരും ഹിറ്റ്‌ലര്‍ക്ക്‌ അനുകൂലമായി വോട്ടുചെയ്‌തു.

പാര്‍ലമെന്റ്‌ മന്ദിരം-വിയന്ന

5. രണ്ടാം റിപ്പബ്ലിക്ക്‌. രണ്ടാംലോകയുദ്ധകാലത്ത്‌ ആസ്റ്റ്രിയ നിരവധി ആക്രമണങ്ങള്‍ക്കു വിധേയമായി. 1945 ഏ. 13-ന്‌ സോവിയറ്റ്‌ സൈന്യം വിയന്ന ആക്രമിച്ച്‌ റെന്നറുടെ നേതൃത്വത്തില്‍ ഒരു കൂട്ടുകക്ഷി ഭരണം സ്ഥാപിച്ചു. സോഷ്യല്‍ ഡെമോക്രാറ്റ്‌ സോഷ്യല്‍ ക്രിസ്റ്റ്യന്‍സ്‌, കമ്യൂണിസ്റ്റ്‌ എന്നീ രാഷ്‌ട്രീയകക്ഷികള്‍ ചേര്‍ന്നാണ്‌ ഭരണം നടത്തിയത്‌. 1945 ന.-ലുണ്ടായ പൊതുതെരഞ്ഞെടുപ്പിനെ തുടര്‍ന്ന്‌ ആസ്റ്റ്രിയന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി (പഴയ സോഷ്യല്‍ ക്രിസ്റ്റ്യന്‍സ്‌) ഭൂരിപക്ഷ കക്ഷിയായി. റെന്നര്‍ പ്രധാനമന്ത്രിസ്ഥാനം രാജിവച്ച്‌ റിപ്പബ്ലിക്കിന്റെ പ്രസിഡണ്ടുസ്ഥാനം ഏറ്റെടുത്തു. ആസ്റ്റ്രിയന്‍ പീപ്പിള്‍സ്‌ കക്ഷിനേതാവായ ലിയോപോള്‍ഡ്‌ ഫിഗ്‌ല്‍ ചാന്‍സലറായി. നാണയപരിഷ്‌കരണ ബില്ലിനെതിരായി പ്രതിഷേധിക്കാന്‍ കൂട്ടുകക്ഷി മന്ത്രിസഭയിലെ ഏക കമ്യൂണിസ്റ്റംഗമായ കെ. ആല്‍ട്ട്‌മാന്‍ രാജിവച്ചു. തുടര്‍ന്ന്‌ ആസ്റ്റ്രിയന്‍ പീപ്പിള്‍സ്‌ പാര്‍ട്ടിയും സോഷ്യലിസ്റ്റുകളും ഒന്നിച്ച്‌ ആസ്റ്റ്രിയ ഭരിക്കാന്‍ തുടങ്ങി.

1945 മുതല്‍ 1952 വരെ നിലനില്‌പിനുവേണ്ടി ആസ്റ്റ്രിയയ്‌ക്കു പട പൊരുതേണ്ടിവന്നു. നാസി ഗവണ്‍മെന്റില്‍നിന്നും മോചനം നേടിയ രാജ്യം സാമ്പത്തിക പരാധീനതയിലേക്ക്‌ വഴുതിവീണു. പല അന്താരാഷ്‌ട്രസംഘടനകളും രാജ്യത്തിന്റെ സഹായത്തിനെത്തി. 1946-ല്‍ ആസ്റ്റ്രിയ ഘനവ്യവസായങ്ങളെ ദേശസാത്‌കരിച്ചു. 1953, 1956, 1959 എന്നീ വര്‍ഷങ്ങളില്‍ പൊതു തെരഞ്ഞെടുപ്പു നടന്നപ്പോള്‍ ആസ്റ്റ്രിയന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി, സോഷ്യലിസ്റ്റ്‌ ഫ്രീഡംപാര്‍ട്ടി എന്നിവ മാത്രമേ പ്രധാന കക്ഷികളായി രംഗത്തുണ്ടായിരുന്നുള്ളൂ. റെന്നര്‍ അന്തരിച്ചപ്പോള്‍ (1950 ഡി. 31) വിയന്നയിലെ സോഷ്യലിസ്റ്റു മേയറായ തിയഡോര്‍ കോര്‍നറെ റിപ്പബ്ലിക്കിന്റെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. അദ്ദേഹം 1957 ജനു. 4-ന്‌ അന്തരിച്ചപ്പോള്‍ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി നേതാവായ അഡോള്‍ഫ്‌ ഷാര്‍ഫ്‌ പ്രസിഡണ്ടായി. 1955 ജൂല. 27-ന്‌ സ്റ്റേറ്റ്‌ സന്ധിയോടെയാണ്‌ ആസ്റ്റ്രിയ പൂര്‍ണ സ്വതന്ത്രമായത്‌. 1961-ല്‍ പീപ്പിള്‍സ്‌ പാര്‍ട്ടിയിലെ അല്‍ഫോണ്‍സ്‌ ഗോര്‍ബാഷ്‌ ചാന്‍സലറായി. 1962-നവംബറിലെ തെരഞ്ഞെടുപ്പിലും പീപ്പിള്‍സ്‌ പാര്‍ട്ടി ഏറ്റവും വലിയ കക്ഷിയായി പുറത്തുവന്നു. 1964 ഫെ.-ല്‍ അതിന്റെ അധ്യക്ഷനായ ജോസഫ്‌ ക്ലാസ്‌ ചാന്‍സലറായി. ഷാര്‍ഫ്‌ 1965 ഫെ. 28-ന്‌ അന്തരിച്ചപ്പോള്‍ ഫ്രാന്‍സ്‌ ജോനാസ്‌ പ്രസിഡണ്ടായിത്തീര്‍ന്നു. രണ്ടാം ലോകയുദ്ധാനന്തരമുണ്ടായ ഏഴാമത്തെ പൊതുതെരഞ്ഞെടുപ്പിലും (1966 മാ. 6) പീപ്പിള്‍സ്‌ പാര്‍ട്ടി ഭൂരിപക്ഷകക്ഷിയായി. അതിനെത്തുടര്‍ന്ന്‌ ഒരു ഏകകക്ഷിഭരണം ജോസഫ്‌ ക്ലാസിന്റെ നേതൃത്വത്തില്‍ നിലവില്‍വന്നു.

1970-ലെ പൊതുതെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റുപാര്‍ട്ടി പാര്‍ലമെന്റിലെ ഏറ്റവും ശക്തമായ കക്ഷിയായിത്തീര്‍ന്നു. 1970 മേയില്‍ ബ്രുണൊ ക്രയിസ്‌കി ആസ്റ്റ്രിയന്‍ ചാന്‍സലറായി നിയമിതനായി. ആദ്യത്തെ ആസ്റ്റ്രിയന്‍ സോഷ്യലിസ്റ്റ്‌ ഗവണ്‍മെന്റ്‌ രൂപവത്‌കരിച്ചത്‌ അദ്ദേഹമായിരുന്നു. 1971 ഒ.-ലെ തെരഞ്ഞെടുപ്പിലും സോഷ്യലിസ്റ്റ്‌ കക്ഷിക്ക്‌ ഭൂരിപക്ഷം ലഭിച്ചു. 1986-ല്‍ നടന്ന തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന്‌ മുന്‍ യു.എന്‍. സെക്രട്ടറി ജനറല്‍ കുര്‍ട്ട്‌വാള്‍ഡ്‌ ഹൈം പ്രസിഡണ്ടായി. രണ്ടാം ലോകയുദ്ധകാലത്ത്‌ നാസി ജര്‍മനിയുമായി സഹകരിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന്‌ വന്‍ എതിര്‍പ്പുനേരിടേണ്ടിവന്നു. അതിന്റെ ഫലമായി 1992-ല്‍ അദ്ദേഹം രാജിവച്ചു.

1995-ല്‍ ആസ്‌ട്രിയ യൂറോപ്യന്‍ യൂണിയനില്‍ അംഗമായി. 2000 ഫെബ്രുവരിയില്‍ ഫ്രീഡംപാര്‍ട്ടിയുമായി സഹകരിച്ചുകൊണ്ട്‌ കണ്‍സര്‍വേറ്റീവ്‌ പീപ്പിള്‍സ്‌ പാര്‍ട്ടി കൂട്ടുമന്ത്രി സഭയുണ്ടാക്കി. ഈ മന്ത്രിസഭയ്‌ക്ക്‌ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. 2002 സെപ്‌.-ല്‍ ഈ കൂട്ടുമന്ത്രിസഭ തകര്‍ന്നു. 2002 ന.-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പീപ്പിള്‍സ്‌ പാര്‍ട്ടിക്ക്‌ വലിയ നേട്ടമുണ്ടായി. 2003 ഫെ.-ല്‍ ഫ്രീഡം പാര്‍ട്ടിയുമായി കൂട്ടുചേര്‍ന്ന്‌ പീപ്പിള്‍സ്‌ പാര്‍ട്ടി വീണ്ടും മന്ത്രിസഭയുണ്ടാക്കി. 2006 ഒ.-ല്‍ നടന്ന പൊതുതതെരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ഏറ്റവും വലിയ കക്ഷിയായി. 2007 ജനു.-ല്‍ പീപ്പിള്‍സ്‌ പാര്‍ട്ടിയും സോഷ്യല്‍ ഡെമോക്രാറ്റുകളും ചേര്‍ന്ന്‌ കൂട്ടുമന്ത്രിസഭയുണ്ടാക്കി. 2007 ജൂണില്‍ വോട്ടവകാശപ്രായം 16 വയസ്സായി നിശ്ചയിച്ചുകൊണ്ട്‌ പാര്‍ലമെന്റ്‌ നിയമം പാസ്സാക്കി.

IV. സമ്പദ്‌വ്യവസ്ഥയും ഭരണവും.

1. കൃഷിയും വനസമ്പത്തും. ആസ്റ്റ്രിയയില്‍ മൊത്തം ഭൂമിയുടെ 37 ശ.മാ.-വും വനങ്ങളാണ്‌. കാര്‍ഷികോപയുക്തമായുള്ളത്‌ 17 ശ.മാ. മാത്രമാണ്‌. മേച്ചിലിന്‌ ഉപയോഗപ്പെടുത്താവുന്ന പുല്‍മേടുകളും ചതുപ്പുകളും മൊത്തം വിസ്‌തീര്‍ണത്തിന്റെ 28.8 ശ.മാ. വരും. ശാസ്‌ത്രീയമായ കൃഷിസമ്പ്രദായങ്ങള്‍ പ്രായോഗികമാക്കിയിട്ടുണ്ട്‌. ജലസേചനത്തിനും വെള്ളപ്പൊക്കനിവാരണത്തിനും വേണ്ട നടപടികള്‍ പൂര്‍ണമായും കൈക്കൊണ്ടിട്ടുണ്ട്‌. കൃഷി ഒട്ടുമുക്കാലും യന്ത്രവത്‌കൃതമാണ്‌. എന്നിരിക്കിലും ആസ്റ്റ്രിയ ഭക്ഷ്യകാര്യത്തില്‍ സ്വയം പര്യാപ്‌തമല്ല. ഗോതമ്പ്‌, ബാര്‍ലി, ഓട്‌സ്‌, ചോളം, ഉരുളക്കിഴങ്ങ്‌, മധുരക്കിഴങ്ങ്‌ എന്നിവയും കാലിത്തീറ്റയ്‌ക്കുള്ള പുല്‍വര്‍ഗങ്ങളുമാണ്‌ പ്രധാന കൃഷികള്‍. കന്നുകാലിവളര്‍ത്തല്‍ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. കുതിര, ആടുമാടുകള്‍, പന്നി എന്നിവയാണ്‌ വളര്‍ത്തുമൃഗങ്ങള്‍; കോഴിവളര്‍ത്തലും സാമാന്യമായതോതില്‍ വികസിച്ചിട്ടുണ്ട്‌. വനങ്ങളില്‍ സൂചികാഗ്രവൃക്ഷങ്ങളാണ്‌ പൊതുവേയുള്ളത്‌. ടര്‍പ്പന്റൈന്‍ തുടങ്ങിയ സസ്യഎച്ചകള്‍ ഉത്‌പാദിപ്പിക്കുന്നതിനു പുറമേ ഈ മരങ്ങള്‍ പള്‍പ്പ്‌ നിര്‍മാണത്തിന്‌ ഉത്തമമായ അസംസ്‌കൃതവസ്‌തുക്കളുമാണ്‌. ആസ്റ്റ്രിയയിലെ വനങ്ങള്‍ ധാരാളം ടൂറിസ്റ്റ്‌ കേന്ദ്രങ്ങളാല്‍ അനുഗൃഹീതമാണ്‌. വനങ്ങള്‍ ശാസ്‌ത്രീയമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

വിയന്ന നഗരം
ആസ്റ്റ്രിയയിലെ ഒരു ഗ്രാമപ്രദേശം

2. ഖനനവും വ്യവസായങ്ങളും. ആസ്റ്റ്രിയയിലെ ധാതുനിക്ഷേപങ്ങള്‍ 33 കോടി ടണ്‍ ഇരുമ്പയിരും 30 കോടി ടണ്‍ കല്‍ക്കരിയും ഉള്‍ക്കൊള്ളുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ മാഗ്നസൈറ്റ്‌ നിക്ഷേപങ്ങളും ആസ്റ്റ്രിയയിലാണുള്ളത്‌. എച്ചനിക്ഷേപങ്ങളുടെ കാര്യത്തില്‍, യൂറോപ്പിലെ മൂന്നാമത്തെ ഉത്‌പാദകരാഷ്‌ട്രമാണ്‌ ആസ്റ്റ്രിയ; മൊത്തം നിക്ഷേപം 2.68 കോടി ടണ്‍ വരും. ധാതു നിക്ഷേപങ്ങളാല്‍ സമ്പന്നമായ ആസ്റ്റ്രിയ വ്യാവസായികമായും അഭിവൃദ്ധി പ്രാപിച്ചിരിക്കുന്നു. വൈദ്യുതി ഉത്‌പാദനത്തിലും ആസ്റ്റ്രിയ മുന്‍പന്തിയിലാണ്‌.

1972-ല്‍ ഡാന്യൂബ്‌ നദിയുടെ തീരത്ത്‌ ഒരു അണുശക്തി നിലയത്തിന്റെ നിര്‍മാണം തുടങ്ങിയെങ്കിലും ഭൂരിപക്ഷം ജനങ്ങളുടെ അഭിപ്രായം മാനിച്ച്‌ അതുപേക്ഷിക്കേണ്ടിവന്നു. വൈദ്യുതോല്‍പ്പാദനത്തിനായി അണുശക്തിയുപയോഗിക്കുന്നത്‌ നിയമം മൂലം തടയുകയും ചെയ്‌തു. രാജ്യത്ത്‌ ആവശ്യമായി വരുന്ന ഊര്‍ജത്തിന്റെ പകുതിയിലേറെയും ഇപ്പോള്‍ ജലവൈദ്യുത പദ്ധതികളില്‍ നിന്നാണ്‌ ഉല്‍പ്പാദിപ്പിക്കുന്നത്‌. കാറ്റില്‍നിന്നും സൗരോര്‍ജത്തില്‍നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്‌. ഇരുമ്പുരുക്കുനിര്‍മാണമാണ്‌ മുഖ്യവ്യവസായം. അലുമിനിയം, കറുത്തീയം, നാകം എന്നീ ലോഹങ്ങള്‍ക്കൊണ്ടുള്ള യന്ത്രസാമഗ്രികളുടെയും ഉപഭോക്തൃസാധനങ്ങളുടെയും നിര്‍മാണത്തിലും ആസ്റ്റ്രിയ മുന്‍പന്തിയില്‍ നില്‌ക്കുന്നു. പള്‍പ്പ്‌, കടലാസ്‌, ഔഷധങ്ങള്‍, രാസദ്രവ്യങ്ങള്‍, തുണിത്തരങ്ങള്‍, വാഹനങ്ങള്‍, വന്‍കിടയന്ത്രങ്ങള്‍, വൈദ്യുതോപകരണങ്ങള്‍ എന്നിവയൊക്കെ വന്‍തോതില്‍ നിര്‍മിക്കപ്പെടുന്നു.

എണ്ണശുദ്ധീകരണ പ്ലാന്റ്‌

3. ഗതാഗതം. യുദ്ധകാലത്ത്‌ പാലങ്ങള്‍ തകര്‍ക്കപ്പെട്ടും പാതകള്‍ക്ക്‌ കേടുപാടുകള്‍ സംഭവിച്ചും ആസ്റ്റ്രിയയിലെ ഗതാഗതസൗകര്യങ്ങള്‍ക്ക്‌ വലുതായ നാശനഷ്‌ടങ്ങളേര്‍പ്പെട്ടു; എന്നാല്‍ മുമ്പത്തേതിലും മെച്ചപ്പെട്ട നിലയില്‍ അവ പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു. റയില്‍പ്പാതകള്‍ ഒട്ടുമുക്കാലും വൈദ്യുതീകൃതമാണ്‌. മലമ്പ്രദേശങ്ങളുള്‍പ്പെടെ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും ഒന്നാന്തരം റോഡുകളും ബസ്‌ സൗകര്യങ്ങളും ഉണ്ട്‌. ഡാന്യൂബ്‌ നദി ഉടനീളം കപ്പല്‍സഞ്ചാരത്തിന്‌ യോഗ്യമാക്കിത്തീര്‍ത്തിരിക്കുന്നു; നദീതീരതുറമുഖങ്ങള്‍ അത്യാധുനികമായ രീതിയില്‍ വികസിപ്പിച്ചിട്ടുണ്ട്‌. പര്‍വതശിഖരങ്ങളിലും മലഞ്ചരിവുകളിലുമുള്ള അധിവാസങ്ങളെ ബന്ധിപ്പിക്കുന്ന "കേബിള്‍ റെയില്‍വേ'കള്‍ വഴി ആസ്റ്റ്രിയയിലെ വിവിധ നഗരങ്ങള്‍ക്കിടയില്‍ വ്യോമബന്ധം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ആസ്റ്റ്രിയന്‍ എയര്‍ലൈന്‍സ്‌ ലോകത്തിലെ മിക്ക രാഷ്‌ട്രങ്ങളിലേക്കും സര്‍വീസുകള്‍ നടത്തിവരുന്നു. വിയന്നയില്‍ അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ ഒന്നാംകിട വിമാനത്താവളവുമുണ്ട്‌. വാര്‍ത്താവിനിമയക്കാര്യത്തിലും ആസ്റ്റ്രിയ അഭൂതപൂര്‍വമായ പുരോഗതിയാര്‍ജിച്ചിരിക്കുന്നു.

4. വാണിജ്യം. രണ്ടാംലോകയുദ്ധകാലത്ത്‌ ആസ്റ്റ്രിയയുടെ വിദേശവാണിജ്യം പാടേ നിലച്ചുപോയിരുന്നു. യുദ്ധാനന്തരം വാണിജ്യബന്ധങ്ങള്‍ പുനഃസ്ഥാപിക്കപ്പെട്ടു. "യൂറോപ്പിലെ സ്വതന്ത്രവാണിജ്യമേഖല'(European Free Trade Association)യിലെ അംഗമാണ്‌ ആസ്റ്റ്രിയ. തടി, ഇരുമ്പരുക്ക്‌, കടലാസ്‌ എന്നിവയാണ്‌ പ്രധാന കയറ്റുമതികള്‍. തുണിത്തരങ്ങള്‍, യന്ത്രങ്ങള്‍, രാസദ്രവ്യങ്ങള്‍, ലോഹോപകരണങ്ങള്‍, കച്ചാടിസാധനങ്ങള്‍ എന്നിവയും കയറ്റുമതികളില്‍പ്പെടുന്നു. ഭക്ഷ്യസാധനങ്ങളാണ്‌ പ്രധാന ഇറക്കുമതി. വാണിജ്യത്തില്‍ മുഖ്യപങ്കാളിത്തം യൂറോപ്പിലെ രാജ്യങ്ങളുമായാണ്‌. ടൂറിസം വളരെയധികം അഭിവൃദ്ധിപ്പെട്ടിരിക്കുന്നു.

കേബിള്‍റെയില്‍വെ സംവിധാനം

5. ഭരണസംവിധാനം. ആസ്റ്റ്രിയ സ്വയംഭരണാവകാശമുള്ള ഒന്‍പത്‌ പ്രവിശ്യകളായി വിഭജിക്കപ്പെട്ടിരിക്കുന്നു; ബുര്‍ഗെന്‍ലന്‍ഡ്‌, കരിന്തിയ, റ്റിറോള്‍, വൊറാള്‍ബെര്‍ഗ്‌, വിയന്ന, അപ്പര്‍ ആസ്‌റ്റ്രിയ, ലോവര്‍ ആസ്‌റ്റ്രിയ, സാള്‍സ്‌ബര്‍ഗ്‌., ഓറല്‍ബര്‍ഗ്‌ എന്നിവ. കേന്ദ്രഭരണം ഫെഡറല്‍ വ്യവസ്ഥയിലുള്ളതാണ്‌. രഹസ്യ ബാലട്ട്‌ സമ്പ്രദായത്തിലുള്ള പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന പ്രസിഡണ്ടാണ്‌ രാഷ്‌ട്രത്തലവന്‍. പ്രസിഡണ്ട്‌ ചാന്‍സലറെയും അദ്ദേഹത്തിന്റെ ഉപദേശപ്രകാരം കേന്ദ്രമന്ത്രിമാരെയും നിയമിക്കുന്നു. ആനുപാതികപ്രാതിനിധ്യനിയമമനുസരിച്ച്‌ തെരഞ്ഞെടുക്കപ്പെടുന്ന 183 അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ ഫെഡറല്‍ പാര്‍ലമെന്റ്‌ (Nationalrat). പ്രവിശ്യകളിലെ ഭരണം ജനസഭകളില്‍ (Dietes) നെിക്ഷിപ്‌തമായിരിക്കുന്നു. ഈ സഭകളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഗവര്‍ണര്‍മാരാണ്‌ ഓരോ പ്രവിശ്യയിലെയും ഭരണത്തലവന്‍.

(പ്രൊഫ.സി.ജെ. ജോര്‍ജ്‌; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍