This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർട്ടിക്‌ കരടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആർട്ടിക്‌ കരടി

Polar bear

ആര്‍ട്ടിക്‌ കരടി

ഉത്തരാര്‍ധഗോളത്തിലെ ധ്രുവപ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരു സസ്‌തനി. ശാസ്‌ത്രനാമം: തലാര്‍ക്‌ടോസ്‌ മാരിറ്റിമസ്‌ (Thalarctos maritimus). തെക്കന്‍തീരങ്ങളായ പിറ്റ്‌സ്‌ബര്‍ഗ്‌, നോവയ സെമ്‌ല്യ എന്നിവിടങ്ങളില്‍ ഇവയുടെ സംഖ്യ കുറഞ്ഞുവരുന്നു. ഉഷ്‌ണകാലത്ത്‌ ഈ പ്രദേശങ്ങളില്‍നിന്നും മഞ്ഞ്‌ പൂര്‍ണമായും അപ്രത്യക്ഷമാവുന്നതാണ്‌ ഇതിനു കാരണം. മറ്റു ധ്രുവജീവികളെ അപേക്ഷിച്ച്‌ ഈ പ്രദേശത്തെ കാലാവസ്ഥയുമായി തികിച്ചും പൊരുത്തപ്പെട്ടുപോവാനുള്ള പ്രത്യേക കഴിവ്‌ ആര്‍ട്ടിക്‌ കരടികള്‍ക്കുണ്ട്‌. ആര്‍ട്ടിക്‌ കരടി ജലജീവിയായ ഒരു മാംസഭുക്കാണ്‌. മറ്റു കരടികളെ അപേക്ഷിച്ച്‌ ഇതിനു വച്ചം കുറവാണ്‌. ഇവയുടെ കാഴ്‌ചശക്തി വളരെ കൂടുതലാകുന്നു. സമുദ്രത്തിലെ കശേരുകികളായ മത്സ്യങ്ങള്‍, സീലുകള്‍ (seals), വൊള്‍റസുകള്‍ (walruses)എന്നിവയെയാണ്‌ ഇവ പ്രധാനമായും ഇരയാക്കുന്നത്‌. പൂര്‍ണവളര്‍ച്ചയെത്തിയ ഒരു ആര്‍ട്ടിക്‌ കരടിക്ക്‌ മൂന്നു മീറ്ററോളം നീളവും ഉദ്ദേശം 750 കി. ഗ്രാം ഭാരവും വരും. ധ്രുവമേഖലയുമായി ഇണങ്ങിച്ചേരുന്ന തൂവെള്ളനിറം ഇവയ്‌ക്ക്‌ ഒരു പ്രച്ഛന്നാവരണം നല്‌കുന്നു. കരടികള്‍ പൊതുവേ ശിശിരനിദ്ര(hibernation)യില്‍ പ്രവേശിക്കാറുണ്ടെങ്കിലും ആര്‍ട്ടിക്‌ കരടിക്ക്‌ ഈ സ്വഭാവമുണ്ടെന്ന്‌ പറയാന്‍ പറ്റില്ല. കടലിലൂടെ ഒഴുകിനടക്കുന്ന മഞ്ഞുകട്ടകളിലിരുന്ന്‌ ഇവ സഞ്ചരിക്കാറുണ്ട്‌. മൈലുകളോളം അകലെവരെ നീന്തിപ്പോവാനും ഇവയ്‌ക്കു കഴിയും. പ്രകോപനമുണ്ടാക്കിയില്ലെങ്കില്‍ ഇവ മനുഷ്യരെ ആക്രമിക്കാറില്ല. എസ്‌കിമോകള്‍ ഇവയെ വേട്ടയാടാറുണ്ട്‌.

നവംബര്‍ ഡിസംബര്‍ മാസത്തോടുകൂടി പെണ്‍കരടി പ്രസവിക്കുന്നു. ഒരു പ്രസവത്തില്‍ സാധാരണ രണ്ടുകുട്ടികള്‍ കാണും. കുഞ്ഞുങ്ങള്‍ക്ക്‌ സ്വയം സഞ്ചരിക്കാന്‍ പ്രായമാകുന്നതുവരെ പെണ്‍കരടികള്‍ മഞ്ഞിനുള്ളില്‍ മാളങ്ങളുണ്ടാക്കി അവയെ പരിചരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍