This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്‌ത്‌മ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസ്‌ത്‌മ

Asthma

ശ്വാസോച്ഛ്വാസത്തിന്‌ ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്നതും ശ്വാസോപനാളത്തെ (bronchial tube) ബാധിക്കുന്നതുമായ രോഗം. സാധാരണയായി ഇത്‌ അത്ര കടുത്ത രോഗമായി കണക്കാക്കപ്പെടുന്നില്ലെങ്കിലും ശരിയായി ചികിത്സിക്കാത്തപക്ഷം പരിണതഫലം പലപ്പോഴും ഗുരുതരമാകാവുന്നതാണ്‌. അനേകം പേര്‍ ഈ രോഗംമൂലം മരിച്ചുപോകുന്നുണ്ട്‌. അടിസ്ഥാനപരമായി ആസ്‌ത്‌മയുടെ കാരണങ്ങള്‍ രണ്ടാണ്‌: മൂക്ക്‌, സൈനസുകള്‍ (sinuses), ശ്വസനിക (bronchus), ശ്വാസകോശം എന്നീ ഭാഗങ്ങളിലെ രോഗബാധയാണ്‌ ഒന്നാമത്തേത്‌; പാരമ്പര്യലബ്‌ധമായി ചില അലര്‍ജിക്ക്‌ പ്രതിപ്രവര്‍ത്തനങ്ങളാല്‍ ഉണ്ടാകുന്ന ആസ്‌ത്‌മയാണ്‌ രണ്ടാമത്തെയിനം. ഇത്‌ താരതമ്യേന കൂടുതല്‍ സാധാരണമാണ്‌. അലര്‍ജിക്ക്‌-ആസ്‌ങ്ങയ്‌ക്ക്‌ ഇരയാകുന്ന വ്യക്തിക്ക്‌ പലപ്പോഴും പൂമ്പൊടി, വീട്ടിനുള്ളിലെ പൊടി, മൃഗങ്ങളുടെ രോമങ്ങള്‍, കീടനാശിനികള്‍, ചില ഭക്ഷണപദാര്‍ഥങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവ വളരെയധികം അസഹ്യം ആയിരിക്കും. മേല്‌പറഞ്ഞ അലര്‍ജിഹേതുക്കളുമായി അയാളുടെ ശരീരത്തിന്‌ ഏതെങ്കിലും വിധത്തില്‍ ബന്ധമുണ്ടാകുമ്പോള്‍ "ഹിസ്റ്റമീന്‍' (histamine) എന്ന രാസവസ്‌തു ധാരാളമായി ശരീരത്തിനുള്ളില്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു. ഈ ഹിസ്റ്റമീന്‍ ആണ്‌ അലര്‍ജി പ്രവര്‍ത്തനങ്ങള്‍ക്കു കാരണമാകുന്നത്‌. രോഗബാധയും അലര്‍ജിയും ഒരുമിച്ച്‌ ഒറ്റയാളില്‍ത്തന്നെ ആസ്‌ത്‌മയ്‌ക്കു കാരണമായിത്തീരുന്നതും അപൂര്‍വമല്ല. എന്തു കാരണത്താല്‍ രോഗം ഉണ്ടായാലും ശ്വാസോപനാളത്തിനുള്ളിലെ ആവരണസ്‌തരങ്ങള്‍ (lining membrances) വീര്‍ക്കുന്നതുമൂലം ശ്വാസോച്ഛ്വാസത്തിന്‌ തടസ്സമനുഭവപ്പെടുന്നു. രോഗത്തിന്റെ കാഠിന്യം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇവയില്‍ ഏറ്റവും പ്രാധാന്യം വൈകാരികസമ്മര്‍ദ(emotional stress)ത്തൈിനാണെന്നു പറയുന്നതില്‍ തെറ്റില്ല. പെട്ടെന്ന്‌ വികാരാധീനനാകുന്ന ഒരാള്‍ക്ക്‌ താരതമ്യേന കൂടുതല്‍ തവണ ശക്തിയായി ആസ്‌ങ്ങയുണ്ടാവുക പതിവാണ്‌; ക്ഷീണംമൂലവും ഉണ്ടാകാം. കാലാവസ്ഥയിലുണ്ടാകുന്ന വ്യത്യാസങ്ങളും രോഗബാധയ്‌ക്ക്‌ അനുകൂലമായി ഭവിക്കുന്നു.

സാധാരണയായി ആസ്‌ത്‌മരോഗിക്ക്‌ നെഞ്ചില്‍ വിമ്മിട്ടം അനുഭവപ്പെടും; ചുമയ്‌ക്കുകയും വലിക്കുകയും ചെയ്യുന്ന രോഗിക്ക്‌ ശ്വാസോച്ഛ്വാസത്തിനു പണിപ്പെടേണ്ടിവരും. മുഖം നീലനിറമായിത്തീരുകയും വിമ്മിട്ടമനുഭവപ്പെടുകയും ചെയ്യുന്ന രോഗിയുടെ നില കാഴ്‌ചയ്‌ക്ക്‌ അങ്ങേയറ്റം ഭീതിദമാണെങ്കിലും ഒട്ടും അപകടകരമല്ല. കടുത്ത രോഗബാധയുടെ അവസാനമാകുമ്പോഴേക്കും കട്ടിയില്‍ കഫം ചുമച്ചു തുപ്പുന്നതോടെ രോഗിക്ക്‌ ആശ്വാസം ലഭിക്കുന്നു.

എംഫിസീമ (ശ്വാസകോശത്തിലെ വായുസഞ്ചികള്‍ മശൃമെരെ-വീര്‍ക്കുന്ന അവസ്ഥ), ഹൃദ്രാഗങ്ങള്‍ തുടങ്ങിയവ മൂലമുണ്ടാകുന്ന ശ്വാസവിമ്മിട്ടത്തെ ആസ്‌ത്‌മയാണെന്നു തെറ്റിദ്ധരിക്കാന്‍ വളരെ സാധ്യതയുണ്ട്‌. ഒരു ഡോക്‌ടര്‍ക്കു മാത്രമേ ശരിയായ രോഗനിര്‍ണയനം സാധ്യമാകൂ. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച്‌ രോഗബാധയെ നിയന്ത്രുക്കുകയാണ്‌ ചികിത്സാമാര്‍ഗം. രോഗകാരണമായി ഒരു അലര്‍ജിഘടകം(allergen) ഉണ്ടെന്നുതോന്നിയാല്‍ പരീക്ഷണങ്ങള്‍മൂലം അത്‌ ഏതാണെന്ന്‌ തീര്‍ച്ച വരുത്തിയതിനുശേഷം ഇന്‍ജക്ഷന്‍ കൊണ്ട്‌ രോഗബാധയുടെ തീവ്രത കുറയ്‌ക്കേണ്ടതാണ്‌. ഒരു ഫിസിയോ തെറാപ്പിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ ചില പ്രത്യേകവ്യായാമങ്ങള്‍ (breathing exercises) ചെയ്യുന്നതും രോഗശാന്തിക്കു സഹായകമായിരിക്കും. അഡ്രിനലിന്‍, സാല്‍ബ്യൂട്ടമോള്‍, ഐസോപ്രീനലിന്‍ തുടങ്ങിയവയില്‍ ഏതെങ്കിലുമൊന്ന്‌ മണക്കുന്നതും രോഗനിയന്ത്രണത്തിനു സഹായകമാണ്‌. രോഗം വളരെ കടുത്തതാണെങ്കില്‍ ഞരമ്പുകളില്‍ ഹൈഡ്രാകോര്‍ട്ടിസോണ്‍ കുത്തിവയ്‌ക്കുകയുമാവാം.

ഈര്‍പ്പവും തണുപ്പും ഉള്ള സ്ഥലങ്ങളില്‍നിന്നും ചൂടുകൂടുതലായ വരണ്ട പ്രദേശങ്ങളിലേക്ക്‌ മാറിത്താമസിക്കുന്നത്‌ രോഗശാന്തിക്കു പറ്റിയതാണ്‌. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ ആ സ്ഥലങ്ങളിലേക്ക്‌ ക്രമമായി നടത്തിയ പല സന്ദര്‍ശനങ്ങള്‍ക്കുശേഷമേ ആകാവൂ. ചിലയിനം ആസ്‌ത്‌മകളില്‍ ഇത്തരം മാറ്റങ്ങള്‍കൊണ്ട്‌ നാടകീയമായ വ്യതിയാനങ്ങള്‍ വരുത്താന്‍ സാധിക്കും. മാനസികപ്രശ്‌നങ്ങളാല്‍ ആസ്‌ത്‌മയുണ്ടാകുന്നതും കുറവല്ല. കുട്ടികളിലാണ്‌ ഇത്‌ അധികവും കണ്ടുവരുന്നത്‌. ഇതിന്റെ ചികിത്സയ്‌ക്ക്‌ ആസ്‌ത്‌മാരോഗികള്‍ക്കുവേണ്ടിയുള്ള സാനട്ടോറിയങ്ങളില്‍ കുറച്ചുനാള്‍ താമസിച്ചാല്‍ മതിയാകും. ഒരു ഡോക്‌ടറുടെ അഭിപ്രായമനുസരിച്ചു മാത്രമേ ഇപ്രകാരം ഏതെങ്കിലും ചികിത്സാവിധികള്‍ സ്വീകരിക്കാവൂ. മിക്കവാറും എല്ലായ്‌പ്പോഴും കുട്ടികള്‍ പ്രായമാകുന്നതോടെ രോഗം ഭേദമാവുകയാണ്‌ പതിവ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍