This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർക്കാട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആര്‍ക്കാട്‌

തമിഴ്‌നാട്‌ സംസ്ഥാനത്തിലുള്‍പ്പെട്ട ഒരു പ്രദേശം. ആര്‍ക്കാട്‌ എന്ന പേരില്‍ ഒരു നഗരവും ഉണ്ട്‌. വടക്കേ ആര്‍ക്കാട്‌, തെക്കേ അര്‍ക്കാട്‌ എന്നിങ്ങനെ രണ്ടു ജില്ലകളുണ്ടായിരുന്നു. ആര്‍ക്കാട്‌ നഗരം മദ്രാസില്‍നിന്ന്‌ 104 കി.മീ. തെക്കു സ്ഥിതിചെയ്യുന്നു. ബ്രിട്ടിഷ്‌ അധിനിവേശകാലത്ത്‌ കൈത്തൊഴിലിനും കച്ചവടത്തിനും പ്രസിദ്ധിപെറ്റ ഒരു കേന്ദ്രമായിരുന്നു ഈ പട്ടണം; ഇപ്പോള്‍ ഇതിന്റെ പ്രാധാന്യം നഷ്‌ടപ്രായമായിരിക്കുന്നു. പുരാതനമഹിമയുടെ അവശിഷ്‌ടങ്ങളായി ഏതാനും മുസ്‌ലിംപള്ളികളും ശവകുടീരങ്ങളും ഇടിഞ്ഞൂപൊളിഞ്ഞ കോട്ടകളും മാത്രമേ ഇന്ന്‌ ഇവിടെ കാണാനുള്ളൂ.

ആര്‍ക്കാട്‌ ആക്രമണം. ബ്രിട്ടിഷ്‌ കാലഘട്ടത്തിലെ അതിപ്രധാനസംഭവങ്ങളിലൊന്നാണ്‌ റോബര്‍ട്ട്‌ ക്ലൈവിന്റെ (1725-74) ആര്‍ക്കാട്‌ ആക്രമണം. കര്‍ണാട്ടിക്‌ നവാബായിരുന്ന അന്‍വറുദ്ദീന്റെ (ഭ. കാ. 1743-49) തലസ്ഥാന നഗരിയെന്ന നിലയ്‌ക്കാണ്‌ ഇതിന്റെ പ്രശസ്‌തി. 1749-ലെ ആംബൂര്‍ യുദ്ധത്തില്‍ അന്‍വറുദ്ദീന്‍ വധിക്കപ്പെട്ടതോടുകൂടി ഇവിടത്തെ കോട്ട ചന്ദാസാഹിബിന്റെ അധീനതയിലായി. തുടര്‍ന്ന്‌ കര്‍ണാട്ടിക്കിന്റെ ഭരണാവകാശം സംബന്ധിച്ച്‌ മുഹമ്മദലി, ചന്ദാസാഹിബ്‌ എന്ന രണ്ടവകാശികള്‍ തമ്മിലുണ്ടായ മത്സരത്തില്‍, ബ്രിട്ടിഷുകാര്‍ മുഹമ്മദലിയുടെയും ഫ്രഞ്ചുകാര്‍ ചന്ദാസാഹിബിന്റെയും പക്ഷം ചേര്‍ന്നു. തൃശ്ശിനാപ്പള്ളിക്കോട്ട വളഞ്ഞ ചന്ദാസാഹിബിന്റെ ശ്രദ്ധ തിരിക്കുവാന്‍ ക്ലൈവ്‌ ആര്‍ക്കാട്‌ ആക്രമിച്ചു കീഴടക്കി. പിന്നീട്‌ നഗരം ഫ്രഞ്ചുകാര്‍ പിടിച്ചടക്കിയെങ്കിലും വാന്‍ഡിവാഷ്‌ യുദ്ധ(1760)ത്തെ തുടര്‍ന്ന്‌ വീണ്ടും അത്‌ ബ്രീട്ടിഷധീനതയിലായി. 1780-ല്‍ ഹൈദരാലി ആര്‍ക്കാട്‌ കൈവശപ്പെടുത്തി; എന്നാല്‍ 1801-ല്‍ കര്‍ണാട്ടിക്കിനോടൊപ്പം ആര്‍ക്കാടും ബ്രിട്ടിഷുകാര്‍ക്ക്‌ മടക്കികിട്ടി. ആര്‍ക്കാട്‌ വിജയം ബ്രിട്ടിഷുകാരുടെ ഇന്ത്യന്‍ സാമ്രാജ്യസ്ഥാപനത്തിന്റെ അടിസ്ഥാനശിലകളിലൊന്നായിരുന്നു.

വടക്കന്‍ ആര്‍ക്കാടിന്റെ തെക്കും കിഴക്കും പരന്ന ഭൂമിയാണ്‌; വടക്കും പടിഞ്ഞാറും മലമ്പ്രദേശങ്ങളും. കുന്നിന്‍പുറങ്ങളില്‍ സസ്യങ്ങളും മരങ്ങളും വിരളമായേ ഉള്ളൂ. മലകളുടെ അടിവാരങ്ങള്‍ ഫലഭൂയിഷ്‌ഠങ്ങളാണ്‌. കര്‍ണാടകസംസ്ഥാനത്തില്‍നിന്നു പുറപ്പെടുന്ന പാലാര്‍ ഈ ജില്ലയിലൂടെ കിഴക്കോട്ടൊഴുകുന്നു.

തെക്കേ ആര്‍ക്കാട്‌ പ്രദേശം വടക്കേ ആര്‍ക്കാടിന്‌ തൊട്ടുതെക്കായി സ്ഥിതിചെയ്യുന്നു. കിഴക്കതിര്‌ പോണ്ടിച്ചേരിയും ബംഗാള്‍ ഉള്‍ക്കടലുമാണ്‌; ഏറിയകൂറും നിരന്ന പ്രദേശമായ പടിഞ്ഞാറേ പ്രാന്തത്തില്‍ പൂര്‍വഘട്ടത്തിന്റെ ഭാഗമായ മലനിരകള്‍ കാണാം. കോളറൂണ്‍, പെന്നാര്‍ തുടങ്ങിയ നദികള്‍ ഈ ജില്ലയിലൂടെയാണൊഴുകുന്നത്‌. ഇവ ജലസേചനസാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍