This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർത്രാപ്പോഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആര്‍ത്രാപ്പോഡ

Arthropoda

വൈവിധ്യമാര്‍ന്ന ജന്തുക്കളുള്‍പ്പെടുന്ന വലിയ ഒരു ജന്തുഫൈലം. ജലജീവികളായ ക്രസ്റ്റേഷ്യകള്‍, പറക്കാന്‍ കഴിവുള്ള ഷഡ്‌പദങ്ങള്‍, ചിലന്തികള്‍, തേള്‍, അട്ട, പഴുതാര തുടങ്ങിയവയൊക്കെ ആര്‍ത്രാപ്പോഡ ഫൈലത്തിലെ അംഗങ്ങളാണ്‌. ഇതുവരെ അറിയപ്പെട്ടിട്ടുള്ള ജന്തുക്കളില്‍ 75 ശ.മാ.-ത്തോളം സ്‌പീഷീസുകള്‍ ഈ ഫൈലത്തില്‍ ഉള്‍പ്പെടുന്നവയാകുന്നു. ഏതാണ്ട്‌ 60,00,000 ആര്‍ത്രാപ്പോഡ്‌ സ്‌പീഷീസുകള്‍ ഇതുവരെയായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും 9,25,000 സ്‌പീഷീസുകളെ മാത്രമേ പഠനങ്ങള്‍ക്കുശേഷം വിവരിച്ചിട്ടുള്ളൂ. ഇവയില്‍ 90 ശ.മാ.-വും ഷഡ്‌പദങ്ങളാണ്‌.

ആര്‍ത്രാപ്പോഡകളുടെ എടുത്തുപറയേണ്ട സവിശേഷതകള്‍ ഇവയാണ്‌: (1) ദ്വിപാര്‍ശ്വസമമിതി (2) ബാഹ്യകവചം (3) ഘടിതപാദങ്ങള്‍ (4) ഹീമോസീല്‍ (5) പൃഷ്‌ഠ (dorsal) മസ്‌തിഷ്‌കത്തോടുകൂടിയ നാഡീവ്യൂഹം. ഇതിന്‌ ഒരു ജോഡി അധര (ventral) നാഡീരജ്ജുക്കളുണ്ട്‌. ഈ പ്രത്യേകതകളില്‍ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്‌ ശരീരത്തെ പൊതിഞ്ഞിട്ടുള്ള ക്യൂട്ടിക്കിള്‍ ആണ്‌. ഇത്‌ ഭാഗികമായി പ്രാട്ടീന്‍ (chitin) നിര്‍മിതമാണ്‌; ഇടയ്‌ക്കിടെ പടംപൊഴിയലിന്‌ (molting) വിധേയമാകുകയും ചെയ്യുന്നു.

ആര്‍ത്രാപ്പോഡകള്‍ കരയിലും കടലിലും ശുദ്ധജലത്തിലും കാണപ്പെടുന്നുണ്ട്‌. കടലിലെ ജന്തുപ്ലവകങ്ങളുടെ ഒരു പ്രധാനഘടകമായ സൂക്ഷ്‌മ-ക്രസ്റ്റേഷ്യകള്‍, മറ്റ്‌ അകശേരുകികള്‍, മത്സ്യങ്ങള്‍, തിമിംഗലങ്ങള്‍ എന്നിവയുടെ ഭക്ഷ്യപദാര്‍ഥങ്ങളായിത്തീരുന്നു. കരയില്‍ ഷഡ്‌പദങ്ങള്‍ക്കാണ്‌ പ്രാധാന്യം. ഇവയെക്കൂടാതെ, എട്ടുകാലികള്‍, മൈറ്റുകള്‍, പഴുതാരകള്‍, മറ്റ്‌ അരാക്‌നിഡകള്‍ എന്നിവയും കാണപ്പെടുന്നുണ്ട്‌. പെര്‍മിയന്‍ഘട്ടത്തില്‍ (ഉദ്ദേശം 28,00,00,000 വര്‍ഷങ്ങള്‍ക്കുമുമ്പ്‌) നാമാവശേഷമായിത്തീര്‍ന്ന ട്രലൊബൈറ്റുകള്‍ ആദിപാലിയോസോയിക്‌ കടലുകളിലെ (ഉദ്ദേശം 55,00,00,000 വര്‍ഷങ്ങള്‍ക്കുമുമ്പ്‌) മുഖ്യ ആര്‍ത്രാപ്പോഡകളായിരുന്നു. കാമ്പ്രിയന്‍ പാറകളുടെ അടിത്തട്ടുകളില്‍നിന്നും ലഭ്യമായ ഇവയുടെ ആദ്യകാലാവശിഷ്‌ടങ്ങള്‍ക്ക്‌ 57,00,00,000 വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.

പൊതുസ്വഭാവങ്ങള്‍.

വലുപ്പവും ഘടനാവൈവിധ്യവും. ആര്‍ത്രാപ്പോഡകളുടെ വലുപ്പത്തെ നിയന്ത്രിക്കുന്നത്‌ അവയുടെ കട്ടിയുള്ള ബാഹ്യകവചമാണ്‌. ഭാഗികമായി ചുറ്റുപാടുമുള്ള ജലം ശരീരത്തെ സ്വാധീനിക്കുന്നതിനാല്‍ വെള്ളത്തില്‍ കഴിഞ്ഞുകൂടുന്ന ആര്‍ത്രാപ്പോഡകള്‍ക്ക്‌ മാത്രമേ സാരമായ വലുപ്പം കാണപ്പെടുന്നുള്ളൂ. ഉദാഹരണമായി ലുപ്‌ത യൂറിറ്റെറിഡകള്‍ 1.8 മീ. വരെ നീളം വയ്‌ക്കാറുണ്ടായിരുന്നു; ഇന്നത്തെ ചില ക്രസ്റ്റേഷ്യകള്‍ക്ക്‌ ഇതിന്റെ ഇരട്ടിയോളം വലുപ്പം കാണുന്നുണ്ട്‌. 6.5 കി. ഗ്രാം തൂക്കവും 3.75 മീറ്ററിലേറെ ആകാരവിസ്‌തൃതിയും (span) ഉള്ള സ്‌പൈഡര്‍ ക്രാബുകള്‍ സാധാരണമാണ്‌. ബാഹ്യകവചത്തിന്റെ ഭാരം മാത്രമല്ല, പടംപൊഴിക്കലിലും ആര്‍ത്രാപ്പോഡകളുടെ വലുപ്പത്തിനു പങ്കുണ്ട്‌. ഒരു ജീവിയുടെ ബാഹ്യകവചം കട്ടിയുള്ളതാണെങ്കില്‍, പടംപൊഴിക്കലിലൂടെ മാത്രമേ വലുപ്പം വയ്‌ക്കാനാവുകയുള്ളൂ.

കരയില്‍ കഴിഞ്ഞുകൂടുന്ന ആര്‍ത്രാപ്പോഡകള്‍ക്ക്‌ സാധാരണഗതിയില്‍ അധികം വലുപ്പം കാണാറില്ല. ഏറ്റവും വലിയ ഷഡ്‌പദങ്ങള്‍പോലും 100 ഗ്രാമില്‍ കൂടുതല്‍ തൂക്കമുള്ളവയല്ല.

ഏറ്റവും ചെറിയ ആര്‍ത്രാപ്പോഡകളുടെ കൂട്ടത്തില്‍ പരോപജീവികളായ കടന്നലുകളും റ്റീലിഡേ (ptiliidae) കുടുംബത്തിലെ വണ്ടുകളും 0.25 മി.മീ. മാത്രം നീളമുള്ള ചില മൈറ്റുകളും ഉള്‍പ്പെടുന്നു. 1.5 സെ.മീ. മാത്രം നീളമുള്ള ഉറുമ്പുകള്‍ക്ക്‌ ഒരു ഗ്രാമോളം മാത്രമേ തൂക്കം കാണാറുള്ളൂ.

വിതരണം. വിവിധ സാഹചര്യങ്ങളിലും കാലാവസ്ഥയിലുമായി മിക്കവാറും എല്ലായിടങ്ങളിലും കണ്ടുവരുന്ന ഒരു ജീവിസമുഹമാണ്‌ ആര്‍ത്രാപ്പോഡകള്‍. ഷഡ്‌പദങ്ങള്‍ എച്ചത്തില്‍ മുന്‍പന്തിയില്‍ നില്‌ക്കാത്തത്‌ സമുദ്രങ്ങളില്‍ മാത്രമാണ്‌. കരയില്‍ ഇവയ്‌ക്കാണ്‌ എച്ചത്തില്‍ മുഖ്യസ്ഥാനം. എത്തൂസിന അബിസ്സിക്കോള (Ethusina abyssicola) എന്നയിനം ഞണ്ടുകള്‍ 4,000 മീറ്ററിലധികം ആഴത്തില്‍ വരെ കാണപ്പെടുന്നു. അതുപോലെതന്നെ കോളംബോള(Collembola)കളും ചാടുന്ന ചിലന്തികളും ഹിമാലയപര്‍വതത്തില്‍ 6,700 മീ. ഉയരത്തില്‍ വരെ കാണപ്പെടുന്നുണ്ട്‌. അന്റാര്‍ട്ടിക്കയിലെ സ്ഥിരവാസികളില്‍ കോളംബോളകളും ചിലതരം മൈറ്റുകളും ഉള്‍പ്പെടുന്നു. ഒരു നല്ല പങ്ക്‌ ആര്‍ത്രാപ്പോഡകള്‍ പരോപജീവനസ്വഭാവം ഉള്ളവയാണ്‌. മറ്റു ജീവികളുടെ അകത്തും പുറത്തും ഇവ പരോപജീവികളായി കഴിഞ്ഞുകൂടുന്നു.

ചലനം.

നടപ്പും ഓട്ടവും. വലിച്ചു നീട്ടാവുന്ന ശരീരഘടനയുള്ള വിരകളെപ്പോലുള്ള പ്രാഥമിക-ഒണൈക്കോഫോറുകളുടെ സഞ്ചാരരീതിക്കു സമാനമാണ്‌ ഇന്നുള്ള ആര്‍ത്രാപ്പോഡകളുടെ ചലനങ്ങളും. ചലനത്തിനാവശ്യമുള്ള ഉപാംഗങ്ങളുടെ എച്ചം വിവിധ വര്‍ഗങ്ങളില്‍ വ്യത്യസ്‌തമായിരിക്കും. മച്ചില്‍ മാളങ്ങളുണ്ടാക്കുന്ന ഇനങ്ങളില്‍ ഉപാംഗങ്ങളുടെ എച്ചം കൂടിയിരിക്കുന്നു. ഉപാംഗങ്ങളുടെ എച്ചത്തിലുള്ള കുറവും ശരീരത്തിന്റെ വലുപ്പക്കുറവും വേഗം സഞ്ചരിക്കാനുള്ള കഴിവ്‌ അരാക്‌നിഡകളില്‍ വര്‍ധിപ്പിച്ചിരിക്കുന്നു. അരാക്‌നിഡകള്‍ക്ക്‌ നാല്‌ ജോഡിയും ഷഡ്‌പദങ്ങള്‍ക്ക്‌ മൂന്ന്‌ ജോഡിയും കാലുകളാണുള്ളത്‌. അരാക്‌നിഡകളിലെ ഏറ്റവും വേഗതയേറിയ സോളിഫ്യൂഗകള്‍ (Solifuage) അവസാനത്തെ മൂന്ന്‌ ജോഡി പാദങ്ങളുപയോഗിച്ചാണ്‌ ഓടുന്നത്‌. ആദ്യജോഡി പാദങ്ങള്‍ ഭൂനിരപ്പില്‍ നിന്നുയര്‍ത്തിപ്പിടിച്ചിരിക്കും.

സംതുലനം നിലനിര്‍ത്താനായി ഷഡ്‌പദങ്ങള്‍ക്ക്‌ കുറഞ്ഞപക്ഷം മൂന്ന്‌ പാദങ്ങളെങ്കിലും തറയില്‍ ഉറപ്പിച്ചിരിക്കേണ്ടതുണ്ട്‌. സഞ്ചാരസമയത്ത്‌ ഒരു പ്രത്യേക ക്രമത്തിലാണ്‌ ഇവ പാദങ്ങള്‍ നീക്കുന്നത്‌. അഞ്ചാം പാദഖണ്ഡത്തിലെ (ടാഴ്‌സസ്‌) നഖങ്ങള്‍ പരുപരുത്ത തറയിലൂടെ നടക്കുന്നതിനുപയോഗപ്പെടുത്തുന്നു; ടാഴ്‌സസിലെ "പറ്റവയവം' (adhesive organ) മിനുസമേറിയ തറയില്‍ നടക്കുന്നതിനും. ചാടുന്ന മിക്കവാറും ഷഡ്‌പദങ്ങളും പിന്‍പാദത്തിലെ നാലാംഖണ്ഡം പെട്ടെന്നു നീട്ടിയാണ്‌ നീങ്ങുന്നത്‌. രക്തസമ്മര്‍ദത്തില്‍ പെട്ടെന്നുണ്ടാകുന്ന വര്‍ധനവുമൂലം ചാടുന്ന ചിലന്തികള്‍ എല്ലാ കാലുകളും ഒരുമിച്ചു വലിച്ചുനീട്ടുകയാണ്‌ പതിവ്‌. പറക്കല്‍. കാലുകളുടെ രൂപാന്തരീകരണത്തിലൂടെയല്ലാതെ നേരിട്ട്‌ ചിറകുകള്‍ രൂപമെടുക്കുന്ന ഏകജീവിവര്‍ഗമാണ്‌ ഷഡ്‌പദങ്ങള്‍. ഇവയിലെ പറക്കല്‍പ്രക്രിയയുടെ ഉദ്‌ഭവത്തെപ്പറ്റി വിവിധ അഭിപ്രായഗതികളുണ്ട്‌. ഇരപിടിയന്മാരില്‍നിന്നും രക്ഷപ്പെടാനുള്ള ഒരു സംവിധാനമായി വലിയ ഷഡ്‌പദങ്ങളില്‍ ചിറകുകള്‍ ആദ്യമുണ്ടായി എന്നാണ്‌ ഒരു പക്ഷം. എന്നാല്‍ ചിറകുകള്‍ ആദ്യമായി ചെറിയ പൂര്‍വികഷഡ്‌പദങ്ങളിലാണ്‌ ഉദ്‌ഭവിച്ചതെന്നാണ്‌ മറ്റൊരു വാദഗതി.

ഒഡൊണേറ്റ (തുമ്പികള്‍) ഒഴികെയുള്ള മിക്ക ഷഡ്‌പദങ്ങളിലും പറക്കാനുള്ള കഴിവ്‌ ചിറകിനു നല്‌കുന്നത്‌, പ്രത്യക്ഷമായിട്ടല്ലെങ്കില്‍കൂടിയും പറക്കപേശികള്‍ (flight muscles) ആെണ്‌. ഡിക്‌റ്റിയോപ്‌റ്റെറയില്‍ (Dictyoptera) പറക്കാന്‍ സഹായിക്കുന്ന പേശികള്‍ തന്നെയാണ്‌ പാദങ്ങളുടെ ചലനങ്ങള്‍ക്കും നിദാനം. മിക്ക ഷഡ്‌പദങ്ങളിലും രണ്ടു ജോഡി ചിറകുകളും ഒന്നായി ഒരുപോലെ പ്രവര്‍ത്തിക്കുന്നു.

പ്രത്യുത്‌പാദനവും ജീവിതചക്രവും. വളരെ ചുരുക്കം ഇനങ്ങളിലൊഴികെ, ആര്‍ത്രാപ്പോഡകളില്‍ ലിംഗഭേദം ദൃശ്യമാണ്‌. ജനനഗ്രന്ഥികള്‍ ജോഡികളായിട്ടാണ്‌ കാണപ്പെടുക. ഇവയെ ജനനനാളി(gonoduct)കേളുമായി നേരിട്ടു ബന്ധിച്ചിരിക്കുന്നു. ഈ നാളികള്‍ ജീവിയുടെ ശരീരോപരിതലത്തിലേക്കു ജനനദ്വാരങ്ങള്‍ (gonopores)വെഴി തുറക്കുന്നു. വിവിധവര്‍ഗങ്ങളില്‍ ഈ ദ്വാരങ്ങള്‍ വ്യത്യസ്‌തഭാഗങ്ങളിലായാണ്‌ കാണപ്പെടുന്നത്‌. ആര്‍ത്രാപ്പോഡകളിലെല്ലാം തന്നെ ബീജാണുക്കളുടെ നിക്ഷേപം ഒരു പ്രത്യേകരീതിയിലാണ്‌. പായ്‌ക്കറ്റുകളായി കാണപ്പെടുന്ന ഇവ ബീജാണുധരങ്ങള്‍ (spermatophores)എന്നറിയപ്പെടുന്നു. ഇതൊരു ആദിമ (primitive) സംവിധാനമാണെങ്കിലും ബീജാണുക്കള്‍ക്ക്‌ വെള്ളത്തില്‍ നിന്നോ ശോഷണം (desiccation) മൂലമോ നാശം സംഭവിക്കാതിരിക്കാന്‍ ഇതു സഹായിക്കുന്നു. ഇങ്ങനെയല്ലാതെ സ്വതന്ത്രമായ ബീജാണുക്കള്‍ നിക്ഷേപിക്കപ്പെടുന്നവയാണ്‌ ഡിപ്‌റ്റെറ (പറക്കുന്ന ഷഡ്‌പദങ്ങള്‍), ഹെറ്ററോപ്‌റ്റെറ (യഥാര്‍ഥ മൂട്ടകള്‍), ഡിപ്ലോപ്പോഡ (ആയിരം കാലനട്ടകള്‍), ഒപ്പിലിയോണുകള്‍, ചില മൈറ്റുകള്‍ എന്നിവ. സോളിഫ്യൂഗ, അകാരിന തുടങ്ങിയ ചില അരാക്‌നിഡകളില്‍ ഏറ്റവും ലളിതമായ തരത്തിലുള്ള ബീജാണുധരങ്ങള്‍ കാണപ്പെടുന്നു. ചിലന്തികളില്‍ ബീജാണുനിക്ഷേപം നടക്കുന്നത്‌ പ്രാസോമയോടുചേര്‍ന്നു കാണപ്പെടുന്ന പാല്‍പ്പല്‍ (palpal) അവയവങ്ങള്‍ മുഖേനയാണ്‌.

അപരിണതജനനം (parthenogenesis), "പ്രസവം' (viviparity), ബഹുഭ്രൂണത (polyembryony) എന്നിവയാണ്‌ ആര്‍ത്രാപ്പോഡകളില്‍ കാണപ്പെടുന്ന അസാധാരണ പ്രത്യുത്‌പാദനരീതികള്‍. ആര്‍ത്രാപ്പോഡകളില്‍ ഭൂരിഭാഗത്തിന്റെയും മുട്ടകളില്‍ ധാരാളം പീതകമുണ്ടായിരിക്കും. എന്നാല്‍ ക്രസ്റ്റേഷ്യകളില്‍ പല സ്‌പീഷീസുകളിലും മുട്ടകള്‍ വളരെ കുറച്ചു പീതകമുള്ളവയാണ്‌.

മിക്കവാറും എല്ലാ ക്രസ്റ്റേഷ്യകളുടേയും പല മിറിയപ്പോഡകളുടെയും ഭ്രൂണങ്ങള്‍ക്ക്‌ പൂര്‍ണവളര്‍ച്ചയെത്തിയ ജീവികളെക്കാള്‍ ശരീരഖണ്ഡങ്ങളുടെ എച്ചം കുറവായിരിക്കും. നോപ്ലിയസ്‌ (Nauplius) തുടങ്ങിയ സ്വതന്ത്രലാര്‍വകള്‍ ഇതിനുദാഹരണമാണ്‌.

ഇക്കോളജി. തടിയില്‍ കാണുന്ന "പാറ്റ'കളും (Wood lice) കരഞണ്ടുകളും ഒഴികെ മറ്റെല്ലാ ക്രസ്റ്റേഷ്യകളും ശുദ്ധജലത്തിലോ ഉപ്പുവെള്ളത്തിലോ ജീവിക്കുന്നവയാണ്‌. ജന്തുപ്ലവകങ്ങളുടെ ഒരു പ്രധാന ഘടകമാണിവ. മിറിയപ്പോഡകളും ഇന്‍സെക്‌റ്റകളും പ്രാഥമികമായും കരജീവികളാണ്‌. ചില പഴുതാരകളും ഇന്‍സെക്‌റ്റകളും കടല്‍ത്തീരത്ത്‌ ജീവിക്കുന്നവ(littoral)യാണെങ്കില്‍ മറ്റു ചില ഇന്‍സെക്‌റ്റകള്‍ ജലജീവിതത്തോട്‌ പ്രാഥമികമല്ലാത്ത ആഭിമുഖ്യം ഉള്ളവയാണ്‌ (ഉദാ. കോളിയോപ്‌റൈ, ഡിപ്‌റൈ, ഹൈമനോപ്‌റ്റെറ, ലെപ്പിഡോപ്‌റ്റെറ, ഹെറ്ററോപ്‌റ്റെറ എന്നീ ഇന്‍സെക്‌റ്റകള്‍). ഇവയില്‍ കൂടുതലും ശുദ്ധജലജീവികളാണ്‌. ജലജീവികളായ ഇന്‍സെക്‌റ്റകളില്‍ ശ്വസനവ്യൂഹം (tracheal system) വളരെ വികസിതമായിരിക്കും. ഇന്ന്‌ ജീവിച്ചിരിക്കുന്ന കീലിസെറേറ്റുകള്‍ മിക്കവാറും എല്ലാം തന്നെ കരജീവികളാണ്‌ (അരശുഞണ്ട്‌, കടല്‍ച്ചിലന്തികള്‍ (Pycnogonida), അപൂര്‍വം ചില ചിലന്തികള്‍, മൈറ്റുകള്‍ എന്നിവ ഇതിന്‌ അപവാദങ്ങളാണ്‌). കരയിലും കടലിലും കാണപ്പെടുന്ന ആര്‍ത്രാപ്പോഡകള്‍ക്ക്‌ തമ്മില്‍ ചിറകുകളുടെയും ശ്വസനവ്യൂഹത്തിന്റെയും കാര്യത്തിലൊഴികെ വലിയ വ്യത്യാസങ്ങള്‍ കാണുന്നില്ല. വെള്ളത്തിലും കരയിലും ആര്‍ത്രാപ്പോഡകള്‍ക്ക്‌ വിജയകരമായി ജീവിക്കാനുള്ള കഴിവുണ്ട്‌. ധര്‍മങ്ങളിലുള്ള വ്യത്യാസമാണ്‌ കരയിലും വെള്ളത്തിലും കഴിയുന്ന ജീവികള്‍ക്കിടയില്‍ കാണപ്പെടുന്ന മാറ്റങ്ങള്‍ക്കു നിദാനം.

ഈര്‍പ്പംനിറഞ്ഞ പ്രദേശങ്ങളില്‍ ജീവിക്കുന്ന ആര്‍ത്രാപ്പോഡകള്‍ കരയിലും വെള്ളത്തിലുമുള്ളവയ്‌ക്കിടയിലുള്ള ഒരു അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നു (ഉദാ. ജലക്കരടി-Water bear-എന്നറിയപ്പെടുന്ന ടാര്‍ഡിഗ്രാഡകള്‍). കോപ്പിപ്പോഡുകളും ഓസ്‌ട്രക്കോഡുകളും അടങ്ങുന്ന പല ക്രസ്റ്റേഷ്യകളും മച്ചിലാണ്‌ കഴിയുന്നത്‌. മിറിയപ്പോഡുകള്‍, കോളംബോളകള്‍, ചിതല്‍, ഉറുമ്പ്‌, ഈച്ച, മൈറ്റുകള്‍ എന്നിവയും ഇതിനുദാഹരണംതന്നെ. മച്ചില്‍ കഴിയുന്ന ജീവികള്‍ താരതമ്യേന കൂടുതല്‍ സുരക്ഷിതരാണ്‌. മാത്രവുമല്ല ശോഷണത്തിനുള്ള സന്ദര്‍ഭങ്ങള്‍ വിരളവുമായിരിക്കും. മച്ചിലെ ഓക്‌സിജന്റെ അളവ്‌ കൂടുതലായതിനാല്‍ ശ്വാസോച്ഛ്വാസത്തിനും വിഷമമുണ്ടാകുന്നില്ല. മച്ചില്‍ മറ്റുപല വസ്‌തുക്കളുടെയും അടിയിലായി ജീവിക്കുന്ന ആദിമ-ആര്‍ത്രാപ്പോഡകളാണ്‌ പോറോപ്പോഡുകള്‍ (Pauropoda), സിംഫൈലകള്‍ (Symphyla), അപൂര്‍വം ചില അരാക്‌നിഡുകള്‍ (Palpigradi & Ricinulai) എന്നിവ. ഇവ പൊതുവായി ക്രിപ്‌റ്റോസോയിക്‌ ആര്‍ത്രാപ്പോഡകള്‍ എന്നറിയപ്പെടുന്നു. ഇവയുടെ നേത്രന്ദ്രിയങ്ങള്‍ അവികസിതങ്ങളാണെങ്കിലും സ്‌പര്‍ശനശക്തി കൂടുതലാണ്‌. പൂര്‍ണവളര്‍ച്ചയെത്തിക്കഴിഞ്ഞശേഷവും ജീവിതകാലം മുഴുവന്‍ "പടംപൊഴിക്കുന്ന' സ്വഭാവം ഇവയുടെ പ്രത്യേകതയാണ്‌. വളരെ ദീര്‍ഘമായ ഒരു ഫോസ്സില്‍ ചരിത്രമാണ്‌ ഇവയ്‌ക്കുള്ളത്‌. ഇവ മച്ചിന്റെ രൂപാന്തരപ്പെടലുകളില്‍ അതിപ്രധാനമായ ഒരു പങ്കുവഹിക്കുന്നു.

വളരെയധികം വിശേഷവത്‌കൃതങ്ങളായ പരോപജീവികളും ആര്‍ത്രാപ്പോഡകള്‍ക്കിടയിലുണ്ട്‌. പെന്റാസ്റ്റോമിഡുകള്‍ എല്ലാംതന്നെ പരോപജീവികളാണ്‌. ക്രസ്റ്റേഷ്യ, സിറിപ്പീഡിയ, കോപ്പിപ്പോഡ, ഐസൊപ്പോഡ ഇവയിലും ധാരാളമായി പരോപലക്ഷണങ്ങള്‍ കണ്ടെത്താം (ഉദാ. സാക്കുലൈന- ഞണ്ടുകളില്‍ ജീവിക്കുന്ന ഒരു സിറിപ്പീഡ്‌ പരോപജീവി). ഇന്‍സെക്‌റ്റകളില്‍ തീറാപ്‌റ്റെറ (Phtheraptera-fleas), മൊലൊഫാഗ (biting ice), അനോപ്ലൂറ (sucking lice) എന്നിവ പൂര്‍ണമായും പരോപജീവികളാണ്‌. ഹെറ്ററോപ്‌റ്റെറ (bugs), ഡിപ്‌റ്റെറ (flies), ഹൈമനോപ്‌റ്റെറ (wasps) െഎന്നിവകളില്‍ പലതും ഇവയുടെ ജീവിതദശകളില്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ പരോപജീവിയാകുന്നത്‌ പതിവാണ്‌. അരാക്‌നിഡകളില്‍ മിക്കവയും മാംസാഹാരികളാണെങ്കിലും മൈറ്റുകള്‍ കൂടുതലും പരോപജീവികളാകുന്നു. ഹാര്‍വെസ്റ്റ്‌ മൈറ്റ്‌, ഇച്ച്‌ മൈറ്റ്‌, ഫോളിക്കിള്‍ മൈറ്റ്‌ (Demodex) തുടങ്ങിയവ ഉദാഹരണങ്ങളാണ്‌.

ഘടനയും ധര്‍മവും (Form and function). മുട്ട വിരിഞ്ഞു പുറത്തുവരുന്ന കുഞ്ഞുങ്ങള്‍ മിക്കവയും കാഴ്‌ചയില്‍ വളര്‍ച്ചയെത്തിയ ആര്‍ത്രാപ്പോഡകളില്‍നിന്നും വ്യത്യസ്‌തമായിരിക്കും. ലാര്‍വകള്‍ എന്ന്‌ ഇവ അറിയപ്പെടുന്നു. ലാര്‍വാഘട്ടംകൊണ്ടുള്ള പ്രധാനപ്രയോജനം ഇവ വളര്‍ച്ചയെത്തിയ ജീവികളുമായി ഭക്ഷണത്തിനോ മറ്റു കാര്യങ്ങള്‍ക്കോവേണ്ടി ഒരു മത്സരത്തിലേര്‍പ്പെടുന്നില്ല എന്നതാണ്‌. എന്നാല്‍ ഇവ പ്രാണിഭോജികള്‍ക്ക്‌ ചിലപ്പോള്‍ നിഷ്‌പ്രയാസം ഇരയായിപ്പോകാറുമുണ്ട്‌. മുട്ടയ്‌ക്കുള്ളിലെ പീതകത്തിന്റെ അളവിനെ ആശ്രയിച്ചാണ്‌ ഒരു ജീവി വിരിഞ്ഞിറങ്ങുന്ന ഘട്ടം നിര്‍ണയിക്കപ്പെടുന്നത്‌. ലാര്‍വാഘട്ടങ്ങളിലല്ലാതെ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ വളര്‍ച്ചയെത്തിയ ജീവികളെപ്പോലെതന്നെ ആയിരിക്കുന്ന ആര്‍ത്രാപ്പോഡകളില്‍ മുട്ടകളുടെ എച്ചം താരതമ്യേന കുറവായിരിക്കും. ചില ഇന്‍സെക്‌റ്റകളുടെ മുട്ട വിരിഞ്ഞിറങ്ങുന്നവയ്‌ക്ക്‌ വളര്‍ച്ചയെത്തിയ ജീവികളോട്‌ ബാഹ്യമായ സാദൃശ്യമുണ്ടാകും.

കട്ടിയേറിയ ബാഹ്യകവചവും തല, വക്ഷസ്‌, ഉദരം എന്നീ വ്യക്തമായ ശരീരഭാഗങ്ങളും ആര്‍ത്രാപ്പോഡകളെ ഏറ്റവും വിജയകരമായ ജീവിതം നയിക്കുന്നതിന്‌ പര്യാപ്‌തരാക്കിത്തീര്‍ക്കുന്നു. ഉപാംഗങ്ങളുടെ ആകൃതിയും വലുപ്പവും വിവിധ ധര്‍മങ്ങള്‍ക്കനുസൃതമായി വ്യത്യസ്‌തമായിരിക്കുന്നു. നീന്തുക, നടക്കുക, ശ്വസനത്തിനുപയോഗിക്കുക തുടങ്ങിയ വിവിധ പ്രവൃത്തികളാണിവയ്‌ക്കുള്ളത്‌. വദന ഭാഗങ്ങളായി (mouth parts)രൂപം പ്രാപിച്ചിട്ടുള്ളതും വിശേഷവത്‌കൃതങ്ങളായ ഉപാംഗങ്ങള്‍തന്നെ.

ഏതുതരത്തില്‍പ്പെട്ട ഭക്ഷണവും ആര്‍ത്രാപ്പോഡകള്‍ സ്വീകരിക്കാറുണ്ട്‌. കുടലിനുള്ളില്‍ ജീവിക്കുന്ന ബാക്‌റ്റീരിയകളും പ്രാട്ടൊസോവകളും പല ആര്‍ത്രാപ്പോഡകളിലും ദഹനസഹായികളായി വര്‍ത്തിക്കുന്നു. സഹജീവനം (symbiosis)എന്ന ഒരു പ്രത്യേകപേരിലാണ്‌ ഈ പ്രക്രിയ അറിയപ്പെടുന്നത്‌. രക്തം. ഹീമോലിംഫ്‌ എന്ന്‌ ഇതറിയപ്പെടുന്നു. പമ്പുചെയ്യുന്ന കേന്ദ്രാവയവം ട്യൂബുപോലെയുള്ള ഒരു സഖണ്ഡഹൃദയമാണ്‌. ശ്വസനത്തിന്‌ ഗില്ലുകളോ ബുക്ക്‌ലങ്‌ഗുകളോ (book lungs) ഉള്ള ആര്‍ത്രാപ്പോഡകളുടെ രക്തത്തില്‍ ശ്വസനത്തിന്‌ സഹായിക്കുന്ന ഹീമോസയനിന്‍ (hemocyanin) എന്ന ഒരു വര്‍ണകം (pigment) കോണപ്പെടുന്നു. ട്രാക്കിയകള്‍മൂലം ശ്വസനം നടക്കുന്നവയിലാകട്ടെ ഇപ്രകാരമുള്ള പ്രത്യേക വര്‍ണകങ്ങളൊന്നും കാണുന്നില്ല. ഇവയുടെ ശരീരകലകളില്‍ കാണപ്പെടുന്ന സൈറ്റൊക്രാം (cytochrome) എന്ന ഒരിനം വര്‍ണകത്തിലേക്ക്‌ ഓക്‌സിജന്‍ നേരിട്ട്‌ മാറ്റപ്പെടുകയാണ്‌ ചെയ്യുന്നത്‌.

നാഡീവ്യൂഹം സഖണ്ഡ-നാഢീഗുച്ഛികകള്‍ ചേര്‍ന്ന്‌ രൂപംകൊള്ളുന്നവയാണ്‌. നാഡികളുടെയും നാഡീസ്രവങ്ങളുടെയും ധര്‍മങ്ങള്‍ (nervous or neurosecretary functions) ഇവ നിര്‍വഹിക്കുന്നു. വെള്ളത്തില്‍ കഴിയുന്ന ആര്‍ത്രാപ്പോഡകളുടെ വിസര്‍ജനാവയവങ്ങള്‍ക്ക്‌ കോക്‌സല്‍ ഗ്രന്ഥികള്‍ (coxal glands or green glands)എന്നാണ്‌ പേര്‍. കരയില്‍ കഴിയുന്ന ആര്‍ത്രാപ്പോഡകള്‍ക്കും ആംഫിപ്പോഡുകള്‍ക്കും (Crustacea) മാല്‍പീജിയന്‍ റ്റ്യൂബുകളാണുള്ളത്‌. എന്നാല്‍ കോളംബോള ഇതിനൊരപവാദമാണ്‌. പ്രധാന വിസര്‍ജനവസ്‌തു യൂറിക്‌ ആസിഡ്‌ ആകുന്നു. അരാക്‌നിഡകളില്‍ ഇത്‌ ഗുവനൈന്‍ ആയിരിക്കും. യൂറിന്‍ അര്‍ധഖരമാണ്‌. മിക്കവാറും എല്ലാ ആര്‍ത്രാപ്പോഡകളിലും ജനനഗ്രന്ഥികള്‍ക്ക്‌ ഖണ്ഡങ്ങളില്ല. പല ജീവികളിലും ഇടത്‌-വലത്‌ ജനനഗ്രന്ഥികള്‍ ഒന്നായി ചേര്‍ന്നിരിക്കുന്നു. ജനനഗ്രന്ഥികള്‍ കാണപ്പെടുന്ന ശരീരഭാഗം ഒരു പൂര്‍വിക-ശരീരകുഹരത്തെ (സീലോം) പ്രതിനിധാനം ചെയ്യുന്നു എന്നു പറയാം.

പരിണാമം. ആര്‍ത്രാപ്പോഡകള്‍ക്ക്‌ പോളിക്കീറ്റവര്‍ഗത്തിലെ അനലിഡുകളോട്‌ പല സാദൃശ്യങ്ങളുമുണ്ട്‌. ഒരേ പൂര്‍വിക (stock) സഞ്ചയത്തില്‍നിന്നാണ്‌ ഇവ രണ്ടും ഉണ്ടായത്‌ എന്ന നിഗമനത്തിന്‌ ഇതു സഹായിക്കുന്നു. ആര്‍ത്രാപ്പോഡകളുടെ പ്രത്യേകതകള്‍ക്കുള്ള പ്രധാന കാരണങ്ങള്‍ പലതാണ്‌. പല ഖണ്ഡങ്ങള്‍ കൂടിച്ചേര്‍ന്ന്‌ ബാഹ്യകവചമായി മാറുന്ന ഒരു ഉപചര്‍മം (cuticle) ആണ്‌ ഒന്നാമത്തേത്‌. ആഹാരസമ്പാദനം, സഞ്ചാരം, ശ്വസനം, സംവേദനം, പ്രത്യുത്‌പാദനം തുടങ്ങി വിവിധ ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന ഉപാംഗങ്ങള്‍ ഉണ്ടാകുന്നതിനുള്ള കാരണവും പ്രധാനമായും ഈ ബാഹ്യകവചം തന്നെ. അനലിഡകളുടേതുപോലെയാണ്‌ ഇവയുടെ നാഡീവ്യൂഹം.

ആര്‍ത്രാപ്പോഡകളില്‍ ആദ്യകാലരൂപങ്ങളായി അറിയപ്പെടുന്നവയാണ്‌ ട്രലൊബൈറ്റുകള്‍. ഈ നാമാവശേഷ ജന്തുവര്‍ഗം സമുദ്രജീവികളായിരുന്നു. എന്നാല്‍ ഇന്നുള്ളവയില്‍ ക്രസ്റ്റേഷ്യകള്‍ മാത്രമേ ജലജീവികളായുള്ളൂ. പ്രീ-കാമ്പ്രിയന്‍ (ഏകദേശം 57,00,00,000 വര്‍ഷങ്ങള്‍ക്കു മുമ്പ്‌) പാറകളില്‍നിന്നുതന്നെ ഫോസ്സില്‍ആര്‍ത്രാപ്പോഡകള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയുടെ സ്വീകാര്യത സംശയകരമാണ്‌. കാമ്പ്രിയന്റെ ആദ്യഘട്ടം മുതല്‌ക്കുതന്നെ (55,00,00,000 വര്‍ഷങ്ങള്‍ക്കുമുമ്പ്‌) പല ട്രലൊബൈറ്റുകളുടെയും ബ്രാങ്കിയോപ്പോഡുകളുടെയും (ക്രസ്റ്റേഷ്യ) മറ്റും ഫോസ്സിലുകള്‍ കാണാനുള്ളതില്‍നിന്നും ആര്‍ത്രാപ്പോഡകള്‍ പ്രീ-കാമ്പ്രിയന്‍ കാലത്തുതന്നെ ഉണ്ടായിരുന്നു എന്നു വിശ്വസിക്കാവുന്നതാണ്‌. അപ്പര്‍ സൈലൂറിയന്‍ശേഖരങ്ങളിലാണ്‌ (ഉദ്ദേശം 40,00,00,000 വര്‍ഷങ്ങള്‍ക്കുമുമ്പ്‌) ആദ്യകാല-അരാക്‌നിഡകളുടെ ഫോസ്സിലുകള്‍ പ്രത്യക്ഷമാകുന്നത്‌; ഡെവോണിയന്‍ പാറകളില്‍ കോളംബോള, ഷഡ്‌പദങ്ങള്‍, മില്ലിപ്പീഡുകള്‍, കടല്‍ച്ചിലന്തി തുടങ്ങിയവയുടെ ഫോസ്സിലുകള്‍ ധാരാളമായിരുന്നു (35,00,00,000 വര്‍ഷങ്ങള്‍ക്കുമുമ്പ്‌). എന്നാല്‍ ടാര്‍ഡിഗ്രാഡുകള്‍, പെന്റാസ്റ്റോമിഡുകള്‍ എന്നിവയുടെ ഫോസ്സിലുകള്‍ ലഭിച്ചിട്ടില്ല. വര്‍ഗീകരണം. തുലനാങ്ങക-അനാറ്റമി, ഭ്രൂണശാസ്‌ത്രം എന്നിവയെ അടസിസ്ഥാനമാക്കി ആര്‍ത്രാപ്പോഡ ഫൈലത്തെ വിവിധവര്‍ഗങ്ങളായി തിരിച്ചിരിക്കുന്നു. ശരീരത്തിന്റെ സവിശേഷതകള്‍ (modification), വിശേഷവത്‌കരണം (specialisation), ശരീരഖണ്ഡങ്ങളുടെയും ഉപാംഗങ്ങളുടെയും എച്ചം തുടങ്ങിയ പ്രത്യേകതകളെ ആധാരമാക്കിയാണ്‌ ആര്‍ത്രാപ്പോഡ ഫൈലത്തെ വിവിധ വര്‍ഗങ്ങളായി വിഭജിച്ചിരിക്കുന്നത്‌. ജനനദ്വാരങ്ങളുടെ സ്ഥാനം, തലയുടെ ഘടന, ശ്വസനേന്ദ്രിയവ്യൂഹത്തിന്റെയും വിസര്‍ജനേന്ദ്രിയവ്യൂഹത്തിന്റെയും അനുകൂലന പ്രത്യേകതകള്‍ എന്നിവയാണ്‌ ഇതിനാധാരമായിട്ടുള്ള മറ്റു സ്വഭാവവിശേഷങ്ങള്‍.

ഒരു ആര്‍ത്രാപോഡ ഫോസില്‍

ഫൈലം ആര്‍ത്രാപ്പോഡ. ട്രലൊബൈറ്റ്‌, മാന്‍ഡിബു ലേറ്റ, കീലിസെറേറ്റ എന്നീ മൂന്ന്‌ ഉപഫൈലങ്ങളായി ഇവയെ തിരിച്ചിരിക്കുന്നു. ഉപഫൈലം ട്രലൊബൈറ്റൊമോര്‍ഫ (ട്രലാബൈറ്റുകള്‍). നാമാവശേഷ ആര്‍ത്രാപ്പോഡകള്‍. തലയില്‍ 5 ഖണ്ഡങ്ങളും ഒരു ജോഡി ആന്റിനകളും ഉണ്ടായിരുന്നു. സങ്കീര്‍ണനേത്രങ്ങളായിരുന്നു ഇവയുടേത്‌. തല (cephalon), വക്ഷസ്‌ (thorax), വാല്‍ (pygidium) എന്നീ മുന്നു ഭാഗങ്ങള്‍ ചേര്‍ന്നതാണ്‌ ശരീരം. ഈ ഉപഫൈലത്തില്‍ ഒരേയൊരു വര്‍ഗംമാത്രമേ ഉള്ളൂ: ട്രലൊബൈറ്റ. കാമ്പ്രിയന്‍ (ഉദ്ദേശം 50,00,00,000-57,00,00,000 വര്‍ഷങ്ങള്‍ക്കുമുമ്പ്‌)- സൈലൂറിയന്‍ (39,50,00,000-43,00,00,000 വര്‍ഷങ്ങളോളം മുമ്പ്‌) കാലഘട്ടങ്ങളില്‍ ധാരാളമുണ്ടായിരുന്ന ഇവ മീസോസോയിക്‌ യുഗത്തോടെ നാമാവശേഷമായിത്തീര്‍ന്നു. പരന്ന അണ്ഡാകൃതിയുള്ള ശരീരത്തിന്‌ മൂന്ന്‌ ഭാഗങ്ങളുണ്ടായിരുന്നു; ഉപാംഗങ്ങള്‍ ദ്വിശാഖികളും (biramous). മുട്ട വിരിഞ്ഞുണ്ടാകുന്ന ലാര്‍വകള്‍ പ്രാട്ടാസ്‌പീസ്‌ എന്നറിയപ്പെടുന്നു. 4,000-ത്തിലേറെ ഫോസ്സിലുകള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌.

ഉപഫൈലം മാന്‍ഡിബുലേറ്റ. തലയില്‍ ആന്റിന, മാന്‍ഡിബിള്‍, മാക്‌സില തുടങ്ങിയ ഉപാംഗങ്ങള്‍ ഉണ്ടായിരുന്നു. ഏകശാഖിയോ (uniramous) ദ്വിശാഖിയോ ആയ ഉപാംഗങ്ങളാണ്‌ വക്ഷസ്സില്‍ കാണപ്പെട്ടിരുന്നത്‌. വക്ഷസ്സില്‍നിന്നും വ്യതിരിക്തമായ ഒരു ഉദരഭാഗമോ ഉദരോപാംഗങ്ങളോ പലപ്പോഴും ഉണ്ടായിരുന്നില്ല. ഈ ഉപഫൈലത്തില്‍ ഏഴ്‌ വര്‍ഗങ്ങളുണ്ട്‌: ക്രസ്റ്റേഷ്യ, പോറോപ്പോഡ, ഡിപ്ലേപ്പോഡ, കൈലോപ്പോഡ, സിംഫൈല, കോളംബോള, ഇന്‍സെക്‌റ്റ.

ബാര്‍ണക്കിള്‍

1. ക്രസ്റ്റേഷ്യ. ജലജീവികള്‍; ശ്വസനം ഗില്ലുകളുപയോഗിച്ച്‌; ബാഹ്യകവചം (exoskeleton) ബലമേറിയതാണ്‌; പരജീവനസ്വഭാവസവിശേഷതകള്‍ പല ജീവികളിലും കണ്ടെത്താം; 0.5 മി.മീ. മുതല്‍ 2 മീ. വരെ വിവിധ വലുപ്പമുള്ള ജീവികള്‍ ഈ വര്‍ഗത്തിലുള്‍പ്പെടുന്നു; 25,000-ലേറെ സ്‌പീഷീസുകള്‍ ജീവിച്ചിരിപ്പുണ്ട്‌. ചിറ്റക്കൊഞ്ച്‌ (cray fish), ഞണ്ടുകള്‍ (crabs), ചെമ്മീനുകള്‍ (shrimp), തടികളെ ആക്രമിക്കുന്ന വുഡ്‌ലൗസ്‌ (wood louse) പലയിനം ജലപ്രാണികള്‍ (water-fleas), പാറയിലും മറ്റും പറ്റിപ്പിടിച്ചുവളരുന്ന ബാര്‍ണക്കിളുകള്‍ (barnacles) തുടങ്ങിയവ ഇതില്‍പ്പെടുന്നു. ഏപ്പസ്‌, ലെപ്പിഡ്യൂറസ്‌ തുടങ്ങിയവ ലോകത്തെല്ലായിടത്തുമുള്ള ശുദ്ധജലാശയങ്ങളില്‍ കാണപ്പെടുന്ന ക്രസ്റ്റേഷ്യകളാണ്‌. ശുദ്ധജലത്തില്‍ കഴിയുന്ന ഒരിനം ചിറ്റക്കൊഞ്ചാണ്‌ അസ്റ്റാക്കസ്‌ (Astacus). ബ്രാങ്കിപ്പസ്‌ (ബ്രാങ്കിയോപ്പോഡ), ഡാഫ്‌നിയ (ക്ലാഡോസെറ), സൈപ്രിസ്‌ (ഒസ്റ്റ്രാക്കോഡ), ആര്‍ഗുലസ്‌ (ബ്രാങ്ക്യൂറ-കാര്‍പ്‌ലൈസ്‌), ലീപ്പാസും ബലാനസും (ബാര്‍ണിക്കിളുകള്‍), ക്രാങ്ങണ്‍ (ഷ്രിംപ്‌), പാലിമൊണ്‍ (കൊഞ്ച്‌), ഞണ്ട്‌, ജെലാസിമസ്‌ (Fiddler crab-ബ്രാക്ക്യൂറ) എന്നിവ ഇതിന്‌ ഉദാഹരണങ്ങളത്ര. (നോ: ക്രസ്റ്റേഷ്യ )

2. പോറോപ്പോഡ. വളരെ ചെറിയ മിറിയപ്പോഡുകള്‍. ഇവയില്‍ രണ്ടുജോഡി ഉപാംഗങ്ങള്‍ വദനോപാംഗങ്ങളായി മാറിയിരിക്കും; ബാക്കിയുള്ള 8-11 ജോഡി ഉപാംഗങ്ങള്‍ നടക്കുന്നതിനും ഉപകരിക്കുന്നു. ആന്റിനയില്‍ 4 ഖണ്ഡങ്ങള്‍ ഉണ്ട്‌ (അപൂര്‍വമായി ആറും കാണാം). ഉദ്ദേശം 2 മി. മീ. ആണ്‌ ഇതിന്റെ നീളം. 180 സ്‌പീഷീസുകള്‍ വരെ ഇപ്പോഴുണ്ട്‌. (നോ: മിറിയപ്പോഡ)

3. ഡിപ്ലോപ്പോഡ (മില്ലിപ്പീഡുകള്‍). നീളംകൂടിയ മിറിയപ്പോഡുകള്‍. ഉദരഖണ്ഡങ്ങള്‍ അനവധിയാണ്‌; ഓരോ ഖണ്ഡവും ഇരട്ടയായിരിക്കും. ഓരോ ഖണ്ഡത്തിലും രണ്ടുജോഡി കാലുകളും സ്‌പൈറക്കിളുകളും കാണപ്പെടുന്നു. 3 മി.മീ. മുതല്‍ 28 സെ.മീ. വരെ വലുപ്പമുള്ളവയാണ്‌ ഇവയെല്ലാം. 8,000-ത്തോളം സ്‌പീഷീസുകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. പൂര്‍ണമായും കരജീവികളാണ്‌ ഇവയെല്ലാം തന്നെ. അയൂളസ്‌ ടെറസ്റ്റ്രിസ്‌ (Iulus terrestris)എന്ന "ആയിരം കാലന്‍' (തേരട്ട) ഇതിന്‌ ഉദാഹരണമാണ്‌. (നോ: മിറിയപ്പോഡ)

4. കൈലോപ്പോഡ (സെന്റിപ്പീഡുകള്‍). ഇവയും നീളം കൂടിയ മിറിയപ്പോഡുകള്‍ തന്നെ. എന്നാല്‍ ഉദരഖണ്ഡങ്ങള്‍ വ്യതിരിക്തമായിരിക്കും. ഓരോ ഖണ്ഡത്തിലും ഒരു ജോഡി കാലുകളേ ഉണ്ടാകൂ. ഒന്നാം ഉദരഖണ്ഡത്തിലെ കാലുകള്‍ വിഷം കുത്തിവയ്‌ക്കാനുള്ള നഖങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു. 5 മി.മീ-26.5 സെ.മീ. ആണ്‌ നീളം. ഉദ്ദേശം 2,800 സ്‌പീഷീസുകള്‍ അറിയപ്പെട്ടിട്ടുണ്ട്‌. ഉദാ. പഴുതാര (scolopendra). (നോ: മിറിയപ്പോഡ)

5. സിംഫൈല. 3 ജോഡി വദനാംഗങ്ങളും 12 ജോഡി കാലുകളും പശ്ചഭാഗത്ത്‌ ഒരു ജോഡി സ്‌പൈറക്കിളും ഉള്ള ചെറിയ മിറിയപ്പോഡകള്‍. 8 മി.മീ. വരെയാണ്‌ ഇവയുടെ നീളം. 120-ഓളം സ്‌പീഷീസുകള്‍ ഇന്നുണ്ട്‌. (നോ: മിറിയപ്പോഡ)

6. കോളംബോള (Springrails). ചെറുതെങ്കിലും എല്ലായിടത്തും കാണപ്പെടുന്ന, ഷഡ്‌പദങ്ങള്‍പോലെയുള്ള ഒപ്പിസ്‌തോഗോണിയേറ്റ്‌ ആര്‍ത്രാപ്പോഡുകള്‍. സാധാരണ 4 ഖണ്ഡങ്ങളാണ്‌ ആന്റിനയ്‌ക്ക്‌. വക്ഷസ്സിലെ മൂന്ന്‌ ഖണ്ഡങ്ങളിലും കാലുകളുണ്ടാകും. ഉദരത്തില്‍ 6 ഖണ്ഡങ്ങളാണുള്ളത്‌. ഉദരത്തിന്റെ അവസാനഭാഗത്തായി ചവണപോലെയുള്ള ഒരവയവം കാണപ്പെടുന്നു. ട്രാക്കിയല്‍ ട്യൂബ്യൂളുകളും മാല്‍പീജിയന്‍ ട്യൂബുകളും കാണ്‍മാനില്ല. 5 മി.മീ. വരെയാണ്‌ നീളം. ഉദ്ദേശം 1,500 സ്‌പീഷീസുകള്‍ വരെ അറിയപ്പെട്ടിട്ടുണ്ട്‌. (നോ: ഏറ്റെറിഗോട്ട)

7. ഇന്‍സെക്‌റ്റ (ഹെക്‌സപ്പോഡ). 3 ജോഡി ഉപാംഗങ്ങള്‍ വദനോപാംഗങ്ങളായി മാറിയിട്ടുള്ള ആര്‍ത്രാപ്പോഡകള്‍. 6 ഖണ്ഡങ്ങള്‍ചേര്‍ന്ന്‌ തല രൂപമെടുക്കുന്നു; വക്ഷസ്സ്‌ 3 ഖണ്ഡങ്ങള്‍ചേര്‍ന്നും. ഈ ഖണ്ഡങ്ങളിലെല്ലാം കാലുകളും ചിറകുകളും കാണപ്പെടുന്നു. ഉദരഖണ്ഡങ്ങള്‍ 11 എച്ചമുണ്ട്‌. ഇവയില്‍ ഉപാംഗങ്ങള്‍ കാണ്‍മാനില്ല. നീളം 0.25 മി.മീ.-33 സെ.മീ. 7,50,000-ത്തോളം സ്‌പീഷീസുകള്‍ ഉണ്ട്‌. ഷഡ്‌പദികളായ പാറ്റ (cockroach), പുല്‍ച്ചാടി (locusts), ഈച്ച (flies), വെണ്ട്‌ (beetles), ശലഭങ്ങള്‍ (butterflies), തേനീച്ചകള്‍ (bees)എന്നിവയാണ്‌ ഈ വര്‍ഗത്തിലെ അംഗങ്ങള്‍. കടലാസുപൂച്ചി (lepisma), തൊഴുംപ്രാണി (praying mantis), വളരെ ചെറുപ്രാണികളായ സോകോറൈറ്റകള്‍ (ഉദാ. എംബിയിഡ്‌-Embiid), തുമ്പി (Dragon fly), സിക്കാഡകള്‍ (Cicadas)ഇവയുടെ പെണ്‍വര്‍ഗത്തിന്‌ ശബ്‌ദമുണ്ടാക്കാന്‍ ആവില്ല. (സിക്കാഡകളുടെ ജീവിതം എത്ര സന്തോഷകരമാണ്‌. എന്തുകൊണ്ടെന്നാല്‍ അവയുടെ ഇണകള്‍ മൂകരത്ര എന്ന്‌ അരിസ്റ്റോട്ടല്‍ ഇവയെപ്പറ്റി പറഞ്ഞിട്ടുണ്ട്‌). ത്രിപ്പുകള്‍ (thrips), ശലഭങ്ങള്‍ എന്നിവയെല്ലാം ഇതിന്‌ ഉദാഹരണങ്ങള്‍തന്നെ. (നോ: ഇന്‍സെക്‌റ്റ്‌) ഉപഫൈലം കീലിസെറേറ്റ. ആന്റിനയില്ലാത്ത പ്രാസോമയില്‍ കീലിസെറകള്‍ കാണുന്നു. പലപ്പോഴും പെഡിപ്പാല്‍പ്പുകളും കാണാം. നടക്കുന്നതിനുള്ള കാലുകള്‍ വക്ഷസ്സിലാണ്‌ കാണുന്നത്‌. ഉദരോപാംഗങ്ങള്‍ സാധാരണയായി ഉണ്ടാകാറില്ല; അഥവാ ഉണ്ടെങ്കില്‍ത്തന്നെ അവ വളരെയധികം വിശേഷവത്‌കൃതമായിരിക്കും. മീറോസ്റ്റൊമാറ്റ, അരാക്‌നിഡ, പൈക്‌നോഗോനിഡ, പെന്റാസ്റ്റോമിഡ, റ്റാര്‍ഡിഗ്രാഡ ഇങ്ങനെ 5 വര്‍ഗങ്ങള്‍ ഈ ഉപഫൈലത്തിലുണ്ട്‌. (നോ: അരാക്‌നിഡ, ഓങ്കോപ്പോഡ)

1965-ല്‍ റോത്‌സ്‌ ചൈല്‍ഡ്‌ പ്രഭു സ്വീകരിച്ച വര്‍ഗീകരണമാണ്‌ മുകളില്‍ കൊടുത്തിട്ടുള്ളത്‌. ഇതിനുമുമ്പുള്ള വര്‍ഗീകരണമനുസരിച്ച്‌ ആര്‍ത്രാപ്പോഡഫൈലത്തെ ക്രസ്റ്റേഷ്യ, മിറിയപ്പോഡ, ഇന്‍സെക്‌റ്റ, അരാക്‌നിഡ എന്നീ 4 വര്‍ഗങ്ങളായാണ്‌ തരംതിരിച്ചിരിക്കുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍