This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർദ്ര-ഉപോഷ്‌ണമേഖല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആര്‍ദ്ര-ഉപോഷ്‌ണമേഖല

Humid Subtropics

വന്‍കരകളുടെ കിഴക്കരികില്‍ അക്ഷാ. 25° മുതല്‍ 35° വരെ വ്യാപിച്ചു കിടക്കുന്ന നൈസര്‍ഗികമേഖല. എല്ലാ മാസവും ഉയര്‍ന്ന ചൂടനുഭവപ്പെടുന്ന ഉഷ്‌ണമേഖലയ്‌ക്കും ശൈത്യകാലത്ത്‌ അതിശൈത്യം അനുഭവപ്പെടുന്ന ശീതമേഖലയ്‌ക്കും ഇടയ്‌ക്കുള്ള സീമാന്തപ്രദേശമാണിത്‌. 50 സെ. മീ. സമപാതരേഖ(isohyet)യാണ്‌ ഈ പ്രദേശത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തി നിര്‍ണയിക്കുന്നത്‌. വന്‍കരയുടെ ഉള്ളിലേക്കു നീങ്ങുന്തോറും മഴയുടെ തോത്‌ കുറഞ്ഞുകുറഞ്ഞുവരുന്നു.

ഏഷ്യാവന്‍കരയിലാണ്‌ ആര്‍ദ്ര-ഉപോഷ്‌ണമേഖല ഏറ്റവും വിസ്‌തൃതമായി കാണപ്പെടുന്നത്‌. ചൈനയില്‍ ഉത്തരായണവൃത്തം മുതല്‍ യാങ്‌ട്‌സീക്യാങ്‌ തടത്തിനു വടക്കുള്ള പര്‍വതനിരവരെ പൂര്‍വരേഖാംശം 100°-ക്കു കിഴക്കുള്ള മുഴുവന്‍ പ്രദേശവും ദക്ഷിണ കൊറിയയും ജപ്പാനിലെ കുയുഷു, ഷിക്കോക്കു എന്നീ ദ്വീപുകള്‍, ഹോണ്‍ഷു ദ്വീപില്‍ 38° അക്ഷാംശത്തിനു തെക്കുള്ള ഭാഗം എന്നിവിടങ്ങളും ആര്‍ദ്ര-ഉപോഷ്‌ണ മേഖലയില്‍പ്പെടുന്നു.

വടക്കേ അമേരിക്കയില്‍ യു.എസ്സിന്റെ തെ.കി. ഭാഗത്ത്‌ 50 സെ.മീ. സമപാതരേഖയ്‌ക്ക്‌ കിഴക്കുള്ള പ്രദേശവും തെക്കേ അമേരിക്കയില്‍ പരാനാതടത്തിന്റെ ഉത്തരാര്‍ധം റയോ ദെ ലാപ്ലാറ്റ തടം എന്നിവിടങ്ങളും ഈ മേഖലയിലുള്‍പ്പെടുന്നു. ആഫ്രിക്കാവന്‍കരയില്‍ നേറ്റാള്‍ തീരത്തുമാത്രമാണ്‌ ആര്‍ദ്ര-ഉപോഷ്‌ണകാലാവസ്ഥയുള്ളത്‌. ഡ്രക്കന്‍സ്‌ബര്‍ഗ്‌ പര്‍വതം ഈ പ്രദേശത്തെ ഒരു ഇടുങ്ങിയ മേഖലയാക്കിത്തീര്‍ക്കുന്നു. ആസ്റ്റ്രലിയയില്‍ വന്‍കരയുടെ കിഴക്കരികില്‍ ഉടനീളമുള്ള മല നിരകള്‍മൂലം ബ്രിസ്‌ബേന്‍ മുതല്‍ കേപ്‌ഹോവേ വരെയുള്ള താരതമ്യേന വിസ്‌തൃതികുറഞ്ഞ കടല്‍ത്തീരപ്രദേശം മാത്രമേ ഈ വിഭാഗത്തില്‍പ്പെടുന്നുള്ളു.

റഷ്യയില്‍ കരിങ്കടലിനു കിഴക്കുവശത്തായി കടല്‍ത്തീരത്തു തുടങ്ങി പര്‍വതസാനുക്കളിലവസാനിക്കുന്ന ചെറുപ്രദേശത്തും ആര്‍ദ്ര-ഉപോഷ്‌ണകാലാവസ്ഥ അനുഭവപ്പെടുന്നുണ്ട്‌. ഇതേ കാലാവസ്ഥയുള്ള മറ്റുമേഖലകളില്‍ നിന്നും ഭിന്നമായ ഒരു സ്ഥാനമാണ്‌ ഈ പ്രദേശത്തിനുള്ളത്‌.

കാലാവസ്ഥ. കൂടിയ ചൂടും ഈര്‍പ്പനിലയുമുള്ള ഉഷ്‌ണകാലവും താരതമ്യേന ശൈത്യംകുറഞ്ഞ ശീതകാലവുമാണ്‌ ആര്‍ദ്ര-ഉപോഷ്‌ണകാലാവസ്ഥയുടെ പ്രത്യേകതകള്‍. ഉത്തരാര്‍ധഗോളത്തിലെ പ്രദേശങ്ങള്‍ ശീതകാലത്ത്‌ വന്‍കരകളുടെ ഉള്‍ഭാഗത്ത്‌ ഉടലെടുക്കുന്ന ശീതളവായുപിണ്ഡങ്ങളുടെ സ്വാധീനതയില്‍പ്പെടുന്നു. എന്നാല്‍ ദക്ഷിണാര്‍ധഗോളത്തിലെ പ്രദേശങ്ങള്‍ ഉഷ്‌ണമേഖലയോടുചേര്‍ന്നു കിടക്കുന്നു; അന്റാര്‍ട്ടിക്കയില്‍ നിന്നുള്ള ശീതക്കാറ്റുകള്‍ അത്‌ലാന്തിക്‌ സമുദ്രം തരണം ചെയ്യുന്നതോടെ സമീകൃതങ്ങളായിത്തീരുന്നു. ഉത്തരാര്‍ധഗോളത്തില്‍ വന്‍കരകളിലും അവയെചുറ്റിയുള്ള കടലുകളിലുമുള്ള താപനിലകള്‍ തമ്മില്‍ ഋതുപരമായി ഉണ്ടാകുന്ന വമ്പിച്ച വ്യത്യാസം നിമിത്തം മണ്‍സൂണിനോടു സാദൃശ്യമുള്ള കാലാവസ്ഥ അനുഭവപ്പെടുന്നു.

ഉഷ്‌ണകാലത്തെ താപനില 24മ്പ-27°C ആയിരിക്കും; മിക്കപ്പോഴും 38°C ലേറെയായിത്തീരാം. ഉയര്‍ന്ന ഈര്‍പ്പനിലമൂലം ഉഷ്‌ണകാലത്ത്‌ രാത്രിയില്‍പ്പോലും അസഹ്യമായ ചൂടനുഭവപ്പെടുന്നു. ശീതകാലത്ത്‌ താപനില 4°-12°C ആയി കുറയുന്നു. ഏഷ്യയിലും വ. അമേരിക്കയിലുമുള്ള പ്രദേശങ്ങളില്‍ ചിലപ്പോഴൊക്കെ ശീതക്കാറ്റ്‌ അനുഭവപ്പെടുന്നു. മിസിസിപ്പിതടത്തിലൂടെ കടന്നുവരുന്ന ഇത്തരം കാറ്റുകള്‍ (നോര്‍തെര്‍) മൂലം യു.എസ്‌. മേഖലയിലെ ഫ്‌ളോറിഡയിലും സമീപപ്രദേശങ്ങളിലും താപനില 0°-യിലും താഴെയായിത്തീരാറുണ്ട്‌. ചൈനാപ്രദേശത്ത്‌ ഉയര്‍ന്ന അക്ഷാംശങ്ങളില്‍നിന്നുള്ള ശീതക്കാറ്റുകള്‍ വടക്കരികിലുള്ള പര്‍വതങ്ങളാല്‍ രോധിക്കപ്പെടുന്നു; എന്നാല്‍ യാങ്‌ട്‌സീനദീതടത്തില്‍ ശീതതാപനില താരതമ്യേന താണതാണ്‌. ശീതളവായുപിണ്ഡങ്ങള്‍ രൂപം പ്രാപിക്കുന്നതിനു ഹേതുകങ്ങളായ വിശാലഭൂഖണ്ഡങ്ങളുടെ അഭാവം മൂലം ദക്ഷിണാര്‍ധഗോളത്തിലെ ആര്‍ദ്ര-ഉപോഷ്‌ണമേഖലകള്‍ ശീതക്കാറ്റുകളില്‍നിന്നു മുക്തങ്ങളായിരിക്കുന്നു. മൊത്തത്തില്‍ നോക്കുമ്പോള്‍ ആര്‍ദ്ര-ഉപോഷ്‌ണമേഖലയില്‍ ആണ്ടില്‍ കുറഞ്ഞത്‌ 200 ദിവസങ്ങളെങ്കിലും സസ്യവളര്‍ച്ചയ്‌ക്കനുയോജ്യമായിരിക്കും.

മഴ മിക്കമാസങ്ങളിലും സാമാന്യമായ തോതിലുണ്ടാവുമെങ്കിലും ഉഷ്‌ണകാലത്താണ്‌ കൂടുതലായി പെയ്യുന്നത്‌. വര്‍ഷപാതത്തിന്റെ ശരാശരി തോത്‌ പടിഞ്ഞാറരികില്‍ 50 സെ. മീറ്ററും കിഴക്കരികില്‍ 150 സെ. മീറ്ററുമായിരിക്കുന്നു. ഉഷ്‌ണകാലത്ത്‌ സംവഹനവൃഷ്‌ടി (convectional rain) ആണുള്ളത്‌; തന്മൂലം ഇടിമഴ സാധാരണമാണ്‌. ഉഷ്‌ണകാലാന്ത്യത്തിലും ശിശിരാരംഭത്തിലും വീശുന്ന ചുഴലിക്കാറ്റുകള്‍ (സൈക്ലോണ്‍ ര്യരഹീില) മഴ പ്രദാനം ചെയ്യുന്നു; യു.എസ്സില്‍ ഹരിക്കെയ്‌ന്‍ എന്നും ചൈനാപ്രദേശത്ത്‌ ടൈഫൂണ്‍ എന്നുമാണ്‌ ഇവ അറിയപ്പെടുന്നത്‌. ഉത്തരാര്‍ധഗോളത്തിലെ മേഖലകളില്‍ മാത്രം ശീതകാലത്ത്‌ മഞ്ഞു പെയ്യാറുണ്ട്‌. ശീതകാലത്ത്‌ ആകാശം മൂടിക്കെട്ടിയ മട്ടില്‍ കാണപ്പെടുക സാധാരണമാണ്‌; എന്നാല്‍ ഉഷ്‌ണകാലത്ത്‌ അടിക്കടി മഴ പെയ്യുമെങ്കിലും സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്നു.

കാലാവസ്ഥയില്‍ പ്രാദേശികതലത്തില്‍ നാനാരീതിയിലുള്ള വ്യത്യാസങ്ങള്‍ കാണാവുന്നതാണ്‌. ഉത്തരാര്‍ധഗോളത്തിലെ മേഖലകളില്‍ കടല്‍ത്തീരപ്രദേശങ്ങള്‍ ചുഴലിക്കാറ്റുകളുടെ ആക്രമണത്തിനു വിധേയങ്ങളാണ്‌. ദക്ഷിണാര്‍ധഗോളത്തിലും ശീതകാലത്ത്‌ കൊടുങ്കാറ്റുകളോളം ശക്തമായ പ്രാദേശികവാതങ്ങള്‍ ഉടലെടുക്കുന്നു. ആര്‍ജന്റീനപ്രദേശത്തെ പാംപീറോ, ആസ്റ്റ്രലിയയിലെ സതേര്‍ലിബസ്റ്റര്‍ എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഉഷ്‌ണകാലത്തും ഇത്തരം കാറ്റുകള്‍ വീശാറുണ്ട്‌. ആഫ്രിക്കയില്‍ നേറ്റാള്‍ തീരത്ത്‌ വന്‍കരയ്‌ക്കുള്ളില്‍നിന്നു വീശുന്ന വ. പടിഞ്ഞാറന്‍ കാറ്റുകള്‍ ഇതിനൊരുദാഹരണമാണ്‌. യു.എസ്‌. പ്രദേശത്ത്‌ അനുഭവപ്പെടുന്ന അത്യന്തം വിനാശകാരിയായ ടൊര്‍ണാഡോ എന്ന ചുഴലിക്കാറ്റും ഉഷ്‌ണകാലത്താണ്‌ വീശുന്നത്‌.

ഭൂപ്രകൃതി. ഓരോ വന്‍കരയിലുമുള്ള ആര്‍ദ്ര-ഉപോഷ്‌ണമേഖലയില്‍ അന്യോന്യം വ്യത്യസ്‌തങ്ങളായ ഭൂപ്രകൃതികളാണുള്ളത്‌. ചൈനാപ്രദേശത്ത്‌ യാങ്‌ട്‌സീ തടം ഒഴിച്ചുള്ള ഭാഗം മുഴുവന്‍ മലകളും താഴ്‌വാരങ്ങളും നിറഞ്ഞ്‌ നിമ്‌നോന്നതമാണ്‌. എന്നാല്‍ യാങ്‌ട്‌സീ തടം ലോകത്തിലെ വിസ്‌തൃതസമതലങ്ങളില്‍ ഒന്നാണുതാനും; 30 മുതല്‍ 300 വരെ കി.മീ. വീതിയില്‍ നദീമുഖത്തുനിന്നും 960 കി.മീ. ഉള്ളിലേക്കു വ്യാപിച്ചുകാണുന്ന ഈ എക്കല്‍സമതലം പുഴകളും ചാലുകളും ചെറുതടാകങ്ങളും നിറഞ്ഞതാണ്‌. യാങ്‌ട്‌സീയുടെ ഡെല്‍റ്റാപ്രദേശം 70 വര്‍ഷത്തില്‍ 1.6 കി.മീ. എന്ന തോതില്‍ സമുദ്രത്തിലേക്കു കടന്നുകയറുന്നുവെന്നാണ്‌ ക്രസ്സി എന്ന ഭൂമി ശാസ്‌ത്രജ്ഞന്റെ അനുമാനം. ഈ സമതലത്തിന്റെ തെക്കുള്ള പ്രദേശം മലകളും കുന്നുകളും ചാലുകളും നദീതടങ്ങളും ഇടകലര്‍ന്നുള്ള നിമ്‌നോന്നതപ്രദേശമാണ്‌. ചൈനാമേഖലയുടെ പടിഞ്ഞാറരികിലുള്ള സെച്‌വാന്‍ പ്രദേശത്തിനു സവിശേഷമായ ഭൂപ്രകൃതിയാണുള്ളത്‌. ചെമ്മച്ച്‌ മൂടിയ ഈ പ്രദേശത്തെ ചൂഴ്‌ന്ന്‌ ഉയര്‍ന്ന മലനിരകള്‍ കാണാം. വ.കി-തെ. പ. ദിശയില്‍ നീളുന്ന അപനതി-അഭിനതിവ്യൂഹം മൂലം സങ്കീര്‍ണമായ സെച്‌വാനില്‍ മിന്‍നദീതടത്തിലെ എക്കല്‍സമതലം മാത്രമാണ്‌ നിരന്ന ഭൂമിയായുള്ളത്‌.

സമുദ്രതീരത്തിനു സമാന്തരമായി എഴുന്നുകാണുന്ന മലകള്‍ പടിഞ്ഞാറേക്കു ചരിഞ്ഞിറങ്ങി ഒടുവില്‍ ഇടവിട്ടുള്ള കുന്നുകളും താഴ്‌വാരങ്ങളുമായി പരിണമിക്കുന്ന ഭൂപ്രകൃതിയാണ്‌ ദക്ഷിണകൊറിയയില്‍ ഉള്ളത്‌. ജപ്പാനിലെ ദ്വീപുകള്‍ ഏറിയകൂറും നിമ്‌നോന്നതപ്രദേശങ്ങളാണ്‌; ഹോണ്‍ഷൂദ്വീപിലെ ടോക്കിയോ (ക്വാണ്ടോ) സമതലം മാത്രമാണ്‌ ഇതിനൊരപവാദം. 12,950 ച.കി.മീ. വിസ്‌തീര്‍ണമുള്ള ടോക്കിയോ സമതലം ഒഴിച്ചാല്‍ പിന്നെ തീരപ്രദേശങ്ങള്‍ മാത്രമാണ്‌ നിരപ്പായുള്ളത്‌.

അത്‌ലാന്തിക്‌ സമുദ്രം, മെക്‌സിക്കോ ഉള്‍ക്കടല്‍ എന്നിവയുടെ തീരത്തുള്ള സമതലപ്രദേശമാണ്‌ യു.എസ്സിലെ ആര്‍ദ്ര-ഉപോഷ്‌ണമേഖല. 6 മുതല്‍ 15 വരെ മീ. ഉയരത്തിലുള്ള ചെറുകുന്നുകള്‍ അങ്ങിങ്ങായി കാണുന്നതൊഴിച്ചാല്‍ ഈ പ്രദേശം പൊതുവേ സമതലമാണ്‌. കടല്‍ത്തീരഭാഗങ്ങള്‍ വെള്ളംകെട്ടി ചതുപ്പുകളായിത്തീര്‍ന്നിരിക്കുന്നു. മിസിസിപ്പിയുടെ ഇരുപാര്‍ശ്വങ്ങളിലുമായി കിടക്കുന്ന ഈ മേഖല യു.എസ്സിലെ ഏറ്റവും ഫലഭൂയിഷ്‌ഠമായ പ്രദേശങ്ങളിലൊന്നാണ്‌.

തെ. അമേരിക്കയിലെ മേഖലകള്‍ക്കും പൊതുവേ സമതലപ്രകൃതിയാണുള്ളത്‌. ദക്ഷിണ ബ്രസീലില്‍മാത്രം കുന്നുകള്‍ നിറഞ്ഞുകാണുന്നു. ഉറൂഗ്വേ-പരാനാ നദികളുടെ ഇരുപാര്‍ശ്വങ്ങളിലുമുള്ള എക്കല്‍സമതലവും ഈ നദികള്‍ക്കിടയ്‌ക്ക്‌ നിരന്നുകിടക്കുന്ന ആര്‍ജന്റൈന്‍ മെസൊപ്പൊട്ടേമിയയും അതിനുതെക്ക്‌ ആര്‍ജന്റീനയിലെ പാംപസ്‌ സമതലവുമാണ്‌ ആര്‍ദ്ര-ഉപോഷ്‌ണ കാലാവസ്ഥയനുഭവപ്പെടുന്ന പ്രമുഖ പ്രദേശങ്ങള്‍.

ആഫ്രിക്കയിലെയും ആസ്റ്റ്രലിയയിലെയും പ്രദേശങ്ങള്‍ സദൃശപ്രകൃതികളാണ്‌. കടലിനും അധികം ഉള്ളിലല്ലാതെയുള്ള ഉന്നതതടങ്ങള്‍ക്കുമിടയ്‌ക്കുള്ള വിസ്‌തൃതി കുറഞ്ഞ സമതലങ്ങളാണിവ. ആസ്റ്റ്രലിയയില്‍ ഹണ്ടര്‍നദിയുടെ മുഖപ്രദേശം മാത്രമാണ്‌ സാമാന്യം വിസ്‌തൃതമെന്നു പറയാവുന്നത്‌. ന്യൂ ഇംഗ്ലണ്ട്‌ പീഠഭൂമിക്കും ന്യൂമൗണ്ടന്‍ ഉന്നതതടത്തിനും ഇടയിലുള്ള ഈ സമതലം വന്‍കരയുടെ മധ്യത്തുള്ള പ്രദേശങ്ങളെ ന്യൂ കാസില്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്നു.

കാക്കസസ്‌ പര്‍വതത്തിന്റെ താഴ്‌വാരം മുതല്‍ തെക്ക്‌ അര്‍മീനിയന്‍ ഉന്നതതടം വരെ ത്രീകോണാകൃതിയില്‍ വ്യാപിച്ചുകിടക്കുന്ന റയോണ്‍ നദീതടമാണ്‌ യു.എസ്‌.എസ്‌. ആറിലെ ആര്‍ദ്ര-ഉപോഷ്‌ണമേഖല. ചതുപ്പുപ്രദേശമായിക്കിടന്നിരുന്ന ഇവിടം ഇപ്പോള്‍ ആസൂത്രിത പദ്ധതികളിലൂടെ കാര്‍ഷികമേഖലയായി മാറിയിരിക്കുന്നു.

സസ്യജാലം. സസ്യങ്ങളുടെ സമൃദ്ധമായ വളര്‍ച്ചയ്‌ക്ക്‌ അനുകൂലമായ കാലാവസ്ഥയാണ്‌ ആര്‍ദ്ര-ഉപോഷ്‌ണമേഖലയിലുള്ളത്‌. ഏഷ്യയുടെ കിഴക്കരികിലുള്ള ജനനിബിഡമായ മേഖലകളില്‍ ഭൂമിയുടെ നിരന്തരമായ ഉപയോഗംമൂലം നൈസര്‍ഗികപ്രകൃതിക്ക്‌ സാരമായ മാറ്റം സംഭവിച്ചിട്ടുണ്ട്‌. തെക്കരികില്‍ മാത്രം വിശാലപത്രിതവനങ്ങളുടെ അവശിഷ്‌ടങ്ങള്‍ കാണാം. സസ്യങ്ങള്‍ പൊതുവെ നിത്യഹരിതങ്ങളാണ്‌; വടക്കോട്ടുപോകുന്തോറും പത്രപാതിവൃക്ഷങ്ങളുമായി ഇടകലര്‍ന്നുകാണുന്നു. ഈ മേഖലയുടെ വടക്കരിക്‌ ഒഴിച്ച്‌ എല്ലായിടത്തും തന്നെ മുളങ്കാടുകള്‍ സമൃദ്ധമായി വളരുന്നു.

യു.എസ്സില്‍ കടല്‍ത്തീരപ്രദേശത്ത്‌ സൂചികാഗ്ര വൃക്ഷങ്ങളാണുള്ളത്‌. പൈന്‍വൃക്ഷങ്ങളും ധാരാളമുണ്ട്‌. നദീപാര്‍ശ്വങ്ങളിലെ ചതുപ്പുകളില്‍ സൈപ്രസ്‌, റെഡ്‌ഗം തുടങ്ങിയ വൃക്ഷങ്ങള്‍ക്കു പ്രാമുഖ്യമുള്ള നിബിഡവനങ്ങള്‍ കാണാം. അപ്പലേച്ചിയന്‍ ഉന്നതതടങ്ങളില്‍ ഹിക്കോറി, ചെസ്റ്റ്‌നട്ട്‌, ഓക്‌, പോപ്‌ളാര്‍ തുടങ്ങിയ വൃക്ഷങ്ങള്‍ വളരുന്നു. ഈ മേഖലയുടെ പടിഞ്ഞാറരികാവുമ്പോഴേക്കും വൃക്ഷങ്ങള്‍ ക്രമേണകുറഞ്ഞ്‌ പുല്‌മേടുകള്‍ മാത്രമായിത്തീരുന്നു; എങ്കിലും നദീതടങ്ങളില്‍ അപൂര്‍വമായി മരങ്ങളും കാണാം.

തെ. അമേരിക്കയിലെ പരാനാതടം പൈന്‍വര്‍ഗത്തില്‍പ്പെട്ട വൃക്ഷങ്ങളും പത്രപാതിവൃക്ഷങ്ങളും ഇടകലര്‍ന്നു കാണുന്ന സങ്കരവനങ്ങളാണ്‌. വെള്ളം വാര്‍ന്നുപോകുന്നതിനു സൗകര്യംകുറഞ്ഞ പ്രദേശങ്ങള്‍ ചതുപ്പുകളായി മാറിയിരിക്കുന്നു. ദക്ഷിണ ഉറൂഗ്വേ മുതല്‍ തെക്ക്‌ കൊളറാഡോ നദിവരെയുള്ള പ്രദേശം പാംപസ്‌ (pampas)എന്നറിയപ്പെടുന്ന പുല്‍മേടുകളാണ്‌; അവിടവിടെയായി ഛത്രാകൃതിയില്‍ വളരുന്ന ഓംബുവൃക്ഷങ്ങളൊഴിച്ചാല്‍ ഈ പ്രദേശം തുറസ്സായ പുല്‍ത്തകിടിയാണ്‌. വനങ്ങള്‍ ആവര്‍ത്തിച്ചുള്ള അഗ്നിബാധയ്‌ക്ക്‌ ഇരയായതുമൂലമാണ്‌ ഈ പ്രദേശം വൃക്ഷരഹിതമായതെന്ന്‌ കരുതപ്പെടുന്നു.

ആഫ്രിക്കയിലും ആസ്റ്റ്രലിയയിലുമുള്ള ആര്‍ദ്ര-ഉപോഷ്‌ണപ്രദേശങ്ങളില്‍ സെഡാര്‍, പൈന്‍, യൂക്കാലിപ്‌റ്റസ്‌ തുടങ്ങിയ വൃക്ഷങ്ങളാണ്‌ സമൃദ്ധമായുള്ളത്‌.

ജന്തുജാലം. ഭൂമുഖത്തെ ആര്‍ദ്ര-ഉപോഷ്‌ണമേഖലയെ മുഴുവനും മനുഷ്യന്‍ തന്റെ ആവാസസ്ഥാനമാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു. തന്നിമിത്തം അങ്ങിങ്ങായുള്ള ചുരുക്കം പര്‍വതഭാഗങ്ങളിലും നിബിഡവനങ്ങളിലും ചതുപ്പുകളിലും മാത്രമാണ്‌ വന്യമൃഗങ്ങളെ കണ്ടെത്താന്‍ കഴിയുന്നത്‌. വനങ്ങളില്‍ മാന്‍, കുറുനരി, അച്ചാന്‍, ഒപ്പോസം, റാക്കൂണ്‍ തുടങ്ങിയവയും ചതുപ്പുകളില്‍ മിങ്ക്‌, ഓട്ടര്‍, മസ്‌ക്‌ റാറ്റ്‌ എന്നിവയും കാണപ്പെടുന്നു. യു.എസ്സില്‍ ഫ്‌ളോറിഡയിലെ വിസ്‌തൃതമായ ചതുപ്പുനിലങ്ങളിലാണ്‌ ഈ മേഖലയിലെ നൈസര്‍ഗിക ജന്തുജാലം സംരക്ഷിതമായിട്ടുള്ളത്‌. ഇവിടെ മേല്‌പറഞ്ഞ ജീവികള്‍ക്കുപുറമേ ചീങ്കച്ചി, കടല്‍പ്പശു (Manatee), കടലാമ തുടങ്ങിയ ജലജീവികളും ഹീറോണ്‍, കൊക്ക്‌, ഐബിസ്‌, എഗ്‌ററ്റ്‌ തുടങ്ങിയ പക്ഷികളും പാമ്പ്‌, തവള മറ്റുരഗവര്‍ഗങ്ങള്‍ എന്നിവയും കാണപ്പെടുന്നു. പാംപസ്‌ പ്രദേശത്ത്‌ വിവിധയിനങ്ങളില്‍പ്പെട്ട പക്ഷികളുടെ ആധിക്യം കാണാം. ദക്ഷിണ ആഫ്രിക്കന്‍പ്രദേശത്ത്‌ സാധാരണ ജന്തുക്കള്‍ക്കുപുറമേ നീര്‍ക്കുതിരകളുമുണ്ട്‌. ആസ്റ്റ്രലിയന്‍ പ്രദേശത്ത്‌ കംഗാരു, വാലബി, പറക്കുന്ന ഒപ്പോസം എന്നീ വിശേഷജന്തുക്കളും എമു, ലയര്‍ബേഡ്‌ തുടങ്ങിയ പക്ഷികളും കാണപ്പെടുന്നു.

ഹീറോണ്‍

ജനങ്ങള്‍. ലോകത്തെ ഏറ്റവും കൂടുതല്‍ ജനവാസമുള്ള പ്രകൃതിവിഭാഗമാണ്‌ ആര്‍ദ്ര-ഉപോഷ്‌ണമേഖല. കി. ഏഷ്യ ജനസാന്ദ്രതയില്‍ മുന്നിട്ടുനില്‌ക്കുന്നു. 3,80,730 ച.കി.മീ. വിസ്‌തീര്‍ണമുള്ള ജപ്പാനിലെ മാത്രം ജനസംഖ്യ ഒരു കോടിയോളമാണ്‌. യു.എസ്സിനുള്ളില്‍ ജനസാന്ദ്രതയില്‍ മുന്നിട്ടുനില്‌ക്കുന്നത്‌ ആര്‍ദ്ര-ഉപോഷ്‌ണപ്രദേശങ്ങളാണ്‌. തെക്കേ അമേരിക്ക, ആഫ്രിക്ക, ആസ്റ്റ്രലിയ എന്നീ വന്‍കരകളിലെ സ്ഥിതിയും ഭിന്നമല്ല.

സമ്പദ്‌വ്യവസ്ഥ.

1. കൃഷി. മണ്‍സൂണ്‍പ്രദേശങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കര്‍ഷകരെ ഉള്‍ക്കൊള്ളുന്ന പ്രകൃതിവിഭാഗമാണിത്‌. ഇവിടെ ധാന്യങ്ങള്‍, തേയില, പരുത്തി, ഫലവര്‍ഗങ്ങള്‍ എന്നിവ സമൃദ്ധമായി കൃഷിചെയ്യപ്പെടുന്നു. പൗരസ്‌ത്യദേശങ്ങളില്‍ ഇന്നും പ്രാകൃതകൃഷി സമ്പ്രദായങ്ങള്‍ നിലനിന്നുപോരുന്നുവെങ്കിലും ശാസ്‌ത്രീയസമ്പ്രദായങ്ങള്‍ ത്വരിതമായിവരുന്നു. യു.എസ്സിലും, പാംപസ്‌ പ്രദേശത്തും തികച്ചും ശാസ്‌ത്രീയാടിസ്ഥാനത്തിലുള്ള കൃഷി പ്രാവര്‍ത്തികമായിട്ടുണ്ട്‌. കിഴക്കന്‍ ഏഷ്യയില്‍ നെല്ലാണ്‌ മുഖ്യ വിള. ചോളം, മധുരക്കിഴങ്ങ്‌, സോയാതുവര, കരിമ്പ്‌, കടുക്‌, കനിവര്‍ഗങ്ങള്‍ എന്നിവയാണ്‌ മറ്റുവേനല്‌കാലവിളകള്‍. അപൂര്‍വമായി പരുത്തിയും കൃഷിചെയ്‌തുവരുന്നു. ശിശിരകാലത്ത്‌ ഗോതമ്പ്‌, ബാര്‍ലി, പയറുവര്‍ഗങ്ങള്‍ എന്നിവയും വിളയിക്കുന്നു. മള്‍ബറിച്ചെടിയാണ്‌ ധാരാളമായി വളര്‍ത്തപ്പെടുന്ന മറ്റൊരിനം. ഈ പ്രദേശങ്ങളില്‍ തരിശുഭൂമി ഇല്ലെന്നുതന്നെ പറയാം. ജനസാന്ദ്രതമൂലം കിട്ടാവുന്ന ഓരോ തുണ്ടുഭൂമിയും ഏതെങ്കിലും വിധത്തിലുള്ള വിളയിറക്കാനുപയോഗിക്കുന്നു. മേച്ചില്‍പുറങ്ങളുടെ കുറവുമൂലം കാലിവളര്‍ത്തല്‍ അഭിവൃദ്ധിപ്പെട്ടിട്ടില്ല; പന്നി, കോഴി എന്നിവയാണ്‌ പ്രധാന വളര്‍ത്തു ജന്തുക്കള്‍. തേയിലയും മള്‍ബറിയുമാണ്‌ നാണ്യവിളകളായി പറയാവുന്നത്‌. കൃത്രിമപ്പട്ടിന്റെ വികാസം മള്‍ബറികൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്‌. യു.എസ്‌. പ്രദേശത്തെ മുഖ്യ വിള പരുത്തിയാണ്‌. നാരകം, പീച്ച്‌ എന്നീ ഫലവര്‍ഗങ്ങളും നെല്ല്‌, കരിമ്പ്‌, പുകയില തുടങ്ങിയവയുമാണ്‌ മറ്റു വിളകള്‍. നാണ്യവിളകളും നല്ലയിനം പുല്ലുകളും ഒന്നിടവിട്ട്‌ കൃഷിചെയ്യുന്നതിലൂടെ കാലിവളര്‍ത്തല്‍ അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. കോഴിവളര്‍ത്തലും വികസിച്ചിട്ടുണ്ട്‌.

ഫലഭൂയിഷ്‌ഠമായ പാംപസ്‌ പ്രദേശത്ത്‌ ഗോതമ്പ്‌, ചോളം, സൂര്യകാന്തി, ചണം (flax) എന്നിവയാണ്‌ പ്രധാന വിളകള്‍. ഈ പ്രദേശത്ത്‌ ആയിരക്കണക്കിന്‌ ഹെക്‌ടര്‍ വിസ്‌തീര്‍ണതയുള്ള വലിയ കൃഷിത്തോട്ടങ്ങളുണ്ട്‌. കാലിത്തീറ്റയായ ആല്‍ഫാല്‍ഫാ പുല്‍വര്‍ഗങ്ങള്‍ മാത്രം വളരുന്ന അതിവിസ്‌തൃതങ്ങളായ തോട്ടങ്ങളും വിരളമല്ല. ശാസ്‌ത്രീയസമ്പ്രദായങ്ങളുപയോഗിച്ച്‌ വിളയിക്കുന്ന ഇവിടത്തെ ധാന്യങ്ങള്‍ യഥാര്‍ഥത്തില്‍ നാണ്യവിളയാണ്‌. കൃഷിയെക്കാളേറെ കാലിവളര്‍ത്തലിനാണ്‌ പ്രാധാന്യം. ഉരൂഗ്വേയില്‍ രോമത്തിനായി ആടുകളെയും വളര്‍ത്തുന്നുണ്ട്‌. ആഫ്രിക്കയിലെ സമുദ്രതീരപ്രദേശത്ത്‌ നാണ്യവിളകള്‍ക്കാണ്‌ പ്രാമുഖ്യം. കരിമ്പും കടച്ചക്ക, നാരകം തുടങ്ങിയ ഫലവര്‍ഗങ്ങളുമാണ്‌ പ്രധാന വിളകള്‍. ഉള്‍പ്രദേശത്തെ അധിവസിക്കുന്ന നീഗ്രായിഡ്‌ ജനത ചോളം തുടങ്ങിയ ധാന്യങ്ങള്‍ കൃഷിചെയ്യുന്നു. ആസ്റ്റ്രലിയയിലെ ഇതരഭാഗങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ അവിടത്തെ ആര്‍ദ്ര-ഉപോഷ്‌പണപ്രദേശം അതിപ്രാധാന്യമുള്ള കാര്‍ഷികമേഖലയാണ്‌. കരിമ്പ്‌, ഓറഞ്ച്‌, പുല്‍വര്‍ഗങ്ങള്‍ എന്നിവയാണ്‌ മുഖ്യ വിളകള്‍. ഗവ്യോത്‌പാദനത്തില്‍ ഈ ഭൂഭാഗം മുന്നിട്ടുനില്‌ക്കുന്നു. ഈ കാലാവസ്ഥയില്‍പ്പെട്ട സോവിയറ്റ്‌ പ്രദേശം, യു.എസ്‌.എസ്‌. ആറിലെ തേയില ഉത്‌പാദനസാധ്യതയുള്ള ഏകമേഖല എന്ന നിലയില്‍ സവിശേഷതയര്‍ഹിക്കുന്നു.

2. മത്സ്യബന്ധനം. പൂര്‍വാര്‍ധഗോളത്തിലെ ആര്‍ദ്ര-ഉപോഷ്‌ണപ്രദേശങ്ങളില്‍ മത്സ്യം ആഹാരത്തിലെ പ്രധാനഘടകമാണ്‌. മത്തി, അയില, ചൂര തുടങ്ങിയ മത്സ്യങ്ങള്‍ ഈ പ്രദേശത്ത്‌ അധികമായി ലഭിച്ചുവരുന്നു. ഭക്ഷ്യധാന്യങ്ങളിലുള്ള അപര്യാപ്‌തത ജപ്പാനിലെ ജനങ്ങള്‍ മത്സ്യാഹാരത്തിലൂടെ നികത്തുന്നു. സമുദ്രാത്‌പന്നങ്ങളുടെ വിപണനത്തില്‍ ഈ രാജ്യം ഒന്നാം സ്ഥാനത്താണ്‌. കൃത്രിമ-മുത്ത്‌ ഉത്‌പാദിപ്പിക്കുന്നതിലും കടല്‍ക്കൃഷി (aquiculture) ശാസ്‌ത്രീയമായി വികസിപ്പിക്കുന്നതിലും ജപ്പാന്‍ വമ്പിച്ച പുരോഗതി നേടിക്കഴിഞ്ഞിട്ടുണ്ട്‌. ചൈന, യു.എസ്‌., തെ. ആഫ്രിക്ക, തെ. അമേരിക്ക എന്നിവിടങ്ങളിലും മത്സ്യബന്ധനം വ്യാപകമായി നടക്കുന്നു; ആഴക്കടല്‍ മീന്‍പിടിത്തവും ഇവിടെ അഭിവൃദ്ധിപ്രാപിച്ചിട്ടുണ്ട്‌.

3. വനസമ്പത്ത്‌. മുള, ഈറ തുടങ്ങിയവയും വിറകിനുപയോഗിക്കാവുന്ന മരങ്ങളും ധാരാളമായി ലഭ്യമാണെന്നതൊഴിച്ചാല്‍ വനസമ്പത്തില്‍ നന്നേ പിന്നാക്കമാണ്‌ ആര്‍ദ്ര-ഉപോഷ്‌ണമേഖല. മലഞ്ചരിവുകള്‍ ഏറിയകൂറും കൃഷിത്തോട്ടങ്ങളായി മാറിയിരിക്കുന്നു. യു.എസ്‌. പ്രദേശത്ത്‌ സമൃദ്ധമായുള്ള പൈന്‍വൃക്ഷങ്ങള്‍ കടലാസ്‌ നിര്‍മാണത്തിന്‌ ഉത്തമമാണ്‌.

4. ധാതുസമ്പത്ത്‌. ചൈനയിലെ റെഡ്‌ നദീതടപ്രദേശത്ത്‌ കല്‌ക്കരിയുടെയും ദക്ഷിണചൈനയിലെ ഉന്നതതടങ്ങളില്‍ ടങ്‌സ്റ്റണ്‍, ആന്റിമണി എന്നിവയുടെയും കനത്തനിക്ഷേപങ്ങളുണ്ട്‌. ജപ്പാന്‍ ധാതുസമ്പത്തിന്റെ കാര്യത്തില്‍ വളരെ പിന്നാക്കമാണ്‌. കല്‌ക്കരി, ചെമ്പ്‌, സ്വര്‍ണം, ഗന്ധകം എന്നിവയുടെ അല്‌പമാത്രമായ നിക്ഷേപങ്ങള്‍ ഖനനവിധേയമാക്കിയിട്ടുണ്ട്‌. യു.എസ്‌. പ്രദേശം ധാതുസമ്പന്നമാണ്‌. എച്ച, കല്‌ക്കരി, ഇരുമ്പ്‌, അലൂമിനിയം, ഗന്ധകം, ഫോസ്‌ഫേറ്റ്‌, കയോലിന്‍ എന്നിവ വന്‍തോതില്‍ ഖനനം ചെയ്യപ്പെട്ടുവരുന്നു. തെ. അമേരിക്കയില ആര്‍ദ്ര-ഉപോഷ്‌ണമേഖല ധാതുസമ്പന്നമല്ല. ആഫ്രിക്കയിലും ആസ്റ്റ്രലിയയിലുമുള്ള മേഖലകളില്‍ കല്‌ക്കരിഖനനം നടന്നുവരുന്നു.

5. വ്യവസായം. ലോകവിപണിയില്‍ ഉന്നതസ്ഥാനം കരസ്ഥമാക്കിയിട്ടുള്ള ജപ്പാന്‍ വ്യാവസായികമായി വമ്പിച്ച പുരോഗതിയാര്‍ജിച്ചിരിക്കുന്നു. ജനകീയചൈനയിലും ത്വരിതമായ വ്യവസായവത്‌കരണം നടന്നുപോരുന്നു. യു.എസ്സിലെ ആര്‍ദ്ര-ഉപോഷ്‌ണപ്രദേശം മുമ്പ്‌ ഒരു കാര്‍ഷികമേഖലമാത്രമായിരുന്നു; എന്നാല്‍ ഇപ്പോള്‍ ലോകത്തിലെ മുന്തിയ വ്യവസായമേഖലകളിലൊന്നായി ഈ പ്രദേശം മാറിക്കൊണ്ടിരിക്കുകയാണ്‌. ഇരുമ്പുരുക്കുവ്യവസായത്തെ പ്രാത്സാഹിപ്പിക്കുന്ന ഇരുമ്പയിര്‌, കല്‌ക്കരി, വിപണി എന്നീ മൂന്നു ഘടകങ്ങളും ഏകോപിച്ചുള്ള മാതൃകാസ്ഥാനം ലോകത്തില്‍ ഈ മേഖലയിലെ അലബാമാപ്രദേശത്തുമാത്രമാണുള്ളത്‌. മേല്‌പറഞ്ഞ മൂന്നുമേഖലകളിലുംതന്നെ വലുതും ചെറുതുമായ മിക്കവാറും എല്ലാവ്യവസായങ്ങളും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌.

ദക്ഷിണാര്‍ധഗോളത്തിലെ ആര്‍ദ്ര-ഉപോഷ്‌ണപ്രദേശങ്ങള്‍ വ്യവസായികമായി താരതമ്യേന പിന്നാക്കമാണ്‌; എങ്കിലും ആസ്റ്റ്രലിയയിലെ ബ്രിസ്‌ബേന്‍ മുതല്‍ സിഡ്‌നി വരെയുള്ള പ്രദേശം ആ രാജ്യത്തെയെന്നല്ല, ദക്ഷിണാര്‍ധഗോളത്തിലെതന്നെ, ഏറ്റവും മുന്തിയ വ്യവസായ മേഖലയാണ്‌. തെക്കേ അമേരിക്കയിലും ആഫ്രിക്കയിലുമുള്ള പ്രദേശങ്ങളില്‍ ഭക്ഷ്യവിഭവസംസ്‌കരണവും ഖനനവുമാണ്‌ മുഖ്യ വ്യവസായങ്ങള്‍. നിത്യോപയോഗസാധനങ്ങളുടെ നിര്‍മാണത്തിലും ഈ പ്രദേശങ്ങള്‍ സ്വയം പര്യാപ്‌തതനേടിയിട്ടുണ്ട്‌.

നഗരങ്ങള്‍. കൃഷിപ്രധാനമായ ഈ മേഖലയില്‍ ജനനിബിഡതമൂലം നഗരസംവിധാനം വികസിച്ചുവരുന്നു. ലോകത്തിലെ വന്‍നഗരങ്ങളില്‍ ചിലത്‌ ഈ മേഖലയിലാണ്‌ കിടക്കുന്നത്‌. ചൈനാവന്‍കരയില്‍ ജനസംഖ്യയില്‍ അഗ്രിമസ്ഥാനത്തു നിലക്കുന്ന ഷാങ്‌ഹായ്‌ ഉള്‍പ്പെടെ ഇരുപതിലേറെ പ്രയുതനഗരങ്ങള്‍ (Million Cities) ഉണ്ട്‌. ജപ്പാനിലെ ടോക്കിയോ, യൊക്കോഹോമ, നഗോയ, ഒസാക തുടങ്ങിയവയും പ്രയുതനഗരങ്ങളാണ്‌; ദക്ഷിണ കൊറിയയിലെ സിയൂളും ഇക്കൂട്ടത്തില്‍പ്പെടും. യു.എസ്‌. പ്രദേശത്തെ നഗരങ്ങള്‍ക്ക്‌ സത്വരമായ വളര്‍ച്ചയാണുണ്ടായിട്ടുള്ളത്‌. ന്യൂ ഓര്‍ലിയന്‍സ്‌, ഡള്ളാസ്‌, ടെക്‌സാസ്‌, സാന്‍അന്റോണിയോ, അലബാമ, മെംഫിസ്‌, അത്‌ലാന്ത, ബര്‍മിംഗ്‌ഹാം, ഫോര്‍ട്ട്‌വര്‍ത്ത്‌, മിയാമി തുടങ്ങിയവ വമ്പിച്ച വ്യവസായകേന്ദ്രങ്ങളായി മാറിയിരിക്കുന്നു; അതോടൊപ്പം അവിടത്തെ ജനസംഖ്യ പതിന്മടങ്ങായി വര്‍ധിച്ചിട്ടുമുണ്ട്‌. ദക്ഷിണാര്‍ധഗോളത്തില്‍ വന്‍നഗരങ്ങള്‍ താരതമ്യേന കുറവാണ്‌. തെക്കേ അമേരിക്കയിലെ ബ്യൂനസ്‌ അയര്‍സ്‌, മോണ്ടിവിഡിയോ എന്നിവയും ആഫ്രിക്കയിലെ ഡര്‍ബന്‍, ആസ്റ്റ്രലിയയിലെ സിഡ്‌നി എന്നിവയും പ്രയുതനഗരങ്ങളില്‍പ്പെടുന്നു. (സി.എസ്‌.വി. വാര്യര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍